സി.എം.ഡി.യുടെ പുതുവല്‍സരദിന സന്ദേശം, തെറ്റായ നിലപാട് തിരുത്തണം

പുതുവല്‍സരം പ്രതീക്ഷയുടെ പുലരിയാണ്. അതേ പ്രതീക്ഷയോടെതന്നെയാണ് ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നു എന്നതിനേയും ഏവരും നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി നടത്തിയ ഹ്രസ്വമായ വീഡിയോ സന്ദേശത്തില്‍ സ്ഥാപനത്തിന്റെ ഭാവി സംബന്ധിച്ച പ്രതീക്ഷകളുടെ സൂചനകളും പങ്കുവെച്ചു. എട്ടുമിനിട്ടോളം മാത്രം നീണ്ടുനിന്ന ഈ ആശംസാപ്രസംഗത്തിന് ശേഷം കെ.എസ്.ഇ.ബി. സി.എം.ഡിയും ജീവനക്കാരെ അഭിസംബോധന ചെയ്തു. ഒന്നരമണിക്കൂറിലധികം നീണ്ടുനിന്ന ഒരു നെടുങ്കന്‍ പ്രഭാഷണമാണ് അദ്ദേഹം നടത്തിയത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രക്ഷേപണം ചെയ്ത ഈ പ്രഭാഷണം ആയിരം കേന്ദ്രങ്ങളില്‍ നിന്നായി ബഹു ഭൂരിപക്ഷം ജീവനക്കാരും കേട്ടിട്ടുണ്ടാകണം. അതുകൂടാതെ പൊതുജനങ്ങള്‍ക്ക് ശ്രവിക്കാനായി ഇത് ഫേസ്ബുക്ക് ലൈവായും പ്രചരിപ്പിക്കപ്പെടുകയുണ്ടായി.
വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലകളില്‍ സ്ഥാപനം അഭിമുഖീകരിക്കുന്ന വെല്ലുവിളിയെന്ത്, അത് നേരിടുന്നതിന് എന്തെല്ലാം പരിപാടികളാണ് ഉദ്ദേശിക്കുന്നത്, ഈ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തമെന്ത്, അതിന് എന്തെല്ലാം മാറ്റങ്ങളാണ് നിര്‍ദ്ദേശിക്കാനുള്ളത് തുടങ്ങി എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ തേടുന്ന നിലയില്‍ മുമ്പും വൈദ്യുതി ബോര്‍ഡ് മേധാവികള്‍ സ്ഥാപനത്തിലെ ജീവനക്കാരെ അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ കേട്ട ഒന്നരമണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ അത്തരം വിഷയങ്ങളൊന്നും പ്രധാനപ്പെട്ടതായിരുന്നില്ല. സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവിധ വിഷയങ്ങള്‍ക്ക് മറുപടി നല്‍കാനെന്ന നിലയില്‍ സംഘടനയെ കുറ്റപ്പെടുത്താനാണ് പ്രഭാഷണത്തിന്റെ ഭൂരിഭാഗം സമയവും അദ്ദേഹം ചെലവഴിച്ചത്. ഇതുതന്നെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നതിന് പകരം എതിര്‍ശബ്ദമുണ്ടായാല്‍ നടപടിയെടുത്തുകളയും എന്ന നിലയില്‍ ഭീഷണി മുഴക്കാനാണ് ഉപയോഗിച്ചത്. ചില കാറ്റഗറി സംഘടനകളുടെ അരാഷ്ട്രീയ വാദമുഖങ്ങള്‍ അതേനിലയില്‍ ആവര്‍ത്തിച്ചുകൊണ്ട് അത്തരം സംഘടനകളുടെ ബ്രാന്റ് അംബാസിഡര്‍ പദവി ഏറ്റെടുക്കുന്ന സമീപനമാണ് സ്ഥാപന മേധാവിയില്‍ നിന്നും ഉണ്ടായത്. ഇതിനിടയില്‍ മേമ്പൊടിയായി ആഭാസകരമായ തമാശകളും ഉള്‍പ്പെടുത്തിയത് സ്ഥാപനത്തിന്റെ തന്നെ നിലവാരത്തകര്‍ച്ചക്കാണ് കാരണമായത്.
വൈദ്യുതി ബോര്‍ഡ് സി.എം.ഡിയുടെ ഇത്തരത്തിലുള്ള നിലപാട് അംഗീകരിക്കാനാകില്ല. പുതുവല്‍സര സന്ദേശത്തിന്റെ ഭാഗമായി സംഘടനക്കെതിരായ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സ്ഥാപനം കാലാകാലങ്ങളായി പിന്തുടരുന്ന ജനാധിപത്യപരമായ പ്രവര്‍ത്തനരീതി അംഗീകരിച്ച് മുന്നോട്ടുപോകാനും അദ്ദേഹം തയ്യാറാകണം.