വൈദ്യുതി രംഗം- ന്യൂസ് മാഗസിന്‍, ഒക്ടോബര്‍

228

വൈദ്യുതി രംഗം കഴിഞ്ഞ മാസത്തില്‍

നാഷണൽ ലോഡ് ഡെസ്പാച്ച് നൽകുന്ന കണക്കുകൾ പ്രകാരം സെപ്റ്റംബർ 2021ലെ പീക്ക് ഡിമാൻഡ് 180.7 ജിഗാവാട്ട് ആണ്. ഇത് മുൻ വർഷത്തേക്കാൾ 2% അധികമാണ്. ഊർജ്ജ ഉപഭോഗം 114 ബില്യൻ യൂണിറ്റായി വർദ്ധിച്ചു. ഇന്ത്യൻ എനർജി എക്സ്ചേഞ്ചിലെ വൈദ്യുതി വിപണി 8997 മില്യൻ യൂണിറ്റ് സെപ്റ്റംബർ മാസം വ്യാപാരം നടത്തി. ഇത് മുൻവർഷത്തേക്കാൾ 59 % അധികമാണ്. വ്യവസായ മേഖലകളിലെ ഊർജ്ജ ആവശ്യകത വർധിച്ചതും, ഇറക്കുമതി ചെയ്യുന്ന കൽക്കരി, ഗ്യാസ് എന്നിവയുടെ വില ഉയർന്നതും അഭ്യന്തര കൽക്കരി ഉൽപ്പാദനത്തിലും സംഭരണത്തിലും ഉണ്ടായിട്ടുള്ള ഇടിവും വൈദ്യുതി വില എക്സ്ചേഞ്ചിൽ വർധിക്കുന്നതിന് കാരണമായി. 2022 സാമ്പത്തിക വർഷത്തിലെ രണ്ടാംപാദത്തിൽ 25,857 മില്ല്യൺ വൈദ്യുതി കരാർ ചെയ്യപ്പെട്ടു ഇത് മുൻവർഷത്തേക്കാൾ 57 ശതമാനം അധികമാണ്.

പ്രതിദിന വിപണി 6418 മില്ല്യൺ യൂണിറ്റ് വൈദ്യുതി വ്യാപാരം നടത്തി. വൈദ്യുതിയുടെ ശരാശരി യൂണിറ്റ് വില 4.4 രൂപ ആയിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 48% അധികമാണ്. ടേം എ ഹെഡ് മാർക്കറ്റ് വഴി 193 മില്ല്യൺ യൂണിറ്റ് വൈദ്യുതി കരാർ ചെയ്യപ്പെട്ടു. ഇത് മുൻവർഷത്തേക്കാൾ 81% അധികമാണ്.

തൽസമയ വൈദ്യുതി വിപണിയിലും ഗണ്യമായ വളർച്ച ഈ കാലഘട്ടത്തിൽ ഉണ്ടായി. 1843 മില്യൺ യൂണിറ്റ് വൈദ്യുതി വ്യാപാരം നടത്തി. ഇത് മുൻ വർഷത്തേക്കാൾ 162% അതികമാണ്.

ഗ്രീൻ മാർക്കറ്റിൽ സെപ്റ്റംബർ 2021 ൽ 543 മില്ല്യൺ യൂണിറ്റ് വൈദ്യുതി കരാർ ചെയ്യപ്പെട്ടു.

റെഗുലേഷനുകൾ/അനുമതികൾ

ജലവൈദ്യുത പദ്ധതികൾ നടപ്പിലാക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നിർമ്മാണ കരാറുകൾക്കുള്ള തർക്ക ഒഴിവാക്കൽ സംവിധാനം രൂപീകരിക്കുന്നതിന് ഊർജ്ജ മന്ത്രാലയം അംഗീകാരം നൽകി.

തർക്ക ഒഴിവാക്കൽ സംവിധാനം സ്വതന്ത്ര എഞ്ചിനീയർമാരുടെ നിയമനം നിർബന്ധമാക്കുന്നു. വിഷയത്തിലെ പരിജ്ഞാനവും വാണിജ്യ, നിയമ പ്രാവണ്യവും ഇത്തരം എൻജിനിയർമാർക്ക് ആവശ്യമാണ്. തർക്കങ്ങൾ ഒഴിവാക്കുന്നതിൽ ഫലപ്രദമായ പങ്ക് വഹിക്കാൻ കഴിയുന്ന എല്ലാ പ്രധാന പങ്കാളികളുമായും തുറന്ന ആശയവിനിമയം നടത്തുന്ന സ്വതന്ത്ര എഞ്ചിനീയർക്ക് പദ്ധതിയുടെ മേൽനോട്ടം പതിവായിരിക്കും. പ്രാരംഭ വിയോജിപ്പുകൾ പൂർണ്ണ തർക്കങ്ങളായി പരിവർത്തനം ചെയ്യുന്നത് കുറയ്ക്കാൻ ഈ സംവിധാനം ഇടപെടൽ നടത്തും, കൂടാതെ വിയോജിപ്പുകൾ വേഗത്തിലും ഉചിതമായും ഉന്മൂലനം ചെയ്യുന്നതിനും ഇടപെടൽ ഉണ്ടാകും. പ്രോജക്റ്റുകൾ യഥാസമയം പൂർത്തിയാക്കുന്നതിനും ഇത്തരം സംവിധാനങ്ങൾ ഗുണകരമാകുമെന്ന് ഊർജ മന്ത്രാലയം അവകാശപ്പെട്ടു.

പ്രളയ മോഡറേഷനുള്ള ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ (റോഡുകളും പാലങ്ങളും) വികസിപ്പിക്കുന്നതിനും ഇത്തരം ജല വൈദ്യുതി പദ്ധതികളുടെ താരിഫ് നിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തിനും 25 മെഗാവാട്ടിന് മുകളിലുള്ള ജലവൈദ്യുതി പദ്ധതികൾക്കായി ഊർജ്ജ മന്ത്രാലയം വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

വെള്ളപ്പൊക്ക നിയന്ത്രണം/ സംഭരണ ചെലവുകൾക്ക് ആവശ്യമായ തുക, ഓരോ പ്രോജക്ടിന്റെയും വിലയിരുത്തലിനുശേഷം സാമ്പത്തിക കാര്യങ്ങളിലെ കാബിനറ്റ് കമ്മിറ്റി തീരുമാനം അനുസരിച്ച് ബജറ്റ് വ്യവസ്ഥകളിലൂടെ നല്കും. ഇൻഫ്രാസ്ട്രക്ചർ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള ബജറ്റ് പിന്തുണ, അതായത്, ജലവൈദ്യുത പദ്ധതികൾക്കുള്ള റോഡുകൾ/ പാലങ്ങൾ, എന്നിവ ഓരോ പദ്ധതികളുടെ അടിസ്ഥാനത്തിലായിരിക്കും നല്കുന്നത്. ഇത്തരം റോഡുകൾക്കും പാലങ്ങൾക്കും ബജറ്റ് പിന്തുണയിലൂടെ 200 മെഗാവാട്ട് വരെയുള്ള പദ്ധതികൾക്ക് പരമാവധി ഓരോ മെഗാവാട്ടിനും 15 മില്യൺ രൂപയും 200 മെഗാവാട്ടിന് മുകളിലുള്ള പ്രോജക്റ്റുകൾക്ക് 10 മില്യൺ രൂപയും ലഭിക്കും.

2021-22 ലെ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇലക്ട്രിക് വാഹനങ്ങൾ (ഇവി), ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ മേഖലകളിൽ വൈവിധ്യവത്കരിക്കാനും നിക്ഷേപിക്കാനും കൽക്കരി മന്ത്രാലയം കോൾ ഇന്ത്യ ലിമിറ്റഡിനോട് (സി.ഐ.എൽ)ആവശ്യപ്പെട്ടു.

സോളാർ വേഫർ നിർമ്മാണത്തിലും വൈദ്യുതി ഉൽപാദനത്തിലും കൽക്കരി ബെഡ് മീഥെയ്ൻ വേർതിരിച്ചെടുക്കൽ, കൽക്കരി ഗ്യാസിഫിക്കേഷൻ, അലുമിനിയം സ്മെൽറ്ററുകൾ സ്ഥാപിക്കൽ എന്നിവയിൽ സി.ഐ.എൽ ഇതിനകം തന്നെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സാമ്പത്തികം

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ ഉടമസ്ഥതയിലുള്ള ജനറേഷൻ കമ്പനികളോട് കൽക്കരി കമ്പനികൾക്കുള്ള കുടിശ്ശിക തീർക്കാൻ വൈദ്യുതി മന്ത്രാലയം ആവശ്യപ്പെട്ടു.

2020-21 അവസാനത്തോടെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ വിതരണ കമ്പനികൾ കോൾ ഇന്ത്യ ലിമിറ്റഡിന് നല്കേണ്ട (സി.ഐ.എൽ) കുടിശ്ശിക രൂപ യഥാക്രമം 31.76 ബില്യൺ, 27.43 ബില്യൺ, 12.82 ബില്യൺ, 7.74 ബില്യൺ എന്നിവയാണ്. ഇന്ത്യയുടെ കൽക്കരി ഉൽപാദനത്തിന്റെ 80 ശതമാനവും വഹിക്കുന്ന സി.ഐ.എല്ലി ന് സംസ്ഥാന വൈദ്യുതി ബോർഡുകളുടെയും വൈദ്യുതി ഉൽപാദന കമ്പനികളുടെയും കുടിശ്ശികകൾ 2020-21 അവസാനത്തിൽ 216.20 ബില്യൺ ആയിരുന്നു.

ഭാരത സർക്കാർ പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന് (PFC) മഹാരത്ന പദവി നൽകി.

മഹാരത്ന പദവി വൈദ്യുതി മേഖലയ്ക്ക് മത്സരാധിഷ്ഠിത ധനസഹായം നൽകാൻ പി.എഫ്.സി യെ പ്രാപ്തമാക്കും. നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ് ലൈനിന് കീഴിലുള്ള സർക്കാരിന്റെ ഫണ്ടിംഗ്, 2032 ഓടെ 40 ശതമാനം ഹരിത ഊർജ്ജത്തിന്റെ ദേശീയ പ്രതിബദ്ധത, 3 ട്രില്യണിലധികം രൂപ വിനിയോഗിച്ച് നവീകരിച്ച വിതരണ മേഖല പദ്ധതി എന്നിവ ഫലപ്രദമായി നിരീക്ഷിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഇത് പി.എഫ്.സി യെ സഹായിക്കും.

ഉത്പാദനം, പ്രസരണം, വിതരണം

സംസ്ഥാനത്തിന് സോളാർ വൈദ്യുതി നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം ആന്ധ്രാപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു.

ഇതിന്റെ ഭാഗമായി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI) ആന്ധ്രാപ്രദേശിന് 9,000 മെഗാവാട്ട് സൗരോർജ്ജം നൽകും, ഇതിലൂടെ കാർഷിക മേഖലയ്ക്ക് ഗുണനിലവാരവും തടസ്സമില്ലാത്തതുമായ വൈദ്യുതി ലഭ്യമാക്കും. 2024 ഓടെ 3,000 മെഗാവാട്ട് വൈദ്യുതിയും 2026 ഓടെ 9,000 മെഗാവാട്ടും എസ്‌.ഇ‌.സി‌.ഐ ക്ക് നൽകാൻ കഴിയും. യൂണിറ്റിന് 2.49 രൂപ നിരക്കിലാണ് വൈദ്യുതി നൽകാൻ തീരുമാനിച്ചത്.

എൻ‌.ടി‌.പി‌.സി ലിമിറ്റഡിനും ദാമോദർ വാലി കോർപ്പറേഷനും അതത് പവർ പർച്ചേസ് കരാറുകൾക്ക് കീഴിൽ ഡൽഹി ഡിസ്കോമുകൾക്ക് വൈദ്യുതി വിതരണം നൽകാൻ വൈദ്യുതി മന്ത്രാലയം (എം‌.ഒ‌.പി) നിർദ്ദേശങ്ങൾ നൽകി.

രാജ്യത്ത് നേരിടുന്ന അതിരൂക്ഷമായ കൽക്കരി ക്ഷാമത്തിന്റെ ഭാഗമായി പ്രതിസന്ധിയിലായ ഡൽഹി ഡിസ്കോമുകൾക്ക് ഈ നിർദ്ദേശം സഹായകരമായി.

സ്റ്റെർലൈറ്റ് പവറിന് 3.24 ബില്യൺ രൂപയുടെ നംഗൽബിബ്ര-ബോംഗൈഗാവ് അന്തർ സംസ്ഥാന പവർ ട്രാൻസ്മിഷൻ പദ്ധതി കരാർ ലഭിച്ചു.

സ്റ്റെർലൈറ്റിന് മത്സര ബിഡിംഗ് പ്രക്രിയയിലൂടെയാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.

സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (SECI) 1 GWh ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സംഭരിക്കുന്നതിന് താൽപ്പര്യ പത്രം ക്ഷണിച്ചു.

രാജ്യത്ത് ഊർജ്ജ സംഭരണ സംവിധാനം സ്ഥാപിക്കുന്നതിനായുള്ള റോഡ് മാപ്പ് തയ്യാറാക്കുന്നതിന് വൈദ്യുതി മന്ത്രാലയത്തിന്റെയും ന്യൂ ആൻഡ് റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെയും (MNRE) സംയുക്ത സംരംഭമാണിത്.

പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് നവി മുംബൈയിലെ ഇലക്ട്രിക് വാഹന (ഇവി) ചാർജിംഗ് സ്റ്റേഷനായി 142.3 മില്യൺ നിക്ഷേപം അനുവദിച്ചു.

ഫെയിം ഇന്ത്യ സ്കീം ഫേസ് -2 പ്രകാരം ഇവി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപ നിർദ്ദേശം പവർഗ്രിഡ് ബോർഡ് അംഗീകരിച്ചു. ചാർജിംഗ് സ്റ്റേഷൻ 12 മാസത്തിനുള്ളിൽ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ടെലികമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ ടെക്നോളജി ബിസിനസ്സ് എന്നിവയ്ക്കായി പവർഗ്രിഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറിയും ഉൾപ്പെടുത്താനും ബോർഡ് അംഗീകാരം നൽകി.

സാങ്കേതികം

ഡൽഹിയിലെ മാളവ്യ നഗറിലെ ശിവാലിക്കിൽ ബി.എസ്.ഇ.എസ് ആദ്യ നഗര മൈക്രോഗ്രിഡ് സംവിധാനം ആരംഭിച്ചു.

മൈക്രോഗ്രിഡ് (സോളാർ പ്ലസ് ബാറ്ററി) സിസ്റ്റത്തിൽ 100 KWp സോളാർ, 466 kWh ലിഥിയം അയൺ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം എന്നിവ അടങ്ങിയിരിക്കുന്നു. ഇന്തോ-ജർമ്മൻ സോളാർ പാർട്ണർഷിപ്പ് പ്രോജക്ടിന് (IGSEP) കീഴിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇത് സോളാറിൽ നിന്നും തുടർച്ചയായ വിതരണം ഉറപ്പുവരുത്തുന്നതിനും ഏതെങ്കിലും തകരാറുകളിൽ സംഭരിച്ച ഊർജം ബാറ്ററി വഴി ഉറപ്പാക്കുകയും ചെയ്യുന്നു. പദ്ധതി പ്രതിവർഷം 115 ടൺ കാർബൺ ഡൈ ഓക്സൈഡ് ഓഫ്‌സെറ്റ്‌ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.