പൊതുമേഖല ഇല്ലാതാക്കുന്നതിന്റെ രാഷ്ട്രീയവും അതിനെ ചെറുക്കുന്ന ബദലും

1064

രാജ്യത്തിന്റെ അഭിമാനമാണ് പൊതുമേഖല സ്ഥാപനങ്ങൾ. സ്വാതന്ത്ര്യാനന്തരമുള്ള രാജ്യത്തിന്റെ വികസനത്തിൽ പൊതുമേഖല വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ തൊണ്ണൂറുകള്‍ മുതല്‍ നടപ്പാക്കുവാൻ തുടങ്ങിയ നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാരുകൾക്ക് പൊതുമേഖല സ്ഥാപനങ്ങളോടുള്ള കാഴ്ചപ്പാടിൽ മാറ്റം വന്നു തുടങ്ങി. രാജ്യത്തിന്റെ വികസനത്തിൽ പൊതുമേഖലകള്‍ കാര്യമായ പങ്കു വഹിക്കേണ്ടതില്ല എന്ന സമീപനമാണ് പിന്നീട് കേന്ദ്ര സർക്കാരുകൾ സ്വീകരിച്ചത്. തൊണ്ണൂറുകൾക്കു ശേഷം വിവിധ കാലങ്ങളിൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന യു.പി.എ, എൻ.ഡി.എ സർക്കാരുകൾക്ക് ഇക്കാര്യത്തിൽ സമാനമായ നിലപാടാണ് ഉണ്ടായിരുന്നത്. അതിന്റെ ഭാഗമായി പൊതുമേഖലയിലേക്ക് പുതിയ നിക്ഷേപം ഉണ്ടായില്ല എന്നു മാത്രമല്ല, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് അവയെ സ്വകാര്യവൽക്കരിക്കുന്ന നടപടികളും സ്വീകരിച്ചു.
മേക്ക് ഇൻ ഇന്ത്യ എന്നത് ഇപ്പോഴത്തെ സർക്കാരിന്റെ പ്രധാന പരസ്യവാചകങ്ങളിലൊന്നാണ്. പകിട്ടേറിയ പ്രചരണ മുദ്രാവാക്യങ്ങൾ കേന്ദ്ര സർക്കാരിന്റേതായി പലതും പുറത്തു വന്നിരുന്നുവെങ്കിലും വികസനവുമായി ബന്ധപ്പെട്ടത് എന്ന നിലയിൽ മേക്ക് ഇൻ ഇന്ത്യ പ്രത്യേക ശ്രദ്ധ നേടുകയും പ്രതീക്ഷ ഉണർത്തകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന ഘട്ടത്തിൽ നടത്തുന്ന വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യവസായ വികസനത്തിൽ മേക്ക് ഇൻ ഇന്ത്യ കാര്യമായ സംഭാവനകളൊന്നും നൽകിയിട്ടില്ല എന്നാണ്. മേക്ക് ഇൻ ഇന്ത്യയുടെ അടയാളമായ മൃഗരാജൻ പോലും നിറം മങ്ങിയ നിലയിലാണ്. വാഗ്ദാനം നല്‍കിയ വ്യവസായ വളര്‍ച്ച ഉണ്ടായില്ല എന്നുമാത്രമല്ല പൊതുമേഖല വ്യവസായ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കൈയ്യൊഴിയുകയും ചെയ്തു.

കേന്ദ്ര സർക്കാരും പൊതുമേഖലയും
ഈ സര്‍ക്കാരിന്റെ കാലത്ത്, പൊതുമേഖലയിലുണ്ടായിരുന്ന പല വ്യവസായ സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെടുകയോ അവയുടെ ഓഹരികൾ വിറ്റഴിക്കപ്പെട്ട് ദുർബലമാവുകയോ ചെയ്തിരിക്കുന്നു. നഷ്ടത്തിലായ പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കുന്നതായിട്ട് മാത്രമോ അല്ലെങ്കിൽ അവയുടെ ഓഹരികൾ വിറ്റ് കേന്ദ്രസർക്കാർ ഖജനാവ് നിറക്കുന്നതായിട്ട് മാത്രമോ പ്രശ്നത്തെ ലളിതവൽക്കരിക്കാനാവില്ല. പൊതുമേഖലയെ ഇല്ലാതാക്കുന്നതിൽ ഈ സർക്കാരിന് മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടെന്നാണ് പ്രമുഖ സാമ്പത്തിക ചിന്തകനായ പ്രഭാത് പട്നായിക്ക് അഭിപ്രായപ്പെടുന്നത്. അതിൽ ഒന്നാമത്തേത് ഈ സർക്കാരിന്റെ വികസന കാഴ്ചപ്പാടാണ്. അതിന്റെ അടിസ്ഥാനമാകട്ടെ ആർ.എസ്.എസ് ന്റെ തത്വസംഹിതയാണ്. രാജ്യത്തിന്റെ വികസനത്തിനാവശ്യമായ മൂലധനം സർക്കാര്‍ മുടക്കുന്നതിനേക്കാൾ നല്ലത് സ്വകാര്യ – വിദേശ സാമ്പത്തിക ശക്തികളെ അക്കാര്യം ഏല്‍പ്പിച്ച് കൊടുക്കുന്നതാണെന്ന കാഴ്ചപ്പാടാണത്.
ഇന്ത്യയിൽ നിർമിക്കുക എന്ന മുദ്രാവാക്യം ഉയർത്തുന്നവർ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് വിരോധാഭാസമായി തോന്നാം. ഇവിടെ, ചെയ്യുന്നത് ആരും ശ്രദ്ധിക്കാതിരിക്കാനുള്ള മറ മാത്രമാണ് മുദ്രാവാക്യം. സ്വകാര്യ – വിദേശ മൂലധന ശക്തികളുടെ ലാഭതാല്‍പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യം നടപ്പാക്കുമ്പോള്‍ തന്നെ മുദ്രാവാക്യത്തിൽ ധ്വനിപ്പിക്കുന്ന ദേശീയതയിലൂടെ ഈ കൊള്ള മറച്ചുവെക്കുകയും ചെയ്യുന്നു.

നെഹ്രുവിനെ ഇല്ലാതാക്കല്‍
നെഹ്രുവിന്റെ ഓർമ ഉണർത്തുന്നതാണ് നമ്മുടെ രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ. സ്വതന്ത്ര ഇന്ത്യയുടെ വികസനത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് നെഹ്രുവിന് ഉണ്ടായിരുന്നു. ഉത്പാദന ഉപകരണങ്ങൾ പൊതു സ്വത്തായി നിൽക്കുന്ന സോഷ്യലിസ്റ്റ് വികസന രീതിയാണ് നെഹ്രുവിനെ കൂടുതൽ ആകർഷിച്ചതും സ്വാധീനിച്ചതും. എന്നാല്‍ രാജ്യം സോഷ്യലിസ്റ്റ് ഭരണക്രമത്തിലേക്ക് മുന്നേറാന്‍ ഭരണവര്‍ഗ്ഗ താല്‍പര്യങ്ങള്‍ തടസ്സവുമായിരുന്നു. ഈ സംഘര്‍ഷമാണ് ഇന്ത്യയുടെ സാമ്പത്തികാസൂത്രത്തില്‍ പ്രതിഫലിച്ചത്. വലിയ യന്ത്രസാമഗ്രികൾ നിർമിക്കുന്ന വ്യവസായശാലകളോ അതുപോലെ വലിയ യന്ത്രസാമഗ്രികൾ സ്ഥാപിച്ച് ഉത്പാദനം നടത്തുന്ന വ്യവസായശാലകളോ കാർഷിക രാജ്യമായ ഇന്ത്യയിൽ ആവശ്യമില്ല എന്നൊരു വാദം സ്വാതന്ത്രലബ്ധിക്കു ശേഷം നിലനിന്നിരുന്നു. കാർഷിക ഉത്പന്നങ്ങൾ കയറ്റി അയക്കുക, വ്യവസായ ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുക എന്ന ആ വാദം ബ്രിട്ടീഷ് അനുകൂലികളാണ് ഉന്നയിച്ചിരുന്നത്. വിദേശ ഉത്പന്നങ്ങൾ ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്ത ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന നെഹ്രുവിന് വ്യവസായ ഉത്പന്നങ്ങളുടെ കാര്യത്തിലും സ്വതന്ത്ര ഇന്ത്യ സ്വന്തം കാലിൽ നിൽക്കണം എന്ന അഭിപ്രായമായിരുന്നു. ഇത്തരം മേഖലകളില്‍ സര്‍ക്കാര്‍ തന്നെ മുതല്‍മുടക്കുകയും ഉപഭോക്തൃ ഉത്പന്ന മേഖല സ്വകാര്യ സംരംഭങ്ങള്‍ക്ക് നീക്കിവെക്കുകയുമെന്ന സമ്മിശ്ര ഭരണ വ്യവസ്ഥ രൂപപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.

സ്വതന്ത്ര ഇന്ത്യയുടെ വ്യവസായ വികസനത്തിനായി ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും പ്രതീക്ഷിച്ച സഹകരണം ലഭിക്കാതെ വരുന്നു എന്നു കണ്ട നെഹ്രു സഹായത്തിനായി സോഷ്യലിസ്റ്റ് രാജ്യങ്ങളെ സമീപിച്ചു. സോവിയറ്റ് യൂണിയന്‍ അടക്കമുള്ള രാജ്യങ്ങള്‍ സഹായത്തിന് തയ്യാറായി. ഈ സഹകരണം സൃഷ്ടിച്ച സ്വാധീനവും രാജ്യത്തിന്റെ വ്യവസായവൽക്കരണത്തിനായി സർക്കാര്‍ ഉടമസ്ഥതയില്‍ സ്വയംഭരണാധികാരമുള്ള പൊതു മേഖല കമ്പനികളും മറ്റ് പൊതുമേഖല സ്ഥാപനങ്ങളും ആരംഭിക്കുന്നതിന് കാരണമായി. ഇതിന്റെ തുടര്‍ച്ചയായാണ് 1964ല്‍ വൈദ്യുതി നിലയങ്ങള്‍ക്കുള്ള യന്ത്രസാമഗ്രികള്‍ നിര്‍മ്മിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡും (ബി.എച്ച്.ഇ.എൽ), എഴുപതുകളില്‍ വൈദ്യുതി ഉത്പാദന സ്ഥാപനമായ എന്‍.ടി.പി.സി, എന്‍.എച്ച്.പി.സി. തുടങ്ങിയവയും രാജ്യത്ത് ഉയർന്നു വന്നത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രധാന ചുവടുവെപ്പുകളില്‍ ഒന്നായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങള്‍. നെഹ്രുവിന്റെ സാമ്പത്തിക നയങ്ങളിലെ വരേണ്യ വര്‍ഗ്ഗ താല്‍പര്യങ്ങളെ വിമര്‍ശിക്കുമ്പോഴും ഇടതുപക്ഷ ചിന്തകര്‍ ഈ ഗുണവശം ചൂണ്ടിക്കാണിക്കുന്നതില്‍ പിശുക്കിയിട്ടില്ല. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്രുവും പൊതുമേഖലയും തമ്മിലുള്ള നാഭീനാള ബന്ധം ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഓര്‍ക്കാന്‍ വിഷമമുള്ളതാണ്. അവര്‍ക്ക് ചരിത്രം വസ്തുതകളുടെ വെളിച്ചത്തില്‍ കാണാനല്ല താല്‍പര്യം. അതുകൊണ്ടുതന്നെ പുതിയ മിത്തുകളെ സൃഷ്ടിച്ചെടുത്ത് ചരിത്രത്തെ അത്തരം മിത്തുകളില്‍ തളക്കാനാണ് അവര്‍ മെനക്കെടുന്നത്. ദേശീയ പ്രസ്ഥാനം മുന്നോട്ടു വെച്ച ഐക്യം, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് അതിലുള്ള സ്വാധീനം എന്നിവയെല്ലാം നെഹ്രു എന്ന പേരിനൊപ്പം തന്നെ മായ്ചു കളയണം എന്നവര്‍ ആഗ്രഹിക്കുന്നു, ആസൂത്രണം ചെയ്യുന്നു. പൊതുമേഖല, ദേശീയത, സോഷ്യലിസം, ബഹുസ്വരതയും തുല്യതയും,… ഇങ്ങിനെ ഒട്ടേറെ ആശയങ്ങളുടെ തുടച്ചുമാറ്റലാണ് വലിയൊരു പ്രതിമയിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. നെഹ്രുവിനേക്കാള്‍ പ്രധാനമല്ലേ സുഭാഷ് ചന്ദ്രബോസ് എന്നു ചോദിക്കുന്നത് കേട്ടാല്‍ ഇവര്‍ക്ക് സുഭാഷിനോട് എന്തോ മമതയുണ്ടെന്ന് ധരിക്കരുത്. ദളിത് ജനവിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനല്ല, നെഹ്രുവിന് ബദലായൊരു പ്രതീകം മാത്രമാണ് ഇവര്‍ക്ക് അംബേദ്ക്കർ. സ്വതന്ത്ര ഇന്ത്യയുടെ നിര്‍മ്മിതിയില്‍ പട്ടേല്‍ വഹിച്ച പങ്ക് പറയുന്നതിനപ്പുറം നെഹ്രുവിനെ മായ്ച് മറ്റു പലതും തമസ്കരിക്കാനുള്ള ശ്രമമാണ് ഉണ്ടാകുന്നത്. പൊതുമേഖല വിറ്റഴിക്കുന്നതിനുള്ള മന:സാക്ഷിക്കുത്തും ഇതോടൊപ്പം മറക്കപ്പെടുകയാണ്.

തുടക്കം കുറിച്ചത് കോണ്‍ഗ്രസ്
പൊതുമേഖല എന്നത് ബി.ജെ.പിക്ക് അലർജിയാണെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് അതൊരു അലങ്കാരം മാത്രമാണ്. പ്രധാനമന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, നരസിംഹറാവു, മൻമോഹൻ സിങ്ങ് എന്നിവരുടെ ദീർഘമായ ഭരണ കാലയളവിലാണ് രാജ്യത്തെ പൊതുമേഖലയെ ഇഞ്ചിഞ്ചായി ചതച്ച് ദുർബലമാക്കിയത്. വികസന സംരംഭങ്ങളുടെ പങ്കാളിത്തത്തിൽ നിന്നും സർക്കാർ പിന്മാറുന്നതും വികസനത്തിനായി സ്വകാര്യ മൂലധനത്തേയും വിദേശ മൂലധനത്തേയും പൂർണമായും ആശ്രയിക്കുന്നതുമായ പുതിയ സാമ്പത്തിക നയങ്ങൾക്ക് രാജ്യത്ത് തുടക്കമിടുന്നതും ആ നയങ്ങൾ ശക്തിപ്പെടുത്തുന്നതും മുകളിൽ സൂചിപ്പിച്ച കോൺസ് സർക്കാരുകളുടെ സമയത്താണ്. നെഹ്രുവിന്റെ വികസന മാതൃകയിൽ നിന്നുള്ള തിരിഞ്ഞ് പോക്കായിരുന്നു അത്. ദേശീയ പ്രസ്ഥാനം സൃഷ്ടിച്ച സ്വാശ്രയബോധത്തിൽ നിന്നുമുള്ള തിരിച്ചുപോക്കായിരുന്നു ഇത്. ബഹുസ്വരതയുടെ ഐക്യം എന്ന ദേശീയ പ്രസ്ഥാനം മുന്നോട്ടുവെച്ച ദേശീയതയെ ഏകമത ദേശീയതയില്‍ ഒതുക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസിന്റെ താല്‍പര്യം കോണ്‍ഗ്രസ് ഭരണാധികാരികളും പിന്തുടരുന്നതാണ് എണ്‍പതുകളുടെ രണ്ടാംപകുതിക്ക് ശേഷം ഇന്ത്യ കണ്ടത്. അതുകൊണ്ടാണ് കേന്ദ്രത്തിൽ കോൺഗ്രസ്, ബി.ജെ.പി സർക്കാരുകൾ മാറി മാറി വന്നു കൊണ്ടിരുന്നപ്പോഴും പൊതുമേഖലയുടെ തകർച്ച തുടർന്നു കൊണ്ടിരുന്നത്.പൊതുമേഖലയെ സംബന്ധിച്ചിടത്തോളം സർക്കാർ മാറ്റം അനുഭവപ്പെടാത്ത വിധമായിരുന്നു അതിന്റെ തകർച്ച.

വിറ്റു തുലയ്ക്കുന്നതില്‍ റെക്കാര്‍ഡ്
വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നതാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാർ. ഭൂരിപക്ഷം കൂടുന്നതനസരിച്ചാണ് സർക്കാരുകൾ തങ്ങൾക്കിഷ്ടമുള്ള നയങ്ങൾ നടപ്പാക്കുവാൻ ശക്തി കൂട്ടുന്നത്. ഈ സർക്കാരിന്റെ കാലത്തും അതുതന്നെയാണ് ഉണ്ടായതെന്നാണ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
1991 നു ശേഷം നടന്ന പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയുടെ 58% വും ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ കാലത്താണ് നടന്നിട്ടുള്ളത്. 1991 ലെ കോൺഗ്രസ് സർക്കാർ ഓഹരി വിൽപ്പന തുടങ്ങി വെച്ചതിനു ശേഷം പിന്നീട് വന്ന കേന്ദ്ര സർക്കാരുകൾ നടത്തിയതിൽ എറ്റവും കൂടുതൽ വിൽപ്പനയാണ് ഇത്. 2 ലക്ഷം കോടി രൂപയുടെ ഓഹരി വിൽപ്പനയാണ് ഈ സർക്കാർ നടത്തിയത്. 2017-18 സാമ്പത്തിക വർഷം മാത്രം ഒരു ലക്ഷം കോടി രൂപയുടെ പൊതു മേഖല ഓഹരികളാണ് വിറ്റഴിച്ചത്. വാജ്പെയ് നേതൃത്വം നൽകിയ ഒന്നാം എൻ.ഡി.എ സർക്കാർ ആകെ വിറ്റ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില 33,000 കോടി രൂപയാണ്. ഊര്‍ജ്ജ മേഖലയിലുള്ള ഭാരത് ഹെവി ഇലക്ട്രിക്ക് ലിമിറ്റഡ് (ബി.എച്ച്.ഇ.എൽ) കമ്പനിയുടെ 8,325 രൂപ വിലവരുന്ന ഓഹരികളും നെയ് വേലി ലിഗ്നൈറ്റ് കോർപറേഷന്റെ (എൻ.എൽ.സി) 5,218 രൂപക്കുള്ള ഓഹരികളും സർക്കാർ വിറ്റഴിച്ചു. ഇതു കൂടാതെ ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍പ്രദേശിലെ സത്‌ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡിലെ 7,000 കോടി രൂപ വില വരുന്ന ഓഹരികള്‍ വിറ്റഴിക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്.
ഇപ്പോൾ ഏറെ വിവാദമായിട്ടുള്ള റാഫേൽ വിമാന ഇടപാടിലും ആരോപിക്കപ്പെടുന്ന അഴിമതിക്കപ്പുറം ചില കാര്യങ്ങളുണ്ട്. അത് പൊതുമേഖലയോടുള്ള ഈ സർക്കാരിന്റെ സമീപനമാണ്. യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്.എ.എൽ) എന്ന പൊതുമേഖല സ്ഥാപനത്തിന് കൈമാറാനും അതുപയോഗിച്ച് ഇന്ത്യയിൽ തുടർന്ന് യുദ്ധവിമാനങ്ങൾ നിർമിക്കാനുമായിരുന്നു കരാറിലെ ആദ്യ ധാരണ. എന്നാൽ പൊതുമേഖലയെ ഒഴിവാക്കി റിലയൻസിനെ കൊണ്ടുവന്നത് സർക്കാർ നയത്തിന്റെ ഭാഗമാണ് എന്ന് കാണണം.

കൈയൊഴിഞ്ഞ് കേന്ദ്രം, കൈ പിടിച്ച് കേരളം
കേന്ദ്ര സർക്കാർ വിറ്റഴിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ സംസ്ഥാന സർക്കാർ ഏറ്റെടുത്തു സംരക്ഷിക്കുന്ന കാഴ്ച കേരളത്തിൽ കാണാം. ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് എന്ന കേന്ദ്ര പൊതുമേഖല സ്ഥാപനത്തിന്റെ പ്രധാന ഫാക്ടറികൾ സ്ഥിതി ചെയ്യുന്നത് രാജസ്ഥാനിലെ കോട്ടയിലും കേരളത്തിലെ പാലക്കാടുമാണ്. കോട്ടയിലെ ഫാക്ടറി വലിയ നഷ്ടത്തിലും പാലക്കാട്ടെ ഫാക്ടറി ലാഭത്തിലുമായിരുന്നു. മൊത്തത്തില്‍ സ്ഥാപനം നഷ്ടത്തിലാണ് എന്നതിനാല്‍ ഓഹരികള്‍ വിറ്റഴിച്ച് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിനെ സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പാലക്കാട്ടെ ഫാക്ടറി ഏറ്റെടുക്കാന്‍ സംസ്ഥാനം തയ്യാറാണ് എന്ന് അറിയിച്ചപ്പോഴും ലാഭത്തിലുള്ള പാലക്കാട്ടെ ഫാക്ടറി കൂടി ഉണ്ടെങ്കിലേ വില്‍പ്പന നടക്കൂ എന്നതിനാല്‍ രണ്ട് ഫാക്ടറികളെയും വേര്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലെ തൊഴിലാളികള്‍ പൊതു തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ നടത്തിയ നിരന്തര സമരങ്ങളും കേരളത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ ശക്തമായ ഇടപെടലുകളും ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളും ശക്തമായ ബഹുജനാഭിപ്രായവും സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ നല്‍കിയ ക്രിയാത്മക പിന്തുണയും എല്ലാം ചേര്‍ന്ന് പാലക്കാട് ഇന്‍സ്ട്രുമെന്റേഷനെ വേര്‍പെടുത്തി സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ നിര്‍ബന്ധിതമാക്കി. കേന്ദ്രം കൈ ഒഴിഞ്ഞാൽ കേരളം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഫാക്ടറി ഏറ്റെടുക്കുകയും കേരള ഇൻസ്ട്രമെന്റേഷൻ ലിമിറ്റഡ് എന്ന പേരിൽ കമ്പനിയെ സംരക്ഷിച്ച് നിർത്തുകയും ചെയ്തു.
കേരളത്തിൽ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന കേന്ദ്ര പൊതുമേഖല കമ്പനിയായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനിയെയും കേന്ദ്രം അടച്ചു പൂട്ടാൻ ഒരുങ്ങിയപ്പോൾ കേരള സർക്കാർ സംരക്ഷിക്കുവാൻ തയ്യാറായി മുന്നോട്ടുവന്നു. എന്നാല്‍ ഇപ്പോഴും ഈ സ്ഥാപനത്തെ സംസ്ഥാനത്തിന് ഏല്‍പ്പിച്ചു നല്‍കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. ന്യൂസ് പ്രിന്റ് ഫാക്ടറിക്ക് മൃദു മരങ്ങള്‍ വളര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറിയ ഭൂമി കൂടി ചേര്‍ത്ത് സ്വകാര്യവല്‍ക്കരിക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്. ഏറ്റവും ഒടുവിലായി തിരുവനന്തപുരത്തെ വിമാനത്താവളമാണ് കേന്ദ്രം വിൽപ്പനക്ക് വെച്ചിരിക്കുന്നത്. അതിനെതിരേ കേരള സർക്കാർ ശക്തമായ പ്രതിക്ഷേധമാണ് ഉയര്‍ത്തിയത്. വിമാനത്താവളം കയ്യൊഴിയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് സ്വകാര്യ കുത്തകകൾക്ക് വില്‍ക്കാതെ സംസ്ഥാന സർക്കാരിനെ ഏല്‍പ്പിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്.
രാജ്യത്തെ വൈദ്യുതി ബോർഡുകളെ വൈദ്യുതി നിയമം 2003ന്റെ വ്യവസ്ഥകള്‍ ഉപയോഗിച്ച് പിരിച്ചുവിടുക എന്ന നയമാണ് കോൺഗ്രസ്, ബി.ജെ.പി സര്‍ക്കാരുകള്‍ സ്വീകരിച്ചത്. എന്നാല്‍ നിയമത്തിലെ പഴുതു കണ്ടെത്തി കെ.എസ്.ഇ.ബിയെ പൊതുമേഖലയിൽ ഒറ്റസ്ഥാപനമായി നിലനിർത്തി സംരക്ഷിക്കുകയാണ് കേരളം ചെയ്തത്. ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അത് നയമായി അംഗീകരിച്ചപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരുകള്‍ക്ക്, തൊഴിലാളികള്‍ ബഹുജന പിന്തുണയോടെ നടത്തിയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ആ നയം പിന്തുടരേണ്ടിയും വന്നു. വൈദ്യുതി നിയമത്തിന് പുതിയ ഭേദഗതി കൊണ്ടുവന്ന് വിതരണ മേഖലയെ പലതായി വിഭജിക്കാൻ കേന്ദ്ര സർക്കാർ ഒരുക്കം കൂട്ടുമ്പോൾ പൊരുതി നിൽക്കുന്ന വൈദ്യുതി ജീവനക്കാർക്കൊപ്പം കേരള സർക്കാർ പിന്തുണയുമായി നിൽക്കുന്നതും പൊതുമേഖലയെ സംരക്ഷിക്കുന്നത് ഈ സർക്കാരിന്റെ നയമായത് കൊണ്ടാണ്. അതുകൊണ്ടാണ് ഊർജ കേരള മിഷനിലൂടെ കെ.എസ്.ഇ.ബിയെ ലോകോത്തര നിലവാരമുള്ള വൈദ്യുതി മേഖലയിലെ പൊതുമേഖലാ സ്ഥാപനമായി ഉയർത്തിക്കൊണ്ടുവരാൻ കേരള സർക്കാർ ലക്ഷ്യമിടുന്നതും. പൊതുമേഖലയെ വിറ്റ് തുലക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി അവരുടെ നയത്തിന്റെ ഭാഗമാണെങ്കിൽ പൊതു മേഖലയെ കാര്യക്ഷമമാക്കി സംരക്ഷിച്ച് നിർത്തുകയെന്നതാണ് കേരള സർക്കാര്‍ മുന്നോട്ടു വെക്കുന്ന ബദല്‍. ഈ പ്രതിബദ്ധതയാണ് രാജ്യം ഉറ്റു നോക്കുന്ന രാഷ്ട്രീയം.

ജെ മധുലാൽ