സംഘടനാ പ്രവർത്തനങ്ങളെ അധിക്ഷേപിക്കാനുള്ള സി.എം.ഡി യുടെശ്രമത്തിനെതിരെ

ജനുവരി ഒന്നിന് പുതുവല്‍സര ദിനത്തില്‍ ബഹു വൈദ്യുതി മന്ത്രി ജീവനക്കാരുമായി സംവദിക്കുന്നതിനായി ഒരു പരിപാടി സംഘടിപ്പിക്കുകയും അതിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരേയും പങ്കെടുപ്പിക്കുന്നതിന് ആയിരം കേന്ദ്രങ്ങളിലായി സംവിധാനങ്ങളൊരുക്കുകയും ചെയ്തതിനെ കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ജീവനക്കാരാകെ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വൈദ്യുതി മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംക്ഷിപ്തമായി അവതരിപ്പിച്ചുകൊണ്ട് വൈദ്യുതി മന്ത്രി നടത്തിയ ഹ്രസ്വമായ വീഡിയോ സന്ദേശത്തില്‍ സ്ഥാപനത്തിന്റെ ഭാവി സംബന്ധിച്ച പ്രതീക്ഷകളുടെ സൂചനകളും പങ്കുവെച്ചു. എട്ടുമിനിട്ടോളം മാത്രം നീണ്ടുനിന്ന ഈ ആശംസാപ്രസംഗത്തിന് ശേഷം കെ.എസ്.ഇ.ബി. സി.എം.ഡിയും ജീവനക്കാരെ അഭിസംബോധന ചെയ്തു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബഹു ഭൂരിപക്ഷം ജീവനക്കാരേയും അഭിസംബോധന ചെയ്തതിന് പുറമേ ഫേസ് ബുക്ക് ലൈവിലൂടെ ഈ പരിപാടി പൊതുജനങ്ങളിലേക്കും എത്തിച്ചിരുന്നു.
വൈദ്യുതി ഉദ്പാദന പ്രസരണ വിതരണ മേഖലകളില്‍ സ്ഥാപനം അഭിമുഖീകരിക്കുന്ന വെല്ലുവിളിയെന്ത്, അത് നേരിടുന്നതിന് എന്തെല്ലാം പരിപാടികളാണ് ഉദ്ദേശിക്കുന്നത്, ഈ പ്രവര്‍ത്തനങ്ങളില്‍ ജീവനക്കാര്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തമെന്ത്, അതിന് എന്തെല്ലാം മാറ്റങ്ങളാണ് നിര്‍ദ്ദേശിക്കാനുള്ളത് തുടങ്ങി ജീവക്കാരുടേയും ഉപഭോക്താക്കളുടേയും സഹായ സഹകരണങ്ങള്‍ തേടുന്ന നിലയില്‍ മുമ്പും വൈദ്യുതി ബോര്‍ഡ് മേധാവികള്‍ സ്ഥാപനത്തിലെ ജീവനക്കാരെ അഭിസംബോധന ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ കേട്ട ഒന്നരമണിക്കൂര്‍ നീണ്ട പ്രഭാഷണത്തില്‍ അത്തരം വിഷയങ്ങളൊന്നും പ്രധാനപ്പെട്ടതായിരുന്നില്ല. പ്രഭാഷണത്തില്‍ ഭൂരിപക്ഷം സമയവും സ്ഥാപന നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഫീസേര്‍സ് അസോസിയേഷന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവിധ വിഷയങ്ങള്‍ക്ക് മറുപടി നല്‍കാനെന്ന നിലയില്‍ സംഘടനയെ കുറ്റപ്പെടുത്താനാണ് സി.എം.ഡി ശ്രമിച്ചിട്ടുള്ളത്. വസ്തുതകള്‍ക്ക് നിരക്കാത്ത വാദമുഖങ്ങളുയര്‍ത്തി കെ.എസ്.ഇ.ബി ഓഫീസേര്‍സ് ആസോസിയേഷനെ ആക്ഷേപിക്കാനും അതുവഴി ചില കാറ്റഗറി സംഘടനകളുടെ വക്താവായി മാറാനുമാണ് സി.എം.ഡി. ശ്രമിച്ചിട്ടുള്ളത്. തനിക്ക് സിദ്ധിച്ചിട്ടുള്ള അധികാരസ്ഥാനം ഉപയോഗിച്ച് ജീവനക്കാരെ മുഴുവന്‍ വിളിച്ചുവരുത്തി ഏകപക്ഷീയമായി ഒരു സംഘടനയേയും അതിന്റെ നേതൃത്വത്തേയും അപഹസിക്കുന്നതിന് ഉപയോഗപ്പെടുത്തിയത് തികഞ്ഞ അധികാര ദുര്‍വിനിയോഗവും കൃത്യമായ പക്ഷം പിടിക്കലുമാണ്. ഈ സമീപനം അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷനുള്ള ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കെ.എസ്.ഇ.ബി. സി.എം.ഡി പൊതുവേദിയില്‍ നടത്തിയിട്ടുള്ള പരാമാര്‍ശങ്ങള്‍ പരസ്യമായിത്തന്നെ പിന്‍വലിക്കാന്‍ തയ്യാറാകണം.
കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ വിവിധ വിഷയങ്ങളില്‍ വളരെ ഉത്തരവാദിത്തത്തോടെ മാത്രം ഇടപെട്ടുവരുന്ന സംഘടനയാണ്. കെ.എസ്.ഇ.ബി. ലിമിറ്റഡുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ കൃത്യമായ നിലപാടിന്റെ അടിസ്ഥാനത്തിലാണ് സംഘടന ഇടപെട്ടുവരുന്നത്. വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ശ്രമം അടക്കം വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനും കൃഷിയടക്കമുള്ള അടിസ്ഥാന മേഖലകള്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് സഹായകമായ ക്രോസ് സബ്സിഡി ഒഴിവാക്കാനുമൊക്കെ കടുത്ത സമ്മര്‍ദ്ദം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി മേഖലയില്‍ സ്വീകരിക്കുന്നത്. വൈദ്യുതി നിയമ ഭേദഗതിക്കെതിരെ നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയം ഈ വസ്തുത അടിവരയിടുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള ഈ ബദല്‍ വികസന നയത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തിന് മാതൃകയായ ഒട്ടേറെ മുന്നേറ്റങ്ങള്‍ വൈദ്യുതി മേഖലയില്‍ ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന വികസന നയത്തില്‍ നിന്നും വ്യതിചലനങ്ങളുണ്ടാകുമ്പോള്‍ അതു തിരുത്തുന്നതിന് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ ഇടപെടേണ്ടത് സംഘടനയുടെ ഉത്തരവാദിത്തമായാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ കാണുന്നത്.
സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ 06-08-2021ല്‍ പുറത്തിറക്കിയ കരട് താരീഫ് റഗുലേഷനില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ക്രോസ് സബ്സിഡി സംവിധാനത്തെ ബാധിക്കുന്നതും വൈദ്യുതി ബോര്‍ഡിന്റെ വരുമാനം നഷ്ടപ്പെടുത്തുന്നതും ഓപ്പണ്‍ ആക്സസ് ഉപഭോക്താക്കള്‍ക്ക് സഹായകരവുമായ ചില നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന നയസമീപനത്തില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് റഗുലേഷന്‍ മുന്നോട്ടുവെച്ചത്. ഈ വ്യവസ്ഥകള്‍ക്കെതിരെ സംഘടന ശക്തമായ നിലപാട് സ്വീകരിക്കുകയുണ്ടായി. റഗുലേറ്ററി കമ്മീഷന്‍ നടത്തിയ പൊതു തെളിവെടുപ്പിലും ഈ വിഷയങ്ങള്‍ സംഘടന ഉയര്‍ത്തിക്കൊണ്ടുവരുകയുണ്ടായി. ബഹു. മുഖ്യമന്ത്രിയുടേയും ബഹു. വൈദ്യുതി മന്ത്രിയുടേയും ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടലുകളും സംഘടന നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ബഹു. മുഖ്യമന്ത്രിക്കും ബഹു. വൈദ്യുതി മന്ത്രിക്കും സംഘടന കത്തുകള്‍ നല്‍കിയിട്ടുമുണ്ട്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ഒപ്പിട്ട് വളരെ ഉത്തരവാദിത്തത്തോടെയാണ് സംഘടന കത്തുകള്‍ നല്‍കിയിട്ടുള്ളത്. ഈ കത്തുകളെ ബഹു. മുഖ്യമന്ത്രിയും ബഹു. വൈദ്യുതി മന്ത്രിയും വളരെ ഗൗരവത്തോടെ കാണുകയും സംഘടനാ പ്രതിനിധികളെ വിളിച്ച് ചര്‍ച്ച ചെയ്യുകയുമുണ്ടായി.
സംഘടന നല്‍കിയ ഒരു കത്തിനെ പരാമര്‍ശിച്ചുകൊണ്ട് കമ്പനിയിലെ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കത്തു നല്‍കി എന്ന് ആക്ഷേപകരമായി പരാമര്‍ശിക്കുന്ന സമീപനം സി.എം.ഡിയില്‍ നിന്നുണ്ടായി. ഈ സമീപനം രണ്ടു പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഒന്നാമതായി സംഘടനയുടെ ജനറല്‍ സെക്രട്ടറിയെ അദ്ദേഹം കെ.എസ്.ഇ.ബിയില്‍ വഹിക്കുന്ന ഔദ്യോഗിക പദവി വെച്ച് കാണുന്ന സമീപനമാണ്. ഈ സംഘടനയില്‍ ബോര്‍ഡിലെ എല്ലാ തസ്തികകളിലും പെട്ട ഓഫീസര്‍മാര്‍ അംഗങ്ങളായുണ്ട്. ആകെ ഓഫീസര്‍മാരുടെ 70ശതമാനത്തിലേറെ വരുന്നവര്‍ അണിനിരന്നിട്ടുള്ള സംഘടനയാണ് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍. ആ സംഘടനയുടെ ജനറല്‍ സെക്രട്ടറി നല്‍കുന്ന കത്തുകള്‍ ഈ ഓഫീസര്‍മാരെയാകെ പ്രതിനിധീകരിക്കുന്നതാണ്. അല്ലാത്ത നിലയിലുള്ള ഒരു പരാമര്‍ശവും അംഗീകരിക്കാവുന്നതല്ല. രണ്ടാമത്തെ പ്രശ്നം ബഹു. വൈദ്യുതി മന്ത്രിക്ക് സംഘടന തങ്ങളുടെ ഉത്തമ ബോധ്യത്തില്‍ വന്ന ഒരു കാര്യത്തില്‍ തികച്ചും കോണ്‍ഫിഡന്‍ഷ്യലായി നല്‍കിയ ഒരു കത്ത് സംബന്ധിച്ച് ഇത്തരമൊരു പൊതുവേദിയില്‍ പരാമര്‍ശിച്ചതിന്റെ ഔചിത്യമാണ്. “കമ്പനിയുടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രതിപക്ഷത്തിന് വടി നല്‍കി” എന്നാണ് സി.എം.ഡി. പൊതുവേദിയില്‍ പറഞ്ഞത്. സംഘടന സര്‍ക്കാരിന് നല്‍കിയ കത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ നിലയില്‍ അനാവശ്യമായി ഭരണപക്ഷം, പ്രതിപക്ഷം തുടങ്ങിയ പ്രയോഗങ്ങളിലേക്ക് സി.എം.ഡി. പോയിട്ടുള്ളത്. സംഘടന നല്‍കിയ കത്ത് സര്‍ക്കാര്‍ ഗൗരവത്തില്‍ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷനും മറ്റു സംഘടനകളും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് കരട് റഗുലേഷനില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ റഗുലേറ്ററി കമ്മീഷനും തയ്യാറായി. ‍ സംഘടന ബഹു. മുഖ്യമന്ത്രിക്കും ബഹു. വൈദ്യുതി മന്ത്രിക്കും കോണ്‍ഫിഡന്‍ഷ്യലായി നല്‍കിയ കത്തിന്റെ ഉള്ളടക്കം സി.എം.ഡി. പൊതുവേദിയില്‍ പറഞ്ഞതല്ല. അത് ഇവിടെ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ അതിന്റെ പേരില്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയെ അവഹേളിക്കുകയും ശിക്ഷാനടപടികളുണ്ടാവാഞ്ഞത് ഔദാര്യമാണെന്ന് പറഞ്ഞതും പിന്‍വലിക്കണം.
വൈദ്യുതി ബോര്‍ഡും റഗുലേറ്ററി കമ്മീഷനും തമ്മില്‍ വിവിധ പ്രശ്നങ്ങളില്‍ കോടതിക്കേസുകള്‍ നിലവിലുണ്ട്. കേസുകള്‍ തുടരണോ, പിന്‍വലിക്കണോ, ഒത്തുതീര്‍പ്പാക്കണോ എന്നതൊക്കെ ബോര്‍ഡ് മാനേജ്മെന്റിന്റെ ഓരോ കാലത്തേയും നിലപാടുകളുടെ ഭാഗമായി തീരുമാനിക്കേണ്ടതാണ്. ഈ സംവിധാനം ഒരു തുടര്‍ച്ചയാണ്. ഒരു സി.എം.ഡി. വരുമ്പോള്‍ മുന്‍ സി.എം.ഡി.മാരും ഡയറക്ടര്‍ബോര്‍ഡും എടുത്തിട്ടുള്ള തീരുമാനങ്ങള്‍ അങ്ങിനെതന്നെ തുടരണമെന്നൊന്നുമില്ല. പക്ഷേ മുന്‍കാലതീരുമാനങ്ങളെയെല്ലാം പരസ്യമായി വിമര്‍ശിക്കുന്ന സമീപനം മുന്‍കാലങ്ങളിലൊന്നും കേട്ടിട്ടില്ല. എന്നാല്‍ “കമ്മീഷനുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്ന 2000-3000 ജീവനക്കാരുടെ കാര്യങ്ങള്‍ക്ക് മുന്‍ മാനേജ്മെന്റ് ആപ്‌ടെലിലും സുപ്രീം കോടതിയിലും പോയി” എന്ന് പരസ്യമായി ആക്ഷേപിക്കുന്ന സമീപനമാണ് സി.എം.ഡി. സ്വീകരിച്ചത്. ഇതും ഓഫീസേര്‍സ് അസോസിയേഷന്റെ എന്തോ പിശകാണ് എന്ന നിലയില്‍ ധ്വനിപ്പിക്കാനും അദ്ദേഹം മറന്നില്ല. ഈ സമീപനവും അംഗീകരിക്കാവുന്നതല്ല.
ഓഫീസര്‍മാരുടെ പ്രമോഷനുകള്‍ പെര്‍ഫോര്‍മന്‍സ് ഇവാലുവേഷന്റെ അടിസ്ഥാനത്തില്‍ നടത്തുന്നത് സ്ഥാപനത്തിന്റെ കാര്യക്ഷമതക്ക് സഹായകമാകുമെന്ന നിലപാടാണ് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്റെ കാലാകാലങ്ങളായ നിലപാട്. എന്നാല്‍ മേലധികാരികളുടെ വിലയിരുത്തല്‍ എല്ലായ്പ്പോഴും നിഷ്പക്ഷമായിക്കൊള്ളണമെന്നില്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ ഇത്തരം വിലയിരുത്തലുകളില്‍ ഉണ്ടാകാനുള്ള സാദ്ധ്യത കുറവല്ല. ഇത്തരത്തില്‍ നിരവധി പ്രശ്നങ്ങള്‍ സംഘടന തന്നെ കെ.എസ്.ഇ.ബി. മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുകയുണ്ടായിട്ടുണ്ട്. കുറ്റമറ്റ നിലയില്‍ പെര്‍ഫോര്‍മന്‍സ് വിലയിരുത്താന്‍ നിലവില്‍ ഒരു സംവിധാനവും ഇല്ല. അപാര്‍ വിലയിരുത്തലില്‍ കുറഞ്ഞ സ്കോര്‍ കിട്ടുന്ന ഒരാള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ടെങ്കിലും എല്ലായ്പ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടുകൊള്ളണമെന്നുമില്ല. അതുകൊണ്ടാണ് ഇത്തരം പരാതികളില്‍ കൂടുതല്‍ ജനാധിപത്യപരമായ ഒരു സംവിധാനം ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടത്. അതിനായി സംഘടനാപ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഒരു റിവ്യൂ സംവിധാനം ഉണ്ടാകുന്നത് നന്നാകുമെന്ന നിര്‍ദ്ദേശവും സംഘടന മുന്നോട്ടുവെച്ചു. തികച്ചും ഉത്തരവാദിത്തത്തോടെ പല തലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് സംഘടന ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഈ നിര്‍ദ്ദേശത്തോട് ബോര്‍ഡ് മാനേജ്മെന്റിന് വിയോജിപ്പുണ്ടാകാം. എന്നാല്‍ ഇത്തരമൊരു നിര്‍ദ്ദേശം വെച്ചതിന് സംഘടനയെ അധിക്ഷേപിക്കുന്ന നിലയില്‍ സംസാരിക്കാന്‍ പുതുവല്‍സര സന്ദേശത്തിനുള്ള വേദിയെ ഉപയോഗപ്പെടുത്തിയത് അംഗികരിക്കാന്‍ കഴിയില്ല.
കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ഒരു ഡയറക്ടറെ “സര്‍” ചേര്‍ക്കാതെ പേരുപറഞ്ഞ് അഭിസംബോധന ചെയ്തു എന്നു പറഞ്ഞുകൊണ്ട് സംഘടനയുടെ പ്രസിഡന്റിനെ ഏകപക്ഷീയമായി താക്കിത് ചെയ്യാന്‍ സി.എം.ഡി. സ്വീകരിച്ച നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് സംഘടന സി.എം.ഡിക്ക് നല്‍കിയ കത്തില്‍ “ആധുനിക കാലത്ത് ബഹുമാനസൂചകമായി “സര്‍” എന്ന് വിളിക്കേണ്ട ആവശ്യമില്ല എന്നും “സര്‍” വിളി അവസാനിപ്പിച്ചുകൊണ്ട് തീരുമാനമെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വരെ കേരളത്തിലുണ്ടെന്നും അത്തരം മാതൃകകള്‍ നിലനില്‍ക്കുമ്പോള്‍ പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നതില്‍ ആക്ഷേപകരമായി യാതൊന്നുമില്ലെന്നും” ചൂണ്ടിക്കാണിച്ചിരുന്നു. ഡയറക്ടര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇക്കാര്യത്തില്‍ മാനസികപ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അത്തരം യാതൊരുദ്ദേശവും സംഘടനക്ക് ഉണ്ടായിരുന്നില്ല എന്നും സംഘടന നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഈ കത്തിന്റെ അടിസ്ഥാനത്തില്‍ താക്കീത് പിന്‍വലിച്ചുകൊണ്ട് സി.എം.ഡി ഉത്തരവിടുകയും ചെയ്തു. ഇങ്ങിനെ അവസാനിച്ച ഒരു പ്രശ്നമാണ് പുതുവല്‍സര സന്ദേശത്തില്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സി.എം.ഡി. തയ്യാറായത്. മൂന്നു ഡയറക്ടര്‍മാര്‍ ഇരിക്കുമ്പോള്‍ ഒരാളെമാത്രം പേരുവിളിച്ചു എന്ന നിലയില്‍ തികച്ചും വസ്തുതാവിരുദ്ധമായ ഒരു പരാമര്‍ശം കൂടി അദ്ദേഹം തന്റെ പ്രഭാഷണത്തിന്റെ ഭാഗമായി ഉയര്‍ത്തി. ബോര്‍ഡ് റൂമില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ഒരു ഡയറക്ടറുമായുണ്ടായ തര്‍ക്കത്തിനിടയില്‍ ഡയറക്ടര്‍ നടത്തിയ ഒരു പരാമര്‍ശം ഖണ്ഡിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് പേരുവിളിച്ച് അഭിസംബോധന ചെയ്തതാണ് സംഭവത്തിനാധാരം. അല്ലാതെ ഏതെങ്കിലും ഒരു ഡയറക്ടറെ പേരുവിളിക്കുകയും മറ്റുള്ളവരെ “സര്‍” ചേത്ത് അഭിസംബോധന ചെയ്യുകയുമൊന്നും ഉണ്ടായിട്ടില്ലാത്ത കാര്യമാണ്. സി.എം.ഡി. നടത്തിയ ഈ പരാമര്‍ശം സ്ഥാപനത്തില്‍ ആശാസ്യമല്ലാത്ത ചില പ്രവണതകള്‍ക്ക് സഹായകമായി മാറുന്ന സാഹചര്യമുണ്ട്. യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന വിവാഹങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടി അവിടെ അച്ഛനെ പേരുവിളിക്കുന്ന സമീപനമുണ്ടെന്നും അത് അച്ഛനാരെന്ന സംശയമുള്ളതുകൊണ്ടാണെന്നുമൊക്കെ ഇത്തരമൊരു ഔദ്യോഗിക വേദിയില്‍ പറഞ്ഞത് തികച്ചും അധിക്ഷേപകരവും ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. ഈ പ്രയോഗം പറഞ്ഞുപോകുമ്പോള്‍ വന്നുപെട്ട വാക്കുപിഴയാകാമെങ്കിലും ആയതില്‍ ഖേദം പ്രകടിപ്പിക്കുതാണ് ശരിയായ സമീപനം. ‍
കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഫേസ് ബുക്കില്‍ ഗവണ്‍മെന്റിനെതിരെ പോസ്റ്റിട്ട ആറുപേര്‍ക്കെതിരെ നടപടി എടുത്തതിന്റെ ഫയല്‍ തന്റെ കൈവശമുണ്ടെന്നും ബോര്‍ഡിനെ അപകീര്‍ത്തിപ്പെടുത്തി യൂട്യൂബില്‍ വീഡിയോ ഇട്ട ആളുകള്‍ക്കെതിരെ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയിട്ടില്ല എന്നും സി.എം.ഡി. തന്റെ പ്രസംഗത്തില്‍ പറയുകയുണ്ടായി. ബഹു. മുഖ്യമന്ത്രിയേയും ബഹു. വൈദ്യുതി മന്ത്രിയേയുമൊക്കെ വംശീയാധിക്ഷേപ സ്വഭാവത്തില്‍ പോസ്റ്റിട്ട സംഭവങ്ങളില്‍ ഉണ്ടായിട്ടുള്ള നടപടികളെ ബോര്‍ഡിന്റെ ചില നടപടികളെ വിമര്‍ശിച്ചതിനോട് താരതമ്യപ്പെടുത്തുന്ന സമീപനമാണ് ഈ പരാമര്‍ശത്തിലുണ്ടായത്. ഇതിലും കെ.എസ്.ഇ.ബി. ഒരു തുടര്‍ച്ചയാണെന്ന വസ്തുത അംഗീകരിക്കാത്ത സമീപനമാണുള്ളത്. നിലവിലുള്ള സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്നും കഴിഞ്ഞ സര്‍ക്കാരിന് നേതൃത്വം കൊടുത്ത മുന്നണിയും മുഖ്യമന്ത്രിയുമൊക്കെ തുടരുകയാണെന്നും അതേ മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം നേതൃത്വം കൊടുത്ത മന്ത്രിസഭയിലെ മന്ത്രിക്കെതിരേയും ആക്ഷേപകരമായ പോസ്റ്റുകള്‍ ഇട്ടതിനാണ്, അല്ലാതെ ബോര്‍ഡുതീരുമാനങ്ങളില്‍ ഏതെങ്കിലും വിമര്‍ശനമുന്നയിച്ചതിനല്ല നടപടികളുണ്ടായിട്ടുള്ളതെന്നും സി.എം.ഡിയെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഫയലുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിനു തന്നെ മനസ്സിലാകുന്നതാണ്.
വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ അത് പ്രകടിപ്പിക്കാനും ചില സന്ദര്‍ഭങ്ങളില്‍ പരസ്യമായി വിമര്‍ശിക്കാനും സംഘടനകള്‍ നിര്‍ബന്ധിതമാകും. ഇതിനെത്തുടര്‍ന്ന് ബോര്‍ഡ് തലത്തിലും സര്‍ക്കാര്‍ തലത്തിലും നടക്കുന്ന ചര്‍ച്ചകളിലും ഇടപെടലുകളിലും ഇത്തരം പ്രശ്നങ്ങളില്‍ പരിഹാരം കാണുകയും ചെയ്യും. ചില പ്രശ്നങ്ങള്‍ പരിഹാരം കാണാതെ അവശേഷിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള നിരവധി പ്രക്രിയകള്‍ ഉള്‍പ്പെടുന്നതാണ് ജനാധിപത്യ സമീപനം. അത്തരം കാര്യങ്ങളെ സമഗ്രമായി കാണുന്നതിന് പകരം സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റി സമീപിക്കുകയും സംഘടനാപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ചെയ്യുന്ന സമീപനം ഒരു സ്ഥാപന മേധാവിയില്‍ നിന്നും ഉണ്ടാകുന്നത് ശരിയല്ല. ഈ സമീപനം തിരുത്താന്‍ തയ്യാറാകണം.
ഡിസംബര്‍ 23ന് ഓഫീസേര്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയെ സംബന്ധിച്ചും സി.എം.ഡി. തന്റെ പ്രഭാഷണത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ഒരു പരാതി കിട്ടിയാല്‍ ഉടനെ കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുന്നത് സാധാരണയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരമൊരു നോട്ടീസ് അച്ചടക്ക നടപടിയുടെ ഭാഗമാണ്. ഏത് പരാതി കിട്ടിയാലും ഉടനെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കലല്ല അധികാര സ്ഥാനത്തുള്ള വ്യക്തിയുടെ ഉത്തരവാദിത്തം. പരാതിയെ സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തുകയും പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട് എന്ന് ബോധ്യപ്പെടുകയും ചെയ്തതിന് ശേഷമാണ് അച്ചടക്ക നടപടിയിലേക്ക് കടക്കേണ്ടത്. സംഘടന പ്രതിഷേധിക്കാനിടയായ സംഭവത്തില്‍ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ തികച്ചും ബഹുമാനപുരസ്സരം ഒരു അഭിപ്രായം പറഞ്ഞുവെന്നതാണ് ഒരു ചീഫ് എഞ്ചിനീയര്‍ക്കെതിരെ കുറ്റമായി ആരോപിച്ചിട്ടുള്ളത്. അതേപോലെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി അവധിയായിരുന്ന ദിവസം മുന്‍കൂട്ടി അറിയിക്കാതെ യോഗം വിളിച്ചത് സൃഷ്ടിച്ച ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചതും കുറ്റമായി. ഇക്കാര്യത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നതിന് മുമ്പുതന്നെ സംഘടനാ പ്രതിനിധി പലതവണ സി.എം.ഡിയെ കണ്ട് വസ്തുതകള്‍ ചൂണ്ടിക്കാണിച്ച് നടപടികളിലേക്ക് പോകരുതെന്ന അഭ്യര്‍ത്ഥന നടത്തിയിട്ടുള്ളതുമാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ നടപടികളിലേക്ക് കടന്നതില്‍ സംഘടനാംഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നിട്ടും തികച്ചും സമാധാനപരമായി ഉച്ചഭക്ഷണ ഇടവേളയില്‍ അരമണിക്കൂര്‍ നേരം വായമൂടിക്കെട്ടി പ്രതിഷേധിക്കാന്‍ മാത്രമാണ് സംഘടന തീരുമാനിച്ചത്. ഇത്തരത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം സംഘടനക്കുണ്ട്. ഇത്തരത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ മുന്‍കാലത്തും സംഘടന ചെയ്തിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളിലെല്ലാം സംഘടനയുമായി ചര്‍ച്ച ചെയ്യാനും സംഘടന ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങളിലെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കാനും ബോര്‍ഡ് മാനേജ്മെന്റ് തയ്യാറായിട്ടുമുണ്ട്. ഇത്തരം കീഴ്‌വഴക്കങ്ങളും കൂടി ഉള്‍പ്പെടുന്നതാണ് ഓരോ സ്ഥാപനത്തിലേയും നടത്തിപ്പ് രീതി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എഴുതിവെക്കപ്പെട്ട ചട്ടങ്ങളും നിയമങ്ങളും മാത്രമേ സ്ഥാപനത്തിന് ബാധകമാകൂ എന്ന സമീപനം ഈ സ്ഥാപനത്തിലെ സമാധാനപരമായ തൊഴിലന്തരീക്ഷം കലുഷിതമാക്കാനേ ഉപകരിക്കൂ.
സി.എം.ഡിയുടെ പ്രസംഗത്തിലെ മറ്റൊരു പരാമര്‍ശം ഇതാണ്. “പെൻഷൻ മാസ്റ്റർ ട്രസ്റ്റിൽ നേരത്തെ ചെയ്യാമായിരുന്നു. എന്നാൽ അതിൽ ഇതു വരെ ഒരു രൂപ പോലും ഡിപ്പോസിറ്റ് ചെയ്യാൻ പറ്റിയില്ല. വരുന്ന ആഗസ്ത് 15ന് മുമ്പ് അതിൽ കാര്യമായ ഒരു തുക നിക്ഷേപിച്ച് കൊണ്ട് സജീവമാക്കും.” പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ് ശക്തിപ്പെടുത്തുന്നത് പൊതുവേ സ്വാഗതം ചെയ്യുമ്പോഴും ഇക്കാര്യത്തില്‍ മുന്‍ മാനേജ്മെന്റിനെ കുറ്റപ്പെടുത്തുന്ന ധ്വനിയില്‍ “ഇത് നേരത്തെ ചെയ്യാമായിരുന്നു” എന്ന് പറഞ്ഞതിന്റെ താല്‍പര്യം വ്യക്തമാകുന്നില്ല. പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ് സംബന്ധിച്ച് കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ സ്വീകരിച്ചു പോരുന്ന നിലപാട് ഇവിടെ വ്യക്തമാക്കുന്നത് ഈ സന്ദര്‍ഭത്തില്‍ നല്ലതാകും എന്ന് കരുതുന്നു. ട്രസ്റ്റിലേക്ക് തുക നിക്ഷേപിക്കുന്നതിന് കെ.എസ്.ഇ.ബി. ലിമിറ്റഡ് മറ്റെതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ നിന്ന് കടമെടുക്കുന്നതില്‍ സംഘടനക്ക് യോജിപ്പില്ല. ട്രസ്റ്റിന് ഈ തുക വീണ്ടും ഏതെങ്കിലും ധനകാര്യസ്ഥാപനത്തില്‍ നിക്ഷേപിക്കുകയോ ഓഹരികളില്‍ മുടക്കുകയോ അങ്ങിനെയുള്ള ഏതെങ്കിലും ഫണ്ട് മാനേജര്‍മാരെ ഏല്‍പ്പിക്കുകയോ മാത്രമേ കഴിയുകയുള്ളൂ. കെ.എസ്.ഇ.ബി. കടമെടുക്കുന്നതിന്റെ ഭാഗമായി നല്‍കേണ്ടി വരുന്ന പലിശ ഭാരത്തേക്കാള്‍ കുറഞ്ഞ വരുമാനമേ ഈ നിലയില്‍ ട്രസ്റ്റിന് കിട്ടുകയുള്ളൂ. ആയതിനാല്‍ ഓരോ വര്‍ഷവും പെന്‍ഷന്‍ കൃത്യമായി നല്‍കിപ്പോകാന്‍ വേണ്ട തുക മാത്രം ട്രസ്റ്റിന് കൈമാറുകയും ബാക്കി തുകക്ക് ആവശ്യമായ ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ്/ബോണ്ട് ഇഷ്യൂ ചെയ്യുകയുമാണ് വേണ്ടതെന്നാണ് സംഘടനയുടെ അഭിപ്രായം. സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ ബാദ്ധ്യതകളുടെ പട്ടികയില്‍ ഈ ഇന്‍സ്ട്രുമെന്റ്/ബോണ്ട് കൃത്യമായി രേഖപ്പെടുത്തുകയും വേണം. മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരണകാലം മുതല്‍ സംഘടന എടുത്തുവരുന്ന നിലപാടാണ് ഇത്. അതുകൊണ്ടുതന്നെ മാസ്റ്റര്‍ ട്രസ്റ്റില്‍ നിക്ഷേപം എത്തിയില്ല എന്നതിലല്ല, മാസ്റ്റര്‍ ട്രസ്റ്റിന് നല്‍കേണ്ട തുകക്കുള്ള സാമ്പത്തിക ബാദ്ധ്യത കെ.എസ്.ഇ.ബി.യുടെ ബാദ്ധ്യതയില്‍ കൃത്യമായി പ്രതിഫലിക്കുന്നില്ല എന്നതിലാണ് സംഘടനക്ക് ആശങ്കയുള്ളത്. നിലവില്‍ത്തന്നെ വലിയ തോതില്‍ കടബാദ്ധ്യതയുള്ള കെ.എസ്.ഇ.ബി. വീണ്ടും മാസ്റ്റര്‍ ട്രസ്റ്റിന് വേണ്ടി കടമെടുക്കുന്നത് ഗുണകരമല്ല എന്നതാണ് ഇക്കാര്യത്തിലെ നിലപാട്. ഇക്കാര്യത്തില്‍ മാസ്റ്റര്‍ ട്രസ്റ്റിലേക്ക് തുക നിക്ഷേപിക്കലാണ് വേണ്ടതെന്ന് ബോര്‍ഡ് മാനേജ്മെന്റിന് തോന്നുന്നുവെങ്കില്‍ അത്തരത്തില്‍ തീരുമാനിക്കാവുന്നതാണ്. എന്നാല്‍ ഇതിലെല്ലാം മുന്‍ ഡയറക്ടര്‍ ബോര്‍ഡിനെ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു സ്ഥാപനമേധാവി പരസ്യപ്രസ്താവന നടത്തുന്നത് സ്ഥാപനത്തിന് ഗുണകരമല്ല. ഈ സമീപനം തിരുത്തേണ്ടതുണ്ട്.
ആരാധ്യനായ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ സംഘടന നടത്തിയ പ്രതിഷേധവുമായി യാതൊരു കാരണവുമില്ലാതെ കൂട്ടിക്കെട്ടുന്ന സമീപനമാണ് സി.എം.ഡിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് പേര്‍സണല്‍ ഓഫീസര്‍ ഇറക്കിയിട്ടുള്ള ഒരു പരിപത്രത്തില്‍ സ്വീകരിച്ചത്. അതേ സമീപനമാണ് സി.എം.ഡി. തന്റെ പ്രഭാഷണത്തിലും തുടരുന്നത്. ആരാധ്യനായ രാഷ്ട്രപതിയുടെ സന്ദര്‍ശനവും വൈദ്യുതിഭവന്‍ മതില്‍ക്കെട്ടിനുള്ളില്‍ അങ്കണത്തില്‍ നടന്ന പരിപാടിയും തമ്മില്‍ എന്തെങ്കിലും ബന്ധമുള്ളതോ അദ്ദേഹത്തിന്റെ പരിപാടികള്‍ക്ക് ഏതെങ്കിലും തരത്തില്‍ കളങ്കമേല്‍പ്പിക്കുന്നതോ ആയിരുന്നില്ല. സി.എം.ഡി തന്നെ ഇത്തരത്തില്‍ സ്ഥാപനത്തിനുള്ളില്‍ നടന്ന ഒരു സംഭവത്തെ പുറത്തെ കാര്യങ്ങളുമായി ബന്ധപ്പെടുത്തുന്ന സമീപനം സ്വീകരിക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമല്ല. വസ്തുതാവിരുദ്ധമായ ഈ സമീപനം തിരുത്താനും തികച്ചും ജനാധിപത്യപരമായി നടന്ന പ്രക്ഷോഭത്തെ അംഗീകരിക്കാനും തയ്യാറാകണം.
സി.എം.ഡി നടത്തിയ പുതുവല്‍സര പ്രസംഗത്തില്‍ മേല്‍ സൂചിപ്പിച്ചിട്ടുള്ളതും അല്ലാതേയും പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ സംഘടനയുടെ പേര് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെങ്കിലും സംഘടന പരസ്യമായി സ്വീകരിച്ചുവരുന്ന നിലപാടുകളെയും സംഘടന നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനും സംഘടനാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും ലക്ഷ്യം വെച്ചുള്ളതാണെന്ന് വ്യക്തമാണ്. സ്ഥാപനത്തിലെ എഴുപതു ശതമാനത്തിലധികം വരുന്ന ഓഫീസര്‍മാര്‍ അണിനിരന്നിട്ടുള്ള ഒരു സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കേവലം മൂന്നോ നാലോ പേരുടെ നിലപാടെന്ന നിലയില്‍ ഇകഴ്ത്താനുള്ള ശ്രമമാണ് ഉണ്ടായിട്ടുള്ളത്. ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ മേധാവിയില്‍ നിന്നും ഇത്തരത്തിലുള്ള ഒരു സമീപനം ഉണ്ടാകുന്നത് വിചിത്രമാണ്. സംഘടനാഭേദമില്ലാതെ നിഷ്പക്ഷമായി കാര്യങ്ങള്‍ നടത്താന്‍ ബാദ്ധ്യസ്ഥനായ ഒരുദ്യോഗസ്ഥന്‍ സ്ഥാപനത്തിലെ ചില കാറ്റഗറി സംഘടനകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഔദ്യോഗിക സംവിധാനത്തെ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഈ സാഹചര്യത്തില്‍ സി.എം.ഡി. നടത്തിയിട്ടുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് പോകാന്‍ സംഘടന നിര്‍ബന്ധിതമാകുമെന്നും ഇതിനാല്‍ അറിയിക്കുന്നു.