കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക-പ്രമേയം

182

കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പ്രവീണ്‍സതീഷ് അവതരിപ്പിച്ച പ്രമേയത്തെ ഇടുക്കിയില്‍ നിന്നുള്ള സതീഷ് കുമാര്‍ കെ.പി പിന്തുണച്ചു.
പ്രമേയം താഴെ കൊടുക്കുന്നു.

കെ.എസ്.ഇ.ബി ലിമിറ്റഡിൽ ഓഫിസർ സംഘടനകളുടെ റഫറണ്ടം ഉടൻ നടത്തുക

ചൂഷണരഹിതവും, ആരോഗ്യകരവും, കാര്യക്ഷമവുമായ തൊഴിലിടങ്ങൾ തൊഴില്‍സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും വികസനത്തിന്റെ സുസ്ഥിരതക്കും അനിവാര്യമാണ്. ജീവനക്കാരും മാനേജ്മെന്റും തമ്മില്‍ ആരോഗ്യകരമായ സംവാദവും തൊഴിലവകാശങ്ങളുടെ സംരക്ഷണവും ഉറപ്പുവരുത്തുന്നതില്‍ ജീവനക്കാരുടെ സംഘടനകൾക്ക് വലിയ പങ്കാണുള്ളത്. സംഘടിക്കാനുള്ള അവകാശവും കൂട്ടായ വിലപേശലും മാന്യമായ തൊഴില്‍ സാഹചര്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ നിലപാടും ഇതോടൊപ്പം കാണേണ്ടതുണ്ട്. സംഘടിക്കാനുള്ള ജീവനക്കാരുടെ അവകാശം പോലെതന്നെ പ്രധാനമാണ് ജീവനക്കാരുടെ യഥാര്‍ത്ഥ പിന്തുണയില്ലാതെതന്നെ രൂപീകരിക്കപ്പെടുന്ന സംഘടനകള്‍ തൊഴില്‍മേഖലകളില്‍ ഇടപെട്ടുണ്ടാക്കുന്ന അരാജകസ്ഥിതികളെ നിയന്ത്രിക്കുന്നതും. സംഘടനകള്‍ രൂപീകരിക്കുന്നതിനും അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനും തങ്ങളുടെ അഭിപ്രായങ്ങള്‍ക്കും ആശയങ്ങള്‍ക്കും ജീവനക്കാരുടെ പിന്തുണ നേടുന്നതിനും സംഘടനകളുടെ അംഗബലം പരിഗണിക്കാതെതന്നെ അവകാശം വേണമെന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഔദ്യോഗിക യോഗങ്ങളിലും അതിന്റെ ഭാഗമായി രൂപീകരിക്കുന്ന സംഘടനകളുടെ പ്രാതിനിധ്യമുള്ള കമ്മിറ്റികളിലും ഉള്‍പ്പെടുത്തപ്പെടുന്നതിന് സംഘടനകളുടെ അംഗബലം പ്രധാനപ്പെട്ട ഘടകമായിത്തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ട്.

വൈദ്യുതി ബോര്‍ഡില്‍ തൊഴിലാളിസംഘടനകളും ഓഫീസര്‍ സംഘടനകളും അതതു വിഭാഗം ജീവനക്കാരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിക്കൊണ്ടും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഇതില്‍ തൊഴിലാളി സംഘടനകള്‍ക്കിടയില്‍ നിശ്ചിത ഇടവേളകളില്‍ സംഘടനകളുടെ അംഗബലം തിട്ടപ്പെടുത്തി അംഗീകാരം നിശ്ചയിക്കുന്നതിനുള്ള റഫറണ്ടം നടന്നു വരുന്നുണ്ട്. 2014-15 കാലത്ത് സംഘടനകളുടെ അംഗത്വ രജിസ്റ്റര്‍ ഉപയോഗിച്ച് ഓഫീസര്‍ സംഘടനകളുടെ അംഗത്വം നിര്‍ണ്ണയം നടത്തുന്നതിന് ചില നടപടികള്‍ ബോര്‍ഡ് മാനേജ്മെന്റ് സ്വീകരിക്കുകയുണ്ടായി. സമര്‍പ്പിക്കപ്പെട്ട അംഗത്വ രജിസ്റ്ററുകളില്‍ ‍ഒന്നിലേറെ സംഘടനകളില്‍ ഒരേ വ്യക്തി ആവര്‍ത്തിക്കപ്പെട്ടതു കണ്ടെത്തുകയുമുണ്ടായി. ഇതില്‍ വ്യക്തിഗത സത്യവാങ്ങ്മൂലം സ്വീകരിച്ച് അംഗത്വം നിര്‍ണ്ണയിച്ചതില്‍ ഓഫീസര്‍മാരുടെ പകുതിയിലേറെപ്പേരുടെ പിന്തുണയുള്ള സംഘടനയായി കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷനെ കണ്ടെത്തി. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളൊന്നും ബോര്‍ഡ് മാനേജ്മെന്റ് സ്വീകരിക്കുകയുണ്ടായില്ല. ‍2017ൽ ഓഫീസർ സംഘടനകളുടെ റഫറണ്ടം നടത്തുന്നതിന് ചില പ്രാഥമിക നടപടികൾ ബോര്‍ഡ് തലത്തില്‍ നടക്കുകയുണ്ടായെങ്കിലും മറ്റൊരു സംഘടന ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയെ തുടർന്ന് തുടർ നടപടികൾ തടസ്സപ്പെട്ടു. ഓഫീസർമാരുടെ ഹിത പരിശോധന ഓൺലൈൻ സംവിധാനത്തിലൂടെ നടത്താനായിരുന്നു വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചത്. ഇതിലുള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സംഘടനകളുമായി ചര്‍ച്ച നടത്താനും ആശങ്കകള്‍ ദുരീകരിക്കാനും, റിട്ട് ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ തുടര്‍ നടപടികള്‍ തടഞ്ഞുകൊണ്ടുമാണ് താല്‍ക്കാലിക ഉത്തരവ് ഉണ്ടായത്. കോടതി നിര്‍ദ്ദേശിച്ച നടപടികള്‍ സ്വീകരിച്ച് കോടതിയുടെ അനുമതിയോടെ റഫറണ്ടം നടത്തുന്നതിന് ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സംഘടന നല്‍കിയ നിവേദനങ്ങള്‍ പക്ഷേ നടപടികളൊന്നുമില്ലാതെ നില്‍ക്കുകയാണ്.

വൈദ്യുതി ബോര്‍ഡ് പുന:സംഘടനയുടെ ഭാഗമായി 2013ല്‍ വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ജീവനക്കാരുടെ സംഘടനകളും ചേര്‍ന്ന് ഏര്‍പ്പെട്ട ത്രികക്ഷിക്കരാറിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിക്കുകയുണ്ടായി. മാസ്റ്റര്‍ ട്രസ്റ്റില്‍‍ ഓഫീസര്‍ സംഘടനകളുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതില്‍ സംഘടനകളുടെ റഫറണ്ടം നടക്കാത്തതും അതിന്റെ അടിസ്ഥാനത്തില്‍ ഓഫീസര്‍മാരെ പ്രതിനിധീകരിക്കാനുള്ള അവകാശം ഏതേത് സംഘടനകള്‍ക്കാണുള്ളതെന്ന് തീരുമാനിക്കപ്പെടാത്തതും തടസ്സമായി തുടരുകയാണ്. വൈദ്യുതി ബോര്‍ഡിലെ ഓണ്‍ലൈന്‍ സ്ഥലംമാറ്റങ്ങളില്‍ ആരോഗ്യകാരണങ്ങളാലുള്ള പ്രൊട്ടക്ഷന്‍ തീരുമാനിക്കുന്നതിന് ജില്ലാടിസ്ഥാനത്തില്‍ ഓഫീസര്‍ സംഘടനകളുടെ പ്രാതിനിധ്യമുള്ള കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ കമ്മിറ്റികളില്‍ പ്രാതിനിധ്യം നിശ്ചയിക്കുന്നതിന് സംഘടനകളുടെ അംഗബലത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കുന്ന നടപടികളുണ്ടാകാത്തത് നിയമനടപടികളിലേക്കും ഓഫീസര്‍മാരുടെ നാമമാത്ര പിന്തുണമാത്രമുള്ള സംഘടനകളേയും കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തണമെന്ന നിലയില്‍ ഉത്തരവുകളുണ്ടാകുന്നതിലേക്കുമാണ് നയിച്ചത്. ഇത് സ്ഥലംമാറ്റ നടപടികള്‍ തന്നെ സ്തംഭിക്കുന്ന സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മേല്‍ സാഹചര്യത്തില്‍ ഓഫീസര്‍ സംഘടനകളുടെ അംഗബലം നിര്‍ണ്ണയിച്ച് അംഗീകാരം നല്‍കുന്നതിനുള്ള റഫറണ്ടം നടത്തുന്നതിനും അതിനുള്ള തടസ്സം പരിഹരിക്കുന്നതിന് കോടതി ഇടപെടലുകള്‍ തീര്‍പ്പാക്കുന്നതിനും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ 22–ാം സംസ്ഥാന സമ്മേളനം ‍ ബോര്‍ഡ് മാനേജ്മെന്റിനോട് ആവശ്യപ്പെടുന്നു. കെ.എസ്.ഇ.ബിയിലെ ഓഫീസര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്ഥാപനത്തിന്റേയും വൈദ്യുതി വ്യവസായത്തിന്റേയും രാജ്യത്തിന്റേയും പൊതുവികസനം ഉറപ്പുവരുത്തുന്നതിന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ ബോര്‍ഡിലെ മുഴുവന്‍ ഓഫീസര്‍മാരോടും സമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.