രാമനാട്ടുകര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് കെട്ടിടം – ശിലാസ്ഥാപനം നടത്തി

293

രാമനാട്ടുകര ഇലക്ട്രിക്കൽ സെക്ഷനോഫീസിന് പുതിയ കെട്ടിടം ശിലാസ്ഥാപനം 2019 നവംബർ 22 ന് വൈകുന്നേരം 4 മണിക്ക് വൻ ജനാവലിയെ സാക്ഷിയാക്കി ബേപ്പൂർ നിയോജക മണ്ഡലം എം എൽ എ സഖാവ് വി.കെ സി.മമ്മദ്കോയ നിർവ്വഹിച്ചു. രാമനാട്ടുകര, ഫറോക്ക് മുൻസിപ്പാലിറ്റികളിലെയും, ചേലേമ്പ്ര, വാഴയൂർ, ചെറുകാവ്, പള്ളിക്കൽ മുതലായ ഗ്രാമപഞ്ചായത്തുകളിലെയും ഇരുപത്തിയെട്ടായിരത്തിലധികം ഉപഭോക്താക്കളുടെയും വൈദ്യുതവകുപ്പ് ജീവനക്കാരുടെയും ചിരകാലാഭിലാഷമായ സൗകര്യപ്രദമായ ഇലക്ട്രിക്കൽ സെക്ഷനോഫീസ് കെട്ടിടം 2020 മാർച്ചോടെ പണിപൂർത്തിയാക്കാനാണ് കെഎസ്ഇബി തീരുമാനമെടുത്തിട്ടുള്ളത്. നിലവിൽ കഴിഞ്ഞ വർഷം പുതുക്കി നിർമ്മിച്ച 33കെവി സബ്സ്റ്റേഷൻ കെട്ടിടം ആസൂത്രണം ചെയ്യുമ്പോൾ തന്നെ ഏകദേശം 13 സെന്റ് സ്ഥലം സെക്ഷനോഫീസ് കെട്ടിടത്തിനായി മാറ്റിവച്ചു, 68 ലക്ഷം രൂപ അടങ്കലിൽ 2300 ചതുരശ്രഅടിയിലുള്ള ഇരുനില കെട്ടിടമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇടതുപക്ഷ സർക്കാരിന്റെ പിന്തുണയിൽ ദീർഘദൃഷ്ട്ടിയോടെയുള്ള നടപടി കെ എസ് ഇ ബിക്ക് സേവനങ്ങള്‍ക്കും ഉപഭോക്താക്കൾക്ക് എത്തിച്ചേരുന്നതിനും സൗകര്യപ്രദവുമാകും.

എം എൽ എ യെയും മറ്റ് വിശിഷ്ടാതിഥികളെയും രാമനാട്ടുകര കെടിഡിസിക്ക് സമീപത്ത് നിന്നും സ്വീകരിച്ച് ആനയിച്ച് സബ് സ്റ്റേഷനു സമീപം മാതൃഭൂമിയങ്കണത്ത് ആരംഭിച്ചചടങ്ങുകൾക്ക് ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ടെൻസൻ എം.എ. (ചീഫ് എഞ്ചിനീയർ ഡിസ്‌ട്രിബ്യൂഷൻ നോർത്ത് ) സ്വാഗതം പറഞ്ഞ് ആരംഭിച്ച ചടങ്ങിൽ ബോസ് ജേക്കബ്ബ് (ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കോഴിക്കോട്) റിപ്പോർട്ട് അവതരിപ്പിച്ചു. ബേപ്പൂർ നിയോജക മണ്ഡലം എം.എൽ.എ വി കെ സി മമ്മദ്കോയ ശിലാസ്ഥാപനം നടത്തി. കമറുലൈല ചെയർപേഴ്സൺ ഫറോക്ക് മുൻസിപ്പാലിറ്റി, രാജേഷ്.സി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചേലേമ്പ്ര, വിമല പാറക്കണ്ടത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാഴയൂർ, ഷെജിനി വി.പി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറുകാവ്, പറമ്പൻ മിഥുന ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പള്ളിക്കൽ എന്നിവരും മറ്റ് കെ എസ് ഇ ബി ഉന്നതോദ്യോഗസ്ഥരും ചടങ്ങിന് സാനിദ്ധ്യം വഹിച്ചു..

രാമനാട്ടുകര മുൻസിപ്പാലിറ്റി കൗൺസിലർമാരായ ബുഷ്‌റ റഫീക്ക്, വിനീത കെ.എം എന്നിവരും സി.പി.ഐ.എമ്മിനു വേണ്ടി എ.കെ.ഗീത, വിവിധ കക്ഷിരാഷ്ടീയ പാർട്ടികളുടെയും വ്യാപാരി വ്യവസായി മറ്റിതര സംഘടനകളുടെയും പ്രതിനിധികൾ എന്നിവരും ആശംസയർപ്പിച്ചു. രവി, ശ്രീവിജയ എന്നിവർ വളരെ ആകർഷണീയമായി സ്റ്റേജ്പരിപാടികൾ അവതരിപ്പിച്ചു. കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി രജനി നന്ദി അറിയിച്ചു.