ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് – പരാതികള്‍ക്ക് സത്വര പരിഹാരം

169

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ ജനപക്ഷനിലപാടുകള്‍ ഉറക്കെ വിളംബരം ചെയ്യുന്ന വേദിയായി മാറുകയാണ് വൈദ്യുതി അദാലത്തുകള്‍. ജനകീയനായ വൈദ്യുതി മന്ത്രിയുടെ സ്വന്തം ജില്ലയില്‍ ഒരുക്കിയ പരാതി പരിഹാര അദാലത്തിലേക്ക് ഒഴുകിയെത്തിയ ജനത്തെ ഒട്ടും നിരാശരാക്കാത്ത തരത്തില്‍ സംവിധാനങ്ങള്‍ ഒരുക്കാനും തീരെ മുഷിപ്പിക്കാതെ പരാതികള്‍ അവതരിപ്പിക്കുന്നതിന് സൗകര്യം ഒരുക്കുന്നതിനും സംഘാടകര്‍ ശ്രദ്ധ പുലര്‍ത്തി.
ഇടുക്കി ജില്ലാ വൈദ്യുതി അദാലത്ത് 20.1.20 ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ വച്ചു നടന്നു. രാവിലെ 9 മണിയോടുകൂടി തന്നെ ടൗൺ ഹാളിലേക്ക് ആളുകൾ എത്തി തുടങ്ങി. 11 മണിക്ക് റോഷി അഗസ്റ്റ്യൻ എം.എല്‍.എ യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹു: വൈദ്യതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം നടത്തി. കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള, ഡയറക്ടർ വേണുഗോപാൽ, ചീഫ് എഞ്ചിനിയർ മാർ , ഡപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ, എക്സിക്യുട്ടീവ് എഞ്ചിനിയർമാർ, മന്ത്രിയുടെ ആഡീഷനല്‍ പി.എസ് എം.ജി. സുരേഷ് കുമാർ തുടങ്ങിയവർ ആദ്യവസാനം പങ്കെടുത്തു.

ടൗൺ ഹാൾ നിറയെ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു . മുമ്പെ ലഭിച്ച 800 പരാതികൾ കൂടാതെ, അദാലത്ത് ദിവസം മാത്രം 200 ൽ അധികം പരാതികൾ ലഭിച്ചു . ജില്ലാതല അദാലത്ത് കമ്മിറ്റികൾ ചിട്ടയായി പ്രവത്തിച്ചത് വഴി, വൻ ജനാവലി ഉണ്ടായിട്ടും ലഭിച്ച 1000 ൽ അധികം പരാതികളിലും തീർപ്പുകൽപ്പിക്കാൻ കഴിഞ്ഞു.

കൂടാതെ ചെയര്‍മാന്റെ നേതൃത്വത്തിൽ അപ്പീൽ കമ്മിറ്റിയും പ്രവർത്തിച്ചിരുന്നു. നടത്തിപ്പിന്റെ ചുമതല ഏറ്റെടുത്ത കട്ടപ്പന ഡിവിഷനിലെ ഓഫീസർമാരും , ജീവനക്കാരും അദാലത്തിന്റെ വിജയത്തിൽ അഭിനന്ദനം അർഹിക്കുന്നു.

ജില്ലയിലെ ഉത്പാദന പ്രസരണ വിതരണ സിവില്‍ മേഖലകളിലെ ഓഫിസർമാർ, ജീവനക്കാർ എന്നിവർ പ്രവര്‍ത്തനങ്ങളില്‍ മുഴുനീള പങ്കാളികളായി. അദാലത്തിൽ പങ്കെടുത്ത ഓരോരുത്തരും പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനും ഫലപ്രദമായ സംവിധാനത്തില്‍ സംതൃപ്തിയോടെയാണ് മടങ്ങിയത്.