വൈദ്യുതി വികസനത്തിന്റെ ഫലങ്ങള്‍ തൊട്ടറിയാത്ത ഒരു നിയമസഭാ മണ്ഡലവും കേരളത്തിലില്ല. കേരളത്തിലെ ജന പ്രതിനിധികളുടെ പിന്തുണയോടെ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് വൈദ്യുതി മേഖലയില്‍ നടപ്പാക്കപ്പെട്ടത്. ഈ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള വിപുലമായ കാമ്പയിന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു. കണ്‍സ്യൂമര്‍ ക്ലിനിക് കമ്മിറ്റിയും ന്യൂ മീഡിയ കമ്മിറ്റിയും ചേര്‍ന്നാണ് ഈ പരിപാടിയുടെ സംഘാടനം നിര്‍വഹിക്കുന്നത്. കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും എം.എല്‍.എമാരേയും ജന പ്രതിനിധികളേയും ഉപഭോക്താക്കളേയും പങ്കെടുപ്പിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വൈദ്യുതി വികസന സെമിനാറുകള്‍ നടത്തുകയാണ്. നിറവ് – വൈദ്യുതി വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച എന്ന പേരിലുള്ള ഈ ഓണ്‍ലൈന്‍ കാമ്പയിന്‍ 2020 നവംബര്‍ 2ന് ഉടുമ്പന്‍ചോല മണ്ഡലത്തിലെ വൈദ്യുതി വികസന പ്രവര്‍ത്തനങ്ങള്‍ പങ്കു വച്ചു കൊണ്ട് ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എം.എം. മണി നിര്‍വഹിച്ചു.