ദുര്‍വ്യയത്തില്‍ നിന്ന് പിന്തിരിയുക, സുതാര്യത പുലര്‍ത്തുക..

149

കൊവിഡ്-19ന്റെ സാഹചര്യവും അതിന്റെ ഭാഗമായി രാജ്യത്താകെ നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടേയും സാഹചര്യത്തില്‍ കെ.എസ്.ഇ.ബി ലിമിറ്റഡും വലിയ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നുണ്ട്. വൈദ്യുതി ചാര്‍ജ്ജ് പിരിച്ചെടുക്കുന്നതിലടക്കം വലിയ പരിമിതികള്‍ സ്ഥാപനം അഭിമുഖീകരിക്കുന്നുണ്ട്. 2018 ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ കാലാവധി തീര്‍ന്ന ശമ്പളപരിഷ്കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കിയിട്ടുണ്ടെങ്കിലും 2021 മാര്‍ച്ചിന് മുമ്പുള്ള കാലത്തെ കുടിശ്ശിക ഇപ്പോഴും ജീവനക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ബോര്‍ഡിന്റെ വിവിധ ഓഫീസുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരടക്കമുള്ള കരാറുകാരുടെ ബില്ലുകളും മറ്റും പാസ്സാക്കി നല്‍കുന്നതില്‍ ഈ സാമ്പത്തിക ഞെരുക്കം ബാധിച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍പ്പോലും ബോര്‍ഡ് മാനേജ്മെന്റ് സ്വീകരിക്കുന്ന സമീപനങ്ങളും തീരുമാനങ്ങളും പലപ്പോഴും തികച്ചും അതാര്യവും സ്ഥാപനത്തിന് ദുര്‍വ്യയമുണ്ടാക്കുന്നതും ആകുന്നതായി കാണുന്നു. ഇത്തരത്തിലുള്ള വിവിധ തീരുമാനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  1. വൈദ്യുതി ബോര്‍ഡിന്റെ ആവര്‍ത്തനച്ചെലവ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു തീരുമാനമാണ് സ്ഥാപനത്തില്‍ 1200ഓളം വൈദ്യുതി വാഹനങ്ങള്‍ വാങ്ങുന്നതിനുള്ളത്. നിലവില്‍ വളരെ കുറഞ്ഞ എണ്ണം വാഹനങ്ങള്‍ മാത്രമേ വൈദ്യുതി ബോര്‍ഡ് സ്വന്തമായി വാങ്ങുന്നുള്ളൂ. ലൈന്‍മെയ്ന്റനന്‍സ് പോലുള്ള തന്ത്രപരമായി പ്രാധാന്യമുള്ള ഫീല്‍ഡ് ഓഫീസുകളില്‍ ഒഴിച്ച് മറ്റുള്ള ആവശ്യങ്ങള്‍ക്കൊന്നും സ്വന്തം വാഹനം ഉപയോഗിക്കുന്നില്ല. സ്വന്തമായി വാഹനം വാങ്ങുന്നതും അറ്റകുറ്റപ്പണികളും ഡ്രൈവര്‍ അടക്കമുള്ള ചെലവുകളുമൊക്കെ വഹിച്ച് നടത്തിക്കൊണ്ടുപോകുന്നതും സ്ഥാപനത്തിന് വലിയ നഷ്ടം ഉണ്ടാക്കുന്നുവെന്ന അനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സ്ഥാപനം എത്തിയത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് ബോര്‍ഡിന്റെ മുഴുവന്‍ ഓഫീസുകളിലും സ്വന്തമായി വൈദ്യുതി വാഹ്നങ്ങള്‍ വങ്ങുന്നതിന് തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ വാഹനത്തിന് വാടക ഇനത്തില്‍ നല്‍കുന്നതിന് സമാനമായ തുക ഇ.എം.ഐ. ആയി നല്‍കിയാല്‍ വൈദ്യുതി വാഹനം സ്വന്തമാകും എന്ന നിലയില്‍ ഒരു നോട്ട് തയ്യാറാക്കിയാണ് വാഹനം വാങ്ങുന്നതിനുള്ള തീരുമാനമുണ്ടായതെന്ന് മനസ്സിലാക്കുന്നു. എന്നാല്‍ വാഹനത്തിന്റെ ചാര്‍ജിംഗ് ചെലവുകള്‍, അറ്റകുറ്റപ്പണികളുടെ ചെലവുകള്‍, ഡ്രൈവറുടെ ചെലവുകള്‍ തുടങ്ങിയ കാര്യങ്ങളൊന്നും പരിശോധനക്കുപോലും വിധേയമാക്കിയതായി ഇതു സംബന്ധിച്ച ഉത്തരവില്‍ കാണുന്നില്ല. റോഡ് ടാക്സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ ചെലവുകളും ഉണ്ട്. സെക്ഷന്‍ ഓഫീസുകളില്‍ 15000 രൂപ മാത്രം അധികച്ചെലവില്‍ 24 മണിക്കൂറും വാഹനസൗകര്യം ലഭിക്കുന്നുണ്ട് എന്നതും കണക്കിലെടുത്തിട്ടില്ല. വൈദ്യുതി വാഹനത്തിന്റെ ബാറ്ററിയുടെ ഗ്യാരണ്ടി കാലാവധി 5 വര്‍ഷത്തോളമാണ്. അഞ്ചുവര്‍ഷ ഇ.എം.ഐ.യില്‍ വാഹനം സ്വന്തമാകുമ്പോഴേക്കും ബാറ്ററി അടക്കമുള്ളവ പൂര്‍ണ്ണതോതില്‍ മാറ്റേണ്ട സ്ഥിതിയും ഉണ്ടാകും. വൈദ്യുതി വാഹന മേഖല വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒറ്റയടിക്ക് ഇത്രയേറെ വാഹനങ്ങള്‍ വാങ്ങുന്നത് മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതില്‍ നിന്നും സ്ഥാപനത്തെ തടഞ്ഞു നിര്‍ത്തുന്നതാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. വൈദ്യുതിവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കെ.എസ്.ഇ.ബിക്ക് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ സ്ഥാപനത്തിന്റെ സാമ്പത്തികച്ചെലവുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്ന നിലയില്‍ തീരുമാനങ്ങള്‍ ഉണ്ടാകുന്നത് ഗുണകരമല്ല. നിലവിലുള്ള വാടക വാഹനങ്ങളുടെ കാലാവധി കഴിയുന്ന മുറക്ക് വാടകവാഹനങ്ങള്‍ വൈദ്യുതി വാഹനങ്ങളായിരിക്കണം എന്ന നിലയില്‍ നിബന്ധനകള്‍ വെച്ചുകൊണ്ടും വൈദ്യുതി വാഹനം പ്രോത്സാഹിപ്പിക്കാവുന്നതാണ്. സര്‍ക്കാരോ സര്‍ക്കാര്‍ സ്ഥാപനങ്ങളൊ സ്വന്തമായി വാഹനങ്ങള്‍ വാങ്ങേണ്ടതില്ല എന്നാണ് സംസ്ഥാനബഡജറ്റില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ, യാതൊരു വിധ സാമ്പത്തിക പരിശോധനകളുമില്ലാതെതാണ് ധൃതിപിടിച്ച് വൈദ്യുതി വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ പുന:പരിശോധന ഉണ്ടാകേണ്ടതുണ്ട്.
  2. വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാര്‍ക്കും യൂണിഫോം എന്ന നിലയില്‍ ടീഷര്‍ട്ട്, ചുരിദാര്‍, സാരി തുടങ്ങി വിവിധ വസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്നതിന് എടുത്തിട്ടുള്ള തീരുമാനവും ബോര്‍ഡിന് അനാവശ്യ ചെലവുണ്ടാക്കുന്ന ഒന്നാണ്. യൂണിഫോമായി ഇത്തരം വസ്ത്രങ്ങള്‍ വാങ്ങുന്നുവെന്നാണ് ആദ്യ ഉത്തരവില്‍ കാണുന്നതെങ്കിലും പിന്നീട് ഇത് തിരുത്തി യൂണിഫോം ആവശ്യത്തിനല്ല എന്ന് തീരുമാനിച്ചതായി കാണുന്നു. എന്നാല്‍ ഇത്തരത്തില്‍ നാലരക്കോടി രൂപയോളം ചെലവ് ചെയ്തുകൊണ്ട് ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇത്തരത്തില്‍ വസ്ത്രങ്ങള്‍ വാങ്ങിക്കൊടുക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. പൊതുവായ സാമ്പത്തിക ഞെരുക്കം നിലനില്‍ക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇത്തമൊരു തീരുമാനം സാധാരണ ജനങ്ങളില്‍ വലിയ അവമതിപ്പിന് കാരണമാകും മാത്രവുമല്ല ഇത്തരത്തില്‍ ഒരു സാമ്പത്തികച്ചെലവ് തീരുമാനിച്ചതിന്റെ ഉദ്ദേശ്യം വ്യക്തവുമല്ല. ഈ തീരുമാനത്തിലും തിരുത്തല്‍ ഉണ്ടാകേണ്ടതുണ്ട്.
  3. വൈദ്യുതി ബോര്‍ഡിലെ ഐ.ടി. സേവനങ്ങള്‍ പൂര്‍ണ്ണമായും സ്വതന്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പാക്കിവരുന്നതാണ്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്ഥമായി TASSTA അടിസ്ഥാനത്തില്‍ വിവരവിനിമയത്തിനുള്ള ഒരു തീരുമാനം ബോര്‍ഡ് തലത്തില്‍ ഉണ്ടായിട്ടുള്ളതായി മനസ്സിലാക്കുന്നു. തികച്ചും പ്രൊപ്രൈറ്ററി സ്വഭാവമുള്ള ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥാപനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആലോചനകള്‍ ഉണ്ടായതായി മനസ്സിലാക്കുന്നില്ല. TASSTA യുടെ ഒരുപകരണത്തിന് രണ്ടു ദിശയിലും കമ്മ്യൂണിക്കേഷന്‍ സാദ്ധ്യമാകുന്ന ബേസ് മോഡലിന് ഏകദേശം 14000-15000രൂപയോളം ചെലവ് വരുമെന്നാണ് മനസ്സിലാക്കുന്നത്. നിലവിലുള്ള സി.യു.ജി ഫോണ്‍ ഉപയോഗിച്ച് ഇതേ സംവിധാനം നടപ്പാക്കുന്നതിന് കഴിയുമെങ്കിലും അതിന് പാരസൈറ്റിക്ക് രീതിയില്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നതിന് വരുന്ന ചെലവുകള്‍, ലൈസന്‍സ് ഫീസ് തുടങ്ങിയ കാര്യങ്ങള്‍ക്ക് വരുന്ന ചെലവുകള്‍ വ്യക്തമല്ല. മാത്രമല്ല ജി.എസ്.എം. നെറ്റ്‌വര്‍ക്ക് ലഭ്യമല്ലാത്ത മേഖലകളിലെ റിപ്പീറ്റര്‍ സംവിധാനത്തിനും മറ്റും എത്രത്തോളം ചെലവുവരും എന്നതും വ്യക്തമല്ല. നിലവില്‍ ഇത്തരം മേഖലകളില്‍ സറ്റലൈറ്റ് ഫോണ്‍ സംവിധാനം ഉപയോഗിച്ചുവരുന്നത് ആവശ്യമെങ്കില്‍ വ്യാപിപ്പിക്കാനും കഴിയുന്നതാണ്. എന്നാല്‍ അതിനുപകരം ആവര്‍ത്തനച്ചെലവുകള്‍ വലിയ തോതില്‍ വര്‍ദ്ധിപ്പിക്കുന്ന തീരുമാനങ്ങളിലേക്കാണ് സ്ഥാപനം പോകുന്നത്. മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ സ്ഥാപനത്തിലെ വ്യവസ്ഥാപിത സംവിധാനങ്ങളെയെല്ലാം ബൈപ്പാസ് ചെയ്യുന്നതായാണ് മനസ്സിലാകുന്നത്. മൊബൈല്‍ സാങ്കേതികവിദ്യ വലിയ തോതില്‍ വികസിച്ചു വന്നിട്ടുള്ള ഇന്നത്തെ സാഹചര്യത്തില്‍ സ്വതന്ത്ര സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ വികസിപ്പിക്കാവുന്ന കാര്യങ്ങള്‍ മാത്രമേ TASSTA മുഖാന്തിരവും ലഭ്യമാകുകയുള്ളൂ എന്നാണ് മനസ്സിലാകുന്നത്. ഇത്തരം സാങ്കേതിക സംവിധാനങ്ങള്‍ ലഭ്യമാക്കുന്ന നിരവധി കമ്പനികള്‍ രാജ്യത്ത് നിലവിലുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തില്‍ ഇത്തരം സംവിധാനങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന കമ്പനികളും ഉണ്ട്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെ ധൃതിപിടിച്ചും രഹസ്യമായും TASSTA നടപ്പാക്കാനുള്ള തീരുമാനം തിരുത്താനും ഇക്കാര്യങ്ങളില്‍ സുതാര്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും താല്‍പര്യപ്പെടുന്നു.
  4. ഇ-ഓഫീസ് സംവിധാനം വികസിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും ഇതിനകം തന്നെ ബോര്‍ഡിന്റെ ഐ.ടി. വിഭാഗം ഫലപ്രദമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. പൈലറ്റ് അടിസ്ഥാനത്തില്‍ ഈ സംവിധാനം നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. എന്നാല്‍ ഇതിനുപകരം പ്രൊപ്രൈറ്ററി അടിസ്ഥാനത്തിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഇക്കാര്യത്തിന് നടപ്പാക്കുന്നതിനുള്ള ചില ഇടപെടലുകള്‍ ഉണ്ടാകുന്നതായി മനസ്സിലാക്കുന്നു. ഇത്തരം നടപടി ഉണ്ടാകുകയില്ല എന്നുതന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാലും ഇക്കാര്യത്തിലുള്ള ആശങ്ക പങ്കുവെക്കുന്നു.
  5. വൈദ്യുതി ബോര്‍ഡിന്റെ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പുറംകരാര്‍ നല്‍കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ നടക്കുന്നതായും മനസ്സിലാക്കുന്നു. നിലവില്‍ വൈദ്യുതി ബോര്‍ഡിന്റെ പൊതുസമ്പര്‍ക്ക പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായിത്തന്നെ മുന്നോട്ടുപോകുന്നുണ്ട്. കെ.എസ്.ഇ.ബിയിലെ പി.ആര്‍. വിഭാഗത്തില്‍ ജോലിചെയ്തുവരുന്ന മനോജ്, സുഭാഷ് എന്നിവര്‍ ഈ രംഗത്ത് ദേശീയ സംസ്ഥാന അംഗീകാരങ്ങള്‍ നേടിയവരാണെന്നതും കണക്കിലെടുക്കേണ്ടതുണ്ട്. മാത്രമല്ല പ്രത്യേക സന്ദര്‍ഭങ്ങളില്‍ ക്രിയേറ്റീവ് ആവശ്യങ്ങള്‍ക്ക് അതിന് അനുയോജ്യമായ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു വരുന്നുണ്ട്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്ഥമായി പി.ആര്‍ പ്രവര്‍ത്തനങ്ങളാകെ പുറംകരാര്‍ നല്‍കുന്നതിനുള്ള നീക്കം നടക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഇക്കാര്യത്തിലും ഏതെങ്കിലും തരത്തിലുള്ള കൂടിയാലോചനകളോ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലുള്ള നിര്‍ദ്ദേശങ്ങളോ ഉണ്ടായിട്ടില്ല എന്നും തികച്ചും ഏകപക്ഷീയമായി ബോര്‍ഡ് തലത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മനസ്സിലാക്കുന്നു. ഇക്കാര്യത്തിലും അടിയന്തിരമായി തിരുത്തലുണ്ടാകേണ്ടതുണ്ട്.
  6. വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ ഡയറി അച്ചടിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതായും മനസ്സിലാക്കുന്നു. ഡിജിറ്റല്‍ കലണ്ടറുകളും മറ്റും വ്യാപകമായി വരുന്ന സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ഒഴിവാക്കപ്പെട്ട ഡയറി അച്ചടിയിലേക്ക് ബോര്‍ഡ് വീണ്ടും തിരിച്ചുപോകുന്നതിന്റെ സാംഗത്യം മനസ്സിലാകുന്നില്ല. അനാവശ്യമായ ഇത്തരം ചെലവുകള്‍ നടത്താന്‍ കഴിയുന്ന സാഹചര്യമല്ല നിലവിലിലുള്ളത്. ഈ സാഹചര്യത്തില്‍ സ്വന്തമായി ഡയറി അച്ചടിക്കാനുള്ള തീരുമാനം പിന്‍വലിക്കാനും ബോര്‍ഡ് മാനേജ്മെന്റ് തയ്യാറാകേണ്ടതുണ്ട്.
  7. വൈദ്യുതി ഭവന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മോടി കൂട്ടുന്നതിനും കണ്‍സള്‍ട്ടന്‍സിക്ക് പുറംകരാര്‍ നല്‍കുന്നതിന് ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചതായി കാണുന്നു. എന്നാല്‍ ഇത്തരം വിവിധ സ്ഥാപനങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിവരുന്ന ഒരു സ്ഥാപനമാണ് വൈദ്യുതി ബോര്‍ഡ്. ബോര്‍ഡിന്റെ സ്പിന്‍ എന്ന വിഭാഗം ഇക്കാര്യങ്ങള്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചുപോരുന്നുണ്ട്. വൈദ്യുതിഭവന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെ.എസ്.ഇ.ബി.യിലെ സിവില്‍ വിഭാഗം തന്നെ തീര്‍ത്തും പര്യാപ്തമായിരിക്കേ സ്ഥാപനത്തിലെ ജീവനക്കാരെ വിശ്വാസത്തിലെടുക്കാതെ പുറംകരാറിന് പോകുന്നത് അംഗീകരിക്കാവുന്നതല്ല.