നൈസാമിൻെറ കോട്ട കാണാൻ ഒരു പെൺയാത്ര

875

കെ എസ് ഇ ബി ഓഫീസേഴ്‌സ് അസ്സോസിയേഷൻ വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞങ്ങൾ 35 വനിതാംഗങ്ങളും , ഒരു അമ്മയും 5 പെൺമക്കളും ഒന്നിച്ച് ഹൈദരാബാദിലേക്ക് ഫെബ്രുവരി 7, 8, 9 തീയതികളിലായി 3 ദിവസത്തേക്ക് നടത്തിയ വിനോദയാത്ര മറക്കാനാവാത്ത അനുഭവമായി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച്ച രാവിലെ 8.30 ന് ഇൻഡിഗോ ,ഗോ എയർ വിമാനങ്ങളിലായി ഞങ്ങൾ 41 പേർ പെൽയാത്ര പുറപ്പെട്ടു.

ഞങ്ങൾക്ക് പാതയൊരുക്കാൻ പരവതാനി വിരിച്ചത്പോലെ തോന്നിച്ച വെള്ളിമേഘങ്ങൾക്കു മുകളിലൂടെ ഒരു വലിയ പക്ഷിയെപ്പോലെ വിമാനം പറന്നുയർന്നപ്പോൾ മുതൽ അത്യാഹ്ളാദത്തോടെ വിടർന്ന വദനങ്ങൾ യാത്രയിലുടനീളം വിദ്യുത് ദീപങ്ങൾ പോൽ പ്രഭ ചൊരിഞ്ഞു കൊണ്ടിരുന്നു.

ഹൈദരാബാദ് വിമാനത്താവളത്തിനുപുറത്തു ഞങ്ങൾക്കായെത്തിയ ബസ്സിൽ താമസസൗകര്യമൊരുക്കിയ ഹോട്ടൽ പാർക്ക് കോണ്ടിനെൻറലിൽ എത്തി, ഒട്ടും വൈകാതെ തന്നെ എല്ലാവരും തയ്യാറായി ഭക്ഷണം കഴിച്ചശേഷം ഗോൽക്കൊണ്ട സന്ദർശിക്കാൻ യാത്രയായി.


ഈ യാത്രയിൽ എല്ലാവരും സ്വയം പരിചയപ്പെട്ടു. നട്ടുച്ചയോ പൊടിയോ ഗൗനിക്കാതെ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു എല്ലാവരും. 1512 മുതൽ ഇവിടം ഭരിച്ചിരുന്ന ഖുത്തബ് ഷാഹി രാജാക്കന്മാരുടെ കാലത്താണ് ഈ കോട്ട നിർമ്മിച്ചത്. ഏഴു കി.മി. ചുറ്റളവിൽ 8ഗേറ്റുകളും 87കൊത്തളങ്ങളോടും കൂടിയ കോട്ടയാണിത്. അത്ഭുതകരമായ ശബ്ദസംവിധാനമാണ് ഈ കോട്ടയുടെ പ്രത്യേകത. ഗോൽക്കൊണ്ടയിലെ ഉച്ചവെയിലിൽ ഉത്സാഹം ഒട്ടും ചോരാതെ ഏറ്റവും മുകളിലുള്ള അമ്പലം സന്ദർശിച്ച ശ്രീകുമാരിയമ്മയും ടീമും അഭിനന്ദനം അർഹിക്കുന്നു. തുടർന്ന് ഗോൽക്കൊണ്ടയിൽ നിന്നും ലുംബിനി പാർക്കിലേക്ക്. അവിടെ ഹുസൈൻ സാഗർ തടാകത്തിലെ ബോട്ടിംഗും പൂന്തോട്ടങ്ങളും മ്യൂസിക്കൽഫൗണ്ടനുകളും പ്രത്യേകിച്ച് ലേസർ ഷോയും അതീവഹൃദ്യമായിരുന്നു.

പിറ്റേന്ന് രാവിലെ, ടൂർ ഏജൻസിയായ മലബാർ ടൂർസ് & ട്രാവൽസിന്റെ തൊപ്പിയും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ചു ഒരേ മനസ്സോടെ എല്ലാവരും പൂർവ്വാധികം ഉഷാറോടെ റാമോജി ഫിലിം സിറ്റിയിലേക്ക്. യാത്രയിൽ സ്ത്രീകളുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ ചർച്ച. സമീപകാല സംഭവ വികാസങ്ങളെ വിശകലനം ചെയ്ത് ഇന്ന് നിലനിൽക്കുന്ന അസമത്വത്തെ ചെറുക്കാൻ സ്വയം തയ്യാറാവേണ്ട അവശ്യകതയെ അടിവരയിട്ട് ഇന്ദിരാമാഡം ചർച്ച ക്രോഡീകരിച്ചപ്പോഴേക്കും നമ്മൾ ഫിലിം സിറ്റിയിൽ എത്തിച്ചേർന്നു.

പാട്ടുംഡാൻസുമൊക്കെ പുട്ടിനുതേങ്ങ എന്ന പോലെ പ്രിയ കലാകാരികൾ അവതരിപ്പിച്ചത് ക്യൂ നിൽക്കുമ്പോൾ പോലും രസകരമായി. രാവിലെ മുതൽ വൈകിട്ട് 7.30 വരെ കണ്ടിട്ടും തീരാത്തത്രയും കാഴ്ചകൾ. ഫിലിം നിർമ്മാണത്തിന്റെ ബാലപാഠങ്ങൾ അനുഭവിച്ചറിഞ്ഞും ഹവാമഹലിലെ നർത്തകരോടൊപ്പം നൃത്തം ചെയ്തും ഒരുപാട് നിറംമങ്ങാത്ത കാഴ്ച്ചകൾ കൂടെകൂട്ടിയും അന്നത്തെ ദിവസവും കഴിഞ്ഞു പോയത് നിമിഷ വേഗത്തിലായിരിന്നു.

ഓരോ ബസ് യാത്രയും ഗംഭീരമാക്കിയ കൂട്ടപാട്ടും ജ്യോതികക്കുട്ടിയുടെ കുസൃതികളും ഉമൈറ പൊട്ടിച്ച രസകുടുക്കകളും ഹൃദയത്തോട് ചേർത്തു വയ്ക്കത്തക്കതാണ്.9നു രാവിലെ കാപ്പി കുടിക്ക് ശേഷം ചാർമിനാറിലേക്കായിരുന്നു യാത്ര. നാലുമിന്നാരങ്ങൾ ചേർന്നതാണ് ചാർമിനാർ. ഇവ പ്രതിനിധാനം ചെയ്യുന്നതു ഇസ്ലാമിലെ നാലു ഖലീഫകളെയാണ്.1591ൽ പണികഴിപ്പിച്ച ഈ മന്ദിരം ഗ്രാനൈറ്റ്, ചുണ്ണാമ്പുകല്ല്, കരിങ്കല്ല് ഇവ കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്. അവിടെ നിന്നിറങ്ങി.


ഡ്യൂപ്ളിക്കേററുകളുടെ മായാലോകത്തുനിന്നും പുറത്ത് കടന്ന്‌ അടുത്ത ഡെസ്ററിനേഷനായ സലർജംഗ് മ്യൂസിയത്തിലേക്ക്.. രാജ്യത്തെ 3 പ്രധാന മ്യൂസിയങ്ങളിൽ ഒന്നാണിത്.
ഹൈദരാബാദിന്റെ സമ്പന്നമായ ചരിത്രം നേരിട്ടു മനസ്സിലാക്കുന്നതിനു സഹായകമാവുന്ന വിധം പൈതൃകസ്മാരകങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. അത്യാകർഷകമായ ഒരു കരവിരുതാണ് മാർബിൾകൊണ്ട് നിർമ്മിച്ച veiled Rabeka.


മ്യൂസിയത്തിലെ മറ്റൊരു പ്രധാന ആകർഷണം അവിടുത്തെ 400 വർഷം പഴക്കമുള്ള മ്യൂസിക്കൽ ക്ളോക്കാണ്. സലാർ ജംഗ് മൂന്നാമൻ ലണ്ടനിൽ നിന്ന് 350 പാർട്ടുകൾ കൊണ്ട് വന്ന് യോജിപ്പിച്ചുണ്ടാക്കിയതാണിത്. ഓരോ സെക്കൻഡിലും ചുറ്റിക കൊണ്ട് അടിക്കുന്ന പാവയും ഓരോ മണിക്കൂറിലും സംഗീതം പൊഴിച്ച് വാതിൽ തുറന്നു വന്ന്‌ മണിയടിക്കുന്ന മറ്റൊരു പാവയും ഇതിൽ കാണാം. ഇത് കാണാൻ വലിയ ജനാവലി തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഉച്ചഭക്ഷണശേഷം കുറച്ചു ഷോപ്പിങ്. കറാച്ചി ബിസ്കററും സ്വീററ്സും ഹൈദരാബാദ് പേ
ൾസ് കൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമൊക്കെ വാങ്ങി ഹൈദരാബാദ് ബിരിയാണി യും കഴിച്ച് airport ലേക്ക്.

മൂന്നു പകലും രണ്ട് രാത്രിയും തങ്ങിയ ഹൈദരാബാദിനോട് വിട. 10പേർ ഗോവ വഴി കണ്ണൂരിലേക്ക് ,ബാക്കിയുള്ള വർ കൊച്ചിയിലേക്കും. മൂന്ന് ദിവസത്തേക്ക് എല്ലാവിധ തിരക്കുകളും മാറ്റി വച്ച് സംഘടന മുന്നോട്ട് വച്ച പെൺയാത്രയിൽ ഒത്തുചേർന്നപ്പോൾ വിരിഞ്ഞ സൗഹ്യദങ്ങളും യാത്രാനുഭവങ്ങളും അതീവ ഹൃദ്യമായിരുന്നു.


നൈസാമിൻ്റെ കോട്ട കാണാൻ പോയി അടിച്ച്പൊളിച്ച് സാമ്രാജ്യംപിടിച്ചടക്കി തിരിച്ചെത്തിയ എല്ലാ സഖാക്കളും മടങ്ങും മുൻപേ തന്നെ അടുത്ത യാത്രയെപ്പററി ചർച്ചതുടങ്ങിയിരുന്നു.

തയ്യാറാക്കിയത് – സുമ, മായ, ആശ.