‘ഇന്ത്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇല്ലാതാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണ്. അതുണ്ടെങ്കില്‍ തന്നെ അതിന്റെ സാന്നിധ്യം ഏറ്റവും കുറഞ്ഞ തോതില്‍ ആയിരിക്കണം.’ 2021–22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചതാണിത്. ഒരു പടി കൂടി കടന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ‘പൊതുമേഖല എന്നത് ഒരു അവശ്യ ഘടകം അല്ല. ആധുനീകരിക്കുക, പണമാക്കി മാറ്റുക എന്നതാണ് നാം പിന്തുടരാൻ പോകുന്നത്’.’ സിവില്‍ സര്‍വീസും പൊതുമേഖലയും ചെറുതാക്കുക, സേവന മേഖലകള്‍ സ്വകാര്യവല്‍ക്കരിക്കുക എന്നത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും നയമായിരുന്നു. ആ നയമാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ശക്തമായി നടപ്പാക്കുന്നത്. ആണവോർജം, ബഹിരാകാശം, പ്രതിരോധം, ഗതാഗതം, വാർത്താവിനിമയം എന്നീ മേഖലകള്‍ ഒഴികെ മറ്റെല്ലാം പൂര്‍ണ്ണമായി സ്വകാര്യവല്‍ക്കരിക്കും എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.
സ്വകാര്യ മേഖല എക്കാലവും പ്രതീക്ഷിക്കുന്നത് കുറഞ്ഞ മുതല്‍മുടക്കില്‍ വലിയ ലാഭം ഉണ്ടാക്കാനുള്ള സാധ്യതകളാണ്. നഷ്ടം വരികയാണെങ്കില്‍, ബാധ്യതകളില്ലാതെ ബിസിനസില്‍ നിന്ന് ഒഴിവാകാന്‍ കഴിയണം എന്നതും പ്രധാനമാണ്. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവല്‍ക്കരണത്തില്‍ ഏറ്റവും വലിയ തടസ്സം ശൃംഖല നിര്‍മ്മിക്കാനും പരിപാലിക്കാനും ഉള്ള ഉയര്‍ന്ന ചെലവാണ്. നഷ്ടം വരുന്ന സാഹചര്യത്തില്‍ ബിസിനസില്‍ നിന്ന് പുറത്തു കടന്നാല്‍ ശൃംഖലയില്‍ മുതല്‍ മുടക്കിയ പണം പൂര്‍ണ്ണമായും നഷ്ടമാവുകയും ചെയ്യും. ഇക്കാരണം കൊണ്ടാണ് വൈദ്യുതി നിയമം 2003ന് ശേഷം സ്വകാര്യവല്‍ക്കരണം വ്യാപകമായി നടക്കാതിരുന്നത്. ഇത് മറി കടക്കാന്‍ വൈദ്യുതി വിതരണം ലാഭകരമായി നടത്താനാകുന്ന ചില നഗരങ്ങളെ ഫ്രാഞ്ചൈസി അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലക്ക് കൈമാറി. സേവനത്തിലെ അപാകതയും സാമ്പത്തിക ക്രമക്കേടും കാരണം പല സ്വകാര്യ ഫ്രാഞ്ചൈസികളേയും പുറത്താക്കേണ്ടി വന്നു എന്നത് ചരിത്രം.
ഈ സാഹചര്യത്തിലാണ് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് വൈദ്യുതി വിതരണ മേഖല തുറന്നു കൊടുക്കാനുള്ള പരിഷ്കാരങ്ങളെ കാണേണ്ടത്. 2013 മുതല്‍ 5 തവണ ഭേദഗതികളുടെ കരട് തയ്യാറാക്കി. ആദ്യ കരട് കോണ്‍ഗ്രസ് സര്‍ക്കാരും പിന്നീടുള്ള കരടുകള്‍ ബിജെപി സര്‍ക്കാരുമാണ് തയ്യാറാക്കിയത്. പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പല നിര്‍ദ്ദേശങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിറകോട്ട് പോയി. എന്നാല്‍, കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ എല്ലാം സ്വകാര്യവല്‍ക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കാനും കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകള്‍ക്ക് തുറന്നു നല്‍കാനും തീരുമാനിച്ചു. വൈദ്യുതി ഡിപ്പാര്‍ട്ട്മെന്റുകള്‍ നിലവിലുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം ടെണ്ടര്‍ ചെയ്ത് കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റൊഴിയാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നു. വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള സ്റ്റാന്‍ഡേഡ് ബിഡ് ഡോക്യുമെന്റും തയ്യാറാക്കി. 2012ല്‍ വിതരണ മേഖല ഫ്രാഞ്ചസികള്‍ക്ക് കൈമാറാനുള്ള സ്റ്റാന്‍ഡേഡ് ബിഡ് ഡോക്യുമെന്റു് തയ്യാറാക്കിയത് കോണ്‍ഗ്രസ് നേതാവായ കെ.സി വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രിയായ കാലത്തായിരുന്നു എന്നതും ഈ സമയത്ത് ഓര്‍ക്കേണ്ടതാണ്. കോണ്‍ഗ്രസ് - ബിജെപി സര്‍ക്കാരുകള്‍ മുന്നോട്ട് വയ്ക്കുന്നത് ഒരേ നയമാണെന്ന് ഇത് തെളിയിക്കുന്നു.
രാജ്യം മുഴുവനും ഉള്ള വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാനുള്ള നിയമ ഭേദഗതി ബജറ്റ് സമ്മേളനത്തില്‍ പാസാക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. യാതൊരു മൂലധന ചെലവും ഇല്ലാതെ ലാഭം നേടാന്‍ ഇറങ്ങുന്ന സ്വകാര്യ കമ്പനികളുടെ ലക്ഷ്യം ഉയര്‍ന്ന ശേഷിയുള്ള ഉപഭോക്താക്കളാണ്. ഈ രീതിയില്‍ ചെറി പിക്കിങ്ങ് നടക്കുമ്പോള്‍ ക്രോസ് സബ്‌സിഡി സ്വാഭാവികമായി ഇല്ലാതാകും എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. സാധാരണക്കാര്‍ക്ക് വൈദ്യുതി ആഡംഭര വസ്തുവായി മാറുന്ന കാലമാണ് വരാന്‍ പോകുന്നത്. പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധനവ് സമൂഹത്തില്‍ ഉണ്ടാക്കിയ പ്രത്യാഘാതത്തിന്റെ പല മടങ്ങാകും വൈദ്യുതി വില വര്‍ദ്ധനവ് ഉണ്ടാക്കുക.
വൈദ്യുതി മേഖലയിലെ തൊഴിലാളികളുടേയും ജീവനക്കാരുടേയും എഞ്ചിനീയര്‍മാരുടേയും കൂട്ടായ്മയായ NCCOEEEയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ രാജ്യവ്യാപകമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നിട്ടുണ്ട്. യു.പിയിലെ വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതില്‍ നിന്ന് പിന്‍മാറേണ്ടി വന്നത് പ്രക്ഷോഭത്തിന്റെ കരുത്ത് തെളിയിച്ചു. സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 3ന് നടന്ന വൈദ്യുതി ജീവനക്കാരുടെ പണിമുടക്കില്‍ 15 ലക്ഷം പേരാണ് പങ്കാളികളായത്.
ഇപ്പോള്‍ ഗവണ്‍മെന്റ് മുന്നോട്ട് വച്ച നിയമ ഭേദഗതി ഇതു വരെ ഇറങ്ങിയ ഭേദഗതികളേക്കാള്‍ അപകടകാരിയാണ്. കണ്‍കറന്റ് ലിസ്റ്റിലുള്ള വൈദ്യുതി മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കിയിട്ടുണ്ട്. സ്ഥിരം നിയമനം അപൂര്‍വമാവുകയും കുറഞ്ഞ വേതനം നല്‍കിയുള്ള കരാര്‍ തൊഴില്‍ വ്യാപകമാവുകയും ചെയ്യും. ക്രോസ് സബ്‌സിഡി ഒഴിവാകുന്ന സാഹചര്യത്തില്‍ ശേഷി കുറഞ്ഞ വിഭാഗങ്ങള്‍ക്ക് കുറഞ്ഞ താരിഫ് നില നിര്‍ത്താന്‍ കേരള സര്‍ക്കാര്‍ 2000 കോടിയിലേറെ രൂപ ചെലവാക്കേണ്ട സാഹചര്യം നിയമ ഭേദഗതി സൃഷ്ടിക്കും. അല്ലെങ്കില്‍, ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വൈദ്യുതി കണക്ഷന്‍ ഒഴിവാക്കേണ്ട സാഹചര്യം കേരളത്തില്‍ ഉണ്ടാകും. കേരളത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം അട്ടിമറിക്കപ്പെടും. ഈ സാഹചര്യത്തില്‍ ജനങ്ങളെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള വലിയ പ്രക്ഷോഭത്തിന് കേരളത്തില്‍ NCCOEEE തുടക്കം കുറിച്ചു കഴിഞ്ഞു. വിവിധ വിഭാഗം ജനങ്ങളെ ഉള്‍പ്പെടുത്തി വൈദ്യുതി മേഖലാ സംരക്ഷണ സമിതികള്‍ രൂപീകരിച്ച് നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം ശക്തമാക്കും. ഇതിന്റെ സംസ്ഥാന തല ഉത്ഘാടനം ഫെബ്രുവരി 26ന് നടന്നു കഴിഞ്ഞു. സെക്ഷന്‍ തലം വരെ ഈ രീതിയില്‍ വൈദ്യുതി മേഖലാ സംരക്ഷണ സമിതികള്‍ രൂപീകരിക്കും.
പോരാട്ടങ്ങളിലൂടെ മാത്രമേ ജന വിരുദ്ധ നയങ്ങള്‍ തിരുത്തപ്പെട്ടിട്ടുള്ളൂ എന്നാണ് ചരിത്രം പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ എല്ലാ മേഖലയിലും നടപ്പിലാക്കപ്പെടുന്നുണ്ട്. അതു കൊണ്ട് തന്നെ ഇതിനെതിരെ വലിയൊരു കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍ പറ്റണം. കേരളത്തിലെ സംസ്ഥാന സര്‍ക്കാര്‍സ്വകാര്യവല്‍ക്കരണത്തിനെതിരായ നിലപാട് എടുക്കുന്നുണ്ടെങ്കിലും മറ്റ് പല സംസ്ഥാനങ്ങള്‍ക്കും അത്തരം നിലപാടില്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ രാജ്യം മുഴുവനുമുള്ള സ്വകാര്യവല്‍ക്കരണ വിരുദ്ധ പ്രക്ഷോഭകരുടെ ആവേശമായി മാറിയത് അതിനാലാണ്. വൈദ്യുതി ജീവനക്കാരും പെന്‍ഷന്‍കാരും പൊതു ജനങ്ങളും സംസ്ഥാന സര്‍ക്കാരും ഈ കരി നിയമത്തിനെതിരെ ഒന്നിച്ച് പോരാടേണ്ട സാഹചര്യമാണ് നമ്മുടെ മുന്നിലുള്ളത്. അതു കൊണ്ട് തന്നെ കേരള സര്‍ക്കാരിന് നല്ല രീതിയിലുള്ള പിന്തുണ നല്‍കാന്‍ നമുക്ക് കഴിയണം. ഈ സര്‍ക്കാര്‍ തുടരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.