ഇല്ല

കവിത

സമയമില്ല
പണികൾ തീരുന്നില്ല.
സങ്കടത്താലുറക്കം
തളിർത്തില്ല
സ്വപ്നമൊക്കെയും
തോളത്തു തൂക്കിയി-
ട്ടലറി മിന്നലിൻ
തീവണ്ടി പോയില്ല.
നിഴലുകൾക്കു
പിന്നാമ്പുറത്തെവിടെയോ
നിലവിളിക്കാറ്റു
കണ്ടിട്ടറിഞ്ഞില്ല.
വഴികളിൽ മുഖംമൂടി
വില്ക്കുന്നവർ
ഒച്ചമായ്ച്ചു
ചിരിച്ചതറിഞ്ഞില്ല.
പനിപിടിച്ച
പകലുകൾക്കപ്പുറം
തനിയെ ഊളിയി-
ട്ടോർമ പകുത്തില്ല.
കെട്ടഴിഞ്ഞഴി-
ഞ്ഞൂർന്നു വീഴും
ഇരുട്ടുച്ചിയിൽ തട്ടി
നോവാതിരുന്നില്ല.
പകയൊഴിച്ചു
പതപ്പിച്ച ചിന്തകൾ
നിമിഷ നേരത്തി-
ലെണ്ണാൻ കഴിഞ്ഞില്ല.
മതിലുകെട്ടി-
ത്തിരിച്ചൊരാകാശത്ത്
ചിറകടിക്കാൻ
മനസ്സും തുനിഞ്ഞില്ല.
ഒരു നിലാക്കുളിർ
പൊട്ടിവീഴും പോലെ
ആർദ്രമൗന
മുരുണ്ടങ്ങുപോയില്ല.
പല്ലു പോയ
കഥകൾകേട്ടങ്ങനെ
വില്ലുവണ്ടി
കിതച്ചങ്ങു വന്നില്ല.
മുല്ല പോലെ
മണംതുന്നി കാഴ്ചകൾ
ചില്ലു ചിത്രം
വരയ്ക്കാൻ മറന്നില്ല.
ഇല്ലൊരാളും
വരില്ലെന്നറിഞ്ഞിട്ടും
തെല്ലു സങ്കടം
തോന്നാതിരുന്നില്ല.