തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി ജാസ്മിന്‍ബാനുവിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കുക

197

തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീമതി ജാസ്മിന്‍ബാനുവിനെ സസ്പെന്റ് ചെയ്ത നടപടി പിന്‍വലിക്കുക- കെ.എസ്.ഇ.ബി ഓഫീസേർസ് അസോസിയേഷൻ

കെ.എസ്.ഇ.ബി. ലിമിറ്റഡിലെ തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ശ്രീമതി ജാസ്മിന്‍ബാനുവിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്ത സംഭവത്തില്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു. ശ്രീമതി ജാസ്മിന്‍ ബാനു 22-03-2022മുതല്‍ 27-03-2022 വരെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ലീവില്‍പോയതുമായി ബന്ധപ്പെട്ടാണ് സസ്പെന്‍ഷന്‍ നടപടിയുണ്ടായിട്ടുള്ളത്. അവര്‍ 21-03-2022ന് രാവിലെ തിരുവനന്തപുരം അര്‍ബന്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയറെ ഫോണില്‍ ബന്ധപ്പെട്ട് ആസ്സാം, മേഘാലയ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഒരു യാത്ര പോകുന്നുവെന്നും അതിനായി അഞ്ചുദിവസത്തെ ലീവ് അനുവദിക്കണമെന്നും അപേക്ഷിക്കുയുണ്ടായി. തുടര്‍ന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ചുമതല ഫോര്‍ട്ട് സബ്‌ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നല്‍കാന്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ നിര്‍ദ്ദേശപ്രകാരം ശ്രീമതി ജാസ്മിന്‍ ബാനു 22-03-2022 ന് രാവിലെ പ്രാബല്യത്തില്‍ വരും വിധത്തില്‍ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ ചുമതല ഫോര്‍ട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ശ്രീ അജയകുമാറിന് കൈമാറിക്കൊണ്ട് സി.റ്റിസി ഒപ്പിട്ട് മേലാഫീസിലേക്ക് സമര്‍പ്പിക്കുന്നതിന് ഓഫീസിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ഏല്‍പ്പിക്കുകയും ചെയ്തു. ഇത്തരത്തില്‍ മേലധികാരിയില്‍ നിന്നും അനുവാദം വാങ്ങുകയും അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരം ചുമതല കൈമാറുകയും ചെയ്താണ് ശ്രീമതി ജാസ്മിന്‍ ബാനു 22-03-2022 മുതല്‍ ലീവില്‍ പ്രവേശിച്ചത്. 23-03-2022ന് അവര്‍ ഗോഹട്ടിയിലേക്ക് യാത്രതിരിക്കുകയും ചെയ്തു. അവരുടെ ഈ യാത്ര ഒരു വിവാദമാക്കി മാറ്റാനും അനുമതിയില്ലാതെ സംസ്ഥാനത്തിന് പുറത്തുപോയി എന്നനിലയില്‍ പ്രചരിപ്പിക്കാനും ചിലകേന്ദ്രങ്ങളില്‍ നിന്നും ശ്രമമുണ്ടായി. സംഘടനകളേയും വ്യക്തികളേയും അപകീര്‍ത്തിപ്പെടുത്തുകയും ബ്ലാക്ക് മെയിലിംഗിലൂടെ തന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിച്ചെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുകയുംചെയ്യുന്ന ഒരു യൂട്യൂബ് വാര്‍ത്താചാനല്‍ വളരെ മോശമായ പരാമര്‍ശങ്ങളോടെ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ബോര്‍ഡ് മാനേജ്‌മെന്റ് ഡപ്യൂട്ടി ചീഫ് എഞ്ചിനീയറോട് വിശദീകരണം തേടിയപ്പോള്‍ തന്നോട് ലീവ് കാര്യം സംസാരിച്ചിരുന്നെന്നും ചുമതല ഫോര്‍ട്ട് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചുവെന്നും ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ സമയത്ത് സി.റ്റി.സി.യോ ലീവ് അപേക്ഷയോ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല എന്നും 25-03-22ന് അദ്ദേഹം ഡിവിഷന്‍ ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് സി.റ്റി.സി. എത്തിച്ചു തന്നതെന്നും അദ്ദേഹം തന്റെ റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. സി.റ്റി.സി. സര്‍ക്കിള്‍ ഓഫീസിലേക്ക് എത്തിക്കുന്നതില്‍ ഡിവിഷന്‍ ഓഫീസില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിലും 22-03-2022ന് തന്നെ രേഖാമൂലം ചുമതല കൈമാറിയിട്ടുണ്ടെന്ന് സി.റ്റി.സി.യില്‍ നിന്നും വ്യക്തമാണ്. രേഖാപരമായ ലീവ് അപേക്ഷ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്ക് എത്തിച്ചു നല്‍കിയില്ല എന്നത് ഒരു തെറ്റായി ചൂണ്ടിക്കാട്ടുമ്പോഴും ലീവെടുക്കുന്നതിന് നേരത്തെ തന്നെ വാക്കാല്‍ അനുവാദം വാങ്ങിയിട്ടുണ്ടെന്നതില്‍ നിന്നും ഇക്കാര്യത്തില്‍ മന:പൂര്‍വ്വമായ കൃത്യവിലോപമൊന്നും ഉണ്ടായിട്ടില്ലെന്നത് വ്യക്തമാണ്. മേലധികാരിയെ മുന്‍കൂറായി അറിയിച്ച് അനുവാദം വാങ്ങുകയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് നിയമാനുസൃതമായ പകരം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്താണ് ശ്രീമതി ജാസ്മിന്‍ ബാനു അഞ്ചുദിവസത്തെ ലീവില്‍ പ്രവേശിച്ചത്. ഡിവിഷന്‍ ഓഫീസിലേയോ ഡിവിഷന്‍ പരിധിയിലെ മറ്റോഫീസുകളിലേയോ എന്തെങ്കിലും ഔദ്യോഗിക പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും തടസ്സം ഇവര്‍ ലീവെടുത്തതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. ഈ മേഖലയിലെ വൈദ്യുതി ശൃംഖല പരിപാലിക്കുന്നതിലോ മറ്റു പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിലോ എന്തെങ്കിലും വീഴ്ചയുണ്ടായി എന്ന ആക്ഷേപവും നിലവിലില്ല. കെ.എസ്.ഇ.ബി. ലിമിറ്റഡ് സി.എംഡി. 27-03-22ന് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഇക്കാര്യങ്ങളെല്ലാം കൃത്യമായി വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാല്‍ ശ്രീമതി ജാസ്മിന്‍ ബാനു എന്തോ ഗുരുതരമായ കൃത്യവിലോപം ചെയ്തു എന്ന നിലയില്‍ ഏകപക്ഷീയമായി അവരെ സസ്പെന്റ് ചെയ്തുകൊണ്ട് നടപടി സ്വീകരിക്കുന്ന സമീപനമാണ് ഉണ്ടായിട്ടുള്ളത്. ദീര്‍ഘകാലമായി യാതൊരുവിധ അപേക്ഷയും നല്‍കാതെ മേലധികാരികളേയോ സഹപ്രവര്‍ത്തകരേയോ അറിയിക്കാതെ ഓഫീസില്‍ ഹാജരാകാത്ത ഒരു ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വൈദ്യുതി ഭവനില്‍ ഇപ്പോഴും യാതൊരു നടപടികളുമില്ലാതെ തുടരുന്നുണ്ട്. വളരെ തന്ത്രപ്രധാനമായ ഒരു തസ്തികയിലാണ് ജോലിചെയ്യുന്നത് എന്നതിനാല്‍ അദ്ദേഹത്തിന്റെ തസ്തികയിലേക്ക് പകരം മറ്റൊരു ഡപ്യൂട്ടി ചീഫ് എഞ്ചിനീയറെ നിയമിച്ചിട്ടുപോലും അദ്ദേഹത്തെ സസ്പെന്റ് ചെയ്യാനോ മറ്റു നടപടികള്‍ സ്വീകരിക്കാനോ ബോര്‍ഡ് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇപ്പോഴുണ്ടായിട്ടുള്ള സംഭവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന യൂട്യൂബ് ചാനല്‍ ഉടമ വൈദ്യുതി ബോര്‍ഡിലെ ഒരു ലൈന്‍മാനാണ്. ഇദ്ദേഹം വര്‍ഷങ്ങളായി യാതൊരു അനുവാദവുമില്ലാതെ ജോലിയില്‍ നിന്ന് മുങ്ങിയാണ് ചാനലില്‍ ജോലിചെയ്തു വരുന്നത്. ഇദ്ദേഹത്തേയും സസ്പെന്റ് ചെയ്യുകയുണ്ടായിട്ടില്ല. കുറഞ്ഞ ദിവസത്തേക്ക് ലീവിന് പോകുമ്പോള്‍ മുന്‍കൂട്ടി അനുവാദം വാങ്ങി ലീവില്‍ പ്രവേശിക്കുകയും തിരിച്ചുവന്നശേഷം ലീവപേക്ഷയും സി.റ്റിസികളും നല്‍കി ലീവ് ക്രമീകരിക്കുകയും ചെയ്യുന്ന രീതി വൈദ്യുതി ബോര്‍ഡിലെ പല ഓഫീസുകളിലും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ശ്രീമതി ജാസ്മിന്‍ ബാനുവിനെ സസ്പെന്റു ചെയ്യുന്ന സന്ദര്‍ഭത്തില്‍ പരിഗണിക്കുകയുണ്ടായിട്ടില്ല. മേലധികാരിയുടെ മുന്‍കൂര്‍ അനുവാദത്തോടെ കൃത്യമായ ചുമതലാക്രമീകരണങ്ങളുണ്ടാക്കി അഞ്ചുദിവസത്തേക്ക് ലീവില്‍ പ്രവേശിച്ച ഒരു ഓഫീസറെ ലീവപേക്ഷ സമര്‍പ്പിക്കുന്നതില്‍ കാലതാമസമുണ്ടായി എന്ന കാരണത്താല്‍ സസ്പെന്റ് ചെയ്യുന്ന തികച്ചും ഏകപക്ഷീയവും പക്ഷപാതപരവുമായ സമീപനമാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. രാജ്യത്ത് ദേശീയ പണിമുടക്ക് നടക്കുന്ന സന്ദര്‍ഭത്തില്‍ പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ വളരെ നിസ്സാരമായ കാരണങ്ങള്‍ പെരുപ്പിച്ച് കാണിച്ച് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ സംസ്ഥാനതല നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസറെ സസ്പെന്റ് ചെയ്യുകയും അതിന് വ്യാപകമായ പ്രചരണം നല്‍കുകയും ചെയ്യുന്ന സമീപനം ബോര്‍ഡ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് ദുരുദ്ദേശപരവും വൈദ്യുതി ബോര്‍ഡിലെ ഓഫീസര്‍മാരുടെ സംഘടനാപ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണ്. ഇത്തരം നടപടികളിലൂടെ സംഘടനകളുടെ പ്രവര്‍ത്തനശേഷിയില്‍ എന്തെങ്കിലും കുറവ് വരുത്താന്‍ കഴിയുന്നതല്ല. ശ്രീമതി ജാസ്മിന്‍ ബാനുവിനെ അകാരണമായി സസ്പെന്റ് ചെയ്ത നടപടിയില്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിക്കുന്നു. നടപടി അടിയന്തിരമായി പിന്‍വലിക്കണമെന്ന് കെ.എസ്.ഇ.ബി. മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നു.