ജോലി ബഹിഷകരണത്തില്‍ അണിചേര്‍ന്ന് തൃശൂര്‍ വൈദ്യുതി മേഖല

223

വൈദ്യുതി വിതരണ മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്  ജില്ലയിൽ വൈദ്യുതി മേഖലയിലെ വിവിധകേന്ദ്രങ്ങളിൽ തൊഴിലാളികളും ഓഫീസർമാരും ജോലി ബഹിഷ്കരിച്ചു. വൈദ്യുതി മേഖലയിലെ സംഘടനകളുടെയും കർഷകരുടെയും സംസ്ഥാന സർക്കാരുകളുടെയും പ്രതിപക്ഷ പാർടികളുടെയുമെല്ലാം  എതിർപ്പ് അവഗണിച്ചാണ്‌  ഏകപക്ഷീയമായി  ബില്ല്‌  അവതരിപ്പിച്ചത്‌.   വിവിധ സംഘടനകൾ ഐക്യദാർഢ്യവുമായി രംഗത്തെത്തി.  ജില്ലയിൽ 72   കെഎസ്‌ഇബി  സെക്ഷൻ ഓഫീസുകൾ  കേന്ദ്രീകരിച്ച്‌ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. ഇതോടൊപ്പം സബ്‌സ്‌റ്റേഷനുകൾ, വൈദ്യതി ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രകടനം നടന്നു.  ജില്ലയിൽ 90  ശതമാനം ജീവനക്കാരും   ജോലി ബഹിഷ്‌കരിച്ചു.   നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് നേതൃത്വത്തിലായിരുന്നു രാജ്യവ്യാപക പ്രതിഷേധം.

 തൃശൂർ വൈദ്യുതി ഭവനുമുന്നിൽ   പ്രതിഷേധയോഗം സിപിഐ  സംസ്ഥാന എക്‌സി. കമ്മിറ്റി അംഗം  വി എസ്  സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു  സംസ്ഥാന വൈസ് പ്രസിഡന്റ്‌ യുപി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കെഎസ്‌ഇബി വർക്കേഴ്സ് ഫെഡറേഷന്റെ ഓർഗനൈസിങ് സെക്രട്ടറി പി പി ശൈലേഷ്‌  അധ്യക്ഷനായി.   

കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രഞ്ജനാദേവി  വിഷയാവതരണം നടത്തി. വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ മനോജ്,  ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ  ഷീജ,    എൽഐസി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ദീപക്‌ വിശനാഥൻ,   ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി ബി സ്വർണകുമാർ,   കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ  സംസ്ഥാന  സെക്രട്ടറി ഡോ. യു സലീൽ, കർഷകസംഘം ഏരിയ സെക്രട്ടറി  എം  ശിവശങ്കരൻ,  എ ജെ പോൾ ( കെഎസ്‌ഇബി  പെന്‍ഷനേഴ്സ് അസോസിയേഷൻ),  നിതിൻ  ചന്ദ്രൻ (  ജോയിൻ കൗൺസിൽ),  ഡോ.  അജയ് ( കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ)   തുടങ്ങിയവർ  സംസാരിച്ചു.