ഗോ ഇലക്‌ട്രിക്‌ ക്യാമ്പയിൻ

196

ഇന്ത്യയിലെ ഊർ ജ്ജ ഉപയോഗത്തിൽ ആറിലൊന്ന്‌ മാത്രമാണ്‌ വൈദ്യുതിയുടെ പങ്ക്‌. മിക്ക ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന ശുദ്ധവും സൗകര്യപ്രദവും ചെലവ്‌ കുറഞ്ഞതും മലിനീകരണം കുറഞ്ഞതുമായ ഊർജ്ജരൂപമാണ്‌ വൈദ്യുതി. പുനരുപയോഗ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനം കൂടുതൽ വ്യാപകവും ചെലവ്‌ കുറഞ്ഞതുമാകുന്നതോടെ വൈദ്യുതിയുടെ പ്രസക്തി കൂടുതൽ വർധിക്കുകയാണ്‌. ആേഗാളതാപനം കുറയ്‌ക്കുന്നതിനും ഇതുവഴി സാധ്യമാകും. എന്നാൽ വിവിധ മേഖലകളിൽ വൈദ്യുതിയുടെ ഉപയോഗം സാധ്യമാകണമെങ്കിൽ അതിനുവേണ്ട സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുകയും അവ ജനങ്ങളിലേക്ക്‌ എത്തിക്കുകയും ചെയ്യേണ്ടതുണ്ട്‌. ഇത്തരത്തിൽ വൈദ്യുതിയുടെ ഉപയോഗം വ്യാപകമാക്കുന്നതിന്‌ കണ്ടെത്തിയിട്ടുള്ള രണ്ട്‌ മേഖലകളാണ്‌ ഗതാഗതവും പാചകവും.
ഫോസിൽ ഇന്ധനങ്ങളിലൂടെയുള്ള വൈദ്യുതി ഉൽപ്പാദനം ഘട്ടംഘട്ടമായി കുറയ്‌ക്കുകയും പുനരുപയോഗ ഊർജ്ജ സ്രോതസ്സുകൾ അതിനനുസരിച്ച്‌ വികസിപ്പിക്കുകയും ചെയ്യേണ്ടത്‌ ആഗോള താപനം ചെറുക്കുന്നതിന്‌ അത്യന്താപേക്ഷിതമാണ്‌. അതോടൊപ്പം ഗതാഗതം, പാചകം തുടങ്ങിയ മേഖലകൾ വൈദ്യുതിയിലേക്ക്‌ മാറുകയും ചെയ്യുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌. ഇപ്പോഴത്തെ ലക്ഷ്യം 2040ഓടെ ഇന്ത്യയിൽ 60 ശതമാനം പുനരുപയോഗ വൈദ്യുതിയും 2030ഓടെ 30 ശതമാനംസ്വകാര്യ വാഹനങ്ങൾ, 70 ശതമാനം പൊതുവാഹനങ്ങൾ, 80 ശതമാനം ഇരു-മുച്ചക്ര വാഹനങ്ങൾ എന്നിവ വൈദ്യുതിയിലേക്ക്‌ മാറ്റുക എന്നതുമാണ്‌. പുനരുപയോഗ ഊർജ്ജേ സ്രോതസ്സുകളിൽ പ്രധാന പങ്കുവഹിക്കേണ്ടത്‌ സൗരോർജ്ജത്തിൽനിന്നും കാറ്റിൽനിന്നുമുള്ള വൈദ്യുതിയാണ്‌. എന്നാൽ ഇവയുടെ ഉൽപ്പാദന വ്യതിയാനം വലിയ ഒരു വെല്ലുവിളിയാണ്‌. ഇതിനെ ചെറുക്കാനുള്ള ഒരു മാർഗ്ഗം ചെലവ്‌ കുറഞ്ഞ ബാറ്ററി സ്‌റ്റോറേജ്‌ സാങ്കേതികവിദ്യ വലിയതോതിൽ വികസിപ്പിക്കുക എന്നതാണ്‌. ഇത്‌ വൈദ്യുതി വാഹനങ്ങളുടെ കാര്യത്തിലും പ്രധാനമാണ്‌. വാഹനങ്ങളുടെ ബാറ്ററി ചാർജ്‌ ചെയ്യുന്നതിനുള്ള സംവിധാനങ്ങളാണ്‌ വൈദ്യുതി വാഹനങ്ങളുടെ വ്യാപനത്തിന്‌ മറ്റൊരു പ്രധാന വെല്ലുവിളി. കോഴിയാണോ മുട്ടയാണോ ആദ്യം എന്ന പ്രഹേളിക ഇവിടെ പ്രശ്‌നമാകുന്നു. ചാർജിംഗ്‌ സംവിധാനങ്ങൾ വേണ്ടത്ര ഉണ്ടായാലേ ജനങ്ങൾ വൈദ്യുതി വാഹനങ്ങൾ കൂടുതലായി വാങ്ങുന്നതിന്‌ തയ്യാറാകൂ. നേരെമറിച്ച്‌ വാഹനങ്ങൾ ധാരാളമായി നിരത്തിൽ ഇറങ്ങിയാലേ ചാർജിംഗ്‌ സംവിധാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിന്‌ സംരംഭകർ തയ്യാറാകുകയുള്ളൂ. ബാറ്ററി സ്വാപ്പിംഗ്‌ (മാറ്റിവയ്‌ക്കൽ) എന്നതും ഇക്കാര്യത്തിൽ സ്വീകരിക്കാവുന്ന ഒരു സാങ്കേതികവിദ്യയാണ്‌. എന്നാൽ വാഹന നിർമ്മാതാക്കളുടെ വിപണന തന്ത്രങ്ങളുമായി യോജിക്കാത്ത കാര്യം എന്ന നിലയ്‌ക്ക്‌ ഇതിന്‌ വലിയ പ്രാമുഖ്യം ലഭിക്കുന്നില്ല. മേൽപ്പറഞ്ഞതൊക്കെ വിരൽചൂണ്ടുന്നത്‌ പൊതുമേഖലയുടെ ഒരു ഇടപെടലിലേക്കും സർക്കാർ തലത്തിൽ സംരംഭകരെയും നയരൂപീകരണ മേഖലയെയും ഉപഭോക്താക്കളെയും കോർത്തിണക്കിക്കൊണ്ടുള്ള ഒര ആസൂത്രണത്തിന്റെയും അതനുസരിച്ചുള്ള പ്രവർത്തനത്തിന്റെയും പ്രാധാന്യമാണ്‌.


പാചകത്തിനുവേണ്ടി വൈദ്യുതി ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയായിരുന്നു കഴിഞ്ഞ കാലങ്ങളിൽ ചെയ്‌തിരുന്നത്‌. വൈദ്യുതിയുടെ ലഭ്യതയിലെ കുറവും ഇലക്‌ട്രിക്‌ ഹീറ്ററുകളുടെയും മറ്റും ഊർജ്ജ കാര്യക്ഷമതക്കുറവും ഇതിന്‌ കാരണമായിരുന്നു. എന്നാൽ ഇപ്പോൾ വൈദ്യുതി ലഭ്യത വർധിക്കുകയും വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന പാചക ഉപകരണങ്ങളുടെ കാര്യത്തിൽ മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ വികസിക്കുകയും ചെയ്‌തതോടെ ഇക്കാര്യത്തിൽ മാറി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. വൈദ്യുതി ഉപയോഗിച്ച്‌ പ്രവർത്തിക്കുന്നവ കൂടുതൽ സൗകര്യപ്രദവും മലിനീകരണം കുറഞ്ഞവയുമാണ്‌. വിറകിൽനിന്നും ഗ്യാസിലേക്ക്‌ പാചകം മാറിയതും ഇത്തരത്തിലുള്ള പരിഗണനകൾ വച്ചാണ്‌. എന്നാൽ ഇക്കാര്യങ്ങളിൽ വൈദ്യുതി ഉപകരണങ്ങളാണ്‌ ഗ്യാസിനേക്കാൾ കൂടുതൽ മികച്ചത്‌. വൈദ്യുതി ഉൽപ്പാദനം കൂടുതലായി പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്ക്‌ പോകുന്നതും അവയുടെ ഉൽപ്പാദനച്ചെലവ്‌ കുറഞ്ഞുവരുന്നതും എന്നാൽ ഗ്യാസിന്റെ വില വർധിച്ചുവരുന്നതും പാചകം കൂടുതലായി വൈദ്യുതിയിലേക്ക്‌ മാറുന്നതിന്‌ സാധ്യത വർധിപ്പിക്കുകയാണ്‌. പാചകത്തിന്റെ കാര്യത്തിൽ കൂടുതൽ കാര്യക്ഷമവും ഉപയോഗിക്കുന്നവർക്ക്‌ കൂടുതൽ സൗകര്യപ്രദവുമായ വൈദ്യുത ഉപകരണങ്ങൾ വികസിക്കേണ്ടതുണ്ട്‌. അതോടൊപ്പം അവ സാധാരണ ജനങ്ങൾക്ക്‌ ലഭ്യമാകുകയും അവയുടെ ഉപയോഗത്തിന്റെ കാര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യേണ്ടതുണ്ട്‌. വൈദ്യുതി വാഹനങ്ങളുടെ കാര്യത്തിൽ പറഞ്ഞതുപോലെ ഈ മേഖലയിലും നിർമ്മാതാക്കളെയും വിപണന ശൃംഖലയെയും സാങ്കേതികവിദ്യയെയും സംരംഭകരെയും ഉപഭോക്താക്കളെയും നയരൂപീകരണമേഖലയെയും കോർത്തിണക്കിക്കൊണ്ടുള്ള ആസൂത്രണവും അതനുസരിച്ചുള്ള പ്രവർത്തനവും വളരെ പ്രധാനമാണ്‌.


മേൽപ്പറഞ്ഞ കാര്യങ്ങൾ സാധ്യമാകുന്നതിന്‌ ദേശീയതലത്തിൽ ഒരു ഗോ ഇലക്‌ട്രിക്‌ ക്യാമ്പയിന്‌ 2021 ഫെബ്രുവരി 19ന്‌ തുടക്കമിട്ടു. ബ്യൂറോ ഓഫ്‌ എനർജി എഫിഷ്യൻസി (ബിഇഇ) ആണ്‌ ഇതിനായുള്ള സെൻട്രൽ നോഡൽ ഏജൻസി (സിഎൻഎ) കേരളത്തിൽ എനർജി മാനേജ്‌മെന്റ സെന്റർ (ഇഎംസി) ആണ്‌ സ്‌റ്റേറ്റ്‌ ഡെസിഗ്‌നേറ്റഡ്‌ ഏജൻസി (എസ്‌ഡിഎ). ഇലക്‌ട്രിക്‌ വെഹിക്കിൾ ചാർജിംഗ്‌ ഇൻഫ്രാസ്‌ട്രക്‌ചറിന്‌ കെഎസ്‌ഇബിഎൽ ആണ്‌ സ്‌റ്റേറ്റ്‌ നോഡൽ ഏജൻസി (എസ്‌എൻഎ). കേരളത്തിലെ ഗോ ഇലക്‌ട്രിക്‌ ക്യാമ്പയിൻ 2021 ജൂൺ 5ന്‌ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വൈദ്യുതി വാഹനങ്ങൾ സംബന്ധിച്ചും വൈദ്യുതി ഉപയോഗിച്ചുള്ള പാചകം സംബന്ധിച്ചും വിവിധ വിഷയങ്ങളിൽ വെബിനാറുകളും ഉപകരണങ്ങൾ പരിചയപ്പെടുത്തുന്ന പരിപാടികളും ഇഎംസി നടത്തിവരുന്നു.
ഗോ ഇലക്‌ട്രിക്‌ ക്യാമ്പയിന്റെ വിജയത്തിനായി വർക്ക്‌ഷോപ്പുകൾ, വെബിനാറുകൾ, റോഡ്‌ ഷോകൾ, ടെക്‌നിക്കൽ ടോക്കുകൾ, കപ്പാസിറ്റി ബിൽഡിംഗ്‌, സെമിനാറുകൾ എന്നിവ നടത്താൻ ഇഎംസി തീരുമാനിച്ചിട്ടുണ്ട്‌. വൈദ്യുതി വാഹനങ്ങളുടെയും വൈദ്യുതിയിലുള്ള പാചക ഉപകരണങ്ങളുടെയും വിപണിവികസനം സംബന്ധിച്ച 15 വർക്ക്‌ഷോപ്പുകൾ, വൈദ്യുതി വാഹനങ്ങൾ, വൈദ്യുതി ഉപയോഗിച്ചുള്ള പാചകം എന്നിവയിൽ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിലുള്ള 56 സെമിനാറുകൾ, 22 ടെക്‌നിക്കൽ ടോക്കുകൾ എന്നിവ InSDES ഏറ്റെടുത്ത്‌ നടത്തുന്നതിന്‌ ധാരണയായിട്ടുണ്ട്‌. ഈ പരിപാടികൾക്കായുള്ള പരിശീലകരെ തയ്യാറാക്കുന്നതിനും സംഘാടനം ആസൂത്രണം ചെയ്യുന്നതിനുമായി അഞ്ച്‌ ട്രെയിനിംഗ്‌ ഓഫ്‌ ട്രെയിനേഴ്‌സ്‌ പരിപാടികളും തുടക്കത്തിൽ നടത്തേണ്ടതുണ്ട്‌. വിവിധ ജില്ലകളിലായി 2021 ഡിസംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലങ്ങളിൽ ഈ പരിപാടികൾ നടത്തുന്നതിനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌.
വൈദ്യുതി വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും ആഗോളതാപനം കുറയ്‌ക്കുന്നതിനും രാജ്യത്ത്‌ പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതി കുറയ്‌ക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വലിയ പങ്കുവഹിക്കും എന്ന കാര്യത്തിൽ സംശയമില്ല. കെഎസ്‌ഇബിഎൽനെ സംബന്ധിച്ചിടത്തോളം വൈദ്യുതി വിൽപ്പന വർധിപ്പിക്കുന്നതിന്‌ വലിയൊരു അവസരവുമാണ്‌ ഇത്‌ തുറന്നുതരുന്നത്‌.

ബോസ് ജേക്കബ്