പ്രതിഷേധം ഉയര്‍ത്തി കൊല്ലം- വൈദ്യുതി ജീവനക്കാര്‍ ജോലി ബഹിഷ്കരിച്ചു

256

രാജ്യത്തെ വൈദ്യുതിവിതരണ മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം. നാഷണൽ കോ–- ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എൻജിനിയേഴ്സ് ആൻഡ്‌ എംപ്ലോയീസിന്റെ നേതൃത്വത്തിൽ വൈദ്യുതിബോർഡിലെ തൊഴിലാളികളും എൻജിനിയർമാരും ജോലി ബഹിഷ്കരിച്ച് പ്രകടനവും ധർണയും നടത്തി. ജില്ലയിലെ 54 സെക്‍ഷൻ ഓഫീസിലും ആറ് ഡിവിഷൻ കേന്ദ്രത്തിലും പ്രകടനവും യോഗവും  സംഘടിപ്പിച്ചു.  

കൊല്ലം പവർഹൗസ്‌ കോമ്പൗണ്ടിൽ യോഗം എം നൗഷാദ്‌ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. കെഎസ്‌ബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ശ്യാംകുമാർ അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ബി അനിൽകുമാർ, വർക്കേഴ്‌സ്‌ ഫെഡറേഷൻ (എഐടിയുസി) ജില്ലാ ട്രഷറർ മോഹൻദാസ്‌, കേരള പവർ വർക്കേഴ്‌സ്‌ കോൺഗ്രസ്‌ (ഐഎൻടിയുസി) സംസ്ഥാന പ്രസിഡന്റ്‌ വീരേന്ദ്രകുമാർ, കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ സാബു, വർക്കേഴ്‌സ്‌ ഫെഡറേഷൻ ജില്ലാസെക്രട്ടറി പ്രദീപ്‌, കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) ഡിവിഷൻ സെക്രട്ടറി ആന്റണി, താഹകോയ എന്നിവർ സംസാരിച്ചു. ഇലക്‌ട്രിസിറ്റി ഓഫീസേഴ്‌സ്‌ ഫെഡറേഷൻ ജില്ലാസെക്രട്ടറി ജോഷ്വാ ബെൻസിലി സ്വാഗതവും വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) വനിതാ സബ്‌കമ്മിറ്റി ജില്ലാ കൺവീനർ ഗിരിജാകുമാരി നന്ദിയും പറഞ്ഞു. 

കൊട്ടാരക്കരയിൽ വൈദ്യുതിഭവനിൽനിന്ന്‌  പ്രകടനം ആരംഭിച്ചു. പോസ്റ്റ്‌ഓഫീസിനു മുന്നിൽ ധർണ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എൻ രവീന്ദ്രൻനായർ ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എ എസ്‌ ഷാജി, സിഐടിയു ഏരിയ സെക്രട്ടറി സി മുകേഷ്, കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷൻ എസ്‌ ആർ  രമേശ്, ആർ രാജേഷ്, ഉദയകുമാർ, ഡി സിന്ധുരാജ്, കെ പി ഹരീഷ്‌കുമാർ, ആർ വിനോദ് കുമാർ, വി കെ   സജീവ് കുമാർ, എൻ അജിത്‌,  മനോജ് കുമാർ, എസ്‌ സുലഭ, തുടങ്ങിയവർ സംസാരിച്ചു.