ആസ്ഥാന മന്ദിരത്തിന് തിലകക്കുറിയായി പുസ്തകപ്പുര

401

2018 ജൂൺ 19, വൈകുന്നേരം.
പുറത്തു കോരിച്ചൊരിയുന്ന ഇടവപ്പാതിയെ വകവയ്ക്കാതെ, തിരുവനന്തപുരം ഓഫീസേഴ്സ് ഹൗസിനുള്ളിൽ, വലയാർ അവാർഡ് ജേതാവ് റ്റി ഡി രാമകൃഷ്ണന്റെ സൗമ്യവും ദൃഢവുമായ വാക്കുകൾ പെയ്തിറങ്ങി.
ഓഫീസേഴ്സ് ഹൗസിന്റെ താഴത്തെ നിലയിലുള്ള ജില്ലാ കമ്മിറ്റിയുടെ മുറി ഒരു പുസ്തകപ്പുരയായി നേരത്തേ തന്നെ രൂപം മാറിക്കഴിഞ്ഞിരുന്നു. ജില്ലയിലെ സംഘടനാംഗങ്ങളെ കൂടാതെ വിരമിച്ച ഓഫീസർമാരും മറ്റ് സംഘടനാംഗങ്ങളും ഇതിലൊന്നിലും പെടാത്ത നിരവധി സഹൃദയരും നൽകിയ ആയിരത്തിലധികം പുസ്തകങ്ങൾ വായനയുടെ കരുത്ത് വിളിച്ചോതി പുസ്തകപ്പുരയെ ജീവസ്സുറ്റതാക്കി. റ്റി ഡി രാമകൃഷ്ണൻ നാട മുറിച്ച് പുസ്തകപ്പുര തുറന്നു തന്നു. അദ്ദേഹത്തിന്റെ പ്രശസ്ത നോവലായ ‘ഫ്രാൻസിസ് ഇട്ടിക്കോര’ നമ്മുടെ പുസ്തകപ്പുരയിലെ
N -199 നമ്പർ അന്തേവാസിയാണ്. അദ്ദേഹം ആ പുസ്തകത്തിൽ ആശംസകൾ കുറിച്ച് കയ്യൊപ്പിട്ടു നൽകി. തുടർന്ന് സന്ദർശക ഡയറിയിലും കയ്യൊപ്പു ചർത്തി.
തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് റ്റി വി ആശയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ‘എന്റെ വായാനാനുഭവങ്ങൾ’ എന്ന വിഷയത്തിൽ റ്റി ഡി പ്രഭാഷണം നടത്തി. മുക്കാൽ മണിക്കൂറോളം നീണ്ട പ്രഭാഷണം അവിടെ തിങ്ങി നിറഞ്ഞു നിന്നവർ ആത്മഹർഷത്തോടെ കേട്ടു നിന്നു. നിരവധി പേർ കസേര പോലും കിട്ടാതെ നിന്നു കൊണ്ടു തന്നെ തന്റെ വാക്കുകൾ സാകൂതം കേട്ടത് അദ്ദേഹത്തെ സന്തോഷ വാനാക്കി. റ്റി ഡി അക്കാര്യം തുറന്നു പറയുകയും ചെയ്തു.
‘എന്നെ ഒരു വായനക്കാരനാക്കിയത് അമ്മയും ആസ്ത്മയും ആണ്. ഞാനും അമ്മയും ആസ്ത്മയുടെ ബുദ്ധിമുട്ടുള്ളവരായിരുന്നു. വൈദ്യുതി എത്താത്ത, നല്ല ചികിത്സ ലഭ്യമല്ലാതിരുന്ന അക്കാലത്ത്, ആസ്ത്മ കാരണം കിടക്കാൻ കഴിയാതിരുന്നതിനാൽ ഇരുന്നു നേരം വെളിപ്പിച്ചിരുന്നത് പുസ്തകങ്ങൾ വായിച്ചായിരുന്നു, അതും മണ്ണെണ്ണ വെട്ടത്തിന്റെ വെളിച്ചത്തിൽ’ – അദ്ദേഹം പറഞ്ഞു.
ടെക്കികള്‍ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ വായന സജീവമാകുകയാണെന്നും ഇനിയുള്ള കാലത്ത് വായനക്കാർ കൂടുകയേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ വളർച്ച, വായനയെ സഹായിക്കുകയാണ് ചെയ്തത്. അദ്ദേഹം വാചാലനായി…. തന്റെ ഇഷ്ട കൃതികൾ, പരുക്കനായ ജീവിതാനുഭവങ്ങൾ, എഴുത്തു നൽകിയ മാനസിക വ്യഥകൾ, പ്രതീക്ഷയേകുന്ന പുതിയ എഴുത്തുകാർ – അങ്ങനെ ഒരുപാട് കാര്യങ്ങൾ.
ജില്ലാ സെക്രട്ടറി ബി രമേഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. സമഷ്ടിയുടെ വകയായ ഓര്‍മ്മശില്‍പ്പം സംസ്ഥാന പ്രസിഡണ്ട് ജെ സത്യരാജന്‍ റ്റി ഡി ക്ക് സമ്മാനിച്ചു. തുടർന്ന് ജെ. സത്യരാജൻ, എം ചന്ദ്രബോസ് (താലൂക്ക് ലൈബ്രറി കൗൺസിൽ), കെ ജയപ്രകാശ് (ജനറല്‍ സെക്രട്ടറി, കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഹെവിന്‍ പെരേര കൃതജ്ഞത പ്രകാശിപ്പിച്ചു.
ഓഫീസേഴ്സ് അസോസിയേഷന്റെ ആസ്ഥാന മന്ദിരമായ ഓഫീസേഴ്സ് ഹൗസ്, അങ്ങനെ വായനാ ദിനത്തിൽ, ഉത്സവച്ഛായയിൽ, അനുഗൃഹീതനായ ഒരു എഴുത്തകാരനാലും സഹൃദയരായ സാഹിത്യ പ്രേമികളാലും, സമ്പന്നമായി. പുസ്തകപ്പുര ആസ്ഥാന മന്ദിരത്തിന് ഒരു തിലകക്കുറി യായി.