ആര്‍.സി.ഇ.പി കരാറില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയില്‍ പ്രമേയം

84

കേരളനിയമ സഭ ഐക്യകണ്ഠേന പാസാക്കിയ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

പാര്‍ലമെന്‍റില്‍ പോലും ചര്‍ച്ച ചെയ്യാതെയും സംസ്ഥാനങ്ങളെയും പൊതുജനങ്ങളെയും വിശ്വാസത്തിലെടുക്കാതെയും മേഖലാ സമഗ്ര സാമ്പത്തിക ധാരണയില്‍ (ആര്‍.സി.ഇ.പി.) ഒപ്പുവെക്കാനുള്ള കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നീക്കം രാജ്യത്താകെ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരുവിധ നിയന്ത്രണവും നികുതിയുമില്ലാതെ ഈ കരാറിലെ പങ്കാളിത്ത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഒഴുകിവന്നാല്‍ നമ്മുടെ കാര്‍ഷിക മേഖലയും ചെറുകിട വ്യവസായ മേഖലയും ക്ഷീരസംരക്ഷണ – മത്സ്യബന്ധന മേഖലകളും ആരോഗ്യമേഖലയും വലിയ തകര്‍ച്ചയെ നേരിടേണ്ടിവരും. ഭയാനകമായ തൊഴില്‍ നഷ്ടവും സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധിയുമായിരിക്കും ഈ കരാറിന്‍റെ ഫലമെന്ന് വ്യക്തമാണ്. അതിനാല്‍ ആര്‍.സി.ഇ.പി കരാറില്‍ പങ്കാളിയാകാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേരള നിയമസഭ ഏകകണ്ഠമായി ഇന്ത്യാ ഗവണ്‍മെന്‍റിനോട് ആവശ്യപ്പെടുന്നു.

ദീര്‍ഘകാല തോട്ടവിളകളായ റബ്ബര്‍, കാപ്പി, തേയില എന്നിവയും കുരുമുളക് ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജന വിളകളും സ്വതന്ത്ര വ്യാപാര കരാറുകള്‍ മൂലമുള്ള അനിയന്ത്രിത ഇറക്കുമതി കാരണം ആഭ്യന്തര വിപണിയില്‍ വിലയിടിവ് നേരിടുകയാണ്. ഇപ്പോള്‍ തന്നെ പാംഓയിലിന്‍റെ ഇറക്കുമതി വെളിച്ചെണ്ണയുടെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും വിലയിടിവിന് പ്രധാന കാരണമായിട്ടുണ്ട്.  

ആര്‍.സി.ഇ.പി.യുടെ ഭാഗമായി വരുന്ന അനിയന്ത്രിതമായ കാര്‍ഷികോല്‍പ്പന്ന ഇറക്കുമതി ആഭ്യന്തര കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്. കര്‍ഷകര്‍ കടുത്ത മത്സരത്തെയും വന്‍ വിലത്തകര്‍ച്ചയെയും നേരിടേണ്ടിവരും.

ന്യൂസിലന്‍റ്, ഓസ്ട്രേലിയ എന്നീ വലിയ ക്ഷീരോല്‍പ്പാദക രാജ്യങ്ങള്‍ പങ്കാളികളാകുന്ന കരാര്‍ ക്ഷീര മേഖലയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും. കാര്‍ഷികരംഗത്ത് വിലത്തകര്‍ച്ച ഉണ്ടായപ്പോള്‍ കര്‍ഷകരെ ഒരു പരിധിവരെ സംരക്ഷിച്ചത് ക്ഷീര മേഖലയാണ്. അനിയന്ത്രിതമായ പാല്‍, പാലുല്‍പ്പന്ന ഇറക്കുമതി ക്ഷീര മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി ഉണ്ടാക്കുമെന്ന ആശങ്ക തികച്ചും ന്യായമാണ്.

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യാവസായിക വളര്‍ച്ച നേടിയ രാജ്യമാണ് ചൈന. കൂടുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ഈ കരാറിന്‍റെ ആനുകൂല്യത്തില്‍ ഇന്ത്യയിലെത്തുമ്പോള്‍ ഇന്ത്യന്‍ വ്യവസായ മേഖല, പ്രത്യേകിച്ച് ചെറുകിട വ്യവസായങ്ങള്‍ തകര്‍ച്ചയിലാകും.

കരാറിന്‍റെ ഭാഗമാകുന്ന ജപ്പാന്‍ ആവശ്യപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയാല്‍ ഇന്ത്യയില്‍ മരുന്ന് ഉല്‍പ്പാദന മേഖലയിലും വിത്തുല്‍പാദന രംഗത്തും അവശ്യസാധന മേഖലയിലും അനിയന്ത്രിത വിലക്കയറ്റമുണ്ടാകും.

ആസിയാന്‍ രാജ്യങ്ങളും ചൈനയും ജപ്പാനും ഇന്ത്യയുടെ മത്സ്യബന്ധന മേഖലയില്‍ വമ്പന്‍ നിക്ഷേപങ്ങള്‍ നടത്തുന്ന സാഹചര്യമുണ്ടാ യാല്‍, അവരുടെ സമുദ്രോല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ കമ്പോളത്തില്‍ ഒരു നിയന്ത്രണവും ഇറക്കുമതി ചുങ്കവുമില്ലാതെ യഥേഷ്ടം തള്ളുന്നതിന് ഇടയാക്കും.

ആസിയാന്‍ രാജ്യങ്ങളിലെയും ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെയും ബഹുരാഷ്ട്ര കുത്തകകള്‍ ആര്‍.സി.ഇ.പി സ്വതന്ത്ര വ്യാപാര കരാറിന്‍റെ മറവില്‍ നമ്മുടെ ചെറുകിട വ്യാപാരരംഗം തകര്‍ക്കും. ഈ പ്രത്യാഘാതങ്ങള്‍ നമ്മുടെ രാജ്യത്തിന് താങ്ങാനാവില്ല.

അതിനാല്‍, രാജ്യത്തിന്‍റെ വിശാലമായ താല്‍പര്യവും ഭാവിയും കണക്കിലെടുത്ത് ആര്‍സിഇപി കരാറില്‍ ഒപ്പുവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ഈ സഭ ആവശ്യപ്പെടുന്നു.