ജവഹർലാലിന്റെ തെറ്റു തിരുത്തുമ്പോള്‍!

62

“മൂലധനമാണ് നിർണ്ണായക ശക്തിയെന്നും, അക്കാരണത്താല്‍ ബൂർഷ്വാസി സമൂഹത്തിലെ ഒന്നാമത്തെ വർഗ്ഗമായി കഴിഞ്ഞുവെന്നുള്ള ഒരു പരസ്യ പ്രഖ്യാപനമാണ് സ്വതന്ത്രമത്സരത്തിന്റെ എർപ്പെടുത്തല്‍!” –ഫ്രെഡറിക് എംഗൽസ്‌

രാജ്യത്തിന്റെ സമ്പത്തുകളെല്ലാം വിൽപ്പനക്ക് വച്ച് സ്വകാര്യവത്കരണനയങ്ങളുമായി മുന്നോട്ടു പോകുന്ന കേന്ദ്ര സർക്കാർ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രതീകമായിരുന്ന എയർ ഇന്ത്യയുടേയും വിൽപ്പന നടത്തിയിരിക്കുന്നു! അമിത ദേശീയത പറയുന്നവർ തന്നെയാണ് ഇത് ചെയ്തതെന്നതാണ് ഏറെ വിരോധാഭാസം! വ്യോമയാന മേഖലയിലെ ഏക പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ കേവലം 18000 കോടി രൂപക്ക് ടാറ്റ സൺസിന് വിറ്റത് നഷ്ടത്തിന്റെ കണക്കു പറഞ്ഞാണ്. എയർഇന്ത്യ സ്വകാര്യവൽക്കരണത്തെ ന്യായീകരിക്കാൻ കേന്ദ്രസർക്കാരും ഉദാരവൽക്കരണവാദികളും പറയുന്നതെല്ലാം അടിസ്ഥാനരഹിതമാണ്. നഷ്ടം ജനങ്ങളുടെ ബാധ്യതയാകാതിരിക്കാനാണ് വിൽപ്പന എന്നതാണ് കേന്ദ്ര സർക്കാരിന്റെ ന്യായീകരണം. എന്നാൽ എയർ ഇന്ത്യയെ വാങ്ങുന്ന ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുള്ള എയർ ഏഷ്യയും വിസ്താരയും നിലവില്‍ നഷ്ടത്തിലാണ്. കിങ്ങ് ഫിഷർ ഉൾപ്പടെ നഷ്ടത്തിൽ പൂട്ടിപ്പോയ സ്വകാര്യ വിമാനക്കമ്പനികൾ രാജ്യത്തെ പൊതു മേഖലാ ബാങ്കുകൾക്ക് കടമെടുത്ത വകയിൽ കോടികൾ നൽകാനുണ്ട്. ആ ഭാരവും ആത്യന്തികമായി ജനങ്ങളാണ് വഹിക്കേണ്ടി വരുന്നത്. സ്വത്തുക്കളെല്ലാം സ്വകാര്യ കോർപ്പറേറ്റുകൾക്കും ബാധ്യതകളെല്ലാം സർക്കാരിനും എന്ന രീതിയിലാണ് വൈദ്യുതി രംഗം ഉൾപ്പടെയുള്ളവ വിൽക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

1990കളിൽ രാജ്യത്തെ വ്യോമയാന മേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നു കൊടുത്തതോടെയാണ് എയർ ഇന്ത്യ നഷ്ടത്തിലായത്. കൂടുതൽ മത്സരം വരികയും. തദ്വാര യാത്രക്കൂലി ഗണ്യമായി കുറയുകയും ചെയ്യും എന്നതായിരുന്നു അന്ന് മുന്നോട്ട് വച്ച വാദം. സാമൂഹ്യ പ്രതിബദ്ധതയുള്ള പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ വരുമാനം കുറഞ്ഞ സർവ്വീസുകളും എയർ ഇന്ത്യ നടത്തുന്നുണ്ട്. 62000 കോടി രൂപയാണ് മൊത്തം കടബാധ്യത. ഇതിൽ വലിയൊരു പങ്ക് രണ്ടാം യു പി എ ഗവൺമെന്റിന്റെ കാലത്ത് 110 ബോയിങ്ങ് വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടാണ്. അതിനു വേണ്ടിയെടുത്ത കടത്തിൻമേലുള്ള പലിശയാണ് യഥാർത്ഥത്തിൽ എയർ ഇന്ത്യയെ നഷ്ടത്തിലാക്കിയത്. 62000 കോടി രൂപയിൽ 18000 കോടി രൂപയുടെ ബാധ്യത മാത്രമേ ടാറ്റ ഏറ്റെടുത്തിട്ടുള്ളു. അതിൽ 2700 കോടി മാത്രമാണ് പണമായി ലഭിക്കുന്നത്. ബാക്കി ഭാവിയിൽ അവരുണ്ടാക്കുന്ന ലാഭത്തിൽ നിന്ന് തട്ടിക്കിഴിക്കും. ആ വകയിൽ കോർപ്പറേറ്റ് നികുതിയിലും ലാഭം ടാറ്റക്കാണ്. 18000 കോടി കഴിച്ച് ബാക്കി തുക പുതിയൊരു ഹോൾഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫലത്തിൽ ആ കടവും അതിന്റെ പലിശയും ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നു തന്നെ നൽകേണ്ടി വരുമെന്നത് മറച്ചുവയ്ക്കുകയാണ്. പലിശയിൽ നിന്നും മോചനം ലഭിക്കുന്നതോടെ സ്വാഭാവികമായും ടാറ്റയുടെ എയർ ഇന്ത്യ ലാഭത്തിലാകുകയും അത് സ്വകാര്യവൽക്കരണത്തിന്റെ നേട്ടമായി എടുത്തു കാണിക്കപ്പെടുകയും ചെയ്യും.

യു പി എ സർക്കാർ തുടക്കം കുറിച്ച പൊതുമേഖല വിൽപ്പന ബി ജെ പി സർക്കാർ ശക്തമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. എയർ ഇന്ത്യയുടെ വിൽപ്പന വലിയ എതിർപ്പുകളില്ലാതെ വിജയകരമായി പൂർത്തിയാക്കിയതോടെ പൊതു മേഖല വിൽപ്പനക്ക് ആക്കം കൂടും. ധനകാര്യ രംഗത്തെ പ്രധാന വരുമാന മാർഗ്ഗം പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പന ആയിരിക്കുന്നു. നഷ്ടത്തിലായ സ്ഥാപനങ്ങൾ മാത്രമല്ല ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ബി പി സി എൽ, എൽ ഐ സി, ജനറൽ ഇൻഷുറൻസ് എന്നിവയുടെ വിൽപ്പനക്കുള്ള നടപടികളും തകൃതിയായി നടക്കുന്നു. ബിസിനസ്സ് നടത്തി ലാഭമുണ്ടാക്കുകയല്ല സർക്കാരിന്റെ ലക്ഷ്യം എന്ന വാദം മുന്നോട്ട് വച്ച് സേവന മേഖലകളെ അവഗണിച്ച് രാജ്യപുരോഗതിക്ക് അടിത്തറ പാകിയ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റുതുലക്കുക വഴി രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലാക്കുകയാണ്.

സ്വതന്ത്ര കമ്പോളത്തെ പിന്താങ്ങുന്നവർക്ക് ദേശസാൽക്കരണം എന്നത് ഒരു സ്ഥാപനത്തെ കാര്യക്ഷമതയില്ലായ്മയിലേക്കും മോശം മാനേജ്മെൻറിലേക്കും നയിക്കും എന്ന വാദമാണുള്ളത്. എന്നാൽ സേവനമേഖലകളിൽ നിന്നും സർക്കാർ പിൻ വാങ്ങിയതിന്റെ ദുരിതം ഈ കോവിഡ് കാലത്ത് വികസിത രാജ്യങ്ങളിലെ ജനങ്ങൾ പോലും അനുഭവിക്കുന്നത് നമ്മൾ കണ്ടതാണ്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ പതിനായിരക്കണക്കിന് ആളുകൾക്ക് നാട്ടിലേക്കെത്തിച്ചേരാൻ തുണയായത് എയർ ഇന്ത്യയാണ്. ലാഭം മാത്രം ലക്ഷ്യമായിട്ടുള്ള സ്വകാര്യ മുതലാളിമാർ എത്രത്തോളം സാമൂഹ്യ പ്രതിബദ്ധത കാണിക്കും എന്നതിൽ സംശയമില്ല. ഇപ്പോൾത്തന്നെ ഉത്സവ, അവധി കാലങ്ങളിൽ മൂന്നും നാലും ഇരട്ടി ചാർജാണ്‌ സ്വകാര്യ വിമാന കമ്പനികൾ അവരുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി വർദ്ധിപ്പിക്കുന്നത്. സർവീസ്‌ പൂർണമായും ഇവരുടെ നിയന്ത്രണത്തിലാകുന്നതോടെ നിരക്ക്‌ വർധന തോന്നുംപോലെയാകും. സാധാരണക്കാരന് വിമാനയാത്ര അപ്രാപ്യമായ അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. എന്നിട്ടും ലോകരാജ്യങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ട നയങ്ങളാണ് നമ്മുടെ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത് .

കെനിയ, 23 വർഷം മുൻപ് സ്വകാര്യവത്കരിക്കപ്പെട്ട അതിന്റെ ദേശീയ വിമാനക്കമ്പനിയായ കെനിയ എയർവേയ്സിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാനും വീണ്ടും ദേശസാത്കരിക്കാനും തീരുമാനമെടുത്തിരിക്കുകയാണ്. ഇറ്റലിയിലാകട്ടെ ഏറ്റവും വലിയ എയർലൈൻ അൽ-ഇറ്റാലിയ ദേശസാൽക്കരിക്കപ്പെട്ടു. അങ്ങിനെ ലോകരാജ്യങ്ങൾ പലതും ദേശസാൽക്കരണത്തിലേക്ക് തിരിച്ചു പോയിക്കൊണ്ടിരിക്കുമ്പോഴാണ് 1953 ൽ ദേശസാൽക്കരിക്കപ്പെട്ട് രാജ്യത്തിന്റെ ഭീമമായ നിക്ഷേപത്തിൽ വളർന്ന എയർ ഇന്ത്യയെ വിറ്റുതുലച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പത്തായ പൊതുമേഖലയെ നോക്കി നടത്താനുള്ള കാര്യശേഷിയും ഭരണ മികവും പ്രകടിപ്പിക്കാതെ ഒന്നൊന്നായി വിറ്റ് കൈയൊഴിയുന്നതിന് ന്യായീകരണങ്ങൾ ഒന്നും തന്നെയില്ല.

വിമാനത്താവളങ്ങൾ മുതൽ ദേശീയപാത വരെ കോർപ്പറേറ്റുകൾക്ക് വിറ്റുകൊണ്ടിരിക്കുമ്പോൾ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉയർന്നു വരേണ്ടതുണ്ട്.