പുഗലൂർ – മാടക്കത്തറ HVDC ലൈനും പൂർത്തിയായി

314

ഏറെക്കാലം മുടങ്ങിക്കിടന്നിരുന്ന ഇടമൺ- കൊച്ചി 400 കെ.വി പവ്വർ ഹൈവേ സംസ്ഥാന സർക്കാരിൻ്റെ സജീവ ഇടപെടലിലൂടെ വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെ പുഗലൂർ – മാടക്കത്തറ HVDC ലൈനിൻ്റെ നിർമ്മാണവും പൂർത്തിയായി. ഇതോട് കൂടി സംസ്ഥാനത്തിൻ്റെ വൈദ്യുതി ഇറക്കുമതി ശേഷിയിൽ 2000 MW ൻ്റെ വർദ്ധനയുണ്ടാകും. .കേരളത്തിനാവശ്യമായ വൈദ്യുതി ഇനി യഥേഷ്ടമെത്തിക്കാം.

തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വൈദ്യുതി കമ്മി പരിഹരിക്കുന്നതിനായി ഛത്തിസ്ഗഡിലെ റായ്ഗഡിൽ നിന്നും തമിഴ്നാട്ടിലെ പുഗലൂരിലേയ്ക്ക് നിർമ്മിക്കുന്ന 6000 മെഗാവാട്ട് ശേഷിയുള്ള 800 കെ.വി ഡി.സി ലൈനിൻ്റെ – (1750 കി.മി ദൈർഘ്യം ) തുടർച്ചയായി സംസ്ഥാന സർക്കാരിൻ്റെ നിരന്തര സമ്മർദ്ധത്തെത്തുടർന്ന് അനുവദിച്ച പദ്ധതിയാണ് 2000 മെഗാവാട്ട് ശേഷിയുള്ള 320 കെ.വി HVDC ലൈൻ. അതിനൂതന സാങ്കേതികവിദ്യയായ വോൾട്ടേജ് സോഴ്സ് കൺവർട്ടർ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രസരണ ശൃംഖലയാണ് പുഗലൂർ – മാടക്കത്തറ HVDC സംവിധാനം

പുഗലൂർ മുതൽ മാടക്കത്തറ വരെയുള്ള 165 കി.മീറ്റർ ലൈനിൻ്റെ വടക്കഞ്ചേരി മുതൽ മാടക്കത്തറ വരെയുള്ള 27 കി.മീ. ദൂരം ഭൂഗർഭ കേബിളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരളാതിർത്തി മുതൽ വടക്കഞ്ചേരി വരെയുള്ള ലൈൻ നിർമ്മാണം സ്ഥല ഉടമകളുടെ എതിർപ്പുമൂലം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഇടമൺ- കൊച്ചി ലൈനിൻ്റെ നഷ്ടപരിഹാര പാക്കേജ് ഈ പദ്ധതിക്കും നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കൂടാതെ പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു പ്രത്യേക കർമ്മ സേനയെത്തന്നെ കെ.എസ്. ഇ ബി. നിയോഗിച്ചിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗാതാഗത നിയന്ത്രണ സാഹചര്യം പ്രയോജനപ്പെടുത്തി കുതിരാൻ തുരങ്കത്തിലുൾപ്പെടെ, ദേശീയ പാതയുടെ പാർശങ്ങളിലൂടെ കേബിളുകൾ സ്ഥാപിക്കാനായത് നേട്ടമായി.
റായ്ഗഡ് – പുഗലൂർ ലൈനിൻ്റെ നിർമ്മാണത്തോടൊപ്പം തന്നെ പുഗലൂർ – മാടക്കത്തറ ലൈനും പൂർത്തീകരിക്കുക വഴി ഇച്ഛാശക്തിക്കു മുന്നിൽ ഒന്നും അസാധ്യമല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് കേരളം.