കുന്നു കേറിപ്പോകുന്ന പെണ്‍കുട്ടി…..
കുന്നിന്റെ ഉച്ചിയിലാണ്
അവളുടെ പള്ളിക്കൂടം.
നിറയെ മഞ്ചാടി പിടിക്കുന്ന
ഒരു മരം
കാറ്റിൽ, മരത്തിൻ
ചില്ലയിൽ, കുയിൽ…
വെളുത്തചുണ്ടിൽ
തേൻപാട്ട് നിറഞ്ഞു
ചിലപ്പോൾ തുളുമ്പിപ്പോയി..
മരം മഞ്ചാടിച്ചോപ്പിൽ
മകരത്തിന്റെ നീലയിൽ
പീലി പോലെ ഇല പടർത്തി
കുന്നിനു മുകളിൽ
സ്കൂൾ മുറ്റത്ത് നിറഞ്ഞു നിന്നു. .
കാറ്റത്ത് ചൊരിഞ്ഞു വീഴുന്ന
ചുവന്നു തുടുത്ത മഞ്ചാടികൾ
തൂത്തുകളയാൻ
വയ്യാതെ മണ്ണിൽ പുതഞ്ഞ്
കിടക്കില്ല.
അവ
ചുവപ്പ് പൊട്ടുകളായി
കുഞ്ഞു നെറ്റികളിൽ
ഒട്ടിയിരിക്കും
വട്ടപ്പൂക്കളായി
ഫ്രോക്കുകളുടെ തുഞ്ചത്ത്
തൊങ്ങൽ ചാർത്തും
കൊച്ചു പെൻസിൽ പെട്ടിക്കകത്ത്
തിങ്ങി ഞെരുങ്ങിയിരിക്കും
കീശകളുടെ മൂടുചാഞ്ഞ്
തൂങ്ങിക്കിടക്കും
കുന്നു കേറിച്ചെന്ന പെൺകുട്ടി
മഞ്ചാടി പെറുക്കുന്നു
പാവാട ഞൊറിയാകെ
ചോപ്പു കണ്ടമ്പരക്കുന്നു
കാറ്റവളുടെ കുഞ്ഞു
വിരലിലൂടെ ചോരുന്നു….!

ഷീബ ദില്‍ഷാദ്