പവര്‍ ക്വിസ് 2017 – ഹാട്രിക്ക് വിജയവുമായി പാലക്കാട് വിക്റ്റോറിയ കോളേജ്

624
പവര്‍ ക്വിസ് 2017 വിജയികളായ പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിലെ അബ്ദുള്‍ വാഹീദ്, ജാമിര്‍ എന്നിവര്‍ കേരള ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ ശ്രീ എ എസ് ദാസപ്പനില്‍ നിന്നും സര്‍ വിശ്വേശ്വരയ്യ ട്രോഫി സ്വീകരിക്കുന്നു. സംസ്ഥാന പ്രസിഡന്റ് ജെ സത്യരാജന്‍, ജനറല്‍ സെക്രട്ടറി പി വി ലതീഷ് എന്നിവര്‍ സമീപം

പാലക്കാട് ഗവ. വിക്റ്റോറിയ കോളേജിന് പവര്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായ മൂന്നാം വിജയം. ഫെബ്രുവരി 27ന് മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ നടന്ന പവർ ക്വിസ് 2017 ന്റെ ഫൈനല്‍ മത്സരത്തിൽ 205 പോയിന്റ് നേടിയാണ് പാലക്കാട് വിക്റ്റോറിയ കോളേജ് ടീം ഹാട്രിക്ക് വിജയം കരസ്ഥമാക്കിയത്. കോഴിക്കോട് ഫറോക്ക് ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിനെ ബഹുദൂരം പിന്തള്ളിയാണ് അബ്ദുള്‍ വാഹീദ്, ജമീര്‍ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സർ വിശ്വേശരയ്യ ട്രോഫിക്ക് അര്‍ഹരായത്. വിജയികള്‍ ട്രോഫിയും 20,000 രൂപയുടെ ക്യാഷ് പ്രൈസും സൗരോർജ്ജവിളക്കുകളും മുഖ്യാതിഥിയായിരുന്ന കേരള ഇലക്ട്രിസിറ്റി ഓംബുഡ്സ്മാന്‍ ശ്രീ എ എസ് ദാസപ്പനില്‍ നിന്നും സ്വീകരിച്ചു.
110 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തിയ ഫറോക്ക് ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്ക്കൂളിന് കെ എല്‍ റാവു റോളിംഗ് ട്രോഫിയും 10,000 രൂപയുടെ ക്യാഷ് പ്രൈസും സൗരോർജ്ജ വിളക്കുകളും സമ്മാനമായി ലഭിച്ചു.

പവര്‍ ക്വിസ് 2017 ഫൈനല്‍ മത്സരം എന്‍ നന്ദകുമാര്‍, വി ശ്രീലത എന്നിവര്‍ നയിക്കുന്നു

എന്‍ നന്ദകുമാര്‍ (ചെയര്‍മാന്‍, പവര്‍ ക്വിസ് സബ്‌കമ്മിറ്റി), വി ശ്രീലത (അസിസ്റ്റന്റ് എഞ്ചിനീയര്‍, ട്രാന്‍സ്മിഷന്‍ സ്റ്റോര്‍ അങ്കമാലി) എന്നിവര്‍ ക്വിസ് മത്സരം നയിച്ചത്. ഡി രശ്മി (അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍ തൊടുപുഴ), വി എസ് നസീമ (അസിസ്റ്റന്റ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ സെക്ഷന്‍ പുറപ്പുഴ), സി എസ് ഷിഹാബ് മോൻ (അസിസ്റ്റന്റ് എ‍ഞ്ചിനീയര്‍, ജനറേഷന്‍ സബ്‌ഡിവിഷന്‍ മൂലമറ്റം), ചിത്രലേഖ (അസിസ്റ്റന്റ് എഞ്ചിനീയര്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ ആലുവ) എന്നിവര്‍ സാങ്കേതിക സഹായം നല്‍കി.
സംസ്ഥാനത്തിന്റെ ആറ് മേഖലകളില്‍ നിന്നും വിജയിച്ചെത്തിയ ടീമുകളാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. ഗവ. വിക്റ്റോറിയ കോളേജ് പാലക്കാട്, ഗവ. ഗണപത് എച്ച് എസ് എസ് ഫറോക്ക് എന്നിവരെ കൂടാതെ സി കെ ജി എം ഗവ. കോളേജ് പേരാമ്പ്ര, കുളത്തുമ്മല്‍ ഗവ. എച്ച് എസ് എസ് കാട്ടാക്കട, ബ്രഹ്മാനന്ദോദയം എച്ച് എസ് എസ് കാലടി, ആതിഥേയരായ മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് എന്നീ ടീമുകള്‍ ഫൈനലില്‍ മാറ്റുരച്ചു.
സമ്മാനദാന ചടങ്ങില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജെ സത്യരാജന്‍ അദ്ധ്യക്ഷത വഹിച്ചു. പവർ ക്വിസ് കമ്മിറ്റി കൺവീനർ പി രാജഗോപാലന്‍ റിപോർട്ട് അവതരിപ്പിച്ചു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ ജോര്‍ജ് വി തോമസ്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സണ്‍ പാര്‍വതി സോമന്‍ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പി വി ലതീഷ് സ്വാഗതവും ഇടുക്കി ജില്ലാ പ്രസിഡന്റ് കെ എം ജുമൈലാ ബീവി കൃതജ്ഞതയും രേഖപ്പെടുത്തി.
ഇടുക്കി ജില്ലയില്‍ ഇദംപ്രഥമമായി നടന്ന പവര്‍ ക്വിസ് ഫൈനല്‍ മത്സരം സംഘാടന മികവു കൊണ്ട് ഏറ്റവും ശ്രദ്ധേയമായി. മത്സരത്തിന്റെ പ്രചരണാര്‍ത്ഥം 26-ാം തീയതി വൈകിട്ട് കോളേജ് അങ്കണത്തിൽ നടന്ന കുട്ടികളുടെ ഫ്ലാഷ്‌മോബ് ആകർഷകമായിരുന്നു. ക്വിസ് മത്സര വേദിയില്‍ മത്സരത്തിന് മുന്നോടിയായി ഗാനമേളയും നടന്നു. അനിൽകുമാർ, എം വി ജോസഫ്, കെ മനോജ്, അശ്വതി വിജയൻ എന്നിവർ ശ്രുതിമധുര ഗാനങ്ങൾ കൊണ്ട് പരിപാടിക്ക് നിറം പകർന്നു.