ഇടമണ്‍ – കൊച്ചി 400കെ.വി. പവർഹൈവേ എന്ന സ്വപ്നം യാഥാര്ത്ഥ്യമായി

411

കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ വിഹിതം എത്തിക്കുന്നതിനുള്ള കൂടംകുളം – ഇടമണ്‍-കൊച്ചി-തൃശ്ശൂര്‍ 400 കെ.വി. പ്രസരണ ലൈനിന്റെ നിര്‍മ്മാണം കേന്ദ്ര പൊതുമേഖലാസ്ഥാപനമായ പി.ജി.സി.ഐ.എല്ലിന്റെ ആഭിമുഖ്യത്തില്‍ 2005ലാണ് ആരംഭിച്ചത്. എന്നാല്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ മൂലം ഇടമണ്‍-കൊച്ചി ഭാഗത്ത് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയും 2012ല്‍ പദ്ധതി ഉപേക്ഷിക്കപ്പെടുകയുമായിരുന്നു. സര്‍ക്കാരിന്റെ ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളുടെ ഭാഗമായി 2017ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും 2019 സെപ്റ്റംബറില്‍ പദ്ധതി പൂര്‍ത്തിയാക്കുകയും ചെയ്തു. പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചും, തടസ്സങ്ങളില്‍ നേരിട്ടിടപ്പെട്ടും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളാണ് പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സഹായകമായത്. 1300 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച 148.3 കി.മീ ദൈര്‍ഘ്യമുള്ള പ്രസ്തുത ലൈന്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം , എറണാകുളം എന്നീ ജില്ലകളില്‍ കൂടി കടന്നുപോകുന്നുണ്ട്. ലൈന്‍ നിര്‍മ്മാണം മൂലം നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യപിച്ച ഉയര്‍ന്ന തോതിലുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് പൂര്‍ത്തിയായി വരുന്നു. ഇതിലേയ്ക്കായി സംസ്ഥാന സര്‍ക്കരും കെ.എസ്.ഇ.ബി ലിമിറ്റഡും കൂടി 256 കോടി രൂപയാണ് നീക്കി വച്ചിട്ടുള്ളത്.
ഇടമണ്‍ – കൊച്ചി പവ്വര്‍ ഹൈവേ യാഥാര്‍ത്ഥ്യമായതോടുകൂടി കൂടംകുളം ആണവ നിലയത്തില്‍ നിന്നുള്ള കേരള വിഹിതമായ 266MW വൈദ്യുതി കേരളത്തിലെത്തുമ്പോള്‍ പ്രസരണ നഷ്ടത്തില്‍ ഏകദേശം 20MW(പ്രതിവര്‍ഷം 102 ദശലക്ഷം യൂണിറ്റ്)കുറവുണ്ടാകും. സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതിശേഷിയില്‍ 800മെഗാവാട്ടിന്റെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.