കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ വായ മൂടിക്കെട്ടി പ്രതിഷേധിക്കുന്നു 23-12-2021 ഉച്ചക്ക് ഒരു മണിക്ക്, തിരുവനന്തപുരം വൈദ്യുതിഭവനുമുന്നില്‍

152

“നാവടക്കൂ, പണിയെടുക്കൂ” എന്നത് അടിയന്തിരാവസ്ഥക്കാലത്തെ മുദ്രാവാക്യമായിരുന്നു. അതിനുശേഷം കാലം ഒട്ടേറെ കടന്നു പോയിരിക്കുന്നു. എന്നാല്‍ ലോകവും കാലവും മാറിയതൊന്നുമറിയാത്ത ചിലര്‍ ഇന്നുമുണ്ട്. ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പില്‍ അഭിപ്രായപ്രകടനം നടത്തി എന്നതിന് വിതരണ വിഭാഗം ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയര്‍ക്ക് കുറ്റപത്രം നല്‍കിക്കൊണ്ട് അത്തരത്തില്‍ ചിലര്‍ വൈദ്യുതി ബോര്‍ഡിന്റെ തലപ്പത്തുമുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ജനാധിപത്യവിരുദ്ധ സമീപനം അംഗീകരിക്കാനാവില്ല. ഈ നടപടിക്കെതിരെ കെ.എസ്.ഇ.ബി ഓഫീസേര്‍സ് അസോസിയേഷന്‍ തിരുവനന്തപുരം വൈദ്യുതി ഭവനുമുന്നില്‍ വായ മൂടിക്കെട്ടി പ്രതിഷേധിക്കുകയാണ്.

എറണാകുളത്ത് ഒരുപഭോക്താവ് തന്റെ കെട്ടിടത്തിനുമുകളില്‍ സ്ഥാപിച്ച സോളാര്‍ നിലയം ടെസ്റ്റ് ചെയ്യുന്നതിന് ഒരപേക്ഷ വൈദ്യുതി ബോര്‍ഡിന് നല്‍കിയിരുന്നു. ടെസ്റ്റ് ചെയ്യാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥ ആ സ്ഥലത്ത് കൃത്യമായും എത്തിപ്പെടുന്നതിന് കെട്ടിടത്തിന്റെ ലൊക്കേഷന്‍ അയച്ചുതരാമോ എന്ന് ഉപഭോക്താവിനോട് അഭ്യര്‍ത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താവ് നല്‍കിയ ഒരു പരാതിയില്‍ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഒരു ഡയറക്ടര്‍ ഉപഭോക്താവിനോട് മാപ്പപേക്ഷിക്കുകയും ഉദ്യോഗസ്ഥയുടെ നടപടി ബോര്‍ഡ് ഉത്തരവുകളിലും സര്‍ക്കുലറുകളിലും ഇല്ലാത്ത തെറ്റായ നടപടിയാണെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. ഇത്തരത്തിലൊരു തീരുമാനത്തിലെത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട ഓഫീസറുടേയോ, ഓഫീസിന്റേയോ ഭാഗം കേല്‍ക്കുകയോ വിശദീകരണം തേടുകയോ ചെയ്തിട്ടില്ല. ഇങ്ങിനെ ഏകപക്ഷീയമായി ഒരു നിലപാട് സ്വീകരിച്ചതിനോടൊപ്പം ഡയറക്ടര്‍ അത് ബോര്‍ഡിലെ സീനിയര്‍ ഓഫീസര്‍മാരുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ പങ്കുവെക്കുകയും ചെയ്യുന്നു. ഈ സന്ദേശത്തോട് പ്രതികരിച്ചുകൊണ്ട് വിതരണ വിഭാഗം ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയര്‍ ” സര്‍, സാറിനോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഈ ക്ലിപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചത് ഉചിതമായില്ല. ശ്രീ …….. സാറിന് ഉണ്ടായതിനേക്കാള്‍ മനോവിഷമം ഇതുകാരണം ആ വനിത ഉദ്യോഗസ്ഥ അനുഭവിക്കുന്നുണ്ടാകും. അവരെ നേരിട്ടു വിളിച്ചു ശാസിച്ചാല്‍ മതിയായിരുന്നു” (പരാതിക്കാരനായ ഉപഭോക്താവിന്റെ പേര് ഒഴിവാക്കാനാണ് ഗ്യാപ്പ് ഇട്ടത്.) എന്ന് ഔദ്യോഗികവാട്ട്സാപ്പ് ഗ്രൂപ്പില്‍തന്നെ കുറിക്കുന്നു. ഇതിനാണ് “ദുരുദ്ദേശപരമായ വ്യാഖ്യാനം നല്‍കുകയും സീനിയോറിറ്റിയോ പദവിയോ നോക്കാതെ മറ്റു ഉദ്യോഗസ്ഥരുടെ മുമ്പില്‍ അനവസരത്തില്‍ അഭിപ്രായം രേഖപ്പെടുത്തി” എന്ന കുറ്റം ചാര്‍ത്തി ചീഫ് എഞ്ചിനീയര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്. ഈ കുറ്റത്തിന് ബലം പകരാനാണോ എന്നറിയില്ല, കഴിഞ്ഞ ഒക്ടോബര്‍ മാസം 15ന് നടന്ന ഒരു സംഭവവും കുറ്റപത്രത്തില്‍ ഇടം കണ്ടിട്ടുണ്ട്. ഒക്ടോബര്‍ 15ന് വിജയ ദശമി പ്രമാണിച്ച് അവധിയായിരുന്നു. എന്നാല്‍ ഈ അവധി പരിഗണിക്കാതെതന്നെ മേല്‍ ഡയറക്ടര്‍ തിരുവനന്തപുരം, പാലക്കാട് ജില്ലകളിലെ എഞ്ചിനീയര്‍മാരുടെ ഒരു യോഗം വിളിച്ചു ചേര്‍ക്കുകയുണ്ടായി. ഈ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് ‍വിതരണ വിഭാഗം ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയര്‍ വിജയദശമി പോലെയുള്ള ആഘോഷങ്ങളുടെ ഭാഗമായ അവധിദിവസം യോഗം വിളിക്കുന്നതിലെ അസൗകര്യം ഡയറക്ടറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഇതിനെ അവധി ദിവസം യോഗം വിളിച്ചതിനെ പരസ്യമായി വിമര്‍ശിച്ചു എന്ന കുറ്റം ചുമത്തി കുറ്റപത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.

ഇത് ആദ്യത്തെ സംഭവമല്ല. ഇത്തരം അനാവശ്യ നടപടികള്‍ക്ക് വിധേയമാകുന്ന ആദ്യവ്യക്തിയുമല്ല. സംബോധനയില്‍ സര്‍ ചേര്‍ത്തില്ല എന്നു പറഞ്ഞ് ഇന്‍സബോര്‍ഡിനേഷന്‍ ആരോപിച്ചതടക്കം പലതരത്തിലുള്ള ഇടപെടലുകള്‍ മുമ്പുമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം സംഘടന സംഘടനയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിയോജിക്കുക, അഭിപ്രായം പറയുക എന്നതൊക്കെ ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. അതു മനസ്സിലാകണമെങ്കില്‍ ജനാധിപത്യബോധം സ്വല്‍പ്പമെങ്കിലും മനസ്സിലുണ്ടാകണം. ഫാന്‍സ് അസോസിയേഷനുകള്‍ രൂപീകരിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പുകഴിത്തല്‍ പോസ്റ്റുകള്‍ നിരത്തിക്കലാണ് വൈദ്യുതിബോര്‍ഡിന്റെ ഭരണ നിര്‍വഹണം എന്ന് ധരിച്ചു വെച്ചിട്ടുള്ള ചിലര്‍ക്ക് ഇതൊന്നും മനസ്സിലായെന്നുവരില്ല. അത്തരത്തിലുള്ള ചിലരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കലല്ല കെ.എസ്.ഇ.ബി. നേതൃത്വം ചെയ്യേണ്ടത്. സ്ഥാപനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിന് എല്ലാ വിഭാഗം ജീവനക്കാരുടേയും സംഘടനകളുടേയും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉള്‍ക്കൊണ്ട് ജനാധിപത്യപരമായ തീരുമാനങ്ങളുണ്ടാകേണ്ടതുണ്ട്. ഇപ്പോഴുണ്ടായിട്ടുള്ള സമീപനം തിരുത്താന്‍ ബോര്‍ഡ് നേതൃത്വം തയ്യാറാകണം.

ബോര്‍ഡ് മാനേജ്മെന്റിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിലും അഭിപ്രായസാതന്ത്ര്യം ഹനിക്കുന്ന നടപടികളിലും സൂചനാപ്രതിഷേധമെന്ന നിലയിലാണ് 23-12-2021, വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് കെ.എസ്.ഇബിയിലെ ഓഫീസര്‍മാര്‍ വായമൂടിക്കെട്ടി പ്രകടനം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഈ പ്രതിഷേധ പരിപാടിയിലും തുടര്‍നടപടികളും എല്ലാവരുടേയും പിന്തുണയും സഹായ സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.

എം. ജി. സുരേഷ് കുമാര്‍, പ്രസിഡന്റ് ,

ബി. ഹരികുമാര്‍, ജനറല്‍ സെക്രട്ടറി