കെ.എസ്.ഇ.ബി. നടത്തിയ സൗരോർജ്ജ സംരംഭകരുടെ മീറ്റിന് സോളാർ കമ്പനികളിൽ നിന്ന് മികച്ച പങ്കാളിത്തം

178
കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ ഡോ. എ. സമ്പത്താണ് മീറ്റ് ഉദ്ഘാടനം ചെയ്തത്.

പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി 19/09/2019 ന് കെ.എസ്.ഇ.ബി നടത്തിയ ബിഡേഴ്സ് മീറ്റിന് സോളാർ കമ്പിനികളിൽ നിന്ന് മികച്ച പങ്കാളിത്തം. നാൽപ്പതോളം വിവിധ കമ്പിനികളിലെ പ്രതിനിധികളടക്കം ഏകദേശം നൂറോളം പേരാണ് ഡൽഹി ഹാബിറ്റാറ്റ് സെന്ററിൽ നടന്ന യോഗത്തിൽ പങ്കെടുത്തത്. കേരള ഗവൺമെന്റിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായ ഡോ. എ. സമ്പത്താണ് ബിഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തത്. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ സംസ്ഥാനം എന്ന നിലയിൽ ഈ മേഖലയിൽ മുതൽ മുടക്കുന്നവർക്ക് സൗഹാർദപരമായ ഒരു അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കാനാവുമെന്ന് ഉദ്ഘാടന വേളയിൽ ഡോ. എ. സമ്പത്ത് അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ ഊർജ്ജ സെക്രട്ടറി ഡോ. ബി. അശോക്, കേന്ദ്ര പുനരുപയോഗ ഊർജ്ജമന്ത്രാലയത്തിലെ ഡപ്യൂട്ടി സെക്രട്ടറി അജ്വേന്ദർ സിംഗ്, ജിഗർ ഭട്ട് (എ.ഡി.ബി), കെ.എസ്.ഇ.ബിയുടെ സി.എം.ഡി എൻ.എസ്.പിള്ള, ഡയറക്ടർ വി.വേണുഗോപാൽ തുടങ്ങിയവരും ഈ യോഗത്തിൽ പങ്കെടുത്തു. എ.ഡി.ബിക്ക് പുറമെ ലോകബാങ്ക്, കെ.എഫ്.ഡബ്ള്യു. എന്നീ അന്തർദേശീയ സാമ്പത്തിക സ്ഥാപനങ്ങളുടെയും REC, IREDA, SBl ക്യാപിറ്റൽ മാർക്കറ്റ്സ്, പഞ്ചാബ് നാഷനൽ ബാങ്ക്, എസ്.ബി.ഐ. എന്നീ ധനകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.

കേന്ദ്ര പുനരുപയോഗ ഊർജ്ജമന്ത്രാലയം മുന്നോട്ട് വച്ചിരിക്കുന്ന നയങ്ങൾക്കനുസൃതമായാണ് കേരളം പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ മുന്നേറുന്നതെന്നും, പുനരുപയോഗ ഊർജ്ജമന്ത്രാലയത്തിന്റെ മുഴുവൻ പിന്തുണയും കേരളത്തിന് ലഭ്യമാക്കുമെന്നും അജ്വേന്ദർ സിംഗ് അഭിപ്രായപ്പെട്ടു.

കെ.എസ്.ഇ.ബി മുന്നോട്ട് വച്ചിരിക്കുന്ന സൗര പദ്ധതി ഒരു വൈദ്യുതി യൂട്ടിലിറ്റി ഏറ്റെടുത്തു നടത്തുന്ന പദ്ധതി എന്ന നിലയിൽ ദേശീയ – അന്തർ ദേശീയ തലത്തിൽ ഇത്തരുണത്തിൽ ആദ്യത്തേതെന്നും, ഇതിന്റെ വിജയം ഈ വഴിയിൽ കൂടുതൽ വൈദ്യുതി വിതരണ കമ്പിനികളെ എത്തിക്കുമെന്നും ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനെ പ്രതിനിധീകരിച്ച ജിഗർ ഭട്ട് അഭിപ്രായപ്പെട്ടു. ബിഡേഴ്സ് മീറ്റിൽ പങ്കെടുത്ത എസ്.ബി.ഐ, പഞ്ചാബ് നാഷനൽ ബാങ്ക് പ്രതിനിധികൾ സൗരപദ്ധതിക്കാവശ്യമായ മുതൽ മുടക്ക് കുറഞ്ഞ പലിശക്ക് നൽകാമെന്ന ഉറപ്പാണ് സൗര കമ്പിനികൾക്ക് നൽകിയിരിക്കുന്നത്.

കേരളത്തിന്റെ പുനരുപയോഗ ഊർജ്ജോൽപാദനം മെച്ചപ്പെടുത്തുന്നതിനായ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗര പദ്ധതിയുടെ ഭാഗമായി പുരപ്പുറ സൗരോർജ നിലയങ്ങളിൽ നിന്ന് 500 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെ.എസ്.ഇ.ബി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 200 മെഗാവാട്ടിനുള്ള ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. വരുന്ന മാസം ഡൽഹി മീറ്റിന്റെ മാതൃകയിൽ തിരുവനന്തപുരത്തും യോഗം സംഘടിപ്പിക്കാനാണ് കെ.എസ്.ഇ.ബി തീരുമാനിച്ചിരിക്കുന്നത്.

സൗരയുടെ ടെന്റർ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് കെ.എസ്.ഇ.ബി യുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 10 കിലോവാട്ട് വരെ, 10 നു മുകളിൽ 100 കിലോവാട്ട് വരെ, 100 കിലോവാട്ടിനു മുകളിൽ എന്ന നിലയിലാണ് ടെന്റർ ക്ഷണിച്ചിട്ടുള്ളത്. ടെന്ററിൽ പങ്കെടുടുക്കാനുള്ള യോഗ്യതയും മറ്റു നടപടിക്രമങ്ങളുടെ വിശദാംശങ്ങളും കെ.എസ്.ഇ.ബി വെബ് സൈറ്റിൽ ലഭ്യമാണ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സിയാണ് ടെന്ററിംഗ് പ്ലാറ്റ്ഫോം തയ്യാറാക്കിയിട്ടുള്ളത് .

അദ്യഘട്ട 200 മെഗാവാട്ട് പൂർത്തിയാകുന്നതോടുകൂടി ഇന്ത്യയിലെ ഒരു വൈദ്യുതി യൂട്ടിലിറ്റി നടപ്പാക്കുന്ന ഏറ്റവും വലിയ പുരപ്പുറ സോളാർ വൈദ്യുതി പദ്ധതിയാവും സൗര. വരുന്ന മെയ് മാസത്തോടെ കേരളത്തിലെ ഏകദേശം 35,000 ഉപഭോക്താക്കൾക്ക് സൗര പദ്ധതിയുടെ ഗുണം ലഭ്യമാവും എന്നാണ് കണക്കാക്കുന്നത്.