രാം നാഥ് ഗോയങ്ക ജേണലിസം അവാര്‍ഡ് ദാന ചടങ്ങാണ് വേദി. പ്രധാനമന്ത്രി ഉള്‍പെടെയുള്ളവര്‍ വേദിയില്‍ ഉപവിഷ്ടരാണ്. ചടങ്ങിനു നന്ദി പറയുന്നതിനായി ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ എഡിറ്റര്‍ രാജ്കമല്‍ ഝാ വേദിയിലെത്തി. അദ്ദേഹം പ്രസംഗത്തിനിടയില്‍ പ്രധാനമന്ത്രിയെ നോക്കി ഇങ്ങനെ പറഞ്ഞു: “താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി, പക്ഷെ താങ്കളുടെ വാക്കുകള്‍ നമ്മളെ കുറച്ചൊക്കെ അസ്വസ്ഥരാക്കുന്നുണ്ട്. രാം നാഥ് ഗോയങ്കയെ കുറിച്ചുള്ള ഒരു കഥയുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിനോട് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി താങ്കളുടെ റിപ്പോര്‍ട്ടര്‍ നന്നായി ജോലി ചെയ്യുന്നുണ്ടല്ലൊ എന്ന് പ്രശംസിച്ചു. എന്നാല്‍ രാം നാഥ് ഗോയങ്ക ആ റിപ്പോര്‍ട്ടറെ തന്റെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുകയാണ് ചെയ്തത്. ഗവണ്മെന്റിന്റെ വിമര്‍ശനങ്ങളെ ഒരു ബഹുമതിയായി കാണുന്ന മാധ്യമ പ്രവര്‍ത്തകരെയാണ് നമുക്ക് വേണ്ടത്..”
രാജ്കമല്‍ ഝായുടെ വാക്കുകളില്‍ പ്രകടമാകുന്നത് മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണായി പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ്. മാധ്യമങ്ങള്‍ വലിയ രീതിയില്‍ കോര്‍പ്പറേറ്റ് വല്‍ക്കരിക്കപ്പെട്ട ഒരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മാധ്യമങ്ങളുടെ ഉടമസ്ഥാവകാശം പല വ്യക്തികളില്‍ നിന്നും വിരലിലെണ്ണാവുന്ന കോര്‍പ്പറേറ്റുകളിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. മൂലധനശക്തികളുടെ നിയന്ത്രണത്തില്‍ മാധ്യമങ്ങളെത്തുമ്പോള്‍ സ്വാഭാവികമായും അവര്‍ക്ക് ഇടത് ആശയങ്ങള്‍ അനഭിമതമാവുകയും ഇടതു പക്ഷ ശക്തികള്‍ മാധ്യമങ്ങളുടെ വലതുപക്ഷപാതിത്വത്തോട് നിരന്തരം കലഹിക്കുകയും ചെയ്യും. ലോകത്താകമാനം ഇടതു ആശയങ്ങളോടുള്ള ഭയം ( റെഡ് സ്കെയര്‍) മൂലധന ശക്തികളുടെ സ്വഭാവമാണ്. അതുകൊണ്ട് തന്നെ ഒരു വലിയ ഇടതു വിരുദ്ധ മാധ്യമ ശൃംഖലയുള്ള കേരളത്തിലും ഏറെ മാധ്യമങ്ങളും ഇത്തരം നിക്ഷിപ്ത താത്പര്യങ്ങളുടെ പതാകവാഹകരാണ്. ഈയിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദന്‍ മാസ്റ്ററോട് ഒരു മാധ്യമ പ്രതിനിധി മാധ്യമങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : “മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നവര്‍ അല്ലല്ലോ, വാര്‍ത്ത ഉണ്ടാക്കുന്നവരാണ്.”
സാമൂഹികവും രാഷ്ട്രീയവുമായ വാര്‍ത്തകള്‍ സത്യസന്ധവും നിഷ്പക്ഷവുമായി അറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അത്തരം ഒരു ജനതയ്ക്ക് മാത്രമേ ജനാധിപത്യ പ്രക്രിയയില്‍ കൃത്യമായ തിരഞ്ഞെടുപ്പ് നടത്താനാകൂ. തെറ്റിദ്ധരിക്കപ്പെട്ട ഒരു ജനതയുടെ സമ്മതിദാനാവകാശം വിനിയോഗിക്കപ്പെടുക ശരിയായി രീതിയിലായിരിക്കില്ല. പക്ഷെ കോര്‍പ്പറേറ്റ് മാധ്യമങ്ങളും അവരുടെ ചങ്ങാതികളായ ഭരണകൂടവും പടച്ചു വിടുന്ന വാര്‍ത്തകള്‍ പൊതു ബോധ നിര്‍മ്മിതിയില്‍ വലിയ പങ്കു വഹിക്കുന്നുണ്ട്. ജുഡീഷ്യറിയും ലെജിസ്ലേറ്ററും എക്സിക്യുട്ടീവും അവരുടെ ജനാധിപത്യ ധര്‍മ്മങ്ങളില്‍ പിഴവു കാണിക്കുമ്പോള്‍ അവയെ തുറന്നു കാട്ടിയും തിരുത്തിയുമാണ് മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാകുന്നത്. എന്നാല്‍ വാര്‍ത്തകള്‍ നിര്‍മ്മിക്കുക, തമസ്കരിക്കുക, പാര്‍ശ്വവല്‍ക്കരിക്കുക, പര്‍വ്വതീകരിക്കുക തുടങ്ങിയ പ്രക്രിയയിലൂടെ യജമാനന്മാരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് വാര്‍ത്തകള്‍ അപനിര്‍മ്മിക്കുമ്പോള്‍ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവലാള്‍ എന്നതു മാറി ജനാധിപത്യത്തിന്റെ ഘാതകന്‍ ആകുന്നു എന്നതാണ് ഏറ്റവും വലിയ സാമൂഹ്യ രാഷ്ട്രീയ ദുരന്തം.
വാര്‍ത്തകളുടെ കൃത്യതയെ കുറിച്ചു പറയുമ്പോള്‍ പറയാറുള്ള ഒരു ഉദാഹരണം വാന്‍കൂവര്‍ വേള്‍ഡ് എന്ന പത്രം ടൈറ്റാനിക്കിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് നല്‍കിയ വാര്‍ത്തയാണ്. ആയിരത്തി തൊള്ളായിരത്തി പന്ത്രണ്ട് ഏപ്രില്‍ മാസം ടൈറ്റാനിക് തകര്‍ന്നപ്പോള്‍ ആര്‍ക്കും ജീവാപായമില്ല എന്നായിരുന്നു വാന്‍കൂവര്‍ വേള്‍ഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിറ്റേന്നു തന്നെ പത്രം ഈ വാര്‍ത്ത തിരുത്തി. ഇത്തരം പിഴവുകള്‍ (മിസ് ഇന്‍ഫര്‍മേഷന്‍) അക്കാലത്ത് ആര്‍ക്കും സംഭവിച്ചേക്കാവുന്നതായിരിക്കാം. എന്നാല്‍ ഇന്നത്തെ മാധ്യമങ്ങള്‍ അറിഞ്ഞു കൊണ്ടു തന്നെ അവരുടെ പ്രൊപ്പഗാന്‍ഡ മുന്‍നിര്‍ത്തി വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. ജനങ്ങള്‍ എന്തിനെ കുറിച്ച് ചിന്തിക്കണമെന്നത് മാധ്യമങ്ങള്‍ തീരുമാനിക്കുന്ന കാലത്ത് ഇത്തരം മന:പൂര്‍വ്വമുള്ള വ്യാജവാര്‍ത്തകള്‍ (ഡിസിന്‍ഫര്‍മേഷന്‍) പ്രചരിപ്പിക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മാധ്യമങ്ങള്‍ കേവലം ഒരു സ്വകാര്യ കച്ചവട സ്ഥാപനം എന്നതില്‍ ചുരുങ്ങി അതിന്റെ ജനാധിപത്യ ചുമതലകളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ഒരു കാലമാണ് ഇന്ന് ഉള്ളത്. എഴുതപ്പെട്ടതെല്ലാം ശരിയായിരിക്കും എന്ന ചിന്തയില്‍ മാധ്യമങ്ങളുടെ സ്വാധീന വലയത്തില്‍ വസ്തുതാ പരിശോധനകള്‍ പോലും നടത്താതെ നിരവധിപേര്‍ വ്യാജങ്ങളില്‍ ചെന്നു വീഴുന്നു. ഇന്നും വാട്ട്സപ്പിലും ഫേസ്ബുക്കിലും കാണുന്ന പല വാര്‍ത്തകളും തൊണ്ട തൊടാതെ വിഴുങ്ങുന്ന മനുഷ്യരുണ്ട്. വിക്കിപീഡിയയില്‍ കാണുന്നതെല്ലാം ശരിയാണെന്നു കരുതുന്നതിനെ വിക്കിയാലിറ്റി എന്ന വാക്കുകൊണ്ട് സ്റ്റീഫന്‍ കോള്‍ബര്‍ട്ട് ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഈയിടെ ആണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചത്. ഇന്ന് രാജ്യത്ത് മാധ്യമങ്ങള്‍ കങ്കാരു കോടതികള്‍ നടത്തുക ആണെന്നും അനുഭവ സമ്പത്തുള്ള ജഡ്ജിമാര്‍ക്ക് വരെ വിധി തീരുമാനിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളില്‍ മാധ്യമ വിചാരണ നടത്തി തീരുമാനമെടുക്കുക ആണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ മനുഷ്യന്റെ അഭിരുചികളെയും ചിന്തകളെയും ആശയങ്ങളെയും നേരിട്ടു സ്വാധീനിക്കാന്‍ കഴിയുന്നതു കൊണ്ടാണ് കുത്തകകള്‍ക്ക് മാധ്യമരംഗം അത്രയും പ്രിയപ്പെട്ടതാകുന്നത്. ലോകത്തെ ധനികന്മാരുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമുള്ള ഗൗതം അദാനി മാധ്യമരംഗത്തേക്ക് കൂടി ചുവടു വെക്കുന്നതും അതിനാല്‍ യാദൃശ്ചികമല്ല. മുന്‍നിര മാധ്യമമായ എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരി സ്വന്തമാക്കിയതായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി അറിയിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. മൂലധന ശക്തികളുടെ കയ്യിലൊതുങ്ങുന്ന മാധ്യമ ശൃംഖലകളെല്ലാം അവരുടെ വര്‍ഗ്ഗപരമായ കാഴ്ചപ്പാടുകള്‍ കൊണ്ടു തന്നെ വലതു പക്ഷ ആശയങ്ങള്‍ ഉത്പാദിപ്പിക്കുന്ന ന്യൂസ് ഫാക്ടറികള്‍ ആകുന്നതില്‍ അത്ഭുതമില്ല. കോര്‍പ്പറേറ്റും ഭരണകൂടവും കൈകോര്‍ക്കുന്ന ശിങ്കിടി മുതലാളിത്തത്തിന്റെ (ക്രോണി കാപിറ്റലിസം) കാലത്ത് വാര്‍ത്താമാധ്യമങ്ങള്‍ അവരുടെ അജണ്ടയില്‍ നിന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് കരുതാന്‍ യാതൊരു നിര്‍വാഹവുമില്ല. ഇത്തരമൊരു സിസ്റ്റത്തിനകത്ത് മാധ്യമങ്ങളെ പ്രീതിപ്പെടുത്തിയും ഒറ്റ തിരിഞ്ഞു നില്‍ക്കുന്നവരെ ഭയപ്പെടുത്തിയും കൂടെ നിര്‍ത്തുക എന്നത് ഭരണകൂടത്തിനു കുറെ ഒക്കെ എളുപ്പമാണ്. അതായത് പോലീസും പട്ടാളവുമെല്ലാം ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണങ്ങളായി (റിപ്രസീവ് സ്റ്റേറ്റ് അപ്പാരറ്റസ്) വിളിക്കപ്പെടുമ്പോള്‍ മാധ്യമങ്ങളെ ഭരണകൂടം അവരുടെ പ്രത്യയശാസ്ത്ര ഉപകരണമായി (ഐഡിയോളജിക്കല്‍ സ്റ്റേറ്റ് അപ്പാരറ്റസ്) ഉപയോഗിക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് ജയിച്ചതിനുള്ള ഒരു കാരണം അക്കാലത്ത് പ്രചരിച്ചിരുന്ന വ്യാജ വാര്‍ത്തകള്‍ ആണെന്ന് ചില സര്‍വെകളും പഠനങ്ങളും നിരീക്ഷിക്കുന്നുണ്ട്. സത്യാനന്തരം അഥവാ പോസ്റ്റ് ട്രൂത്ത് എന്ന വാക്കിനു ഏറെ പ്രചാരം ലഭിക്കുന്നതും ആ കാലത്താണ്. ഇന്ത്യയിലെയും തിരഞ്ഞെടുപ്പു ജയങ്ങളില്‍ വ്യാജവാര്‍ത്തകള്‍ക്കുള്ള സ്ഥാനം ചില്ലറയല്ല. മഹുവ മൊയിത്രയുടെ ഒരു പാര്‍ലിമെന്റ് പ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് വിജയം ഫേസ്ബുക്കും ഫേക്ക് ന്യൂസും കൊണ്ടു നേടിയതല്ലെ എന്നു ചോദിക്കുന്നുണ്ട്. ഫേസ്ബുക്ക് വ്യാജവാര്‍ത്തകളില്‍ നിന്ന് തുടങ്ങുന്ന വര്‍ഗ്ഗീയ ലഹളകള്‍ വരെ ഉണ്ടാകാറുള്ള ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരം വ്യാജങ്ങളെ പൊളിച്ചടുക്കാന്‍ തുടങ്ങിയ ആള്‍ട്ട് ന്യൂസ് എന്ന വെബ് സൈറ്റിന്റെ സ്ഥാപകരില്‍ ഒരാളായ മുഹമ്മദ് സുബൈറിനെ ഈയിടെ അറസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം പുറത്തു വിടുന്ന വിദ്വേഷ നുണകളെ തുറന്നു കാട്ടിയതിന്റെ പേരിലാണ് അദ്ദേഹത്തിന്റെ അറസ്റ്റെന്ന് ആരോപണമുയര്‍ന്നു. രണ്ടായിരത്തി ഇരുപതില്‍ മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നിവയുടെ സംപ്രേഷണം രണ്ട് ദിവസത്തേക്ക് നിര്‍ത്തലാക്കിയതും ജനാധിപത്യ വിശ്വാസികള്‍ മറന്നു തുടങ്ങിയിട്ടില്ല. മാധ്യമ സ്വാതന്ത്ര്യ പട്ടികയില്‍ എട്ടു സ്ഥാനങ്ങള്‍ പിന്നോട്ടു പോയി ഇന്ത്യ 150 ആം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
കഴിഞ്ഞ പത്തിരുപതു വര്‍ഷങ്ങളായി വിവരവിനിമയ രംഗത്ത് മറ്റേതു കാലത്തുമില്ലാത്ത തരം സാങ്കേതിക വിപ്ലവമാണ് നടന്നിട്ടുള്ളത്. അച്ചടി, ദൃശ്യ, ശ്രവ്യ മാധ്യമങ്ങളുടെ എല്ലാ പരിമിതികളെയും അതിശയിപ്പിച്ചു കൊണ്ട് ഇന്റര്‍നെറ്റിന്റെ വരവ് മാധ്യമ നിര്‍വ്വചനങ്ങളെ എല്ലാം പൊളിച്ചെഴുതി. മൊബൈല്‍ ഫോണിന്റെ വരവ് ലോകത്താകമാനമുള്ള എല്ലാ മാധ്യമങ്ങളെയും പോക്കറ്റിലിടാവുന്ന ഒരു കുഞ്ഞു സ്ക്രീനില്‍ ഒതുക്കി. കാലാനുസൃമായി പരിഷ്കരിക്കപ്പെടാത്ത വര്‍ത്തമാന പത്രങ്ങള്‍ പലതും ലോകത്ത് പലയിടത്തും അടച്ചു പൂട്ടേണ്ടി വന്നു. മീഡിയ സെന്‍സര്‍ഷിപ്പുകളെ പോലും മറികടന്ന് ആര്‍ക്കും ഓണ്‍ലൈനായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാമെന്നായി. സോഷ്യല്‍ മീഡിയയില്‍ അവനവന്‍ പ്രസാധകനായി എന്നു മാത്രമല്ല, തത്സമയം വായനക്കാരുമായി സംവദിക്കാനുള്ള സാധ്യതയും തുറന്നു കിട്ടി. സെല്‍ഫി ജേണലിസമെന്നും ഹാഷ് ടാഗ് ജേണലിസമെന്നുമുള്ള പുതിയ വാക്കുകള്‍ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നു. സ്വാതന്ത്ര്യത്തിന്റെ സാധ്യതകള്‍ മാധ്യമ വിഹായസ്സിന്റെ വിശാലത കൂട്ടിയപ്പോള്‍ മറ്റൊരിടത്ത് സെന്‍സര്‍ഷിപ്പില്ലാതെ ആര്‍ക്കും വ്യാജവാര്‍ത്തകള്‍ പടച്ചുവിടാനാകുമെന്ന സ്ഥിതി സോഷ്യല്‍ മീഡിയയുടെ അപകടകരമായ പരിമിതി ആയി മാറി.
ഏതൊക്കെ വാര്‍ത്തകളാണ് ജനങ്ങള്‍ കൂടുതല്‍ ആയി വായിക്കുന്നതെന്നും പങ്കുവെക്കുന്നതെന്നും അറിയുക എന്നത് മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ എളുപ്പമാണ്. അത് വിപണിയുടെ താത്പര്യത്തിനനുസരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കുക എന്ന രീതി പിന്‍തുടരാന്‍ കച്ചവട മാധ്യമങ്ങള്‍ക്ക് സാധ്യത ഒരുക്കി. ഏത് വിധേനയും കൂടുതല്‍ വായനക്കാരിലേക്കും കാഴ്ചക്കാരിലേക്കുമെത്തണമെന്ന ചിന്തയില്‍ ക്ലിക് ബെയിറ്റും, സെന്‍സേഷണല്‍ തലക്കെട്ടും തമ്പ് നെയിലുമായി വാര്‍ത്തകളെ അവര്‍ വായനക്കാരുടെ ഇഷ്ട വിഭവങ്ങളാക്കി. നിയമത്തിന്റെ ചട്ടക്കൂടില്‍ നിന്നും കയ്യെത്താ ദൂരത്ത് നില്ല്കുന്നതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ നുണപ്രചാരണങ്ങള്‍ക്കും വ്യാജ നിര്‍മ്മിതികള്‍ക്കും പരിധിയില്ലാതെ ആയി. അത് മാധ്യമ പ്രവര്‍ത്തനത്തിന്റെ നൈതികതയെ ഹാനീകരമായി ബാധിച്ചു എന്നതു മാത്രമല്ല, അവര്‍ക്ക് മനുഷ്യരെ നിഗൂഢാനന്ദങ്ങളിലും വിദ്വേഷ വാര്‍ത്തകളിലും കുരുക്കി പ്രധാന പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിപ്പിക്കാനും കഴിഞ്ഞു. അധികാര കേന്ദ്രങ്ങള്‍ക്ക് സ്തുതി പാടിയും വിമത ശബ്ദങ്ങളെ ഒതുക്കിയും അവര്‍ കൂടുതല്‍ ആക്രമണോത്സുകരായി.
ഒരു പൊതുമേഖലാ സ്ഥാപനമായതിനാലും വൈദ്യുതി എന്നത് ഏറ്റവും അടിസ്ഥാന വിഭവമായതിനാലും കെ എസ് ഇ ബിയും വ്യാജവാര്‍ത്തകള്‍ക്ക് ഇരയാകാറുണ്ട്. രണ്ടു മാസത്തെ ബില്ലു ഒരുമിച്ച് തരുന്നത് ഇരട്ടിയോളം കാശ് കൂടുതല്‍ വാങ്ങാനാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമം ഒരിക്കല്‍ പ്രചരിപ്പിക്കുകയുണ്ടായി. കെ എസ് ഇ ബി യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വസ്തുതകള്‍ വന്നപ്പോള്‍ ആ ഓണ്‍ലൈന്‍ മാധ്യമം തിരുത്തു നല്‍കി ഖേദപ്രകടനം നടത്തി. പക്ഷെ ഇപ്പോഴും വാട്ട്സപ്പില്‍ കെ എസ് ഇ ബി എഞ്ചിനീയര്‍ ഒരു ഹോട്ടലില്‍ പൊറോട്ട തിന്നാന്‍ പോയ കഥപറയുന്ന ആ വീഡിയോ ക്ലിപ്പ് നിരന്തരം പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇത്തരം സെന്‍സേഷണല്‍ വിവരങ്ങള്‍ ആയിരം മൊബൈല്‍ ഫോണില്‍ കറങ്ങി നടക്കുമ്പോള്‍ അതിന്റെ തിരുത്ത് എങ്ങുമെത്താതെ പോകുകയാണ് പതിവ്. സത്യം ചെരുപ്പിടുന്നതിന് മുന്‍പ് നുണ ലോകത്തിന്റെ പകുതിയും സഞ്ചരിക്കുമെന്ന് മാര്‍ക്ക് ട്വയിന്‍ പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരി ആകുന്നു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വൈദ്യുതി വിലകളെ വസ്തുതാ വിരുദ്ധമായി താരതമ്യം ചെയ്ത് കെ എസ് ഇ ബി യെ ഇകഴ്ത്തിക്കാട്ടുന്ന മറ്റൊരു വാര്‍ത്ത കേരളത്തിലെ ഒരു വര്‍ത്തമാനപ്പത്രത്തില്‍ അടുത്തിടെ വന്നതാണ്. പൊതു മേഖലയില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന കെ എസ് ഇ ബി ക്ക് എതിരെ ഇടക്കിടെ വാര്‍ത്തകള്‍ എഴുതി വിടുന്നത് റിപ്പോര്‍ട്ടര്‍ക്ക് സംഭവിക്കുന്ന അബദ്ധമല്ലെന്നും അവരുടെ അജണ്ടയാണെന്നും കരുതേണ്ടി വരും.
കെ എസ് ഇ ബി യില്‍ ഉള്‍പെടെ തൊഴിലാളി സമരങ്ങള്‍ നടക്കുന്ന കാലത്ത് കേരളത്തിലെ വികസനത്തിനു തടയിടുന്നത് ഇവിടത്തെ ‘ട്രേഡ് യൂണിയന്‍ മിലിറ്റന്‍സി’ ആണെന്ന പൊതുബോധമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ കിണഞ്ഞു പരിശ്രമിക്കാറുണ്ട്. ഈ ഒരു പൊതു ബോധം സൃഷ്ടിച്ചെടുക്കുന്നതില്‍ ചലച്ചിത്രങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കുമെല്ലാം കൃത്യമായ പങ്കുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച കൂലി നല്‍കുന്ന ഒരു സംസ്ഥാനമായി കേരളം രൂപപ്പെട്ടതില്‍ ഇവിടെയുള്ള തൊഴിലാളി വര്‍ഗ ബോധ്യങ്ങള്‍ക്കുള്ള സ്ഥാനത്തെ ഒരു മാധ്യമവും അടയാളപ്പെടുത്താറില്ല. തൊഴിലാളികളുടെ ജീവിത നിലവാരം കേരളത്തില്‍ എന്തു കൊണ്ട് മികച്ചു നില്‍ക്കുന്നു എന്നും അവര്‍ പറയാറില്ല. പകരം സംഘടനാ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചും വ്യാജവാര്‍ത്തകള്‍ നിര്‍മ്മിച്ച് യാതൊരു തത്വദീക്ഷയുമില്ലാതെ ആക്രമിച്ചും അവരുടെ താത്പര്യങ്ങള്‍ പ്രചരിപ്പിക്കാറാണ് പതിവ്. അതുകൊണ്ട് യാഥാര്‍ഥ്യത്തിനപ്പുറം വ്യാജനിര്‍മ്മിതികള്‍ പ്രചരിക്കുന്ന ഒരു കാലത്ത് നേരും നുണയും വിവേചിച്ചറിയുക എന്നത് ഭഗീരഥയത്നമാണ്. ഇത്തരത്തില്‍ യാഥാര്‍ഥ്യത്തെ വ്യാജവാര്‍ത്തകള്‍ മൂടുകയും മനുഷ്യന്‍ യുക്തിഭദ്രമായി വാര്‍ത്തകള്‍ വിവേചിക്കുന്നതിനപ്പുറം വ്യക്തിഗത വിശ്വാസങ്ങള്‍ക്കും വികാരങ്ങള്‍ക്കും പ്രാമുഖ്യം കൊടുക്കുകയും ചെയ്യുന്ന സത്യാനന്തരകാലത്ത് മാധ്യമ വായനകളില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നോം ചോസ്കിയും എഡ്വേഡ് ഹെര്‍മനും അമേരിക്കയിലെ മാധ്യമങ്ങളെ കുറിച്ച് എഴുതിയ മാനുഫാക്ചറിംഗ് കണ്‍സന്റ് ( സമ്മതികളുടെ നിര്‍മ്മിതി ) എന്ന പുസ്തകത്തില്‍ പറയുന്നതു പോലെ മാധ്യമ നൈതികതയെ ഇങ്ങനെ ഒറ്റ വാചകത്തില്‍ ഉപസംഹരിക്കാം.
“മാധ്യമങ്ങള്‍ സ്വതന്ത്രമായി വസ്തുതകള്‍ കണ്ടെത്താനും റിപ്പോര്‍ട്ട് ചെയ്യാനും പ്രതിജ്ഞാബദ്ധമായിരിക്കണം. അല്ലാതെ അധികാര കേന്ദ്രങ്ങളുടെ താത്പര്യത്തിനനുസരിച്ച് ഈ ലോകത്തെ പ്രതിഫലിപ്പിക്കുന്നവരാകരുത്.”