എഡിറ്റോറിയല്‍
” ധനം നല്‍കാതിരിക്കുക, കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുക, ജനരോഷം സൃഷ്ടിക്കുക, എന്നിട്ട് നിങ്ങള്‍ അതിനെ സ്വകാര്യമൂലധനത്തിനു കൈമാറുക” സ്വകാര്യവല്‍ക്കരണത്തിനായി മുതലാളിത്ത ഭരണകൂടങ്ങള്‍ സ്വീകരിക്കുന്ന തന്ത്രങ്ങളെ കുറിച്ച് നോംചോംസ്കി പറഞ്ഞതാണിത്. ജനവിരുദ്ധ നിയമങ്ങളും നിയമ ഭേദഗതികളും തൊഴിലാളി വിരുദ്ധ നയങ്ങളും കൊണ്ട് കേന്ദ്ര ഗവണ്മെന്റ് കേരളത്തിന്റെ ജനകീയ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴും അതിനെ ചെറുത്തു തോല്പിക്കാന്‍ സാധിക്കുന്നത് ശക്തമായ ജനപക്ഷനയങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന ഒരു കേരള ബദല്‍ നമുക്ക് മുന്നോട്ട് വെക്കാന്‍ കഴിയുന്നത് കൊണ്ടാണ്.
ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനം സമ്പൂര്‍ണ്ണ അതി ദാരിദ്ര്യ വിമുക്തമായത് കേരളത്തിലൂടെയാണ്. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തിക്കൊണ്ട് അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി വിഭാവനം ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍. വികസനം എന്നത് ഏറ്റവും സാധാരണക്കാരനായ മനുഷ്യന്റെ പുരോഗതി ആണെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ഒരു വിഭാഗത്തിന്റെ കയ്യിലേക്ക് മാത്രം സമ്പത്ത് കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന വലതുപക്ഷ നയങ്ങളില്‍ നിന്ന് വേറിട്ടതാണ്.
ലാഭത്തിലാകുന്ന പൊതുമേഖല കമ്പനികളെ പോലും വിറ്റു തുലക്കുന്ന സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ പൊതുമേഖലയെ സം രക്ഷിക്കാനുള്ള നയങ്ങള്‍ കൈക്കൊള്ളുന്നു എന്നതു മാത്രമല്ല, നഷ്ടത്തിലായിരുന്ന പൊതു മേഖല സ്ഥാപനങ്ങളെ കൂടി ലാഭത്തിലാക്കാന്‍ കഴിഞ്ഞു എന്നതും കേരളത്തിന്റെ നേട്ടമാണ്. വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വ്യവസായ സൗഹൃദ റാങ്കിങ്ങില്‍ 28 ആം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തിലേക്ക് കേരളം കുതിച്ചുയര്‍ന്നതും ഈ കാലഘട്ടത്തിലാണ്. സ്ത്രീകളുടെയും ട്രാന്‍സ് ജന്‍ഡര്‍ സമൂഹത്തിന്റെയും ഭിന്ന ശേഷിക്കാരുടെയും വയോജനങ്ങളുടെയും എല്ലാം ഉന്നമനത്തിനായി നിരവധി ക്ഷേമ പദ്ധതികളാണ് സാമൂഹ്യ ക്ഷേമ വകുപ്പ് യാഥാര്‍ഥ്യമാക്കിയത്. വൈദ്യുതി ഇറക്കുമതി ശേഷി വര്‍ദ്ധിപ്പിച്ചും പ്രസരണ ലൈനുകള്‍ ശാക്തീകരിച്ചും നിരവധി പ്രതിസന്ധികള്‍ക്കിടയിലും ലോഡ് ഷെഡ്ഡിംഗും പവര്‍കട്ടും ഇല്ലാതെ കേരളത്തിനു മുന്നോട്ട് പോകാന്‍ കഴിയുന്നത് കേരള സര്‍ക്കാരിന്റെ എടുത്തു പറയേണ്ട നേട്ടമാണ്.
വൈദ്യുത മേഖലയുടെ നിറുകയില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ ഡെമോക്ലീസ് വാളുകള്‍ തീര്‍ത്തു കൊണ്ട് നിയമ നിര്‍മ്മാണവും എക്സിക്യുട്ടീവ് ഓര്‍ഡറുകളുമായി കോര്‍പ്പറേറ്റ് ശിങ്കിടികള്‍ തന്ത്രം മെനയുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ അടിയുറച്ച തൊഴിലാളി ബോധമുള്ള ഒരു ഭരണകൂടത്തിനു മാത്രമേ സാധിക്കുകയുള്ളൂ. ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധം ബാലറ്റ് പേപ്പര്‍ ആണെന്ന് പറയാറുണ്ട്. വീണ്ടും ചൂണ്ട് വിരലിനു മഷിപുരളുമ്പോള്‍ നവകേരള സൃഷ്ടിയുമായി ജനപക്ഷത്ത് നില്‍ക്കുന്ന തൊഴിലാളി ക്ഷേമത്തിനു ഊന്നല്‍ നല്‍കുന്ന പ്രാദേശിക വികസനത്തിനായി വികേന്ദ്രീകൃതാസൂത്രണം പ്രയോഗികമാക്കി കരുതൽ ഓരോ കുടുംബത്തിലുമെത്തിച്ച ഹൃദയ പക്ഷത്തിനായി കൈകോര്‍ക്കുക എന്ന ഉയർന്ന ഉത്തരവാദിത്തം കേരളത്തിനുണ്ട്.























