അതിശയകരമായ ജീവിതം

189

ഓൺലൈൻ മാഗസിനുകളിലും ഫേസ്ബുക്കിലും മാത്രമായി ചുരുങ്ങിപ്പോയ വായനയെ തിരിച്ചു പുസ്തകതീരത്തേക്ക്‌ അടുപ്പിക്കണമെന്ന ചിന്ത അദമ്യമായപ്പോൾ ഡി സി ബുക്സിൽ കയറി ഒരു ഡസൻ പുസ്തകങ്ങൾ വാങ്ങി. ഏതാദ്യം വായിക്കണമെന്നായി പിന്നീടുള്ള ചിന്താക്കുഴപ്പം. തുടങ്ങി മുഴുമിപ്പിക്കാതിരുന്നാൽ മറ്റു കഥകൾ പിന്നെ തൊടുകയേയില്ല. അട്ടിവെച്ച പുസ്തകങ്ങളെ ഇച്ചിരി ദൂരേയിരുന്നു നോക്കിക്കൊണ്ടേയിരുന്നപ്പോൾ അതിലൊരു കഥ, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്നെയാദ്യം വായിച്ചോ മോശാക്കൂല എന്നും പറഞ്ഞോണ്ട് നിര തെറ്റിച്ചു ലേശം മുന്നോട്ട് വന്നു.
തലശ്ശേരി ബ്രെണ്ണൻ കോളേജ് അദ്ധ്യാപികയായ ശ്രീമതി ആർ. രാജശ്രീ 2019 മെയ്‌ ജൂൺ മാസങ്ങളിൽ തുടർച്ചയായി തന്റെ ഫേസ്ബുക് പേജിൽ എഴുതി പുതിയ ഒരു വായനാനുഭവം സൃഷ്ടിച്ചു പിന്നീട് നോവൽ ആയി പ്രസിദ്ധീകരിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത, ആഖ്യാനരീതിയിലെ പുതുമായാലും വടക്കൻ കേരളത്തിന്റെ ഭാഷാ പ്രയോഗത്തിലെ തുറന്നെഴുത്തിനാലും പ്രമേയത്തിന്റെ വ്യത്യസ്തതയാലും സമ്പന്നമാണ്. കേവലം രണ്ടു വർഷംകൊണ്ട് പതിനാലു പതിപ്പുകൾ എന്നത് സമകാലീന എഴുത്തുകളിൽ ഈ നോവലിന്റെ സ്വീകാര്യത എത്രത്തോളമാണെന്ന് തെളിയിക്കുന്നു.
ആയിരത്തി തൊള്ളയിരത്തി എഴുപതുകളിൽ കണ്ണൂർ ജില്ലയിൽ ജീവിച്ചിരുന്ന കല്യാണിയുടെയും ചങ്ങാതി ദാക്ഷായണിയുടെയും കഥയാണിത്. കല്യാണിയുടെ കോപ്പുകാരൻ പുരുവൻ നാരാണനും നാരാണന്റനിയൻ ലെച്ചുണനും ദാക്ഷായണിയുടെ കെട്ടിയോൻ ആണിക്കാരനും അവിടുള്ളൊരു കുഞ്ഞിപ്പെണ്ണും കല്യാണിയുടെ കോപ്പുകാരന്റെ അമ്മ ചെയിക്കുട്ടിയും അവരുടെ വല്യേച്ചിയും ഇരുവരുടെയും മച്ചുനനും പശുക്കളും കടച്ചികുട്ടിയും മറുതയും ചോന്നമ്മയും കൊട്ടിലകവും അണ്ടിക്കാടും പൊട്ടക്കെരണ്ടും ഒക്കെ ഒരു ദേശത്തിന്റെ ഒരു കാലഘട്ടത്തിന്റെ കഥയിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്.
പൂർണവളർച്ചയെത്താതെ മരിച്ചുപോകുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ എന്ന്‌ മനുഷ്യനു ഒരു ആമുഖം എന്ന കൃതിയിൽ സുഭാഷ് ചന്ദ്രൻ നിരീക്ഷിക്കുന്നു. എന്നാൽ ഈ കതയിൽ അത് മാറ്റിപറയേണ്ടതുണ്ട്. പൂർണതയിലേക്കെത്തുന്ന സ്ത്രീകളുടെ കഥയാണിത്. എന്നാൽ ഇവിടെ പുരുഷന്മാരൊക്കെ അപൂർണ്ണരാണ്. തേർച്ചക്രങ്ങൾ മണ്ണിൽ പൂണ്ട് നിരായുധനായി നിലം പരിശാകുന്ന ആണിക്കാരനിലും നനഞ്ഞ ബെളക്ക് തിരിപോലെ നിർവീര്യനായ കോപ്പുകാരനിലും നല്ലവളായ കമലയുണ്ടെങ്കിലും കല്യാണിയിലേക്ക് തന്നെ ഒഴുകിയെത്തുന്ന ലക്ഷ്മണനിലും ഇത് കാണാം. എന്നാൽ അനുഭവങ്ങളുടെ തീച്ചൂളയിലൂടെ ജീവിതത്തെ കൈപ്പിടിയിൽ ഭദ്രമാക്കുന്ന, പുരുഷാധിപത്യത്തെ തെറിച്ച നാവിനാൽ നേരിട്ട് തോല്പിക്കുന്ന കല്യാണി ദാക്ഷായണിമാർ ആഖ്യാതാവിനെപോലെ അസംഖ്യം പേർക്ക്‌ ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ല.
അതിമനോഹരമായ മറ്റൊരു പാത്രസൃഷ്ടി ചേയികുട്ടിയിൽ കാണാം. തണുപ്പുള്ള രാത്രിയിൽ ഇറയത്ത് മനസ്സിൽ ചിന്തകളുടെ കടലിളക്കം കെട്ടിനിർത്തി ബീഡി പുകച്ചു വീടിനു കാവൽ നിൽക്കുന്ന ചേയികുട്ടി. നീയെന്റെ ബീട കല്യാണീന്നു മരുമകളെ സ്നേഹിക്കുന്ന, ഒരാളെ സ്നേഹിക്കാൻ മറ്റൊരാളെ ബെറുക്കണോന്നു ചോയിക്കുന്ന, അവസാനം തന്റെ വല്യേച്ചിയുടെ കൂടെ കിണറിലേക്കിറങ്ങിപോയി മിസ്റ്റിക് തലത്തിലേക്കുയരുന്ന ചേയിക്കുട്ടി. കണ്ണൂരിലെ പ്രാദേശിക ഭാഷാ പ്രയോഗങ്ങൾ ധാരാളമായി പ്രയോഗിച്ചതിനാൽ തെക്കർക്ക് നോവലിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഇത്തിരി പ്രയാസം അനുഭവപ്പെടും.
കഥ അവസാനിക്കുന്നത് ദേശത്തെ പുതിയ പെൺതരിയായ ആഖ്യാതാവിന്റെ മകളുടെ ജനനത്തോടെയാണ്. കുട്ടിയെ കാണാൻ ചെന്ന കല്യാണിയോട് പെണ്ണാണ് കല്യാണിയേച്ചി എന്നല്പം വിഷമത്തോടെ(?) പറയുന്ന കഥാപറച്ചിലുകാരിയോട് “പെണ്ണെന്നാണേ പൊന്നല്ലേ, പൊന്നു നാട്ടിന് ഈടല്ലേ” എന്നാണു കല്യാണിയുടെ മറുപടി.