ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് ആ ത്മാഭിമാനത്തോടെ തങ്ങളുടെ അവകാശങ്ങൾക്കും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടസ്മരണകൾ ഓർത്തെടുക്കുന്നതിനും അതിനെ മുന്നോട്ടു നയിക്കുന്ന മുന്നേറ്റങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമുള്ള ദിവസം. ഓരോ വനിതാദിനവും ഒരു ഓർമപ്പെടുത്തലും കണക്കെടുപ്പും കൂടിയാണ്; ഒരു സ്ത്രീ എന്ന നിലയിൽ തന്റെയും സമൂഹത്തിലെ മറ്റു സ്ത്രീകളുടെയും ഉന്നമനത്തിനും ശാക്തീകരണത്തിനുമായി എന്ത് സംഭാവനയാണ് വ്യക്തിപരമായി നൽകിയത് എന്നുള്ളതിന്റെ കണക്കെടുപ്പ്, ഇനിയും പൂർത്തിയായിട്ടില്ലാത്ത ലക്ഷ്യത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ.
ഇത്തവണത്തെ വനിതാദിനത്തിൽ കാലികപ്രസക്തമായിട്ടുള്ള പ്രമേയമാണ് UN പ്രഖ്യാപിച്ചിരിക്കുന്നത് “Gender equality today for a sustainable tomorrow”. മികച്ച ഒരു നാളെയെ സൃഷ്ടിക്കുകയെന്നതാണ് സുസ്ഥിര വികസനത്തിന്റെ പ്രഖ്യാപിതലക്ഷ്യം. സുസ്ഥിര വികസനസൂചികയെ നിർണയിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് “ലിംഗ സമത്വം”. ലോകജനസംഖ്യയുടെ 50% ത്തോളം പ്രതിനിധാനം ചെയുന്ന വനിതകളെ സാമൂഹികവും സാംസ്കാരികവും സാമ്പത്തികവുമായി മുന്നോട്ടു നയിക്കാൻ സാധിച്ചാൽ മാത്രമേ സുസ്ഥിരവികസനം സാർത്ഥകമാവുകയുള്ളൂ. തൊഴിൽ, ആരോഗ്യ, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയമേഖലകളിൽ തുല്യ അവസരങ്ങൾ സ്ത്രീകൾക്ക് ലഭ്യമായാൽ മാത്രമേ രാഷ്ട്രവികസനം അർത്ഥപൂർണമാവുകയുള്ളൂ, എന്നാൽ യാഥാർഥ്യം വളരെ വിദൂരമാണ്.
ഐക്യരാഷ്ട്രസഭയുടെ കണക്ക് അനുസരിച്ചു 330 ദശലക്ഷം വനിതകളും കുട്ടികളും കൊടിയ ദാരിദ്ര്യം നേരിടുന്നവരാണ്. ലോകത്തിലെ മൂന്നിൽ രണ്ടു രാജ്യങ്ങൾ എടുത്താൽ ഭക്ഷ്യസുരക്ഷയിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണ്. 15 ദശലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായി തുടരുന്നു. 2030 ആകുമ്പോൾ ലോകം സുസ്ഥിരവികസനം കൈവരിക്കണം എന്നതാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപിതലക്ഷ്യം. ഇതിനു വിലങ്ങുതടിയായി നിൽക്കുന്ന രണ്ടു ഘടകങ്ങൾ ലിംഗ അസമത്വവും കാലാവസ്ഥാ വ്യതിയാനവുമാണ്. അതുകൊണ്ടുതന്നെ ഇത്തവണത്തെ വനിതാദിന ആശയം ശ്രദ്ധേയമാണ്.
കാലാവസ്ഥാ വ്യതിയാനങ്ങളും അതുണ്ടാക്കുന്ന പ്രകൃതിക്ഷോഭങ്ങളും മനുഷ്യരാശിയെ മൊത്തത്തിൽ ബാധിക്കുന്നതാണ്, എന്നാൽ അതിന്റെ വിപരീതഫലങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് ദുർബലരും പാർശ്വവത്കരിക്കപ്പെട്ടവരവുമായ സ്ത്രീകളെയും കുട്ടികളെയും ആണ്. മൂന്നാംകിട രാജ്യങ്ങളിലെ ഗ്രാമീണമേഖലയിലെ സ്ത്രീകൾ അവരുടെ നിത്യവൃത്തിക്കായി ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് പ്രകൃതിവിഭവങ്ങളെ ആണ്, അതിനാൽ പ്രകൃതിദുരന്തങ്ങൾ അവരെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിടുന്നു. ദുരന്തങ്ങൾ തീർക്കുന്ന പലായനങ്ങൾ സ്ത്രീകളെയും കുട്ടികളെയും കൂടുതൽ പിന്നോട്ടു നയിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ വൃത്തിഹീനമായ ചുറ്റുപാടുകളിൽ വ്യക്തിശുചിത്വം പാലിക്കാനും സ്ത്രീകൾ ബുദ്ധിമുട്ടു നേരിടുന്നു. പഠനങ്ങൾ തെളിയിക്കുന്നത് ഇത്തരം ദുരിതങ്ങളിൽ മരണപ്പെടുന്ന വനിതകളുടെ എണ്ണം പുരുഷന്മാരേക്കാൾ 14 % മുകളിൽ ആണെന്നാണ്. ഭീകരമാണ് ഈ കണക്ക്.
കാലാവസ്ഥാ മാറ്റങ്ങളോട് പൊരുത്തപ്പെടാനും, ആഘാതങ്ങളെ ലഘൂകരിക്കാനും സ്ത്രീകളെ എങ്ങനെ പ്രാപ്തരാക്കാം എന്നുള്ള ചിന്തയിൽ നിന്നാണ് ഈ വനിതാദിനത്തിൽ ആഗോളതലത്തിൽ ഇത്തരത്തിൽ ഒരു ആശയവുമായി ഐക്യരാഷ്ട്രസഭ മുന്നോട്ടു വന്നിട്ടുള്ളത്. സ്ത്രീകളുടെ പങ്കാളിത്തവും നേതൃപാടവവും കാലാവസ്ഥാ വ്യതിയാനം പ്രമേയമാക്കിയ ചർച്ചകളിലും കൂടിയാലോചനകളിലും അനിവാര്യമാണ്. സർക്കാർ, അർധസർക്കാർ തലത്തിലുള്ള സ്ത്രീകളുടെ പങ്കാളിത്തത്തിനു പുറമെ അടിസ്ഥാന സ്ത്രീവിഭാഗങ്ങളെയും ഇതിൽ ഉൾപ്പെടുത്തണം .അതിനുള്ള കർമ്മപരിപാടികളുമായി രാജ്യങ്ങൾ മുന്നോട്ടു വരണം.
KSEB യിലെ വനിതാ ഓഫീസേഴ്സ് എന്ന നിലയിൽ നമുക്കും ഇതിൽ നമ്മുടേതായ ചെറുപങ്കാളിത്തം ഏറ്റെടുക്കാൻ സാധിക്കും. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനും റിന്യൂവബിൾസിനെ കൂടുതൽ ആശ്രയിക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കാൻ നമുക്ക് മുൻകൈ എടുക്കാം. അങ്ങനെ ആഗോളതാപനം കുറയ്ക്കാനുള്ള അന്തർദേശീയ പ്രഖ്യാപിതലക്ഷ്യത്തിൽ ചെറുതല്ലാത്ത സംഭാവന നമുക്കും നൽകാം. KSEB യുടെ അഭിമാന പദ്ധതിയായ പുരപ്പുറ സൗരോർജ പദ്ധതി കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ നമുക്കും പരിശ്രമിക്കാം. ഇപ്പോൾ നമ്മൾ മുന്നോട്ടു കൊണ്ടുപോകുന്ന “GO ELECTRIC CAMPAIGN”നു പരമാവധി പ്രചാരം കൊടുക്കുന്നതിൽ നമുക്കും പങ്കാളികളാകാം. ഇത്തരം പരിഷ്കാരങ്ങൾ നമ്മുടെ വീടുകളിൽ അവലംബിച്ചു കൊണ്ട് സമൂഹത്തിനു മികച്ച മാതൃക ആവാം. “Gender equality today for a sustainable tomorrow” എന്ന ഈ വർഷത്തെ വനിതാദിന ലക്ഷ്യത്തോട് കർമ്മനിരതരായി നമുക്കും നീതിപുലർത്താം.
ആഗോള സുസ്ഥിരവികസനവും നല്ലൊരു നാളെയും ലിംഗസമത്വം പുലരാതെ കൈവരികയില്ല, അതിനാൽ ജൻഡർ ഇക്വാലിറ്റി എന്നത് ഒരു റിയാലിറ്റി ആകുക തന്നെ വേണം. അങ്ങനെ ഒരു നാളേയ്ക്കായി പ്രത്യാശിക്കാം, കൈകോർക്കാം.