ഫാസിസത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തെ ബലപ്പെടുത്തുക – കെ ടി കുഞ്ഞിക്കണ്ണന്‍

263
കള്‍ച്ചറല്‍ സബ്‌കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ഷേണായീസ് സ്ക്വയറില്‍ സംഘടിപ്പിച്ച 'കാത്തിടാം ഈ കൈത്തിരി' പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കോഴിക്കോട് കേളു ഏട്ടന്‍ പഠന കേന്ദ്രം ഡയറക്ടര്‍ കെ ടി കുഞ്ഞിക്കണ്ണന്‍

വംശീയതയും അതിദേശീയതയും ഫാസിസത്തിന്റെ അടിസ്ഥാന ധാരകളാണ്. വിഷലിപ്തവും അമാനവികവുമായ ഈ രണ്ടു സംജ്ഞകളെയും കൈവിട്ടാൽ ഫാസിസത്തിനു വളർച്ചയില്ല. നവ ഉദാരവത്ക്കരണത്തിലേയ്ക്കും കോർപറേറ്റിസത്തിലേക്കും മാറി അരങ്ങു തകർക്കുമ്പോളും സാമ്രാജ്യത്വ ഭരണകൂടവും ഫാസിസവും അതിന്റെ അടിസ്ഥാന ശിലയായ ഈ രണ്ടു കാര്യങ്ങളെ ഭരണകൂട വ്യവസ്ഥയിൽ വർത്തിക്കാൻ ശക്തിയുക്തം പ്രോത്സാഹനം നൽകുന്നു.
ബഹുസ്വരവും എന്നാൽ ജാതി – മത – വംശ – വർഗ്ഗ വ്യത്യാസങ്ങളാൽ കലുഷിതവുമായ ഇന്ത്യന്‍ അവസ്ഥയിൽ ഫാസിസം ഹിന്ദുത്വ ശക്തികളെ ഒരു കുടക്കീഴിൽ വിവിധ പേരിൽ വിന്യസിച്ചിരിക്കുന്നു. അത് ശ്രീരാമ സേനയായും സാൻസത് സ്ഥാപൻ ആയും യോഗി ആദിത്യ നാഥിന്റെ ആന്റി റൊമാന്റിക് സ്‌ക്വാഡ് ആയും നാനാ ഭാവത്തിലും രൂപത്തിലും തീവ്ര വർഗീയ വിഷം ചീറ്റുന്ന സംഘ പരിവാരങ്ങളുടെ കാർമികത്വത്തിൽ പ്രത്യക്ഷത്തിൽ തന്നെ ന്യൂനപക്ഷ – ദളിത് വേട്ട നടത്തുകയാണ്. എല്ലാ ജനാധിപത്യ രൂപങ്ങളെയും വ്യവസ്ഥകളെയും ചവിട്ടി മെതിക്കുകയാണ്. എതിർ ശബ്ദങ്ങളെ, ചിന്തകളെ സമൂലം പിഴുതെറിയുകയാണ് ഫാസിസം ചെയ്തുകൊണ്ടിരിക്കുന്നത്. ഗൗരിലങ്കേഷും കൽബുർഗിയും ഡോക്ടർ ഗോവിന്ദ് പൻസാരെയും നരേന്ദ്ര ധാബോൽക്കറും അതിന്റെ വർത്തമാന കാലത്തെ ഇരകളാണ്.
വംശശുദ്ധിയുടെ പേരിൽ ശാസ്ത്രചിന്തയ്ക്കും യുക്തിചിന്തയ്ക്കും അപ്പുറത്ത് ചരിത്രത്തെയും നീതിയെയും അത് നിഷേധിക്കുന്നു. താജ്‌മഹൽ പണിതത് ഇന്ത്യക്കാരാണെന്നും എന്നാൽ ഷാജഹാൻ ഹിന്ദു വിരുദ്ധനും വിദേശിയും ആകയാൽ അത് പൊളിക്കേണ്ടതാണെന്ന കുയുക്തി പ്രയോഗിച്ച് ബാബരി മസ്ജിദ് പോലെ തന്നെ പരസ്യമായി പിടിച്ചടക്കി പൊളിക്കാനുള്ള തത്രപ്പാടിലാണ് ഇന്ത്യയിലെ ഭരണം കയ്യാളുന്ന സംഘ പരിവാരങ്ങളും ബി ജെ പിയും. നൂറു കണക്കിന് കുട്ടികൾ തങ്ങളുടെ ഭരണത്തിൻ കീഴിൽ ശ്വാസം കിട്ടാതെ മരിച്ചു വീഴുന്നതോ പോഷകാഹാരക്കുറവും ഭക്ഷണം കിട്ടാതെയും ചത്തൊടുങ്ങുന്നതോ വിഷയമാവാതെ വംശശുദ്ധിയുടെ പേരിൽ അതിദേശീയത പ്രോത്സാഹിപ്പിക്കുന്ന തിന്റെ മനശ്ശാസ്ത്രം ഫാസിസത്തിന്റെ ജനിതകമായ സവിശേഷതകളിൽ ഒന്നാണ്.
ഇന്ത്യയിൽ നവഉദാരവത്‌ക്കരണവും കോര്‍പ്പറേറ്റിസവും അതിതീവ്രമായ ആർ എസ് എസ് ന്റെ തേരിലേറ്റി മുന്നോട്ടു നീക്കുന്ന മോഡി ഭരണകൂടം, വേദത്തിന്റെയും ഇതിഹാസത്തിന്റെയും വക്താക്കളായി ചമഞ്ഞ് ചാതുര്‍വര്‍ണ്യത്തെ അരക്കിട്ടുറപ്പിക്കാൻ മുതിരുകയാണ്‌; ബ്രാഹ്മണിസത്തെ മഹത്വവൽക്കരിക്കുകയാണ്. ഗോമാംസവും ഗോരസവും സോമരസവും കഴിച്ച ‘ഗോഘ്‌നനായ’ ബ്രാഹ്മണന്റെ പൂർവ ചരിത്രത്തെ വളച്ചൊടിച്ചു പശുവിറച്ചി കഴിക്കുന്ന അന്യ മതസ്ഥരെയും അവര്‍ണരെയും രാജ്യദ്രോഹികളും സംസ്കാര ശൂന്യരുമായി ചിത്രീകരിച്ചു വകവരുത്തുന്നു. ഇതിനെതിരെ നാട്ടിലുയരുന്ന സമരങ്ങളെ, അതിൽ പങ്കെടുക്കുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയും പൊതുജനങ്ങളെയും രാജ്യ ദ്രോഹകുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്നു. ഫാസിസത്തെ എക്കാലവും ശക്തിയുത്തം പ്രതിരോധിച്ചിട്ടുള്ളത് കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവുമാണ്. അത് കൊണ്ട് തന്നെ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും ഫാസിസത്തിന്റെ പ്രഖ്യാപിത ശത്രുക്കളുമാണ്.
ഇന്ത്യയിൽ സംഘപരിവാരങ്ങളുടെയും ഹിന്ദുത്വ ഫാസിസത്തിന്റെയും ചിന്തകളെയും ചെയ്തികളെയും അടിമുടി എതിർക്കുന്നതിലും അവരുടെ ചിന്താപദ്ധതികളിലെ മണ്ടത്തരത്തെ വെളിച്ചത്തു കൊണ്ടുവരുന്നതിലും ഇടതുപക്ഷത്തിന്റെ പങ്കു് നിസ്തുലമാണ്. അതുകൊണ്ടു തന്നെ ആഗോള മൂലധനത്തിനും നവഉദാര നയങ്ങൾക്കുമെതിരെയുള്ള ജനകീയ ബദൽ പരിപ്രേക്ഷ്യങ്ങളെ മുന്നോട്ടു വെക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കേരളത്തിലെയും ത്രിപുരയിലെയും ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഹിന്ദുത്വ ഫാസിസ്റ്റു ഭരണകൂടം നിതാന്തമായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിൽ സാമ്രാജ്യത്വവും ഫാസിസവും ഒരു മെയ്യും ഒരു മനസ്സുമായി ഇഴുകിച്ചേർന്നിരിക്കയാണ്. തൊഴിലെടുക്കുന്നവർക്ക്‌, സംഘടിത തൊഴിലാളികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഈ വസ്തുത തിരിച്ചറിയാൻ എളുപ്പത്തിൽ കഴിയും. പക്ഷേ നിതാന്തമായ പോരാട്ടത്തിനു മാത്രമേ ഫാസിസ്റ്റു് ചെയ്തികളെ ചെറുക്കാൻ കഴിയുകയുള്ളു. ജനാധിപത്യത്തിന്റെ രക്ഷയ്ക്ക് സമരോത്സുകമാവുക എന്നത് തന്നെയാണ് ഓഫീസേഴ്‌സ് അസോസിയേഷനെ പോലുള്ള സംഘടനകൾ ഏറ്റെടുത്തു ചെയ്യേണ്ട ദൗത്യം. ഇടതുപക്ഷത്തെ ബലപ്പെടുത്തുക എന്നത് കാലം ആവശ്യപ്പെടുന്ന വളരെ വിലപ്പെട്ട സംഗതികളിലൊന്നാണ്. ആ ഉദ്ദേശലക്ഷ്യത്തെ പൂർത്തീകരിക്കാൻ കേരള സംരക്ഷണ ദിനമായി ആചരിച്ച ‘കാത്തിടാം ഈ കൈത്തിരി’ എന്ന ഈ സാംസ്കാരിക പരിപാടിക്ക് കഴിയും എന്നതിൽ സംശയമില്ല.