ലിംഗസമത്വം ഉറപ്പുവരുത്തുക , വിവേചനരഹിതലോകത്തിനായി ഒന്നിക്കുക-സമ്മേളന പ്രമേയം

735

ലിംഗ സമത്വത്തിനായും വിവേചനരഹിതമായൊരു ലോകക്രമം കെട്ടിപ്പടുക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമത്തിനുമായുള്ള പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് ശ്രീജിത്ത് എസ്.ആര്‍ അവതരിപ്പിച്ച പ്രമേയത്തെ തൃശൂരില്‍ നിന്ന് ബീന.കെ.പിപിന്തുണച്ചു.

ബീന.കെ.പിപിന്തുണച്ചു

പ്രമേയം താഴെ കൊടുക്കുന്നു.

ലിംഗസമത്വം ഉറപ്പുവരുത്തുക , വിവേചനരഹിതലോകത്തിനായി ഒന്നിക്കുക.

ലിംഗസമത്വമെന്ന ആശയവും അതിനായുള്ള പോരാട്ടവും നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. ചിക്കാഗോയിലെ തുന്നല്‍തൊഴിലാളികള്‍ നേതൃത്വംകൊടുത്ത ഐതിഹാസികപോരാട്ടമടക്കം നിരവധി പ്രക്ഷോഭങ്ങള്‍ ലോകമെമ്പാടും ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുകയുണ്ടായി. അതുമൂലം‍ ലിംഗപദവി സംബന്ധിച്ച ബോധ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീപുരുഷസമത്വമെന്ന ലക്ഷ്യത്തില്‍ നിന്നും, ലിംഗവ്യത്യാസമില്ലാത്ത അവകാശസങ്കല്‍പ്പങ്ങളിലേക്ക് ലോകംമാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും സ്ത്രീധനകൊലപാതകങ്ങളും പ്രണയനിരാസത്തിന് വെടിവെച്ചുകൊല്ലലുകളുമൊക്കെ അരങ്ങുവാഴുന്ന, നാലോ അഞ്ചോദിവസത്തെ പത്രത്തലക്കെട്ടുകളിലും ചാനല്‍ച്ചര്‍ച്ചകളിലും ഇക്കാര്യങ്ങളിലെ പ്രതികരണങ്ങള്‍ കെട്ടടങ്ങുന്ന സാമൂഹ്യപശ്ചാത്തലവും നമ്മുടെ മുന്നിലുണ്ട്.

പുരുഷനും സ്ത്രീയും എന്നതിനപ്പുറം മറ്റൊരു ലിംഗസാദ്ധ്യതപോലും അംഗീകരിക്കാത്തവര്‍ ഒരുപക്ഷേ ബഹുഭൂരിപക്ഷമായ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഗേ, ലെസ്ബിയന്‍, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെണ്ടര്‍, എന്നിങ്ങനെയുള്ള ലിംഗവിഭാഗങ്ങളെ അപഭ്രംശങ്ങള്‍ മാത്രമായേ അവര്‍ അംഗീകരിക്കുന്നുള്ളൂ. കളിയാക്കലുകള്‍ നിയമവിരുദ്ധവും ശിക്ഷകിട്ടാനിടയുള്ളതുമാണെന്ന തിരിച്ചറിവ് ചിലരെയെങ്കിലും അത്തരം ഉദ്യമങ്ങളില്‍ നിന്ന് അകറ്റുന്നുണ്ടെങ്കിലും അവരുടെതന്നെ സ്വകാര്യ സദസ്സുകളിലെ തമാശകളിള്‍ ഇപ്പോഴും ലിംഗ വൈവിദ്ധ്യങ്ങള്‍ തമാശക്കുള്ള വകതന്നെയാണ്. പാന്‍ സെക്ഷ്വല്‍, അരോമാറ്റിക്ക്, ജെണ്ടര്‍ക്വീര്‍, ടു സ്പിരിട്ട്.. എന്നിങ്ങനെ നിരവധി ലിംഗഭേദങ്ങള്‍ കണ്ടെത്തപ്പെടുകയും പഠനവിധേയമാകുകയും ചെയ്തിട്ടുണ്ടെങ്കിലും ഇവയുടെയൊക്കെ ശരിയായ വിവര്‍ത്തനങ്ങള്‍പോലും നമുക്കറിയില്ല. സ്വാഭാവികമായും ലിംഗസാദ്ധ്യതകളും ലിംഗനീതിധാരണകളും നിരന്തരം പുതുക്കപ്പെടേണ്ടതും സമത്വ ബോധം വളര്‍ത്തിയെടുക്കേണ്ടതും സാമൂഹ്യനീതി ഉറപ്പിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്.

ഏത് ലിംഗവിഭാഗത്തില്‍ പെടുന്നതായാലും എല്ലാവ്യക്തികള്‍ക്കും തുല്യമായവകാശപ്പെട്ട പ്രപഞ്ചത്തിലാണ് നാമുള്ളതെന്ന ബോധ്യം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇപ്പോഴും ഞാന്‍ എന്റെ ഭാര്യയെ സഹായിക്കാറുണ്ട്, ഭര്‍ത്താവ് അടുക്കളജോലികള്‍ പങ്കുവെക്കാറുണ്ട്, എന്റെ അഭിവൃദ്ധിക്കൊക്കെ കാരണം സഹോദരന്റെ പിന്തുണയാണ് എന്നൊക്കെയുള്ള ചില്ലറ വര്‍ത്തമാനങ്ങളില്‍ സമത്വബോധത്തിന്റെ പാരമ്യം തേടുന്ന അവസ്ഥ നമുക്കിടയില്‍ ബാക്കി നില്‍ക്കുകയാണ്. കുടുംബമെന്നത് അധികാരഘടനയുടെ ഭാഗംതന്നെയാണെന്നും വ്യക്തികളെന്ന നിലയില്‍ അതിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ലിംഗ പ്രായ വ്യത്യാസമെന്യേ തുല്യാവകാശമുണ്ടെന്നും കൃത്യമായും തിറിച്ചറിയാതെ ലിംഗപദവി സംബന്ധിച്ച ചര്‍ച്ചകളൊന്നും അര്‍ത്ഥപൂര്‍ണ്ണമാകുന്നില്ല.

ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ആധിപത്യമാകുന്ന രാഷ്ടീയ സാഹചര്യത്തിലാണ് രാജ്യം നിലനില്‍ക്കുന്നത്. സങ്കുചിത മത ദേശീയ വാദവും ജാതി വേര്‍തിരിവുകളും വളര്‍ത്തി അധികാരം നേടുകയും നിലനിര്‍ത്തുകയും ചെയ്യുന്ന സ്ഥിതി നിലനില്‍ക്കുന്നു. മതപരവും ജാതീയവുമായ കടുത്ത വിവേചനം ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമാണ്. സ്ത്രീകളും കട്ടികളുമെല്ലാം കടുത്ത ചൂഷണത്തിന് വിധേയമാകുന്നു. ലിംഗസമത്വം നിയമപുസ്തകത്തിന്റെ ഭാഗം മാത്രമായി മാറുന്നു എന്നതാണ് ഇതുമൂലം സംഭവിക്കുന്നത്. രാജ്യത്തിന്റെ ലിംഗപദവി വിടവിന്റെ സൂചകം (Gender gap index) വര്‍ദ്ധിച്ചു വരുന്നുവെന്ന പഠനറിപ്പോര്‍ട്ടുകള്‍ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്. ഇക്കാര്യത്തില്‍ ലോകസാമ്പത്തിക ഫോറത്തിന്റെ ഏറ്റവുമവസാനത്തെ കണക്കുകളില്‍ ഇന്ത്യയുടെ സ്ഥാനം 153ല്‍ 112 ആണ്. ഇതില്‍ത്തന്നെ ആരോഗ്യ ശിശുക്ഷേമ നിരക്കിൽ രാജ്യത്തിന്റെ സ്ഥാനം 150 ആണ്.

സുസ്ഥിരവികസനത്തിന്റെ മുന്നുപാധികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സാമൂഹ്യ നീതി. അതിലാകട്ടെ ലിംഗനീതി അതിപ്രധാനവും. അതുകൊണ്ടാണ് ലിംഗനീതി ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിരവികസന പരിപാടിയുടെ പതിനേഴിന ലക്ഷ്യങ്ങളില്‍ അഞ്ചാമതായി ഉള്‍പ്പെടുത്തിരിക്കുന്നത്. ലോകമെമ്പാടും ലിംഗവിവേചനം ശക്തമായിത്തന്നെ നിലനില്‍ക്കുന്നതായും രാഷ്ട്രീയാധികാരഘടനയുടെ എല്ലാതലങ്ങളിലും സ്ത്രീപ്രാതിനിധ്യം കുറഞ്ഞുതന്നെ നില്‍ക്കുന്നതായും ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പതിനഞ്ചിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ അഞ്ചിലൊന്നുപേരെങ്കിലും അടുത്ത ബന്ധുക്കളില്‍നിന്നും ലൈംഗീകാതിക്രമങ്ങള്‍ക്ക് വിധേയമാകുന്നു. കൊവിഡ് മഹാമാരിയുടെ സാഹചര്യം ലിംഗവിവേചനം വര്‍ദ്ധിപ്പിക്കുന്ന സാഹചര്യമുണ്ടായതായും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. തൊലിപ്പുറത്തെ ചികില്‍സകൊണ്ടു പരിഹരിക്കാവുന്നതല്ല ഈ സാഹചര്യം. കുടുംബം തുല്യപദവിയുള്ളവരുടെ പരസ്പരബന്ധമായല്ല നിലനില്‍ക്കുന്നത്. കെട്ടിക്കൊണ്ടുപോക്ക് കേരളത്തിലോ ഇന്ത്യയിലോ മാത്രം നിലനില്‍ക്കുന്ന ഒന്നല്ല. തറവാട്, കുലം തുടങ്ങി തലമുറകളുടെ തുടര്‍ച്ച നിലനില്‍ക്കുന്നതുപോലും പിതൃകേന്ദ്രീകൃതമായാണ്. ഇതൊക്കെ സൃഷ്ടിക്കുന്ന അധികാരഘടനയാണ് കുടുംബബന്ധങ്ങളിലെ മേല്‍കീഴ് സ്വഭാവം നിശ്ചയിക്കുന്നത്. ഇത്തരം അവസ്ഥകളോടൊക്കെ കലഹിച്ചുകൊണ്ടും തിരുത്തലുകള്‍ വരുത്തിയുമല്ലാതെ ലിംഗസമത്വം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നതല്ല. കുടുംബത്തിലെ ജനാധിപത്യമെന്നത് അതുകൊണ്ടുതന്നെ സമൂഹത്തിന്റെ പൊതുധാരണയില്‍ വലിയ പൊളിച്ചെഴുത്ത് ആവശ്യപ്പെടുന്ന ഒന്നായിമാറുന്നു.

സ്ത്രീകളുടെ തൊഴില്‍പങ്കാളിത്തം വര്‍ദ്ധിപ്പിക്കല്‍, പരിപാലന ജോലികളുടെ (Care work) കാണാസ്വഭാവം മാറ്റി സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കല്‍, സാമൂഹ്യ അടുക്കളകള്‍ പോലുള്ള സംവിധാനങ്ങളുടെ വിപുലീകരണം തുടങ്ങി ഒട്ടേറേ ഇടപെടലുകള്‍ ലിംഗസമത്വം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഉണ്ടാകേണ്ടതുണ്ട്. ലിംഗപദവി അവബോധം വളര്‍ത്തിയെക്കുന്നതിനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി നടക്കേണ്ടതുണ്ട്. ലിംഗപദവി അവബോധം വളര്‍ത്തുന്നതിനും തങ്ങളുടെ ഓരോരുത്തരുടേയും കുടുംബാന്തരീക്ഷം ജനാധിപത്യപരമായി പുതുക്കിയെടുക്കുന്നതിനും ബോധപൂര്‍വ്വമായ ഇടപെടലുകള്‍ നമ്മുടെയെല്ലാം കടമയാണ്. വിവേചനരഹിതമായൊരു ലോകക്രമം കെട്ടിപ്പടുക്കാന്‍ ആത്മാര്‍ത്ഥമായ പരിശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ 22–ാം സംസ്ഥാനസമ്മേളനം അഭ്യര്‍ത്ഥിക്കുന്നു.