തകർക്കപ്പെടുന്ന ജനാധിപത്യം -വെബിനാർ

85

KSEB ഓഫീസേഴ്സ് അസോസിയേഷൻ 22 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ വെബിനാർ നടത്തി.
ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് Dr. എം.ജി.സുരേഷ് മോഡറേറ്റർ ആയിരുന്ന വെബിനാർ മുൻ ധനകാര്യ മന്ത്രി Dr. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു.
പ്രശ്സ്ത മനുഷ്യാവകാശ പ്രവർത്തക ടെസ്ത സെൽ ദാസ് മുഖ്യ പ്രഭാഷണം നടത്തി. കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യ സഭാംഗവുമായ ജോൺ ബ്രിട്ടാസ് സംസാരിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനം ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണെന്ന് തോമസ് ഐസക്ക് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് ഭരണാവകാശം നൽകുന്ന ഫെഡറലിസമാണ് ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ ഇന്ന് രാജ്യം ഭരിക്കുന്ന BJP ഗവൺമെന്റ് ഫെഡറലിസത്തിന് മേൽ കത്തി വെച്ച് എല്ലാം കേന്ദ്രീകൃതമാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപനം ഇല്ലാതെ തന്നെ രാജ്യം അടിയന്തിരാവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ഇന്നത്തെ കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന RSS ജനാധിപത്യത്തിലും , ഭരണഘടനയിലും വിശ്വസിക്കുന്നില്ല. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഒന്നാകെ കവർന്നെടുക്കുന്ന നിയമ നിർമ്മാണങ്ങളാണ് രാജ്യത്ത് അവർ നടത്തി കൊണ്ടിരിക്കുന്നത്. സഹകരണ നിയമവും , വൈദ്യുതി നിയമ ഭേദഗതിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്ന് തോമസ് ഐസക്ക് പറഞ്ഞു.
നാളത്തെ തലമുറയെ വർഗീയ അടിസ്ഥാനത്തിൽ മാത്രം ചിന്തിക്കുന്ന രീതിയിൽ വിദ്യാഭാസ സമ്പ്രദായത്തെയാകെ മാറ്റിയിരിക്കുന്നു. മത നിരപേക്ഷത പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നെന്നും ശ്രീ. തോമസ് ഐസക്ക് പറഞ്ഞു.

സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ ടെ സ്ത സെൽവദ് ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണെന്നും, BJP ഭരണത്തിൽ അത് അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും സൂചിപ്പിച്ചു. UAPA പോലുള്ള കരി നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ വിമർശകർക്കെതിരെ വ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ഇടത് പക്ഷ സർക്കാരുകൾ മാത്രമാണ് ഇത്തരം നിയമങ്ങൾക്കെതിരെ നിലപട് എടുത്ത് പോന്നിട്ടുള്ളത്.
ജയ് ശ്രീറാം വിളിക്കാനും , മോദി സിന്ദാബാദ് വിളിക്കാനും ആഹ്വാനം ചെയ്ത് ജനങ്ങളെ തല്ലിക്കൊല്ലുന്ന വർഗീയ ഭീകരതയാണ് രാജ്യത്ത് നടനമാടുന്നത്.
ജനാധിപത്യ വിരുദ്ധമായി പൗരത്വ ബിൽ പാസാക്കി ഒരു വിഭാഗം ജനങ്ങളെ നാടു കടത്താനുള്ള ആസൂത്രിത നീക്കത്തിലാണ് കേന്ദ്ര സർക്കാരെന്ന് ടെസ്ത സെൽവദ് പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ യോജിച്ച മുന്നേറ്റമുണ്ടാകണമെന്നും ടെസ്ത സെൽവത് ആവശ്യപ്പെട്ടു.

ചർച്ചകൾ ഒന്നുമില്ലാതെ ദോശ ചുടുന്ന ലാഘവത്വത്തോടെ പാർലമെന്റിൽ ബില്ലുകൾ പാസാക്കി ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണെന്ന് വെബിനാറിൽ സംസാരിച്ച ജോൺ ബ്രിട്ടാസ് MP പറഞ്ഞു. പാർലമെന്റിൽ അർത്ഥവത്തായ യാതൊരു ചർച്ചക്കും കേന്ദ്ര ഗവൺമെന്റ് തയ്യാറാകുന്നില്ല. പെഗസാസ് വഴി പ്രധാന മാധ്യമ പ്രവർത്തകർ പോലും ഫോൺ ചോർത്തലിന് വിധേയമാക്കപ്പെട്ടിട്ടും അക്കാര്യം പോലും വാർത്തയാക്കാൻ കേന്ദ്ര ഭരണകൂടത്തോടുള്ള അടിമത്വം മൂലം രാജ്യത്തെ മാധ്യമങ്ങൾ തയ്യാറാകുന്നില്ല. ഫോൺ ചോർത്തൽ വിഷയത്തിൽ പോലും ഇന്ത്യൻ പാർലമെന്റിൽ ഒരു പ്രസ്താവന നടത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയോ , ആഭ്യന്തര മന്ത്രിയോ തയ്യാറാകുന്നില്ല. തുടർച്ചയായി പാർലമെന്റ് നടപടികൾ തടസപ്പെടുന്നത് ഇക്കാരണത്താലാണെന്ന് ജനങ്ങളെ അറിയിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.