നെയ്യാറ്റിൻകര 110കെവി സബ്സ്റ്റേഷൻ നാടിനു സമർപ്പിച്ചു.

320

കേരളത്തിന്റെ സർവ്വതോൻമുഖമായ വികസന മുന്നേറ്റത്തിന് കൂടുതൽ ഊർജ്ജം പകർന്നു കൊണ്ട് സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും വൈദ്യുത മേഖലയുടെ ഉല്പാദന പ്രസരണ വിതരണ രംഗങ്ങളിൽ സജീവ ശ്രദ്ധ ചെലുത്തി പ്രവർത്തനങ്ങൾ നടത്തി വരുകയാണ്. സംസ്ഥാനത്ത് അനുദിനം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾക്ക് അനുസൃതമായി വൈദ്യുത ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നൽകുന്നതിന് വേണ്ടിയുള്ള വിവിധ കർമ്മ പരിപാടികൾ സംസ്ഥാന സർക്കാരും വൈദ്യുതി ബോർഡും ചേർന്നു നടത്തിവരുന്നു. ഇതിന്റെ ഭാഗമായി നെയ്യാറ്റിൻകര താലൂക്കിൽ വിതരണ ശൃംഖല മെച്ചപ്പെടുത്താനും, വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും, വൈദ്യുതി തടസ്സം കുറക്കുന്നതിനും വേണ്ടി നിലവിലുള്ള നെയ്യാറ്റിൻകര 66kV സബ്സ്റ്റേഷന്റെ ശേഷി 110kV ആയി ഉയർത്തി. ബഹുമാനപെട്ട വൈദ്യുത വകുപ്പ് മന്ത്രി ശ്രീ എം.എം.മണി, ഡിസംബർ നാലാം തീയതി ഈ സബ്സ്റ്റേഷൻ നാടിന് സമർപ്പിച്ചു.
25/08/2017 ന് ബഹുമാനപെട്ട വൈദ്യുത വകുപ്പ് മന്ത്രി ശ്രീ.എം.എം.മണി നിർമാണ ഉൽഘാടനം നിർവഹിച്ച ഈ പദ്ധതി സമയ ബന്ധിതമായി 2019 ജൂലൈ മാസം തന്നെ പൂർത്തീകരിക്കാനായി. സബ്സ്റ്റേഷന്റെ ശേഷി ഉയർത്തിയതു കാരണം നെയ്യാറ്റിൻകര, ഉദിയൻ കുളങ്ങര, മാരായമുട്ടം, കമുകിൻകോട്, ബാലരാമപുരം, മാറനല്ലൂർ, കോട്ടുകാൽ, പൂഴിക്കുന്ന് , കാഞ്ഞിരംകുളം, പൂവാർ, കുന്നത്തുകാൽ എന്നീ ഇലക്ട്രിക്കൽ സെക്ഷനുകളിൽപെട്ട ഏകദേശം രണ്ടു ലക്ഷത്തോളം ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട വൈദ്യുതി ലഭ്യമാകുന്നതാണ്. കൂടാതെ ബാലരാമപുരം, പാറശാല, വിഴിഞ്ഞം, പൂവാർ എന്നീ സബ്സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി ലഭിച്ചു വരുന്ന മേഖലകളിൽ വൈദ്യുത ലഭ്യതയും ഗുണനിലവാരവും മെച്ചപ്പെടുത്താനും ഈ സബ്സ്റ്റേഷൻ ഉപകരിക്കും.

നെയ്യാറ്റിൻകര എം.എല്‍.എ ശ്രീ. കെ. ആൻസലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രീ. വേണുഗോപാൽ. എൻ (ഡയറക്ടർ, ട്രാൻസ്മിഷൻ &സിസ്റ്റം ഓപ്പറേഷൻ )സ്വാഗതം പറഞ്ഞു. പാർലിമെന്റ് മെമ്പർ ഡോ. ശശി തരൂർ, പാറശാല എം.എല്‍.എ ശ്രീ. സി. കെ. ഹരീന്ദ്രൻ എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.