2018 നവമ്പര്‍ 11 , 12 – സംസ്ഥാന പഠന ക്യാമ്പ്

167

സംഘടന, വൈദ്യുതി മേഖല, തൊഴിലാളി പ്രക്ഷോഭങ്ങളും ഉത്തരവാദിത്തങ്ങളും, സ്ത്രീ സമത്വം, ഫാസിസത്തിന്റെ രാഷ്ട്രീയം തുടങ്ങി സമഗ്രമായ ഒരു പഠന ക്യാമ്പിനാണ് നവമ്പര്‍ 11 , 12 തീയതികളില്‍ ഷൊര്‍ണൂര്‍ ഇന്‍സ്ഡസ് ആതിഥ്യമരുളിയത്. പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ പ്രാധാന്യം കൊണ്ടും മികച്ച അവതരണം കൊണ്ടും ശ്രദ്ധേയമായ ക്യാമ്പായിരുന്നു ഇന്‍സ്‌ഡസിലേത്. സമകാലീന രാഷ്ട്രീയത്തെ ചര്‍ച്ചകളിലൂടെ കൃത്യമായി അപഗ്രഥിക്കുന്നതിനും ഒപ്പം സംഘടന എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഓരോരുത്തരും ഏറ്റെടുക്കേണ്ട ചുമതലകളും വെല്ലുവിളികളും ചര്‍ച്ച ചെയ്യപ്പെടുന്നതിനും പഠന ക്യാമ്പ് വേദിയായി.
നവമ്പര്‍ 11ന് സിഐറ്റിയു ജനറൽ സെക്രട്ടറി എളമരം കരീം എം.പി യുടെ പഠന ക്ലാസ്സിലൂടെയാണ് ക്യാമ്പിനു തുടക്കമായത്.ട്രേഡ് യൂണിയന്റെ ചരിത്ര പാഠങ്ങളിലൂടെ പുതിയ കാലഘട്ടത്തില്‍ നാം ഏറ്റെടുക്കേണ്ട പ്രക്ഷോഭ പ്രവര്‍ത്തനങ്ങളും ഉത്തരവാദിത്തങ്ങളും അദ്ദേഹം പങ്കുവെച്ചു. ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി.വി.ലതീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ജെ.സത്യരാജന്‍ അധ്യക്ഷത വഹിച്ചു. പിന്നീടുള്ള എല്ലാ ക്ലാസ്സുകളും അവതരണത്തിന്റെ സമഗ്രതകൊണ്ടും സജീവ ചര്‍ച്ചകള്‍ കൊണ്ടും സംഘടനാംഗങ്ങള്‍ക്കെല്ലാം തന്നെ ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. വൈദ്യുതി മേഖലയും വൈദ്യുതി നിയമ ഭേദഗതിയും എന്ന വിഷയത്തില്‍ ബി.പ്രദീപ് നിയമ ഭേദഗതിയിലെ ചതിക്കുഴികളെ കുറിച്ചും സാധാരണക്കാരെ കൊള്ളയടിക്കുന്നതിനായുള്ള കോര്‍പറേറ്റ് അജണ്ടകളെ കുറിച്ചും അറിവു പകര്‍ന്നു നല്‍കി. തുടര്‍ന്ന് എം.ജി സുരേഷ് കുമാര്‍ സംഘടന എന്ന വിഷയത്തില്‍ നടത്തിയ ക്ലാസ് പുതിയ പ്രവര്‍ത്തകരെ കൂടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ലക്ഷ്യങ്ങളെ കുറിച്ചും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇതിനായി സ്വീകരിച്ച നിലപാടുകളെ കുറിച്ചും ബോധ്യപ്പെടുത്തുന്നതും ചിട്ടയായ സംഘടനാപ്രവര്‍ത്തനത്തിന് ഊര്‍ജ്ജം നല്‍കുന്നതുമായി. വൈകുന്നേരം കരിയര്‍ സ്റ്റാഗ്നേഷന് പരിഹാരം തേടിയുള്ള ടൈംസ്കെയില്‍ പ്രൊമോഷനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ബി.ഹരികുമാര്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് അവതരിപ്പിച്ച അഞ്ച് നിര്‍ദ്ദേശങ്ങളിന്‍ മേല്‍ ചര്‍ച്ച നടന്നു. വൈദ്യുതി ബോര്‍ഡിലെ എല്ലാ ഓഫീസര്‍ വിഭാഗങ്ങള്‍ക്കും ബാധകമാകുന്ന വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് നടന്ന ചര്‍ച്ചകള്‍ ഏറെ വൈകിയാണ് അവസാനിച്ചത്.
രണ്ടാം ദിവസം രാവിലെ ഫാസിസവും ആനുകാലിക രാഷ്ട്രീയവും എന്ന വിഷയത്തെ അധികരിച്ച് പി.കെ പ്രേംനാഥ് പ്രഭാഷണം നടത്തി. കേരളത്തിലും ഇന്ത്യയൊട്ടാകെയും നടന്നു കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വഴി സാധാരണക്കാരന്റെ പ്രശ്നങ്ങളെ മുഖ്യധാരാ ചര്‍ച്ചകളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന കാലഘട്ടത്തില്‍ കൂടി കടന്നു പോകുമ്പോള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകത മനോഹരമായ വാക്കുകളിലൂടെ മനസ്സുകളിലേക്കേത്തിച്ചു നല്‍കി. തുടര്‍ന്ന് പ്രക്ഷോഭങ്ങളിലെ സ്ത്രീ സമത്വം എന്ന വിഷയത്തില്‍ കെ.എസ്.ടി.എ നേതാവ് കെ അജില പൊതു രംഗത്ത് സ്ത്രീകളുടെ ശക്തമായ സാന്നിധ്യത്തേയും നിലനിൽപിനായി നടത്തിയ പോരാട്ടങ്ങളൂടെയും ചിത്രങ്ങള്‍ മുന്നിലേക്കെത്തിച്ചു. വീട്ടിലും, ജോലി സ്ഥലത്തും, സംഘടനാ രംഗത്തും സമ നീതിയുടേയും തുല്യതയുടേയും കാഴ്ചപ്പാടില്‍ വരേണ്ട മാറ്റത്തെ കുറിച്ച് പൊതു ചര്‍ച്ചാ സമയത്ത് ഉയര്‍ത്തിയ ആശയം പലരേയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു.
ഉച്ച ഭക്ഷണത്തിനു ശേഷം ടൈംസ്കെയില്‍ പ്രൊമോഷന്‍ സംബന്ധിച്ച് നടത്തിയ പ്രസന്റേഷനെ അധികരിച്ച് നടന്ന ഗ്രൂപ്പ് ചര്‍ച്ചയുടെ ക്രോഡികരണം നടന്നു. ക്യാമ്പ് ഡയറക്ടര്‍ ജയപ്രകാശന്‍ പി യുടെ നന്ദി പ്രകാശന ചടങ്ങോടു കൂടി പഠനക്യാമ്പിന് തിരശ്ശീല വീണു.