കെ.എസ്.ഇ.ബി മാനേജ്മെന്റിന്റെ ദുര്‍വ്യയത്തിനെതിരെ പരാതി നല്‍കി

69

വൈദ്യുതി ബോര്‍ഡില്‍ സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിലും ദുര്‍വ്യയമുണ്ടാക്കുന്ന തീരുമാനങ്ങള്‍ ഉണ്ടാകുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും വൈദ്യുതി മന്ത്രിയ്ക്കും പരാതി നൽകി കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ.
വൈദ്യുതി ബോര്‍ഡ് വലിയ സാമ്പത്തിക ഞെരുക്കത്തില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ബോര്‍ഡിന്റെ ആവര്‍ത്തനച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നനിലയില്‍ ഒട്ടേറെ തീരുമാനങ്ങളാണ് വൈദ്യുതി ബോര്‍ഡ് മാനേജ്മെന്റ് എടുത്തുപോകുന്നത്.

 1. 1200 വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നത്
 2. ജീവനക്കാര്‍ക്ക് സമ്മാനമായി ടീഷര്‍ട്ട്, സാരി, ചുരിദാര്‍ എന്നിങ്ങനെ വിവിധ വസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്നത്
 3. TASSTA എന്ന പേരില്‍ ഒരു പ്രൊപ്രൈറ്ററി സംവിധാനം ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നത്
 4. ബോര്‍ഡിന്റെ ഐ.ടി.വിഭാഗം തയ്യാറാക്കിയ ഇ-ഓഫീസ് സംവിധാനത്തിന് പകരം പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ തീരുമാനിക്കുന്നത്
 5. പി.ആര്‍. സംവിധാനം പുറംകരാര്‍ നല്‍കുന്നത്
 6. ഡയറി അച്ചടിക്കുന്നത്
 7. വൈദ്യുതിഭവന്‍ നവീകരണത്തിന് പുറംകരാര്‍ നല്‍കുന്നത്
  എന്നിങ്ങനെ സ്ഥാപനത്തിന് ദുര്‍വ്യയമുണ്ടാക്കുന്ന നിരവധി നടപടികളാണ് ബോര്‍ഡ് തലത്തില്‍ ഉണ്ടാകുന്നത്. തികച്ചും സുതാര്യമായ നടപടിക്രമങ്ങളിലൂടെ തീരുമാനങ്ങളെടുത്തു പോകുന്ന രീതിയാണ് വൈദ്യുതിബോര്‍ഡില്‍ നിലനിന്നിരുന്നത്. എന്നാല്‍ മുകള്‍ത്തട്ടില്‍നിന്നും തീരുമാനങ്ങളുണ്ടാകുകയും അതനുസരിച്ച് നോട്ടുകള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു രീതി ഉണ്ടായി വരുന്നതായി മനസ്സിലാക്കുന്നു. ഇത് തികച്ചും തെറ്റായ ഒരു പ്രവണതയാണ്. ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫലപ്രദമായ നടപടികളുണ്ടാകേണ്ടതുണ്ട്. ഇതിന് വിവിധ സാധ്യതകൾ പരിശോധിക്കുകയും കൃത്യമായ സാമ്പത്തിക വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുത്തുപോകുകയും ചെയ്യുന്നതിന് പകരം ഏകപക്ഷീയമായ തീരുമാനങ്ങളുണ്ടാകുന്നത് ഗുണകരമല്ല. കൂട്ടായ ചര്‍ച്ചകളിലൂടെയും വിവിധ കോര്‍ക്കമ്മിറ്റികളുടേയും ബോര്‍ഡിലെ വിവിധ വകുപ്പുകളിലും നടക്കുന്ന പരിശോധനകളുടേയും അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാന്‍ ബോര്‍ഡ് മാനേജ്മെന്റ് തയ്യാറാകേണ്ടതുണ്ട്.
  കൊവിഡ്-19ന്റെ സാഹചര്യവും അതിന്റെ ഭാഗമായി രാജ്യത്താകെ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടേയും സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ലിമിറ്റഡും വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്. വൈദ്യുതി ചാര്‍ജ്ജ് പിരിച്ചെടുക്കുന്നതിലടക്കം വലിയ പരിമിതികള്‍ സ്ഥാപനം അഭിമുഖീകരിക്കുന്നുണ്ട്. 2018 ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി തീര്‍ന്ന ശമ്പളപരിഷ്കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയിട്ടുണ്ടെങ്കിലും 2021 മാര്‍ച്ചിന് മുമ്പുള്ള കാലത്തെ കുടിശ്ശിക ഇപ്പോഴും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ബോര്‍ഡിന്റെ വിവിധ ഓഫീസുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരടക്കമുള്ള കരാറുകാരുടെ ബില്ലുകളും മറ്റും പാസ്സാക്കി നല്‍കുന്നതില്‍ ഈ സാമ്പത്തിക ഞെരുക്കം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് ഇത്തരം തീരുമാനങ്ങളെടുത്തുപോകുന്നതെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.
  മേല്‍വിഷയങ്ങളില്‍ അടിയന്തിര ഇടപെടലുണ്ടാകണമെന്നും തിരുത്തലുകള്‍ക്ക് ആവശ്യമായ നടപടികളുണ്ടാകണമെന്നും മുഖ്യമന്ത്രിയോടും വൈദ്യുതി മന്ത്രിയോടും കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ അഭ്യർത്ഥിച്ചു.