കഭീ കഭീ മേരെ ദിൽ മേം

200

1980കളിൽ ദൂരദർശൻ സംപ്രേഷണം ആരംഭിക്കുന്നതിനു മുൻപ് ഒട്ടുമിക്ക വീടുകളിലും വാർത്തകളും സിനിമാ ഗാനങ്ങളും കേൾക്കാനുള്ള ഏക ആശ്രയം റേഡിയോ ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. വിവിധ്‌ ഭാരതിയുടെ ഹിന്ദി റിലേയിൽ വൈകുന്നേരങ്ങളിൽ കിഷോർ കുമാറിന്റേയും മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്കറിന്റേയും ഗാനങ്ങൾ പതിവാണ്. ഹിന്ദി ഗാനങ്ങളുടെ അർത്ഥം അറിയാൻ അന്ന് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിൽ കൂടി ലതാജിയുടെ മാസ്മരിക ശബ്ദം അത്രമേൽ ആത്മാവിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു. അക്കാലത്ത് വളരെയേറെ പ്രശസ്തിയാർജിച്ച “ആപ് കീ നസറോം നേ സംജാ” എന്ന ഗാനത്തിന് ഇപ്പോഴും പ്രണയികളുടെ ഹൃദയം കവർന്നെടുക്കാൻ മാത്രമുള്ള മാന്ത്രികതയുണ്ട്.
1948ലെ “മേരാ ദിൽ തോഡാ” എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായിക എന്ന നിലയിൽ പ്രശസ്തയാക്കിയത്. കാലദേശ ഭേദമന്യേ അനേകം സംഗീതപ്രേമികളുടെ ഹൃദയം കവർന്ന പാട്ടുകളാണ് പിന്നീടങ്ങോട്ട് ഉണ്ടായത് “ലഗ് ജാ ഗലേ”, “നൈനാ ബർസേ രിംജിം” (1964), തും ഹീ മേരി മന്ദിർ തും ഹി മേരി പൂജാ (1965), തേരി ആഖോം കെസി വാ (1969) തുടങ്ങിയവ നിത്യഹരിത ഗാനങ്ങളായി അനുവാചക ഹൃദയങ്ങളിൽ കുടികൊള്ളുന്ന പാട്ടുകളിൽ ചിലതു മാത്രം.
എഴുപതുകളിൽ ആസ്വാദക ഹൃദയങ്ങളിൽ കുളിർമഴയായി പെയ്തിറങ്ങിയ ഗാനങ്ങൾ നിരവധിയാണ്. ആജാരെ (1971), ഭൂൽ ഗയ സബ് കുച്ച് (1975), അവിസ്മരണീയമായ പ്രണയ യുഗ്മ ഗാനം ‘‘തേരേ ബിനാ സിന്ദഗി സേ കോയി’’ ഹൃദയത്തിലെങ്കിലും മൂളിപ്പാട്ടായി പാടത്തവരുണ്ടാകുമോ എന്ന് സംശയമാണ്. അതേ വർഷം തന്നെ പാടിയ “ചൽ തേ ചൽ തേ” മെഹബൂബയിലെ “മേരേ നൈന സാവന ഭാതോം”, ‘‘കഭീ കഭീ മേരെ ദിൽ മേം’’ (1976), “സത്യം ശിവം സുന്ദരം” (1978) തുടങ്ങി പ്രണയവും വിഷാദവും ആനന്ദവും വിരഹവും ഭക്തിയുമായി എത്ര തീവ്രമായ അനുഭവങ്ങളാണ് തന്റെ ഓരോ പാട്ടിലൂടെയും ആ മാസ്മരിക ശബ്ദസൗകുമാര്യം നമുക്ക് സമ്മാനിച്ചിട്ടുള്ളത്.
1993ൽ പുറത്തിറങ്ങിയ രുദാലിയിലെ ഭൂപൻ ഹസാരിക സംഗീത സംവിധാനം നിർവഹിച്ച “ദിൽ ഹൂം ഹൂം കരേ ഖബരായേ” (എന്റെ ഹൃദയം വിറയ്ക്കുകയാണ്; ഭയം കൊണ്ടു മൂടുകയാണ്) എന്ന ഗാനം പ്രിയപ്പെട്ടവരുടെ മരണത്തിൽ പരസ്യ ദുഃഖം പ്രകടിപ്പിക്കാൻ അധികാരമില്ലാത്ത ആ ഗ്രാമത്തിലെ പുരുഷൻമാർക്കുവേണ്ടി വിലപിക്കുന്ന രുദാലിയായ ശനിചാരിയുടെ പ്രണയവും ദുഃഖവുമെല്ലാം സമ്മേളിക്കുന്ന അതി മനോഹരഗാനം ലതാജിയുടെ ഭാവസാന്ദ്രമായ ശബ്ദത്തിലൂടെയാണ് പിറവിയെടുത്തത്. ദുരിതപ്പെയ്ത്തിൽ കരയാനാകാതെ മരിച്ച മനസ്സുമായി ജീവിക്കുന്ന നായിക, താക്കൂറിന്റെ ഹവേലിയിൽ ഇരുന്നു പാടുന്ന രംഗത്തിൽ നായികയുടെ പ്രണയവും ഭയവും ദുഖവും എല്ലാം കലർന്ന ഈ ഗാനം ഇത്ര വൈകാരികമായി മറ്റാർക്കാണ് പാടാൻ കഴിയുക.
ആറു പതിറ്റാണ്ടുകൾക്കപ്പുറം നീണ്ട സംഗീത സപര്യയായിരുന്നു ലതാജിയുടേത്. നർഗീസ് ദത്ത്, വഹീദാ റഹ്മാൻ, ഷർമ്മിള ടാഗോർ, നൂതൻ തുടങ്ങി മാധുരി ദീക്ഷിത്, കാജോൽ വരെ രണ്ടായിരാമാണ്ടുവരെ നീണ്ട കാലയളവിലെ നായികമാരുടെ ചുണ്ടനക്കങ്ങളിലൂടെ ആ ശബ്ദ സൗകുമാര്യം നാം ആവോളം ആസ്വദിച്ചു. അക്കാലത്തെ നായികമാർ ലതാജിയുടെ പാട്ടിന്റെ ചുണ്ടനക്കങ്ങൾ ആകാൻ ആഗ്രഹിച്ചിരുന്നുവെന്നതാണ് സത്യം. സിനമയെക്കാൾ നമ്മൾ ഹൃദയത്തിലേറ്റിയത് ആ ഗാനങ്ങളെയാണല്ലോ.
വിവിധ ഭാഷകളിലായി മുപ്പത്താറായിരത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആർ.ഡി. ബർമ്മൻ, ലക്ഷ്മീകാന്ത് പ്യാരേലാൽ, ഭൂപൻ ഹസാരിക തുടങ്ങി പുകൾപ്പെറ്റ ഒട്ടുമിക്ക സംഗീത സംവിധായകരുടേയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കാല ദേശങ്ങൾ താണ്ടി അനർഗളമായൊഴുകുന്ന നദി പോലെ എത്രയെത്ര മനോഹര ഗാനങ്ങൾ തലമുറകൾക്കായി സമ്മാനിച്ചാണ് വാനമ്പാടി വിണ്ണിലേക്ക് പറന്നു പോയത്!