ചങ്കുറപ്പുള്ള നേതൃത്വത്തോടെ അതിജീവിക്കും പ്രകൃതിദുരന്തങ്ങൾ ഒറ്റക്കെട്ടായ്- കക്കയം പവ്വർഹൗസിൽ തകരാറിലായ 3 മെഷീനുകൾ സമയബന്ധിതമായി ശരിയാക്കി.
അതെ ശരിയാക്കാനായി വന്നാൽ ശരിയാക്കിയിരിക്കും എല്ലാം. 2019 ആഗസ്റ്റ് മാസം 9 ന് കേരളം അനുഭവിച്ച ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കെ.എസ്.ഇ.ബി.യുടെ ജനറേഷൻ ശേഷിയില്‍ മൂന്നാം സ്ഥാനത്തുള്ള (225 മെഗാവാട്ട്) കക്കയം പവ്വർ ഹൗസിന് വലിയ തോതിൽ നാശനഷ്ട്ടമുണ്ടാവുകയും 50 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകൾ ഏതാണ്ട് മുഴുവനായി മണ്ണിടിച്ചിലിനടിയിൽപ്പെട്ടുപോവുകയും ചെയ്തു. ഏകദേശം 5 മീറ്റർ മണ്ണ്മൂടപ്പെട്ട പവ്വർഹൗസിന്റെ മൂന്ന് ഭൂഗർഭ നിലകൾ പൂർണ്ണമായി ഉരുൾപ്പൊട്ടലിലെ കല്ലും മണ്ണും ചളിയും നിറഞ്ഞു. അന്ന് വൈകുന്നേരം 5 മണിയോടെ നടന്ന ദുരന്തത്തിൽ ജീവനക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. താൽക്കാലികമായി നിർത്തിവച്ച പ്രവർത്തനം തൊട്ടടുത്ത ദിവസം വൈകുന്നേരത്തോടെ ഭാഗീകമായി പുനസ്ഥാപിക്കാനായത് ഏകദേശം 75 ഓളം ജീവനക്കാരുടെ ഒത്തൊരുമിച്ചുള്ള കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു.
പിന്നീടുള്ള ദിവസങ്ങൾ ശരിയായ യുദ്ധകാലാടിസ്ഥാനപ്രവർത്തി എന്നത് കേരള ജനത കണ്ട പ്രവർത്തനമായിരുന്നു കെ.എസ്.ഇ.ബി. ജീവനക്കാരും താൽക്കാലിക ജീവനക്കാരും കാഴ്ച്ചവച്ചത്. ഒരൊറ്റ അവധിയെടുക്കാതെ രാപ്പകൽ ഭേദമന്യേചെയ്ത പ്രവൃത്തികൾക്ക് ചരിത്രത്തിലില്ലാത്ത രീതിയിൽ കെ.എസ്.ഇ.ബി. നേതൃത്വം പിന്തുണ നൽകി. പുറത്ത് നിന്നുള്ള കോൺട്രാക്റ്റ് ഏജൻസികളെയും മറ്റും ഏൽപ്പിക്കാതെ സ്ഥിരംജീവനക്കാരെയും താൽക്കാലികജീവനക്കാരെയും മറ്റ് പരിചയ സമ്പന്നരെയും മാത്രം ഉൾപ്പെടുത്തി വളരെ കാര്യക്ഷമമായി സമയബന്ധിതമായി നടത്തിയ പ്രവർത്തനത്തിന് സൈറ്റിൽ തന്നെ ഭക്ഷണവും മറ്റും നൽകി സമയം നഷ്ട്ടപ്പെടുത്താതെ മോഡേൺ മാനേജ്മെന്റിനെ വെല്ലുന്നരീതിയിൽ കെ.എസ്.ഇ.ബി. പിന്തുണച്ചു. ജീവനക്കാർക്കിടയിൽ കെ.എസ്.ഇ.ബി യോട് ഉ ണ്ടായ അതിയായ കൂറും സ്നേഹവും പ്രവൃത്തിയിലൂടെ അവർ തിരിച്ചുനൽകിയപ്പോൾ കേരളനാടിനു വെളിച്ചമേകുന്ന കെ.എസ്.ഇ.ബി.ക്കതൊരു പുത്തൻമാറ്റമാക്കി തീർക്കാൻ നേതൃത്വത്തിനായി.
ഏറ്റവും നല്ല ഭരണ നേതൃത്വമെങ്ങനെയാകണമെന്ന് കാണിക്കുന്ന പ്രവർത്തനമാണ് സമയാ സമയം പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയും സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ചെയ്ത് ജീവനക്കാര്‍ക്കാകെ ആത്മവിശ്വാസം പകര്‍ന്ന് കൊണ്ട് ബഹു: വൈദ്യുതിമന്ത്രി ശ്രീ.എം.എം മണി നടത്തിയത്. സ്ഥലം എം.എൽ.എ. ശ്രീ. പുരുഷൻ കടലുണ്ടിയുടെ നേതൃത്വത്തിൽ വിവിധ നേതാക്കളെ കക്ഷിഭേദമന്യേ ഉൾപ്പെടുത്തി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് തദ്ദേശീയരുടെ ഉൾപ്പെടെ അകമഴിഞ്ഞ സഹായ സഹകരണം ഉറപ്പുവരുത്തുകയും രണ്ട് തവണ അവലോകന യോഗം നടത്തുകയുമുണ്ടായി.
ഉന്നത ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊണ്ട് നൽകിയപ്പോൾ ജീവനക്കാർക്കൊപ്പം ഫീൽഡിൽ നിന്ന് പണിയെടുക്കാനും നിയന്ത്രിക്കാനും അസിസ്റ്റൻറ് എഞ്ചിനീയർ മുതൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ വരെയുള്ളവർ ജാഗ്രതകാട്ടി. സ്ഥലംമാറ്റ ഉത്തരവിലുണ്ടായിരുന്ന ഓഫീസർമാർ വരെ സ്വമനസ്സാൽ പ്രവർത്തിതീർക്കാൻ താൽപര്യമെടുത്തപ്പോൾ ബോർഡ് നേതൃത്വം പൂർണ്ണ പിന്തുണ നൽകി. ബോര്‍ഡ് ഡയറക്ടര്‍മാരായ വേണുഗോപാല്‍, ബ്രിജ് ലാല്‍, ചീഫ് എഞ്ചിനീയര്‍ സിജി ജോസ്, ഡപ്യുട്ടി ചീഫ് എഞ്ചിനീയര്‍മാര്‍ പ്രസന്ന, മണികണ്ഠന്‍, തുടങ്ങിയവര്‍ നിര്‍ദ്ദേശങ്ങളുമായി കൂടെ നിന്നു.
04.09.2019 ന് 50 മെഗാവാട്ടിന്റെ ജനറേറ്റർ നമ്പർ 6, 22.09.2019 ന് 50 മെഗാവാട്ടിന്റെ ജനറേറ്റർ നമ്പർ 5 പ്രവർത്തനക്ഷമമാക്കി. 50 മെഗാവാട്ടിന്റെ ജനറേറ്റർ നമ്പർ 4 ന്റേത് ഒക്ടോബര്‍ അവസാനവും സിങ്ക്രണൈസ് ചെയ്തു. ഇനി മണ്ണിടിച്ചിൽ തടയാനാവശ്യമായതുമായ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കാര്യക്ഷമമാക്കാന്‍ എന്ന വാദമുയര്‍ത്തി സ്വകാര്യവത്കരണ നയങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ക്ക് അവ തിരുത്താനുള്ള ചൂണ്ടുപലകയാണ് പ്രകൃതി ദുരന്ത ദുരന്തത്തെ അതിജീവിക്കാനായി കെ.എസ്.ഇ.ബി നടത്തിയ മിഷന്‍ റീകണക്റ്റ് പ്രവര്‍ത്തനങ്ങളും കേരളം കൈവരിച്ച നേട്ടങ്ങളും. .