ജീവിതത്തിന്റെ പാതിവഴിയിൽവച്ച് ‘നീ എഴുതണം’ എന്ന് നിർബന്ധം പിടിച്ച് പൊള്ളിയ മനസ്സിനെ തണുപ്പിക്കാനായി എഴുതിത്തുടങ്ങിയ ഓഫീസ് അറ്റൻഡന്റ് ബിന്ദു ‘ബിന്ദു കലിപ്പത്തി’യായി മാറിയ അനുഭവങ്ങൾ കെഎസ്ഇബിഒഎ ന്യൂസിന്റെ വായനക്കാർക്കായി സ്വപ്ന പ്രഭാകരൻ പങ്കുവയ്ക്കുന്നു
ഇത് ബിന്ദു… ബിന്ദു കലിപ്പത്തി. ജീവിതം കാണാമറയത്തൊളിപ്പിച്ചുവച്ച ചുഴികളിൽപ്പെട്ടുപോയെങ്കിലും തളരാതെ അവയിൽനിന്ന് സർവശക്തിയും സംഭരിച്ച് രക്ഷനേടി തന്റെ പോരാട്ടം തുടരുന്നു. ക്ഷമിക്കണം, സീരിയൽ പരസ്യവാചകത്തിന്റെ സ്റ്റൈൽ ആയിപ്പോയെന്നറിയാം. പക്ഷേ, ബിന്ദു ഈ നാടകീയ മുഖവുര അർഹിക്കുന്നു.
തിരുവനന്തപുരം വൈദ്യുതി ഭവനിൽ ജോലിചെയ്യുന്നവർക്കും ഇവിടെ പല ഔദ്യോഗികാവശ്യങ്ങൾക്കായി സ്ഥിരം വരേണ്ടിവരുന്നവർക്കും കുടുംബശ്രീ നിയോഗിച്ച, ചുറുചുറുക്കോടെ ഓടിനടന്ന് ജോലിചെയ്യുന്ന ഈ ഓഫീസ് അറ്റൻഡന്റ് പെൺകുട്ടിയെ പരിചയമുണ്ടാകാതെ തരമില്ല. പ്രസന്നമായ മുഖം, വിനയത്തോടെയുള്ള പെരുമാറ്റം, ജോലിയിലെ ആത്മാർത്ഥത ഇവയെല്ലാം ബിന്ദുവിനെ മേലുദ്യോഗസ്ഥരുടെ പ്രശംസപാത്രമാക്കാറുണ്ട്. താൻ ജോലിചെയ്യുന്ന ഓഫീസിനുള്ളിൽ ഭംഗിയുള്ള പാത്രങ്ങളിൽ അകച്ചെടികൾ നട്ടുവളർത്തുക, അവയെ സംരക്ഷിക്കുക ഇവയെല്ലാം ബിന്ദു സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന അധികജോലികൾ.
പക്ഷേ, മേൽപ്പറഞ്ഞതൊന്നുമല്ല ഈ താളുകൾ ബിന്ദുവിനായി നീക്കിവയ്ക്കാൻ കാരണം. ബിന്ദു ഒരു എഴുത്തുകാരികൂടിയാണ്. എഴുത്ത് ഒരു വിപ്ലവ പ്രവർത്തനമായതുകൊണ്ട് ഒരു വിപ്ലവകാരിയുമാണ്. ബന്യാമിനെപ്പോലെ ജീവിതയോട്ടത്തിന്റെ പാതിയെത്താറായപ്പോഴുണ്ടായ ഉൾവിളിയിൽ എഴുതാതെ തരമില്ല എന്ന അവസ്ഥയിൽ എഴുതാൻ തുടങ്ങിയതാണ് ബിന്ദു. യാതൊരു അവകാശവാദങ്ങളുമില്ലാതെ തന്റെ കഥകളും കവിതകളും നിരീക്ഷണങ്ങളും ഓൺലൈൻ മാധ്യമങ്ങളിലൂടെ ബിന്ദു വായനക്കാർക്കുമുന്നിൽ സമർപ്പിക്കുന്നു. വർഷങ്ങളായി ബിന്ദുവിനെ പരിചയമുണ്ടെങ്കിലും സുഹൃത്ത് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പുകൾ കണ്ട് ഇന്ത്യൻ റുപ്പിയിൽ തിലകനോട് പൃഥ്വിരാജ് ചോദിച്ചതുപോലെ ‘എവിടെയായിരുന്നു ഇതുവരെ’ എന്ന് ഞാൻ ആശ്ചര്യത്തോടെ ചോദിച്ച ചില ചോദ്യങ്ങൾക്ക് ബിന്ദു തന്ന മറുപടികൾ ഇവിടെ പങ്കുവയ്ക്കുന്നു.
? ബിന്ദു പെട്ടെന്നൊരു ദിവസം എഴുത്തിലേക്ക് വന്നതാണോ. അതോ പണ്ടുമുതലേ എഴുത്തിനോട് താൽപ്പര്യമുണ്ടായിരുന്നോ.
= എനിക്ക് ജന്മനായുള്ള കലാവാസന ചിത്രം വരയിലായിരുന്നു. എന്റെ മകൾ എന്നെ വിട്ടുമാറി നിന്നപ്പോൾ ഉണ്ടായ മാനസികാവസ്ഥ വെള്ള പേപ്പറിൽ കുറിച്ചപ്പോഴാണ് ആദ്യത്തെ കവിത ഉണ്ടായത്, ‘നീയെന്ന തുറന്ന പുസ്തകം.’
? എഴുത്തിനുവേണ്ടി സോഷ്യൽ മീഡിയ സങ്കേതങ്ങളെ എങ്ങനെ ഇത്രപെട്ടെന്ന് വശത്താക്കി.
= നിരീക്ഷണം എന്റെ കൂടെപ്പിറപ്പാണ്. എന്ത് കണ്ടാലും അത് എങ്ങനെയെന്ന് അറിയാനുള്ള ആകാംക്ഷയും. ചോദിച്ചറിയാൻ ശ്രമിക്കും. പ്രതീക്ഷിക്കുന്ന സഹായം കിട്ടിയില്ലെങ്കിൽ, മനസ്സ് നിർദേശിക്കും, കൈകൾ വഴങ്ങും. പഠിച്ചുകഴിയുമ്പോൾ മനസ്സിന് സന്തോഷം, എന്തോ പിടിച്ചടക്കിയപോലെ. മുകളിലേക്ക് നോക്കി മനസ്സുകൊണ്ട് നന്ദി അർപ്പിക്കും. ആരൊക്കെ തള്ളിക്കളഞ്ഞാലും കൂടെയുണ്ടല്ലോ എന്ന്. (ചിരിക്കുന്നു)
? ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരും മറ്റും ബിന്ദുവിന്റെ എഴുത്തിനോട് എങ്ങനെ പ്രതികരിച്ചു.
= പ്രോത്സാഹിപ്പിക്കുന്നവർ, പുച്ഛിക്കുന്നവർ എല്ലാമുണ്ട്. പക്ഷേ ആരെങ്കിലും പുച്ഛിക്കുമ്പോൾ ലക്ഷ്യത്തിലേക്കുള്ള വഴി വേഗം തുറന്നുകിട്ടും. അവരോടും നന്ദി. (വേദന നിറഞ്ഞ ഒരു ചിരി മുഖത്ത്). നെഞ്ചോട് ചേർത്തുനിർത്തി പ്രോത്സാഹനം തരുന്നവരും ഉണ്ട്. പുഞ്ചിരിയോടെയുള്ള ഒരു വാക്ക് മതി എനിക്ക് സന്തോഷമാകും. സോഷ്യൽ മീഡിയ സുഹൃത്ത് നജീബ് പരിയാരം ആദ്യകവിത ഉൾപ്പെടെ നാല് കവിതകൾക്ക് ശബ്ദം നൽകി ജീവൻകൊടുത്തു. അതിനുശേഷം ചെറിയ കവിതകൾ, കഥകൾ, നോവൽ, ഞാൻ വരച്ച ചിത്രങ്ങൾ എല്ലാം ഫെയ്സ് ബുക്കിൽ കൂടി പങ്കുവയ്ക്കാൻ തുടങ്ങി. ആത്മസുഹൃത്തായും സഹോദരിയായും മറ്റും പരിഗണിക്കുന്ന സോഷ്യൽ മീഡിയ സുഹൃത്തുക്കളുണ്ട്; ആട്ടിപ്പായിച്ച ഉറ്റവരുമുണ്ട് (ചിരിക്കുന്നു). ഓഫീസിലെ സനൽ സാർ, ശ്രീകുമാർ സാർ, യോഹന്നാൻ ചാണ്ടി സാർ എന്നിവർ തന്ന ധൈര്യം മറക്കാൻ കഴിയില്ല. ‘‘ധൈര്യമായി എഴുതൂ, ഇഷ്ടമുള്ളവർ വായിച്ചോളും. ക്രമേണ ലക്ഷ്യസ്ഥാനത്തെത്തും’’ എന്ന വാക്കുകൾ മനസ്സിന് ശക്തി നൽകി. ഒരു ഓർമപ്പൂവായി മാറിയ സഹപ്രവർത്തക ഷീബ എം.എസ്. തന്ന പ്രോത്സാഹനം ഇന്ന് ഒരു വേദനയായി മനസ്സിലുണ്ട്.
? എല്ലാ എഴുത്തിലും അൽപ്പം ആത്മകഥാംശമുണ്ടെന്ന് തോന്നുന്നുണ്ടല്ലോ. ശരിയാണോ.
= ശരിയാണ്. പാതിവഴിയിൽ കാറ്റത്ത് പറന്നുപോയ ഒരു ജീവിതമാണ് എന്റേത്. പിന്നെ മറ്റുള്ളവരുടെ അനുഭവങ്ങൾ എഴുതിയാലും എന്റേത് എന്നതുപോലെയാണ് ഞാൻ അവതരിപ്പിക്കുന്നത്.
? എഴുത്തിന്റെ പാതയിൽ സഞ്ചരിക്കുമ്പോൾ എന്തൊക്കെയാണ് മനസ്സിലുള്ള ലക്ഷ്യങ്ങൾ. അതോ സ്വയം പ്രകാശിപ്പിക്കുന്നതിലുള്ള ആഹ്ലാദം മാത്രമേ പ്രതീക്ഷിക്കുന്നുള്ളോ.
= എഴുത്ത് ജീവശ്വാസമായി മാറി. 2021 സെപ്തംബറിൽ കോവിഡ് ബാധിച്ച് ഇരുൾമുറിയിൽ അകപ്പെട്ടപ്പോൾ എഫ്ബി സുഹൃത്തുക്കളുടെ പ്രോത്സാഹനംകൊണ്ട് ‘ഇരുൾമുറി’ എന്ന കവിത എഴുതി. കൂട്ടുകാരിയുടെ ഓർമകൾ ചാലിച്ച് എഴുതി ‘പ്രിയപ്പെട്ട ആശ’. ‘കാത്തിരിപ്പ്’, ‘ചില്ല്’ എന്നിങ്ങനെ 30ഓളം കഥകൾ. ‘സിന്ദൂരച്ചെപ്പും കൺമഷിയും’, ‘ടീച്ചറമ്മ’, ‘വേർപാട്’, ‘കോവിഡ് വരുത്തിയ വിന’, ‘ബസ് ജീവിതം’ എന്നീ നോവലുകൾ, ‘നേർക്കാഴ്ചകൾ’ എന്ന നിരീക്ഷണ കുറിപ്പുകൾ. കഥാസമാഹാരം ഇറക്കണമെന്നുണ്ട്. സാമ്പത്തികസ്ഥിതി അതിനൊരു തടസ്സമാണ്. അതുകൊണ്ട് എഫ്ബി ഗ്രൂപ്പുകളിൽ എഴുതുന്നു.
? വായിക്കാറുണ്ടോ. പ്രിയപ്പെട്ട എഴുത്തുകാർ ആരൊക്കെ.
= പാഠപുസ്തകങ്ങൾക്ക് പുറമെയുള്ള വായന കുറവായിരുന്നു. വായിക്കാൻ തുടങ്ങുമ്പോൾ അക്ഷരങ്ങൾ പുസ്തകംവിട്ട് എന്റെ കൂടെ ചങ്ങാത്തം കൂടാൻ, എന്റെ ഭാഷയിലും എന്റെ ആശയങ്ങളിലും എന്റെ ശൈലിയിലും കൂടെ ഇറങ്ങിപ്പോരുന്നപോലെ തോന്നും. അപ്പോൾ വായന ആസ്വദിക്കാൻ കഴിയില്ല. പ്രകൃതിയെ സ്നേഹിച്ച സുഗതകുമാരി അമ്മയ്ക്ക് മനസ്സിൽ വലിയ സ്ഥാനമുണ്ട്. എന്റെ വരകളിലൂടെ ഞാൻ പ്രകൃതിയെ ഭ്രാന്തമായി പ്രണയിക്കുന്നു. വിരഹത്തിന്റെയും ഒറ്റപ്പെടലിന്റെയും വരികളിലൂടെ അസ്തമയ സൂര്യന്റെ പ്രകാശ കിരണങ്ങൾക്കിടയിൽ ഒളിച്ചുനിന്ന കവി എ അയ്യപ്പൻ എന്നും ഉദയസൂര്യനെപ്പോലെ മനസ്സിലുണ്ട്.
?ഒരു കാര്യം മറന്നു, കലിപ്പത്തി എന്ന തൂലികാനാമം സ്വീകരിക്കാനുള്ള പ്രചോദനം.
= (ചിരിക്കുന്നു) ഉത്തരം പറഞ്ഞ് മടുത്ത ഒരു ചോദ്യം. (ചിരി ഗൗരവത്തിലേക്ക് മാറുന്നു). ഈ സമൂഹം സ്ത്രീക്ക് കൽപ്പിക്കുന്ന വില വാക്കുകളിൽ മാത്രം. ഒരു സാധാരണ പെൺകുട്ടിയായിരുന്ന എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ആരൊക്കെയോ ചേർന്ന് തട്ടിയുടച്ചു. പ്രതികരിക്കണം എന്നുണ്ടെങ്കിലും തളച്ചിടലുകളിൽ മൗനം മാത്രം വിരിഞ്ഞു. മനസ്സിനെ ബാധിച്ച പക ചിലരോടുള്ള കലിപ്പായി വളർന്നു. ഇന്നിപ്പോൾ ഇഷ്ടമല്ലാത്തത് കണ്ടാൽ എതിർക്കുന്ന കലിപ്പത്തിയാണ് ഞാൻ. ഒരു ചലനവുമില്ലാതെ നിൽക്കുന്ന ‘ബിന്ദു’വിനെക്കാൾ എന്തുകൊണ്ടും നല്ലത് ‘കലിപ്പത്തി’ തന്നെ.
?അനുഭവങ്ങളുടെ ചൂടേറ്റ് കരുവാളിച്ച മനസ്സ് അക്ഷരങ്ങളുടെ പ്രകാശംകൊണ്ട് തിളങ്ങുമ്പോൾ ബിന്ദുവിന് എന്താണ് പറയാനുള്ളത്.
= മോൾക്കുവേണ്ടി മാത്രം 20 വർഷം ജീവിച്ചു. അവളുടെ കല്യാണം കഴിഞ്ഞതോടെ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങി. എന്റെ മനസ്സ് സന്തോഷമുള്ളപ്പോൾ വെള്ളക്കടലാസ് പോലെയാണ്. എന്നാൽ, മുറിവേറ്റാലോ, പിന്നെ എഴുതിയാലേ ആ വേദന മാറൂ. എഴുതുമ്പോൾ ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നു എന്ന് തോന്നുന്നു. എഴുത്തിലൂടെ ലഭിച്ച സൗഹൃദങ്ങൾക്കും അംഗീകാരങ്ങൾക്കുമിടയിൽ ബിന്ദു, കലിപ്പത്തിയായി ഇന്ന് ജീവിക്കുന്നു.