മാർച്ച്‌ 8 സാർവ്വദേശീയ വനിതാ ദിനം

328

വീണ്ടും ഒരു വനിതാദിനം കൂടി വന്നെത്തുന്നു. ഒന്നര നൂറ്റാണ്ട്‌ മുമ്പ്‌ മെച്ചപ്പെട്ട കൂലിക്കും ക്ലിപ്‌തമായ ജോലിസമയത്തിനും വേണ്ടി സ്‌ത്രീത്തൊഴിലാളികൾ നടത്തിയ ഐതിഹാസിക അവകാശസമരത്തിന്റെ അനുസ്‌മരണം. അന്നത്തെ സാഹചര്യങ്ങളിൽനിന്നും മുന്നോട്ടുപോയി എന്ന്‌ കാണുമ്പോഴും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുള്ള ബോധ്യപ്പെടുത്തലുമായാണ്‌ നൂറ്റാണ്ടിനിപ്പുറം ഈ ദിനം കടന്നുവരുന്നത്‌.
Break the Bias എന്ന മുദ്രാവാക്യമാണ്‌ ഈ വർഷത്തെ വനിതാദിനം മുന്നോട്ടുവയ്‌ക്കുന്നത്‌. സമത്വമെന്ന ആശയം അർത്ഥതലത്തിൽ എത്തിക്കുന്നതിന്‌ പക്ഷപാത രഹിതമായ വാർപ്പ്‌ മാതൃകാ സങ്കൽപ്പങ്ങൾക്കതീതമായ വിവേചനങ്ങളില്ലാത്ത ലോകത്തിനായുള്ള ശ്രമങ്ങൾ തുടരേണ്ടതുണ്ട്‌. വൈവിധ്യങ്ങൾക്കപ്പുറം എല്ലാവരെയും തുല്യമായി ഉൾക്കൊള്ളുന്നതിനും വ്യത്യസ്‌തതകളെ വിലമതിക്കുന്നതിനും അംഗീകരിക്കുന്നതിനും എല്ലാവരും ഒത്തൊരുമിച്ച്‌ പ്രവർത്തിക്കുന്നതിനുള്ള ഒരു ആഹ്വാനം കൂടിയാണിത്‌.
Break the Biasനായി ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങൾ: * സ്‌ത്രീകൾ കൈവരിക്കുന്ന നേട്ടങ്ങളെ പുറത്തുകൊണ്ടുവരുക, അംഗീകരിക്കുക * വേർതിരിവുകൾ സംബന്ധിച്ച്‌ സ്വയം ബോധ്യപ്പെടുക * തുല്യതയ്‌ക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക * വാർപ്പ്‌ മാതൃകകളുടെ സങ്കൽപ്പത്തെ എതിർക്കുക * ലിംഗസമത്വ ദർശനം വളർത്തുക
* ജൻഡർ സംബന്ധിച്ച മുൻധാരണകളും അനുമാനങ്ങളും പൊളിച്ചടുക്കുക.
കാലാവസ്ഥാ വ്യതിയാനമെന്ന ആഗോള ഭീഷണി മുൻനിർത്തി ഐക്യരാഷ്‌ട്രസഭ ഈ വർഷത്തെ വനിതാദിനത്തിന്‌ Gender equality today for a sustainable tomorrow എന്ന ആശയമാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. സമൂഹത്തിലെ ഏറ്റവും ദരിദ്രരും പ്രകൃതിവിഭവങ്ങളെ കൂടുതൽ ആശ്രയിക്കുന്നവരുമാണ്‌ സ്‌ത്രീകൾ എന്നതുകൊണ്ട്‌ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ സമ്മർദങ്ങളുണ്ടാക്കുന്നത്‌ സ്‌ത്രീകളിലായിരിക്കുമെന്നതുകൊണ്ടാണ്‌ ഈ മുദ്രാവാക്യം പ്രസക്തമാകുന്നത്‌. സുസ്ഥിര വികസനം ഉറപ്പാക്കുന്നതിൽ ഇന്ന്‌ ലോകരാജ്യങ്ങൾക്ക്‌ വെല്ലുവിളി തീർക്കുന്നതിൽ ഒരു പ്രധാന പ്രശ്‌നമാണ്‌ കാലാവസ്ഥാ വ്യതിയാനം. ഐക്യരാഷ്‌ട്രസഭ 2030ഓടെ നേടിയെടുക്കാൻ ഉദ്ദേശിച്ച്‌ മുന്നോട്ടുവച്ചിട്ടുള്ള 17 ഇന ലക്ഷ്യങ്ങളിൽ ലിംഗസമത്വവും കാലാവസ്ഥാ പ്രവർത്തനവും ഉൾപ്പെടുന്നുണ്ട്‌. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കഴിയുന്നത്ര കുറയ്‌ക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിന്‌ സ്‌ത്രീകൾക്കും കുട്ടികൾക്കും നല്ല പങ്കുവഹിക്കാനുമാകും.
ലോകജനതയുടെ പകുതി വരുന്ന സ്‌ത്രീകൾ ഇന്നും എല്ലാ അവസ്ഥയിലും പുരുഷന്മാരേക്കാൾ പിന്നിലാണ്‌. സ്‌ത്രീകളുടെ തുല്യ അവകാശങ്ങളെയും അധികാരങ്ങളെയും അംഗീകരിച്ചുകൊടുക്കാൻ പുരുഷാധിപത്യ സമൂഹം തയ്യാറാകുന്നില്ല എന്നതുകൊണ്ടാണിത്‌. ലിംഗസമത്വം യാഥാർത്ഥ്യമാക്കാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും എന്നാണ്‌ പഠനങ്ങൾ പറയുന്നത്‌. വേൾഡ്‌ ഇക്കണോമി ഫോറം 2021ലെ സർവെ റിപ്പോർട്ട്‌ പ്രകാരം ലിംഗ അസമത്വം കുറവുള്ള രാജ്യങ്ങൾ ഐസ്‌ലൻഡ്‌, ഫിൻലാൻഡ്‌, നോർവെ, സ്വീഡൻ എന്നിവയാണ്‌. ഇന്ത്യ 156 രാജ്യങ്ങളുടെ ഈ പട്ടികയിൽ 140-ാം സ്ഥാനത്താണ്‌. സാമൂഹികമായും സാമ്പത്തികമായും ആരോഗ്യപരമായും ഇന്ത്യയിലെ സ്‌ത്രീകൾ പിന്നിൽ നിൽക്കുന്നു. എല്ലാ രംഗത്തും പുരുഷനോടൊപ്പം തന്നെ തുല്യനീതി ലഭ്യമാക്കുന്നതിനും സ്‌ത്രീകൾ നേരിടുന്ന വിവേചനത്തിനും ആക്രമണങ്ങൾക്കും പാർശ്വവൽക്കരണത്തിനും എതിരായി ബോധപൂർവമായ ഇടപെടലുകൾ ആവശ്യമാണ്‌.
കേരളം സാമൂഹിക സാമ്പത്തിക വികസനത്തിന്റെ അതിവേഗ പാതയിലൂടെ മുന്നേറിക്കൊണ്ടിരിക്കുന്നു. സാമൂഹ്യവികസന മേഖലയിൽ വികസിത രാജ്യങ്ങൾക്കൊപ്പമാണ്‌ കേരളം. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിന്റെ സമഗ്ര നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണെന്നുള്ളപ്പോഴും കേരളത്തിലെ സ്‌ത്രീകൾ ലിംഗപരമായ അസമത്വങ്ങൾ നേടരിടുന്നുണ്ടെന്നതാണ്‌ യാഥാർത്ഥ്യം. സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുമ്പോഴൂം തൊഴിൽ പങ്കാളിത്തത്തിൽ പിന്നിൽ നിൽക്കുന്നു. സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലങ്ങളിലെ പങ്കാളിത്തവും തുലോം കുറവാണ്‌.
ഒരു പരിഷ്‌കൃത സമൂഹമെന്ന്‌ അവകാശപ്പെടുമ്പോഴും പൈതൃകം, സംസ്‌കാരം എന്നെല്ലാം പറഞ്ഞ്‌ പഴമയെ പുൽകാൻ വെമ്പുന്ന മനസ്സ്‌ ഒരു തിരിഞ്ഞുനടത്തത്തെ സൂചിപ്പിക്കുന്നു. ഇത്‌ തിരിച്ചറിഞ്ഞ്‌ ബോധപൂർവം ഇടപെടേണ്ടതാണ്‌. സമൂഹത്തിന്റെ ഭാഗമെന്ന നിലയിൽ നമ്മുടെ സ്ഥാപനത്തിലും ഇത്തരം പ്രവണതകൾ പ്രതിഫലിച്ചേക്കാം. സമത്വം നമ്മുടെ കാലത്തുതന്നെ യാഥാർത്ഥ്യമാക്കുന്നതിന്‌ ഉൽക്കൃഷ്‌ടമായ ചിന്തകളും പ്രവർത്തികളും സ്വയം നവീകരിക്കപ്പെടലും അനിവാര്യമാണെന്നുള്ള തിരിച്ചറിവോടെ നമുക്ക്‌ ഒന്നിച്ചൊന്നായി കർമനിരതരാകാം.