കണ്ണൂരിലെ വൈദ്യുതി അദാലത്തില്‍ പരാതികള്‍ക്ക് അതിവേഗ പരിഹാരം- നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകും

255

താമസിക്കുന്ന വീട്ടിലേക്ക് വൈദ്യുതി കണക്ഷന് 275മീറ്റര്‍ ലൈന്‍ വലിക്കേണ്ടതിന്റെ ചെലവ് കണ്ടെത്താനാകാതെ വിഷമിച്ചിരുന്ന ചുഴലി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ശ്രീദേവി വൈദ്യുതി അദാലത്തിലേക്കുള്ള പരാതിയുമായി എത്തിയപ്പോള്‍ നിയമപ്രശ്നം പലതവണ കേട്ട് അറിഞ്ഞതിനാല്‍ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. 200മീറ്റര്‍ വരെ മാത്രമേ ബി.പി.എല്‍ സൗജന്യ മുന്‍ഗണനാ ആനുകൂല്യം ലഭിക്കൂ എന്നതിനാല്‍ എന്തെങ്കിലും ചെറിയ കുറവുകള്‍ അനുവദിക്കുമെങ്കില്‍ അത്രയെങ്കിലും സമാധാനമാകുമല്ലോ എന്നായിരുന്നു മനസ്സില്‍. തിങ്ങിനിറഞ്ഞ സദസ്സില്‍ നിന്ന് ഉദ്ഘാടന ശേഷം വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്റ്റേജിലേക്ക് വിളിച്ചപ്പോള്‍ ഉള്ളിലൊരു വിറയല്‍. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം കണ്ണുരിനെ പ്രതിധീകരിച്ചെത്തിയ സദസ്സിനെ സാക്ഷി നിര്‍ത്തി വൈദ്യുതി മന്ത്രി എം.എം.മണി വൈദ്യുതി കണക്ഷന്‍ പൂര്‍ണമായും സൗജന്യമായി അനുവദിക്കുമെന്നുള്ള ഉത്തരവ് കൈയില്‍ നല്‍കിയപ്പോള്‍ ഏറെകാലമായി കൊണ്ടുനടന്ന മനസ്സിലെ ഭാരം മുഴുവന്‍ കണ്ണുകളിലൂടെ ഒഴുകുകയായിരുന്നു. നിറഞ്ഞ കരഘോഷം കാതുകളില്‍ അലയടിക്കുന്നതിനിടെ സ്റ്റേജില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പി.ആര്‍.ഡി യിലെ ക്യാമറാമാന്‍. സന്തോഷം വിതുമ്പലുകളായാണ് ചോദ്യങ്ങള്‍ക്ക് ഉത്തരമായി പുറത്ത് വന്നത്. ചായയുടെ കൂടെ വളണ്ടിയര്‍മാര്‍ നല്‍കിയ ഉണ്ണിയപ്പം നാവിനും മധുരമായി. കണ്ണൂരിലെത്തിയതു മുതല്‍ അപരിചിത്വമേതുമറിയിക്കാതെ വളണ്ടിയര്‍മാരായ കെ.എസ്.ഇ.ബി ജീവനക്കാര്‍ എല്ലായിടത്തും ഓടിയെത്തി കൂടെ നിന്നു. ആയിരത്തില്‍ കൂടുതല്‍ പരാതികള്‍ ഉണ്ട് എന്ന് പറയുമ്പോഴും മടുപ്പിക്കുന്ന ക്യൂവോ തിരക്കോ എവിടെയും ഉണ്ടായിരുന്നില്ല. എത്തിയവര്‍ക്കൊക്കെ കസേരയൊരുക്കാനും പേരു വിളിക്കുമ്പോള്‍ വിവിധ കൗണ്ടറുകളിലേക്ക് എത്തിക്കാനും പ്രത്യേകമായി സൗകര്യം ഒരുക്കിയതായാണ് കണ്ടത്. പത്രത്തില്‍ കണ്ടത് പോലെ കെ.എസ്.ഇ.ബി ഹൈവോള്‍ട്ടേജ് വൈദ്യുതിമേഖലയുടെ വികസനത്തില്‍ മാത്രമല്ല, ജനകീയതയില്‍ കൂടിയാണെന്ന് അനുഭവിച്ച് അറിഞ്ഞ നിമിഷങ്ങള്‍.

വൈദ്യുതിഅദാലത്ത് വൈദ്യുതി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യുന്നു

മഴയത്ത് മീറ്ററിന്റെ ഭാഗം നനഞ്ഞതിനാല്‍ എര്‍ത്ത് ലീക്ക് ആയി വലിയ ബില്‍ വന്നത് പൂര്‍ണമായി എഴുതി തള്ളി കിട്ടിയ മൗവ്വഞ്ചേരിയിലെ സൗദത്തും, വീട്ട് വഴിയില്‍ തടസ്സമായി നിന്ന വൈദ്യുതി തൂണ്‍ മാറ്റുന്നതിന് വേണ്ട വലിയ തുക ഒഴിവായി കിട്ടിയ പൊന്നമ്പത്ത് വയലിലെ നിഷയും മന്ത്രിയുടെ കൈയില്‍ നിന്ന് നേരിട്ട് ഉത്തരവ് വാങ്ങിക്കുമ്പോള്‍ മനസ്സു നിറഞ്ഞ് നന്ദി പങ്കു വെച്ചു. കണ്ണിലെ വെളിച്ചം ഒളിച്ചോടിയ ചെമ്പിലോട്ടെ ഷെരീഫിന് എര്‍ത്ത് ലീക്ക് വഴി വന്ന ഭീമമായ ബില്ലിന്റെ തുടര്‍ന്നുള്ള ഗഡുക്കള്‍ ഒഴിവാക്കി നല്‍കി വൈദ്യുതിവെളിച്ചം തുടര്‍ന്നും ബാധ്യതകളില്ലാതെ പകര്‍ന്ന് നല്‍കുന്നതിനും വൈദ്യുതി മന്ത്രി നടത്തിയ അദാലത്തിന് ആയി.

സൗകര്യങ്ങളൊരുക്കിയുള്ള അദാലത്ത് വേദി

വൈദ്യുതി മന്ത്രി എം.എം മണിയുടെ സാന്നിധ്യത്തിൽ നടന്ന കണ്ണൂർ ജില്ലാതല അദാലത്തിൽ പരിഗണിച്ച 1029 പരാതികളിൽ 852 എണ്ണത്തിന് തൽസമയം പരിഗണിച്ച് തീർപ്പാക്കി. കണ്ണൂർ, ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സർക്കിളുകളുടേയും കണ്ണൂർ ട്രാൻസ്മിഷൻ സർക്കിളിന്റേയും പരിധിയിലായി വൈദ്യുതി കണക്ഷന്റെ തടസ്സം മാറ്റൽ, ലൈൻ മാറ്റി സ്ഥാപിക്കൽ, വൈദ്യുതികുടിശ്ശിക, ബില്ലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയ വിവിധങ്ങളായ പരാതികളാണ് കെ.എസ്.ഇ.ബി ലിമിറ്റഡ് സി.എം.ഡി ശ്രീ.എൻ.എസ് പിള്ള, ഡയറക്ടർമാരായ വേണുഗോപാൽ.എൻ, പി.കുമാരൻ, ചീഫ് എഞ്ചിനീയർമാർ, ഡപ്യൂട്ടി ചീഫ് എഞ്ചിനീയർമാർ ഉൾപ്പെടുന്ന അദാലത്ത് കമ്മിറ്റികൾ പരിശോധിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്ത് വൈകിട്ട് 6 മണി വരെ നടത്തി. പുതിയതായി ലഭിച്ചവയും വിശദ പരിശോധന വേണ്ടതിനാൽ മാറ്റി വെച്ചവയിലും തീരുമാനമെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ പരാതിക്കാരെ അറിയിക്കും.

ബഹു പുരാവസ്തുവും തുറമുഖവും വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷത

വൈദ്യുതി അദാലത്ത് 28.1.2020ന് രാവിലെ കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ ബഹു പുരാവസ്തുവും തുറമുഖവും വകുപ്പ് മന്ത്രി ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ബഹു:വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.എം.എം മണി ഉദ്ഘാടനം ചെയ്തു. കെ. എസ് ഇ.ബി സ്വതന്ത്ര ഡയറക്ടർ ഡോ: വി.ശിവദാസൻ അദാലത്ത് സംബന്ധിച്ച വിശദീകരണം നടത്തി. കണ്ണൂർ കോർപറേഷൻ മേയർ സുമ ബാലകൃഷ്ണൻ, വിവിധ ജനപ്രതിനിധികൾ, ജില്ലയിലെ മന്ത്രിമാരുടെ പ്രതിനിധികൾ, രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ബി.പി.എൽ കുടുംബങ്ങൾക്ക് വൈദ്യുതി കണക്ഷൻ, അധിക വൈദ്യുതി ചാർജിൽ ഇളവ് , വീട് നിർമാണത്തിന് തടസ്സമായിരിക്കുന്ന ലൈൻ മാറ്റി സ്ഥാപിക്കൽ ഉൾപ്പെടെ ഒട്ടേറെ ആനുകൂല്യങ്ങൾ അദാലത്തിൽ അനുവദിച്ചു. വിവിധയിനങ്ങളിലായി 1.36കോടിയുടെ ആനുകൂല്യങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം ഇത് വഴി ബോര്‍ഡില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.

ഉദ്ഘാടന സദസ്സ്

രാവിലെ ഉദ്ഘാടന പരിപാടിക്ക് മുമ്പ് അദാലത്തിന് സഹായികളായി എത്തിയ കെ.എസ്.ഇ.ബി ജീവനക്കാരോട് സി.എം.ഡി.ശ്രീ.എന്‍.എസ്.പിള്ള അദാലത്തിന്റെ നടപടിക്രമങ്ങളും ബന്ധപ്പെട്ട സാങ്കേതിക സാമ്പത്തികകാര്യങ്ങളും സംവദിച്ചു. വൈദ്യുതി ബോര്‍ഡിനെ ജനകീയ പിന്തുണയുള്ള കെട്ടുറപ്പുള്ള സ്ഥാപനമാക്കി മാറ്റുന്നതിന് അദാലത്ത് സഹായകരമാവുമെന്ന സന്ദേശം പങ്കുവെക്കുകയുണ്ടായി.
നേരത്തെ എത്തിയ പുരാവസ്തു- മ്യൂസിയം-തുറമുഖം വകുപ്പ് മന്ത്രിയും വൈദ്യുതി മന്ത്രി എം.എം. മണിയും പ്രവേശന കവാടത്തിന് അടുത്ത് ഒരുക്കിയ ടോക്കണ്‍ കൗണ്ടറുകള്‍ സന്ദര്‍ശിച്ച് ജീവനക്കാരുമായും ഉപഭോക്താക്കളുമായും സൗഹൃദം പങ്കുവെച്ചാണ് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിലെ വേദിയിലേക്ക് എത്തിയത്.

സി.എം.ഡി.ശ്രീ.എന്‍.എസ്.പിള്ള അദാലത്തിന്റെ നടപടിക്രമങ്ങള്‍ സംവദിച്ചു

നിറഞ്ഞ സദസ്സിനും വിശിഷ്ടാതിഥികള്‍ക്കും കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ എന്‍.എസ്.പിള്ള സ്വാഗതമോതിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു. കണ്ണുരിന്റെ സ്വന്തം മന്ത്രി ശ്രീ.രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി.എല്‍ വിതരണ വിഭാഗം ഡയറക്ടര്‍ പി.കുമാരന്‍ കണ്ണൂരില്‍ അടുത്തകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വവും സമഗ്രമവുമായ റിപോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സദസ്സിനെ കൈയിലെടുത്ത് വൈദ്യുതി മന്ത്രി എം.എം.മണി നടത്തിയ ഉദ്ഘാടന പ്രസംഗം.

അദാലത്ത് സംബന്ധിച്ച് തയ്യാറാക്കിയ പിആര്‍ഡി വാര്‍ത്ത

പ്രതിസന്ധിഘട്ടങ്ങളിലെ വേഗതയാര്‍ന്ന സന്നദ്ധസേവനത്തിനും വിവിധ പ്രവൃത്തികളിലൂടെ ഗുണനിലവാരമുള്ള വൈദ്യുതി ജനങ്ങളിലെത്തിച്ചതിനും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചാലക ശക്തിയായ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ വൈദ്യുതി ബോര്‍ഡ് പരാതിവിമുക്തമാക്കുന്നതിനും അദാലത്ത് വഴിയൊരുക്കുമെന്ന് മന്ത്രി അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായതിനൊപ്പം തന്നെ ഊര്‍ജ്ജ ലാഭത്തിനായി എല്‍.ഇ.ഡി വിളക്കുകള്‍ വ്യാപിപ്പിക്കുന്ന ഫിലമെന്റ് രഹിതകേരളം, ഹരിത ഊര്‍ജ്ജത്തിന്റെ ജനകീയ സാധ്യത വെളിച്ചത്തെത്തിക്കുന്ന സൗര തുടങ്ങിയ പദ്ധതികള്‍ കേരളവികസനത്തിന് വേഗത കൂട്ടും. വൈദ്യുതി ബോര്‍ഡ് സ്വതന്ത്ര ഡയറക്ടര്‍ ഡോ.വി.ശിവദാസന്‍ അദാലത്തിന്റെ പ്രാധാന്യം സംബന്ധിച്ച വിശദീകരണം അവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളെ പ്രതിനിധീകരിച്ച് പി.പി ദിവാകരന്‍, സി.എച്ച്.പ്രഭാകരന്‍, മുഹമ്മദ്പറക്കാട്ട് എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു.

വിശിഷ്ടാതിഥികള്‍ വേദിയിലേക്ക്

തുടര്‍ന്നാണ് അദാലത്തില്‍ വന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരാതികള്‍ക്ക് പരിഹാരം കണ്ട് തയ്യാറാക്കിയ തീരുമാനങ്ങള്‍ അപേക്ഷകരുടെ കൈയില്‍ വൈദ്യുതി മന്ത്രി നേരിട്ട് ഏല്പിച്ചത്. നോർത്ത് മലബാർ ചീഫ് എഞ്ചിനീയർ ആർ.രാധാകൃഷ്ണൻ നന്ദി അറിയിച്ചു.

കണ്ണൂരിലെ ഇലക്ട്രിക്കല്‍ ഡിവിഷന്‍ അടിസ്ഥാനത്തില്‍ തരം തിരിച്ച നാല് കൗണ്ടറുകള്‍ ഒരുക്കിയാണ് അദാലത്ത് കമ്മിറ്റി പ്രവര്‍ത്തിച്ചത്. ഇതില്‍ തീരുമാനമാക്കാന്‍ സാധിക്കാത്തവ കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഡയറക്ടര്‍മാരും വൈദ്യുതി മന്ത്രിയുടെ അഡീഷണല്‍ പി.എസ് എം.ജി സുരേഷ് കുമാറും ഉള്‍പ്പെടുന്ന സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെട്ടു. വൈദ്യുതി മന്ത്രിയുടെ മുഴു നീള സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ച കമ്മിറ്റികള്‍ക്ക് നേരിട്ട് ഹാജരായ മുഴുവന്‍ പേരുടേയും പരാതികളില്‍ തല്‍സമയ തീര്‍പ്പ് കല്പിക്കാനായി.

അദാലത്ത് ടോക്കണ്‍ കൗണ്ടര്‍

അദാലത്തിന് മികച്ച സംഘാടനം ഒരുക്കാന്‍ കണ്ണുരിന് ആയി. കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രേംകുമാര്‍ പി.കെ ജനറല്‍ കണ്‍വീനര്‍ ആയുള്ള സംഘാടക സമിതിക്ക് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വിവിധ വിഭാഗം സബ്കമ്മിറ്റികളിലായി മികച്ച പിന്തുണയാണ് നല്‍കിയത്. കെ.എസ്.ഇ.ബി യുടെ പ്രവര്‍ത്തന മികവ് ആലേഖനം ചെയ്ത പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ച പ്രവേശനകവാടം മുതല്‍ അദാലത്ത് വേദികള്‍ വരെ അപേക്ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വിശിഷ്ടാതിഥികള്‍ക്കും മികച്ച സൗകര്യമൊരുക്കാന്‍ സഘാടകര്‍ക്ക് സാധിച്ചു എന്നത് ബോര്‍ഡ് ചെയര്‍മാന്‍ പരിപാടിക്ക് ശേഷം നടത്തിയ യോഗത്തില്‍ പറഞ്ഞ നല്ല വാക്കുകള്‍ തന്നെ തെളിവ്. കൂടെ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തി സാധ്യമായ ആനുകൂല്യങ്ങളുമായി വേദി വിട്ടിറങ്ങിയവരുടെ ഹൃദയത്തില്‍ നിന്നുള്ള നല്ല വാക്കുകളും.

കെ. എസ് ഇ.ബി സ്വതന്ത്ര ഡയറക്ടർ ഡോ: വി.ശിവദാസൻ അദാലത്ത് സംബന്ധിച്ച വിശദീകരണം
വിശ്രമമില്ലാതെ സജീവമായ അദാലത്ത് കമ്മിറ്റികള്‍