സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ കുറേ നാളുകളായി ഉത്തര്‍പ്രദേശിലെ വൈദ്യുതി ജീവനക്കാര്‍ നടത്തിവന്ന പ്രക്ഷോഭങ്ങള്‍ക്ക് വിജയകരമായ പരിസമാപ്തി. ഏപ്രില്‍ 5-ന് സംസ്ഥാന ഊര്‍ജ്ജ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (യുപിപിസിഎല്‍) ചെയര്‍മാനുമായ അലോക് കുമാറും പവര്‍ എംപ്ലോയീസ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി (പിഇജെഎസി) യും തമ്മില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ത്തിവച്ചത്. ആക്ഷന്‍ കമ്മിറ്റിയുമായി ഒപ്പ് വച്ച കരാര്‍ അനുസരിച്ച് ഏഴ് ജില്ലകളിലെ വൈദ്യുതി വിതരണ രംഗം ഏറ്റെടുത്ത് നടത്തുന്നതിന് സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകൊണ്ടുള്ള ടെണ്ടര്‍ നടപടികള്‍ സര്‍ക്കാര്‍ പിന്‍വലിക്കും. മാത്രവുമല്ല, സംസ്ഥാനത്തിന്റെ ഒരു ഭാഗത്തേയും വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കില്ല എന്ന രേഖാമൂലമുള്ള ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. വൈദ്യുതി രംഗം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ജീവനക്കാരില്‍ നിന്നും സ്വീകരിക്കുന്നതിനോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി മേഖലയുടെ പ്രവര്‍ത്തനത്തെ കുറിച്ചും മനസ്സിലാക്കാന്‍ ശ്രമിക്കും. സംസ്ഥാന ഊര്‍ജ്ജ മന്ത്രി ശ്രീകാന്ത് ശര്‍മ്മയുടെ സാന്നിദ്ധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്.
സ്വകാര്യവല്‍ക്കരണത്തിനായി ടെണ്ടര്‍ നടപടികള്‍
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കരിക്കാന്‍ ഫെബ്രുവരി മാസത്തിലാണ് ബി ജെ പി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത്താവ, കനൗജ്, ഒറായ്, റായ്ബറേലി, സഹറാന്‍പൂര്‍, മാവു, ബലിയ എന്നീ ജില്ലകളിലെ വിവിധ വൈദ്യുതിവിതരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ‘ഇന്‍റഗ്രേറ്റഡ് സര്‍വ്വീസ് പ്രൊവൈഡേഴ്സ്’ (ഐ എസ് പി) ആയി സ്വകാര്യ സ്ഥാപനങ്ങളെ നിയോഗിക്കുന്നതിനായിരുന്നു നിശ്ചയിച്ചിരുന്നത്. പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കുക, മീറ്റര്‍ സ്ഥാപിക്കുക, മീറ്റര്‍ റീഡിങ്ങ് രേഖപ്പെടുത്തുക, കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുക, വൈദ്യുതി ബില്‍ നല്‍കി വൈദ്യുതി ചാര്‍ജ് തുക പിരിച്ചെടുക്കുക എന്നീ പ്രവൃത്തികളാണ് ഐ എസ് പി ചെയ്യേണ്ടിയിരുന്നത്. അതേസമയം, ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്നും തീരുമാനിച്ചിരുന്നു.
മാര്‍ച്ച് 5-ന് തുറന്ന ടെണ്ടറിന്റെ നടപടിക്രമങ്ങള്‍ മാര്‍ച്ച് 28ഓടെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ വൈദ്യുതി ജീവനക്കാരുടെ ശക്തവും വ്യാപകവുമായ പ്രതിഷേധത്തെ തുടര്‍ന്ന് ടെണ്ടര്‍ ആര്‍ക്കും ഉറപ്പിച്ച് നല്‍കിയില്ല.
ഫ്രാഞ്ചൈസിവല്‍ക്കരണവും പിന്‍വലിച്ചു
ലഖ്നൗ, ഗോരഖ്പൂര്‍, വാരാണാസി, മീററ്റ്, മുറാദാബാദ് എന്നീ അഞ്ച് ജില്ലകളിലെ വൈദ്യുതി വിതരണം സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിക്കാന്‍ മാര്‍ച്ച് 16-ന് ബി ജെ പി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനവും ഇപ്പോള്‍ പിന്‍വലിക്കപ്പെട്ടു. ഭാവിയില്‍ സ്വകാര്യവല്‍ക്കരണവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും കൈക്കൊള്ളുന്നത് ജീവനക്കാരുമായും എഞ്ചിനീയര്‍മാരുമായും ചര്‍ച്ച ചെയ്ത് വിശ്വാസത്തിലെടുത്ത് മാത്രമായിരിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ശക്തമായ പ്രക്ഷോഭ പരിപാടികള്‍
ബി ജെ പി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നടപടികള്‍ക്കെതിരെ മാര്‍ച്ച് 14ന് തലസ്ഥാനമായ ലഖ്നൗവില്‍ വൈദ്യുതി ജീവനക്കാര്‍ വന്‍പിച്ച പ്രതിഷേധറാലി സംഘടിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 28ന് ജീവനക്കാര്‍ ചട്ടപ്പടി സമരം ആരംഭിച്ചു. വൈകുന്നേരം 5 മണിക്കും രാവിലെ 10 മണിക്കും ഇടയ്ക്കും, അവധിദിവസങ്ങളിലും ജോലി ചെയ്യുന്നതില്‍ നിന്നും ജീവനക്കാര്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുനിന്നു.
നിയമസഭ – ലോകസഭ അംഗങ്ങളെ നേരിട്ട് കണ്ട് സ്വകാര്യവല്‍ക്കരണ നടപടികളുടെ പൊള്ളത്തരം വിശദീകരിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ലഖ്നൗവില്‍ നിന്നുള്ള ബി ജെ പി പാര്‍ലമെന്റംഗം കൗശല്‍ കിഷോര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യവല്‍ക്കരണ നടപടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ഏപ്രില്‍ 9 മുതല്‍ 72 മണിക്കൂര്‍ പണിമുടക്കിനും ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്തിരുന്നു.