ഉരുൾപൊട്ടലിൽ തകർന്ന വൈദ്യുതി ലൈനുകൾ

ഇലക്‌ട്രിക്കൽ സെക്‌ഷൻ തുണ്ടിയിൽ പരിധിയിൽ വരുന്ന സ്ഥലങ്ങളാണ്‌ വെള്ളറ, പൂളക്കുറ്റി, നെടുംപുറംചാൽ, തുടിയാട്‌ മേഖലകൾ. കുന്നും മലകളും നിറഞ്ഞ മലയോരമേഖല. എളുപ്പം കടന്നുചെല്ലാൻ വളരെ പ്രയാസം നിറഞ്ഞ ഇടുങ്ങിയ റോഡും കുന്നിൻചരിവുകളും നിറഞ്ഞ പ്രദേശം.
ആഗസ്‌ത്‌ ഒന്നാം തീയതി വൈകുന്നേരം ആറുമണിക്ക്‌ ശേഷമാണ്‌ അതിശക്തമായ മഴ ഉണ്ടാകുന്നത്‌. ഇതുവരെ ഉണ്ടാകാത്ത മഴയാണ്‌ മേഖലയിൽ ഉണ്ടാകുന്നതെന്ന്‌ സബ്‌ എൻജിനിയർ ബാലകൃഷ്‌ണൻ വിവരമറിയിച്ചപ്പോൾ തന്നെ കമ്പി പൊട്ടലുകളിൽ പൊറുതിമുട്ടിയ ഞങ്ങൾക്ക്‌ എത്ര കമ്പികൾ എവിടെയെല്ലാം പൊട്ടിക്കാണും എന്ന ആശങ്കയായിരുന്നു. സമയം എട്ടുമണി ആയപ്പോൾ തന്നെ ഉരുൾപൊട്ടൽ സ്ഥിരീകരിച്ചുകൊണ്ട്‌ വാർത്തകൾ വന്നു.
പലസ്ഥലത്തും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണെന്നും ട്രാൻസ്‌ഫോർമറുകൾ പലതും മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അറിയാൻ കഴിഞ്ഞു. തുടിയാട്‌ ഭാഗത്തുള്ള ട്രാൻസ്‌ഫോർമർ സ്‌റ്റേഷൻ തകർന്നതായും നിരവധി പോസ്റ്റുകൾ പല സ്ഥലങ്ങളിലായി കടപുഴകി വീണതായും വിവരങ്ങൾ കിട്ടി. തുണ്ടിയിൽ സെക്‌ഷൻ പരിധിയിൽ വൈദ്യുതി വിതരണം പൂർണ്ണമായും നിലയ്‌ക്കുന്ന അവസ്ഥയാണ്‌ ഉണ്ടായത്‌.
സാധാരണ ഉണ്ടാകുന്നതുപോലെയല്ല ഇവിടെ ഉരുൾപൊട്ടിയത്‌. പത്തിലധികം പൊട്ടലുകളാണ്‌ ഒരുമിച്ച്‌ ഈ മേഖലയിൽ ഉണ്ടായത്‌. റോഡുകൾ തകർന്നതിനാൽ പൂളക്കുറ്റി മേഖല, മേലെ വെള്ളറ, താഴെ വെള്ളറ, തുടിയാട്‌, 100 ഏക്കർ ഭാഗം എല്ലാം ഒറ്റപ്പെട്ടു.
വൈദ്യുതി പുനഃസ്ഥാപിക്കൽ
പ്രകൃതിക്ഷോഭത്തിൽ താറുമാറായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുക എന്നത്‌ വളരെ ശ്രമകരമായ ദൗത്യമാണ്‌. ഉരുൾപൊട്ടലിൽ വൈദ്യുതിബന്ധം നിലച്ചപ്പോൾ തന്നെ മേഖലകളെല്ലാം ഇരുട്ടിലായി. റോഡുകൾ ഗതാഗതയോഗ്യമല്ലാത്തവിധം തകർന്നു. പല സ്ഥലത്തും മരങ്ങൾ കടപുഴകി വീണതിനാൽ എവിടെയെല്ലാമാണ്‌ പോസ്റ്റുകൾ പൊട്ടിയത്‌, ഏതൊക്കെ ട്രാൻസ്‌ഫോർമറുകളാണ്‌ ചാർജ്ജ്‌ ചെയ്യാൻ കഴിയുക എന്നറിയാൻ കഠിനമായ ശ്രമംതന്നെ ജീവനക്കാർ നടത്തേണ്ടിവന്നു.
ദുരന്തമുണ്ടായതിന്റെ തീവ്രത പുറംലോകം അറിയുന്നതിനുമുന്നേതന്നെ വൈദ്യുതി ജീവനക്കാർ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായി പരക്കംപാച്ചിലിലായിരുന്നു. വൈദ്യുതി നെറ്റ്‌വർക്കുകൾക്ക് ഉണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരം തന്നെയാണ്‌ തുടക്കത്തിൽ നടത്തിയത്‌. ജനപ്രതിനിധികളിൽനിന്നും ജീവനക്കാരിൽനിന്നും മറ്റ്‌ സ്ഥലവാസികളിൽനിന്നും കിട്ടിയ വിവരങ്ങൾ ശേഖരിച്ചുകൊണ്ട്‌, വൈദ്യുതി പുനഃസ്ഥാപിക്കലിന്റെ ഒരു മാസ്റ്റർപ്ലാൻ രാത്രിയിൽത്തന്നെ തയ്യാറാക്കി.
പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആരൊക്കെ ഏതൊക്കെ ലൊക്കേഷനിൽ നേരം പുലരുമ്പോൾ റിസ്‌റ്റൊറേഷൻ വർക്കുകൾ ചെയ്യണമെന്ന്‌ നിർദ്ദേശം നൽകി. ജീവനക്കാർ ആരും ലീവിൽ പോകരുതെന്നും ലീവിൽ പോയവർ തിരിച്ചുവരണമെന്നുമുള്ള നിർദ്ദേശങ്ങൾ എല്ലാവരും പോസിറ്റീവായി ഏറ്റെടുത്തു.
ആഗസ്‌ത്‌ രണ്ടാം തീയതി പുലരുമ്പോൾ മേഖലകളിലെ കാഴ്‌ചകൾ ഭീതിജനകമായിരുന്നു. സൺറൈസ്‌ മീറ്റിങ്ങിൽ എല്ലാവരും പങ്കെടുത്തുകൊണ്ട്‌ മാസ്റ്റർപ്ലാൻ തയ്യാറാക്കി. വൈദ്യുതി ലൈനുകൾ ചാർജ്ജുചെയ്യുന്നതിനായി ലൈൻ പട്രോളിങ്‌ നിർബന്ധമായും ചെയ്യാൻ ടീമിനെ നിയോഗിച്ചു. ചാർജ്ജുചെയ്യാൻ പറ്റുന്ന ലൈനുകൾ വളരെ പെട്ടെന്നുതന്നെ പട്രോളിങ്‌ പൂർത്തിയാക്കിക്കൊണ്ട്‌ ചാർജ്ജുചെയ്യാൻ സബ്‌ എൻജിനിയർ പ്രദീപ്‌ ടീമുമായി പുറപ്പെട്ടു. മരങ്ങൾ വീണും കമ്പികൾ പൊട്ടിയതുമായ ഭാഗങ്ങൾ ഐസൊലേറ്റ്‌ ചെയ്‌തുകൊണ്ട്‌ വൈദ്യുതി എത്തിക്കാൻ പറ്റുന്ന പ്രദേശങ്ങളിലെല്ലാം സപ്ലൈ കൊടുക്കുക എന്നതാണ്‌ ദൗത്യം.
ടീം അറേഞ്ച്‌മെന്റ്‌
എച്ച്‌ടി റിസ്‌റ്റൊറേഷൻ വർക്കുകൾക്ക്‌ പ്രഥമ പരിഗണന കൊടുത്തുകൊണ്ട്‌ സൂപ്പർവൈസർമാരായി സുനിൽ സബ്‌ എൻജിനിയർ, ബാലകൃഷ്‌ണൻ സബ്‌ എൻജിനീയർ, ഒവർസിയർ ജിമ്മി തുടങ്ങിയവരെ ഓരോ ഭാഗത്തും അസൈൻ ചെയ്‌തു.
പല മേഖലകളിലും കടന്നുചെല്ലുമ്പോഴാണ്‌ നാശനഷ്‌ടങ്ങൾ കണക്കുകൂട്ടിയതിലും അപ്പുറമാണെന്ന്‌ മനസ്സിലാകുന്നത്‌. നാശനഷ്‌ടങ്ങളുടെ കണക്കുകൂട്ടൽ ഇതുപോലുള്ള നാച്വറൽ കലാമിറ്റിയിൽ വളരെ ദുഷ്‌കരമാണെങ്കിൽകൂടി അത്തരം കണക്കുകൂട്ടലുകളുടെ വേഗതയാണ്‌ വൈദ്യുതി പുനഃസ്ഥാപനം വേഗത്തിലാക്കാൻ കഴിഞ്ഞതെന്ന്‌ നമ്മൾ കെഎസ്‌ഇബിക്കാർക്ക്‌ അഭിമാനിക്കാം.

മെറ്റീരിയലുകളുടെ ലഭ്യത
ഉരുൾപൊട്ടലിൽ വൻമരങ്ങൾ ഒഴുകിപ്പോകുമ്പോൾ നമ്മുടെ പോസ്റ്റും കമ്പിയും അവിടെ നിൽക്കില്ല. റിസ്‌റ്റൊറേഷൻ വർക്കുകൾക്ക്‌ വേണ്ടിയുള്ള മെറ്റീരിയൽ റിപ്പോർട്ട്‌ ചെയ്‌തുകൊണ്ട്‌ ഓരോ ഭാഗത്തും എത്തിച്ചുകൊടുക്കാൻ കഴിഞ്ഞു. ട്രാൻസ്‌ഫോർമർ ഉൾപ്പെടെ ആവശ്യമായ എല്ലാ മെറ്റീരിയലുകളും ലഭ്യമാക്കാൻ സർക്കിൾ ഡിവിഷൻ, സബ്‌ ഡിവിഷൻ തലത്തിൽ എല്ലാവരും ഒരുമിച്ചുചേർന്നു. തൊട്ടടുത്ത കേളകം, കാക്കയങ്ങാട്‌ സെക്‌ഷൻ എഇമാർ സ്ഥലം സന്ദർശിച്ചുകൊണ്ട്‌ കുറവുവന്ന മെറ്റീരിയലുകൾ യഥേഷ്‌ടം ലഭ്യമാക്കിത്തന്നു.
നാശനഷ്‌ടങ്ങളുടെ
പുനർമൂല്യനിർണ്ണയം
ജീവനക്കാർ ഫീൽഡിൽ എത്തുമ്പോൾ കിട്ടുന്ന ഡാറ്റ കളക്ട്‌ ചെയ്യുകയും നാശനഷ്‌ടങ്ങൾ അപ്‌ഡേറ്റ്‌ ചെയ്‌തുകൊണ്ട്‌ റിപ്പോർട്ട്‌ ചെയ്യുകയും വേണമെന്ന്‌ ഇഇ പ്രത്യേകം നിർദ്ദേശിച്ചു. തുടിയാട്‌-100 ഏക്കർ പ്രദേശത്ത്‌ പോസ്റ്റുകൾ തുടച്ചുമാറ്റിയതുപോലെ ഉണ്ടായപ്പോൾ വെള്ളറ-24-ാം മൈൽ ഭാഗത്ത്‌ പോസ്റ്റുകളെല്ലാം തലങ്ങും വിലങ്ങും റോഡിലേക്ക്‌ മറഞ്ഞുവീണുകിടക്കുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. വെള്ളറ ഭാഗം റോഡ്‌ ഒഴുകിപ്പോയതിനാൽ ആദ്യദിവസം അങ്ങോട്ട്‌ കടന്നുചെല്ലാൻ പോലും പറ്റിയില്ല.
ലൈൻ പട്രോളിങ്‌
ലൈൻ പട്രോളിങ്‌ കൃത്യമായി നടപ്പിലാക്കിയതുകൊണ്ട്‌ മാത്രമാണ്‌ അപകടരഹിതമായി ലൈനുകൾ ഓരോന്നായി റീചാർജ്ജ്‌ ചെയ്യാൻ കഴിഞ്ഞതെന്ന്‌ വിലയിരുത്തി. ആദ്യദിവസം പിന്നിടുമ്പോഴേക്കും പ്ലാൻചെയ്‌ത എച്ച്‌ടി പോറ്റുകൾ നിവർത്തി ലൈൻ വലിച്ചുകൊണ്ട്‌ ഫീഡറുകളെല്ലാം ചാർജ്ജ്‌ ചെയ്‌തു.
പോസ്റ്റുകൾ ചുമന്നുകൊണ്ടുപോയി
റോഡുകൾ തകർന്ന ഭാഗത്ത്‌ എങ്ങനെ പോസ്റ്റുകൾ എത്തിക്കുമെന്നത്‌ റിസ്‌റ്റൊറേഷൻ വർക്കുകൾ കഠിനമാക്കി. ഏതുവിധേനയും കൺസ്യൂമർക്ക്‌ സപ്ലൈ എത്തിക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവച്ചപ്പോൾ പോസ്റ്റുകൾ ചുമന്നുകൊണ്ടുപോകുകയല്ലാതെ വേറെ മാർഗ്ഗമില്ലാതായി. 100 ഏക്കർ പ്രദേശത്ത്‌ 100 മീറ്റർ ചുമന്നപ്പോൾ വെള്ളറ ഭാഗത്ത്‌ 500 മീറ്ററിൽ അധികം ചുമന്നുകൊണ്ടുപോയി. സ്ഥലവാസികളുടെ പൂർണ്ണ പിന്തുണയും ഇത്തരം പ്രവർത്തനം നടത്താൻ ഏറെ സഹായിച്ചു.
അത്യന്തം ദുഷ്‌കരമായ സെമിനാരി എസ്‌റ്റേറ്റിൽ കൂടിയുള്ള ലൈനുകൾക്ക്‌ പകരമായി കോളയാട്‌ സെക്‌ഷനിൽനിന്നും പന്ത്രണ്ടോളം പോസ്റ്റുകൾ ഇട്ടുകൊണ്ട്‌ പുതിയ ലൈൻ വലിച്ച്‌ സപ്ലൈ കൊടുക്കാൻ സിഇ നോർത്ത്‌ മലബാറിൽനിന്നും അനുമതി ലഭിക്കുകയും അത്‌ പൂർത്തീകരിച്ചുകൊണ്ട്‌ നാല്‌ കൺസ്യൂമർമാർക്ക്‌ സപ്ലൈ കൊടുത്തതും പ്രത്യേകതയായി.