ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ, പെൺകുട്ടികൾ പാൻ്റിടുന്നത് സംബന്ധിച്ച കോലാഹലങ്ങൾ കണ്ടപ്പോൾ, ഇരുപതാം നൂറ്റാണ്ടിൽ പാൻറിട്ടു നടന്ന ഓർമ്മകൾ ഉണരുന്നു. അക്കാലത്തെ മനുഷ്യരൊക്കെ എത്ര ഭേദം!
എന്റെ നാട്ടിൽ പാൻ്റിട്ട് പഠിക്കാൻ പോയ ആദ്യത്തെ പെൺകുട്ടി ഞാനായിരുന്നു – 32 വർഷങ്ങൾക്ക് മുമ്പ്. എന്റെ നാടായ നെടുമങ്ങാട് തിരുവനന്തപുരത്തുനിന്നും നിന്നും 18 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമമായിരുന്നു. അവിടത്തെ ഗേൾസ് ഹൈസ്കൂളിൽ, പച്ചപ്പാവാടയും വെള്ള ബ്ലൗസുമിട്ട് മുടി രണ്ടുവശവും പിന്നി ചുവന്ന റിബണിട്ടു കെട്ടി ഞങ്ങളങ്ങനെ പാറിപ്പറന്നു വിഹരിച്ചിരുന്നു.
ബോയ്സ് ഹൈസ്കൂൾ അവിടെ നിന്നും കുറച്ചകലെയാണ്. വർഗ്ഗ ശത്രുക്കളെ കാണുന്നത് ഔവർ ട്യൂട്ടോറിയലിൽ ട്യൂഷന് ചെല്ലുമ്പോൾ മാത്രം. അവിടെ വച്ചും സൗഹൃദ സംഭാഷണം പോയിട്ട് പരസ്പരം നേരേ ചൊവ്വേ നോക്കാറു പോലുമില്ല.- എങ്ങനെ നോക്കും ? എതിർ പക്ഷമല്ലേ? ആൺകുട്ടികളേക്കാൾ കൂടുതൽ മാർക്ക് വാങ്ങുക എന്നതാണ് ജീവിതോദ്ദേശ്യം. മത്സര രംഗത്തെ എന്റെ പ്രധാന ശത്രുക്കൾ അമ്മയുടെ സഹ അധ്യാപികമാരുടെ ആൺമക്കളാണ് – അവർ ഒരുമിച്ചാണ് ലീവെടുത്ത് ഞങ്ങളെയൊക്കെ പെറ്റു കിടന്നത്.
ആൺ, പെൺ സ്കൂളുകൾ പ്രത്യേകം ഉണ്ടാകുന്നതു കൊണ്ട് ദോഷം മാത്രമേ ഉള്ളൂ എന്നാണ് എനിക്ക് മനസ്സിലായത്. മറുഭാഗത്തുള്ളവർ എതിർ പക്ഷമാണെന്നും വ്യത്യസ്‌തരാണെന്നുമുള്ള മനോഭാവം കുട്ടികളിൽ സൃഷ്ടിക്കപ്പെടുന്നു.
പാവാടയെപ്പറ്റിയാണ് പറഞ്ഞു വന്നത്. അതു രണ്ട് തരത്തിലുണ്ടായിരുന്നു – ഹാഫും ഫുള്ളും.
ഏഴാം ക്ലാസുവരെ ഹാഫ് , അതു കഴിഞ്ഞാൽ ഫുൾ. ഉച്ചയ്‌ക്കുള്ള ഇടവേളകളിൽ ഞങ്ങൾ ഓലയ്ക്കാൽ (തെങ്ങിന്റെ ഓല) കൊണ്ടുണ്ടാക്കിയ പന്തു കൊണ്ടുള്ള തലപ്പന്ത് കളി, കള്ളനും പോലീസും കളി തുടങ്ങിയ ഓട്ടവും ചാട്ടവും തലകുത്തി മറിയലുമൊക്കെ ആവശ്യമുള്ള കളികളിൽ വ്യാപൃതരായിരുന്നു. കായിക മത്സരങ്ങളായ ഖോ ഖോ, ഹർഡിൽസ്, സ്കിപ്പിംഗ് റോപ്പ് ഓട്ടം, ലോംഗ്ജംപ് തുടങ്ങിയ മത്സരങ്ങളിലും ഞാൻ സജീവമായിരുന്നു.
മേൽപ്പറഞ്ഞ കലാപരിപാടികൾക്കൊക്കെ ഹാഫ്/ഫുൾ പാവാടകൾ ഉണ്ടാക്കിയ ഉപദ്രവം ചില്ലറയൊന്നുമായിരുന്നില്ല. ഹാഫാണെങ്കിൽ അത് െപാങ്ങി പോകാതെയും സ്ഥാനം തെറ്റി പോകാതിരിക്കുകയും ചെയ്യാൻ നിതാന്ത ജാഗ്രത വേണം. ഫുള്ളിട്ട് ഈ അഭ്യാസമൊക്കെ കാണിക്കുമ്പോൾ മറിഞ്ഞു വീഴാതിരിക്കണമെങ്കിൽ അസാമാന്യ മിടുക്കും വേണം. അന്യോന്യം പാവാടയിൽ ചവിട്ടിപ്പിടിക്കലും മറിഞ്ഞു വീഴലുമൊക്കെ നിത്യ സംഭവങ്ങൾ.
പക്ഷേ, ഇത്രയും അസൗകര്യങ്ങളുണ്ടാക്കുന്ന ആ വസ്ത്രം മാറണം എന്ന തോന്നൽ ഒരിക്കൽപോലും ഉണ്ടായിട്ടില്ല എന്നതാണിതിലെ ട്രാജഡി. വിവരവും ബോധവും കുറവായിരുന്നതു കൊണ്ടാണോ? അതോ കുടുംബവും സമൂഹവും കൂടി അങ്ങനെയൊരു മാനസികാവസ്ഥയിൽ കുട്ടികളെ എത്തിച്ചിരുന്നതു കൊണ്ടാണോ ആവോ? പക്ഷേ ഒന്നു ഞാൻ പറയാം,പഠിക്കാനും കലാ കായിക മികവുകൾ പ്രകടിപ്പിക്കാനും മാനസി ക വളർച്ച സാധ്യമാക്കാനും കഴിയുന്ന തരത്തിലുള്ള അടിച്ചമർത്തലുകളില്ലാത്ത ഒരു പോസിറ്റീവ് അന്തരീക്ഷം ആ സർക്കാർ പെൺ പള്ളിക്കൂടത്തിലുണ്ടായിരുന്നു.
1988ൽ പ്രീഡിഗ്രിക്ക് തിരുവന്തപുരം എന്ന മഹാനഗരത്തിലെ പ്രശസ്തമായ സർക്കാർ വനിതാ കോളേജിലെത്തി. വേഷം പാവാടയും ബ്ലൗസും തന്നെ. യാത്ര രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ ആനവണ്ടിയിൽ .
നഗരപ്രാന്തത്തിലെ ഗ്രാമങ്ങളിൽ നിന്ന്, പത്താം ക്ലസിൽ കിടിലൻ മാർക്കും വാങ്ങിയെത്തിയ ഞങ്ങൾ പാവാടക്കാരികൾ, നഗരത്തിലെ കോളേജിൽ അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെട്ട് ഒതുങ്ങി പരുങ്ങി നിൽക്കേണ്ടി വന്നു. യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ രണ്ട് സമ്മാനം കിട്ടിയതോടെ ഞാൻ രക്ഷപ്പെട്ടു, അംഗീകരിക്കപ്പെട്ടു. രണ്ടു കൊല്ലം അവിടെ പഠിച്ചിട്ടും പാവാടയിൽനിന്ന് മാറുന്ന കാര്യം ആലോചിക്കാൻ പോലും തോന്നിയില്ല. പാവാട ധരിക്കുന്നത് ബസ്സ് യാത്രയ്ക്കുണ്ടാക്കുന്ന അസൗകര്യം പോലും അന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. സമൂഹം മനസ്സിൽ ഉണ്ടാക്കിവച്ച വസ്ത്രധാരണാ സങ്കൽപ്പം അത്രയ്ക്ക് ദൃഢമായിരുന്നു. അക്കാലത്ത് നഗരത്തിലെ കുട്ടികൾ മാത്രം ധരിച്ചിരുന്ന ചുരീദാർ ഉൾപ്പെടെയുള്ള സകല സാത്താന്മാരേയും അകറ്റി തന്നെ നിർത്തി. അവയ്ക്ക് വിലയും കൂടുതലായിരുന്നു.
അങ്ങനെ ”ഗ്രാമത്തിൻ മണവും മമതയും” കാത്തു സൂക്ഷിച്ച് പാവാടയുമിട്ടു നടന്ന എനിക്ക് തിരുവനന്തപുരം സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ പ്രവേശനം കിട്ടി. വീട്ടിൽ നിന്ന് ദൂരം പിന്നെയും കൂടി. നഗരം വരെ ആന വണ്ടിയിൽ, തുടർന്ന് കോളേജ് ബസ്സിൽ.
എഞ്ചിനീയറിംഗ് കോളേജിൽ പാവാടയെ കയറ്റില്ലെന്ന് മനസ്സിലായി. സ്വാഭാവികമായും 18 വയസ്സിൽ ഞാൻ സാരിയിലേയ്ക്ക് മാറി. അതു കാരണം ഒരു ഗുണമുണ്ടായി, ആദ്യ സെമസ്റ്ററിൽ വലുതായി റാഗിംഗ് കിട്ടിയില്ല – സാരിയുടുത്തു വരുന്നത് ടീച്ചറാണെന്ന് ചേട്ടന്മാർ തെറ്റിദ്ധരിച്ചു.
ഞങ്ങടെ നാട്ടിലേക്കുള്ള KSRTC ബസ്സിലെ തിരക്കിനെ ഭീകരം എന്ന ഒറ്റ വാക്കിൽ വിശേഷിപ്പിക്കാം, മണ്ണു നുള്ളിയിട്ടാൽ താഴെ വീഴില്ല.
വല്ല വിധേനയും സാരിയും വലിച്ചു ചുറ്റി വീട്ടിൽനിന്നിറങ്ങും. ബസ്സിൽ നിന്നിറങ്ങി കഴിയുേമ്പാൾ അത് പകുതി അഴിഞ്ഞ നിലയിലാകും. ഇറങ്ങാൻ നേരത്ത് ഫുട് ബോർഡിൽ നിന്നു കൊണ്ടായിരിക്കും സാരിയുടെ മുന്താണി വലിച്ചെടുക്കുന്നത്. ഇതിനിടയിൽ ശരീര ഭാഗങ്ങൾ പുറത്തു കാണാതിരിക്കാനുള്ള ഭഗീരഥപ്രയത്നവും നടത്തണം.
എന്നിട്ടും മാറിച്ചിന്തിച്ചില്ല, കഷ്ടപ്പെട്ടു സാരിയിൽ ജീവിച്ചു.
അപ്പോഴാണ് സിലബസിൽ വർക്ക്ഷോപ്പ് എന്ന വില്ലൻ പ്രത്യക്ഷപ്പെടുന്നത്. നീല പാൻറും ഷർട്ടും തയ്പിച്ചു. അതും പൊതിഞ്ഞോണ്ടു പോയി വിശ്രമമുറിയിൽ കയറി കഷ്ടപ്പെട്ട് മാറ്റി ധരിച്ചു. വൈകിട്ട് വീണ്ടും സാരിയിൽ കയറി നാട്ടിൽ പോയി.
കുറച്ചു നാൾ പോയപ്പോൾ ഈ പരിപാടി തീരെ പ്രായോഗികമല്ലെന്ന് മനസ്സിലായി. എന്നിട്ടും പാൻ്റിട്ട് നാട്ടിൽ യാത്ര ചെയ്യാനുള്ള ധൈര്യം വന്നില്ല. അങ്ങനെ സാരി ഉപേക്ഷിച്ചു. പകരം മനസില്ലാ മനസ്സോടെ തിരുവനന്തപുരത്ത് കടയിൽ നിന്ന് മൂന്ന് ചുരിദാർ വാങ്ങി. നാട്ടിലെ തുണിക്കടയിലൊന്നും അന്ന് ഈ സാധനം ഇല്ലായിരുന്നു.
പിന്നെയും ചുരിദാറിട്ട്, പാൻറ് പൊതിഞ്ഞു കൊണ്ടുവന്ന് കോളേജിൽ വച്ച് മാറി ധരിച്ചു. വീണ്ടും കുറച്ചു നാൾ കഴിഞ്ഞപ്പോൾ തലയ്ക്കകത്ത് വെട്ടം വീണു.എന്നാൽ പിന്നെ ആഴ്ചയിൽ രണ്ടു ദിവസം വീട്ടിൽ നിന്ന് പാന്റിട്ടോണ്ടു വന്നു കൂടേ? നാട്ടുകാർ എന്തോ പറഞ്ഞോട്ടേ മൈൻറ് ചെയ്യണ്ടാന്ന് മൈൻറിനെ ഉപദേശിച്ച് ഞാൻ വീട്ടിൽ നിന്നുതന്നെ പാൻ്റ് ധരിച്ചു വന്നു തുടങ്ങി.
നാട്ടുകാരെപ്പറ്റി പറയാനാണെങ്കിൽ -ആ നാട്ടിൻ പുറത്തു നിന്ന് എഞ്ചിനീയറിംഗ് പഠിക്കാൻ പോയ ആദ്യ പെൺകുട്ടി ഞാനായിരുന്നു. ഡ്രോയിഗ് ക്ലാസ്സുള്ള ദിവസം T squareമായി ബസ്സിലെ ഭീകരമായ തിരക്കിൽ ഇടിച്ചു കയറുന്ന ഞാൻ വല്യ ശല്യമാണെന്ന് കണ്ടക്ടർമാർ പ്രാകുമായിരുന്നു. ചൊവ്വയും ശനിയുമാണ് നെടുമങ്ങാട് ചന്ത നടക്കുന്ന ദിവസങ്ങൾ. ബസ്സിൽ ഇടയ്ക്കുള്ള സ്റ്റോപ്പിൽ നിന്നു കയറുന്നതിനാൽ ഫുട് ബോർഡിലേ സ്ഥലം കിട്ടുള്ളൂ. ചന്ത ദിവസമെങ്കിലും ഈ കോടാലിയുമായി വരല്ലേ കൊച്ചേ എന്നവർ അപേക്ഷിക്കുമായിരുന്നു.
എന്തായാലും പാൻറിട്ടു നടന്ന എന്നെപ്പറ്റി നാട്ടുകാർ ആദ്യമാക്കെ എന്തെങ്കിലുമൊക്കെ പറഞ്ഞു കാണണം, “അയ്യേ കൊടിപ്പുറത്തെ സാറിന്റെ മോള് പാന്റിട്ടോണ്ട് നടക്കണ്” എന്ന്. പക്ഷേ ആ വേഷം, അന്നത്തെ കാലത്ത്, ആ നാട്ടിൻ പുറത്ത് വളരെ വേഗം അംഗീകരിക്കപ്പെട്ടു എന്നതാണ് സത്യം. ഒരു സാദാ സർക്കാർ മലയാളംമീഡിയം സ്കൂളിൽ പഠിച്ച് എഞ്ചിനീയറിംഗിന് പ്രവേശനം നേടിയെടുത്ത പെൺകുട്ടിയെ അഭിമാനത്തോടെ അവർ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അക്കാലത്തെ വലിയ വിദ്യാഭാസമൊന്നും ലഭിക്കാത്ത നാട്ടിൻപുറത്തുകാർ എത്ര മാത്രം പുരോഗമന ചിന്താഗതിക്കാരായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്.
ഞരമ്പു രോഗികളുടെ കമൻറടികൾ ഇഷ്ടം പോലെ പുറകേ വരുമായിരുന്നു. പക്ഷേ അതു കേട്ട് രക്തം തിളക്കാനോ പ്രതികരിക്കാനോ പണ്ട് പോകാത്തതിന് കാരണം അച്ഛന്റെ ഒരു സൈക്കോളജിക്കൽ മൂവ് ആയിരുന്നെന്ന് തോന്നുന്നു. മാനത്ത് പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിൽക്കുമ്പോൾ താഴെ കുറേ പേർ നോക്കി നിന്ന് ഓരിയിടും, പക്ഷേ ചന്ദ്രന് അതുകൊണ്ട് എന്തെങ്കിലും ക്ഷീണമുണ്ടോ? ഇല്ല. ആ വീക്ഷണകോണിലൂടെ കമൻറടികളെ നോക്കി കണ്ടതുകൊണ്ട് പാൻ്റ് സംബന്ധിയായ വൃത്തികെട്ടതും അല്ലാത്തതുമായ കമൻറുകൾ ഈസിയായി ഞാൻ തരണം ചെയ്തു. ഒൻപതിലും ഈ അൻപതിലും കമൻറുകൾ കേൾക്കുമ്പോൾ എനിക്ക് പൂർണ്ണചന്ദ്രനെ ഓർമ്മ വരും. ഒരു പെൺകുട്ടിയിൽ ആത്മ വിശ്വാസം വളർത്താൻ ഇതിലും നല്ല ഉദാഹരണമുണ്ടോ ! അല്ലേ?
പക്ഷേ ഒരിക്കൽ ഒരബദ്ധം പറ്റി. വീട്ടിലേയ്ക്കുള്ള വൈകുന്നേരയാത്രയിൽ ഇsയ്ക്കുള്ള സ്റ്റോപ്പിൽ നിന്ന് KSRTC ബസിൽ കയറിപ്പറ്റണം. സ്റ്റാൻഡിൽനിന്നും നിറഞ്ഞു വരുന്ന ബസ് പേരൂർക്കട എന്ന സ്ഥലത്ത് ബസ് സ്റ്റോപ്പിൽ നിർത്തില്ല. അതിനു കുറച്ചു മുന്നേ മാറ്റി നിർത്തി ആളിനെ ഇറക്കിക്കൊടുക്കും. കോളേജ് ബസിൽ അവിടെ ചെന്നിറങ്ങി റോഡരികിലെ മതിലിന്റെ പുറത്ത് കാത്തിരിക്കും, വേറെയും കുട്ടികൾ കാണും. ആളിറക്കാൻ നിർത്തുന്ന ബസ്സിൽ വല്ല വിധേനെയും ചാടിക്കയറി തൂങ്ങിപ്പിടിച്ചു നിൽക്കും.പലപ്പോഴും ഫുട് ബോർഡിൽ നിന്നായിരുന്നു യാത്ര. ഒരു ദിവസം ഞാൻ ഫുട്ബോർഡിൽ കാലെടുത്തു വച്ചതും കണ്ടക്ടർ ബെല്ല് കൊടുത്തു, ഞാൻ വീഴാൻ പോയി. അയ്യോ ആ പെങ്കൊച്ച് വീഴുമേ എന്ന് പറഞ്ഞ് ആളുകൾ ഉറക്കെ വിളിച്ചു. കണ്ടക്ടർ വീണ്ടും ബെല്ലടിച്ചു നിർത്തി. ഞാൻ ഫുട് ബോർഡിൽ നിന്നും ഉള്ളിലേയ്ക്ക് കയറി സ്റ്റെഡിയായി പിടിച്ചു നിന്നു. മുന്നിൽ നിന്ന കണ്ടക്ടർ കഷ്ടപ്പെട്ട് പുറകിലെത്തി എന്നെ കൊന്നു കൊലവിളിച്ചു. പാന്റിട്ടോണ്ട് വന്ന് ഞാനയാളുടെ ജോലി കളയാൻ നോക്കീന്ന്. പയ്യന്മാരാണല്ലോ പിടിച്ചു കയറിക്കൊള്ളുമെല്ലാ എന്ന് കരുതിയാണ് അയാൾ ബെല്ല് കൊടുത്തതെന്ന്. പെണ്ണ് പാന്റിട്ടോണ്ട് വരുമെന്നും ഫുട്ബോർഡിൽ ചാടിക്കയറുമെന്നും അയാൾ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ലെന്ന്.
ഇത്രയും പുരോഗമിച്ച കാലത്തും കുട്ടികളുടെ വസ്ത്രധാരണത്തെ സംബന്ധിച്ചുള്ള പിന്തിരിപ്പൻ പ്രതികരണങ്ങൾ കാണുമ്പോൾ നാണക്കേട് തോന്നുന്നു. അന്നത്തെ കാലത്തെ മനുഷ്യർ ഇതൊക്കെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മനസ്സിലാക്കി സമരസപ്പെട്ടു പോയിരുന്നു. ഇത്തരം വിഷയങ്ങൾക്കുള്ളിൽ ജാതിയും മതവും വർഗ്ഗീയതയും ഒന്നും കലർത്തിയിരുന്നില്ല. എനിക്ക് തോന്നിയിട്ടുള്ളത് യൂണിഫോം മാറ്റത്തിനെക്കുറിച്ചുള്ള ചിന്തകൾ അന്നേ സമൂഹത്തിൽ ഉടലെടുത്തിരുന്നെങ്കിൽ നിഷ്‌പ്രയാസം അത് സാധിച്ചെടുക്കാർ കഴിയുമായിരുന്നു എന്നാണ്.
സാമൂഹിക മാറ്റത്തിനായി പ്രതിജ്ഞാ ബദ്ധമായി നിലകൊള്ളുന്ന നമ്മുടെ ഭരണകൂടം തീർച്ചയായും ഈ സമൂഹത്തെ പുതുക്കിയെടുക്കുക തന്നെ ചെയ്യും. ഇന്നത്തെ പുതിയ തലമുറയിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. അവർ ലിംഗസമത്വത്തിന്റെയും തുല്യനീതിയുടേയും വക്താക്കളാകും.സാമൂഹ്യ മാറ്റത്തിന്റെ കനലുകൾ അവരുടെ ഉള്ളിൽ എരിയുന്നുണ്ട്. എന്റെ തലമുറയിലെ സ്ത്രീകളുടെ കനവുകൾ അവർ സാക്ഷാത്കരിക്കും.