ദുരന്തഭൂമിയിൽകർമ്മനിരതരായി

213

2022 ഒക്ടോബർ 16- ദുരന്തം ഒരു തീമഴയായി കോട്ടയത്തിന്റെ കിഴക്കൻ മേഖലയിൽ പെയ്തിറങ്ങുകയായിരുന്നു. കുറേയേറെ നാളുകളായി മഴ ഹൈറേഞ്ചിൽ പതിവുകാഴ്ചയാണ്. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ ഒന്നും ഇല്ലാതിരുന്ന ആ ശനിയാഴ്ച എല്ലാം ശാന്തമായിരുന്നു. ജനങ്ങൾ പതിവുപോലെ തങ്ങളുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരുന്നു. എന്നാൽ രാവിലെ 7 മണിയോടെ തുടങ്ങിയ മഴ കനത്തു തുടങ്ങി. മുൻപ് കണ്ടിട്ടില്ലാത്ത വിധം ആകാശം കാർമേഘങ്ങളാൽ ഇരുണ്ടുമൂടി. തോരാത്ത പെരുമഴ. സമയം പത്തു മണി ആയപ്പോഴേക്കും കൈ തോടുകളും പുഴകളും ജലാശയങ്ങളും നിറഞ്ഞുകവിഞ്ഞിരുന്നു റോഡുകളും പുരയിടങ്ങളും വെള്ളം കയറിത്തുടങ്ങി എന്നിട്ടും തെല്ലും ശമനമില്ലാതെ മഴ പെയ്തുകൊണ്ടേയിരുന്നു. ദുരന്ത സൂചനകൾ നൽകി വാർത്തകൾ വന്നുതുടങ്ങി. മലയോരമേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും വലിയ രീതിയിൽ ഉണ്ടായിത്തുടങ്ങി. പ്രളയജലം കയറിയതിനാൽ മേഖലയിലെ റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. വൈദ്യുതി ബന്ധം വിച്ചേദിക്കപ്പെട്ടു. എന്നിട്ടും അടക്കമില്ലാതെ കലിതുള്ളി പെയ്ത പേമാരി ഉച്ചയ്ക്ക് രണ്ടുമണിയോടെ പിൻ വാങ്ങാൻ തുടങ്ങി. പക്ഷേ അപ്പോഴേക്കും കോട്ടയത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തെ നേരിട്ടിരുന്നു.
മേഖലയിലെ പ്രധാന നദിയായ മണിമലയാർ രൗദ്രഭാവം പൂണ്ട് തീരങ്ങളിൽ അതിശക്തമായി ഇരച്ചുകയറി കാഞ്ഞിരപ്പള്ളി, മണിമല, മുണ്ടക്കയം, എരുമേലി, കൂട്ടിക്കൽ തുടങ്ങിയ പ്രധാന ടൗണുകൾ വെള്ളത്തിൽ മുങ്ങി. 2018ലെ മഹാപ്രളയത്തേക്കാൾ വലിയ ദുരന്തത്തിൽ ജനത വിറങ്ങലിച്ചു നിന്നു.
മരണമുഖമായി മാറിയ കൂട്ടിക്കൽ ,കൊക്കയാർ പഞ്ചായത്തുകളിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ നേരിട്ടത്. ഈ പഞ്ചായത്തുകളിൽ ഉരുൾപൊട്ടലിലും പ്രളയത്തിലും മുപ്പതോളം പേർ മരണപ്പെടുകയും നൂറുകണക്കിന് പേർ ഭവനരഹിതരായി മാറുകയും ചെയ്തു . അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർണമായി തകരുകയും പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തു.ഉരുൾപൊട്ടലുണ്ടായ മേഖലകളിലേക്ക് രക്ഷാപ്രവർത്തനങ്ങൾ പോലും ഏറെ ദുഷ്കരമായിരുന്നു.
കോട്ടയം ഇടുക്കി ജില്ലകളെ വേർതിരിയ്ക്കുന്ന അതിർത്തി പുല്ലകയറാണ്. മണിമലയാറിന്റെ പ്രധാന കൈവഴിയാണിത്. കോട്ടയം ജില്ലയിലുള്ള കൂട്ടിക്കൽ പഞ്ചായത്തിന്റെയും ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിന്റെയും ഇടയിലൂടെ പുല്ലകയാർ ഒഴുകുന്നു. ഏന്തയാർ, കൊക്കയാർ പാലങ്ങൾ ഇരുകരകളേയും ബന്ധിപ്പിയ്ക്കുന്നു. ഏന്തയാർ, കൊക്കയാർ പാലങ്ങളും ഇത്തവണ പ്രളയം തകർത്തെറിഞ്ഞു.
വൈദ്യുതി മേഖലയെ ദുരന്തം രൂക്ഷമായി ബാധിച്ചു. കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിൽ ദുരന്തമുണ്ടായ ഭൂരിഭാഗം പ്രദേശങ്ങളും പാലാ സർക്കിളിൽ കൂട്ടിക്കൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലാണ് വരുന്നത് പുല്ലകയാറിന്റെ ഇരുഭാഗങ്ങളിലും ഉള്ള എച്ച് റ്റി ലൈനുകൾ പൂർണ്ണമായും നഷ്ടപ്പെട്ടു. ഉരുൾപൊട്ടൽ മേഖലയിൽ ട്രാൻസ്ഫോമറുകൾ ഒഴുകിപ്പോയി .മീറ്ററുകളും സർവീസ് ലൈനുകളും വ്യാപകമായിത്തന്നെ നശിച്ചു.10KM എച്ച് റ്റി ലൈനുകളും 50KM എൽ റ്റി ലൈനുകളും 180എച്ച് റ്റി പോസ്റ്റുകളും 256 എൽ റ്റി പോസ്റ്റുകളും ഉൾപ്പെടെ KSEBL ന് വൻതോതിൽ നാശനഷ്ടങ്ങൾ നേരിട്ടു. പല ലൈനുകളും പുനസ്ഥാപിക്കാൻ കഴിയാത്തവണ്ണം മണ്ണിടിഞ്ഞു നഷ്ടപ്പെട്ടിരുന്നു. റോഡുകൾ സഞ്ചാരയോഗ്യമല്ലാതിരുന്നത് നാശനഷ്ടങ്ങളുടെ വ്യാപ്തി മനസ്സിലാക്കാനും ദുരന്തനിവാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കി. ആകെ 3.5 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് KSEBLന് ഉണ്ടായത്.


എന്നാൽ യാതൊരു പ്രതിസന്ധികളെയും വകവെക്കാതെ ദുരന്തമുഖത്ത് യുദ്ധകാലടിസ്ഥാനത്തിൽ പുനസ്ഥാപനപ്രവർത്തനങ്ങൾ തുടങ്ങാൻ ബോർഡിന് കഴിഞ്ഞിട്ടുണ്ട്. വഴിമധ്യേയുള്ള തടസ്സങ്ങൾ സ്വയം നീക്കിയും ലഭ്യമായ സാമഗ്രികൾ ഏകോപിപ്പിച്ചും പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ KSEBL മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ചു. ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ ഒരു കൺട്രോൾ റൂം ആരംഭിക്കുകയും മുൻപരിചയമുള്ള ജീവനക്കാരെയും കരാർ ജീവനക്കാരേയും അടിയന്തരമായി കൂട്ടിക്കൽ സെക്ഷനിലേക്ക് നിയോഗിക്കുകയും പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്തു. നിർണായക ഘട്ടത്തിൽ ബോർഡ് മാനേജ്മെൻറ് ഉണർന്നു പ്രവർത്തിച്ചു. വൈദ്യുതി പുനസ്ഥാപനങ്ങൾക്ക് ആവശ്യമായ സാധനസാമഗ്രികൾ കൃത്യസമയത്ത് ലഭ്യമാക്കുന്നതിനും കരാറുകാർക്ക് മൊബിലൈസേഷൻ ഫണ്ട് ലഭ്യമാക്കുന്നതിനും യാതൊരു കാലതാമസവും ഉണ്ടായില്ല. മറ്റു വകുപ്പുകൾ ദുരന്ത സ്ഥലത്ത് കണക്കെടുപ്പ് തുടങ്ങും മുന്നേ തന്നെ KSEBL പ്രവർത്തനങ്ങൾ ബഹുദൂരം മുന്നിൽ എത്തിയിരുന്നു.
കൂട്ടിക്കൽ സെക്ഷൻ പരിധിയിൽ പ്രധാനമായും വൈദ്യുതി വിതരണം നടത്തുന്ന കൂട്ടിക്കൽ 33 കെവി സബ്സ്റ്റേഷൻ പിറ്റെ ദിവസം തന്നെ ചാർജു ചെയ്യുന്നതിന് സാധിച്ചു.രണ്ടു ദിവസങ്ങൾക്കകം തന്നെ 11 Kv ലൈനുകൾ പട്രോൾ ചെയ്ത് അപകടങ്ങൾ ഒഴിവാക്കി കൂട്ടിക്കൽ സെക്ഷൻ കീഴിലെ 70% ട്രാൻസ്ഫോർമറുകളും ചാർജ് ചെയ്യാൻ കഴിഞ്ഞത് നിർണായകമായി.
യാത്ര മാർഗങ്ങൾ യാതൊരുതരത്തിലും പുനസ്ഥാപിക്കാൻ കഴിയാതെ വന്ന പ്ലാപ്പള്ളി, വടക്കേമല,മുക്കുളം, മ്ലാക്കര ഭാഗങ്ങളിലൊഴികെ എല്ലാ പ്രദേശങ്ങളിലും നാല് ദിവസത്തിനകം തന്നെ പ്രവർത്തികൾ പൂർണതോതിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു. ഏഴുദിവസത്തിനകം തന്നെ തീവ്ര പ്രളയം നശിപ്പിച്ച കൂട്ടിക്കൽ ടൗണിൽ രണ്ട് പുതിയ ട്രാൻസ്ഫോർമർ ഉൾപ്പെടെ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ കഴിഞ്ഞത് വലിയ വാർത്തയായി. വിവിധ മേഖലകളിൽ നിന്ന് വളരെയധികം അഭിനന്ദനങ്ങൾ KSEBL ന് ലഭിക്കാൻ ഇടയായി. ഒക്ടോബർ 16 ന് ശേഷവും കൂട്ടിക്കൽ മേഖലകളിൽ തുടർന്ന അതിശക്തമായ മഴയും ഇടിമിന്നലും ഉരുൾപൊട്ടൽ ഭീഷണിയും പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കി.പല ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം വർക്കുകൾ പൂർണമായും നിർത്തി വെക്കേണ്ട സാഹചര്യമുണ്ടായി. എന്നാൽ കൃത്യമായ ആസൂത്രണവും തൊഴിലാളികളുടേയും ഓഫീസർമാരുടെയും അർപ്പണ മനോഭാവത്തോടെയുള്ള പ്രവർത്തനങ്ങളും ചേർന്നപ്പോൾ പ്രളയത്തിന് പതിനേഴ് ദിവസങ്ങൾക്കപ്പുറം 3 /11/ 2021 ന് തന്നെ പുനസ്ഥാപന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലെത്തി. അതിശയകരമായ പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നും ലഭിച്ചത്. ഒരുപക്ഷേ മറ്റൊരു സേവന മേഖലയ്ക്ക് എത്തിപ്പിടിയ്ക്കാൻ കഴിയാത്ത വിധം പ്രൊഫഷണലായി കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞത് ബോർഡിന് അഭിമാനകരമാണ്. 10KM എച്ച്റ്റി ലൈനുകളും 30KM എൽറ്റി ലൈനുകളുമാണ് ഈ കുറഞ്ഞ കാലയളവിൽ കൂട്ടിക്കൽ സെക്ഷൻ പരിധിയിൽ സ്ഥാപിച്ചത്. പുതുതായി പത്ത് ട്രാൻസ്ഫോമറുകൾ സ്ഥാപിക്കേണ്ടതായി വന്നു. ഫീൽഡിൽ സർക്കിൾ ടീമിനെ നയിച്ച ഡെപ്യൂട്ടി ചീഫ് എൻജിനീയറുടെ അധിക ചുമതല വഹിച്ച നമ്മുടെ സംഘടനയുടെ സംസ്ഥാന ഭാരവാഹി ശ്രീ കുര്യൻ സെബാസ്റ്റ്യൻ, സംഘടനാംഗമായ എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി. അമ്മിണി കെ.കെ. എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
ഓരോ ദുരന്തങ്ങളും അതിജീവനത്തിനുള്ള അനുഭവങ്ങളാണ് നമുക്ക് നൽകുക .2018ലെ മഹാപ്രളയത്തിൽ നിന്നും വ്യത്യസ്തമായിരുന്നു കൂട്ടിക്കൽ തീവ്രപ്രളയം. ദിവസങ്ങൾ കഴിഞ്ഞിട്ടും റോഡ് മാർഗ്ഗങ്ങൾ ലഭ്യമാകാതിരുന്നതും എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാവുന്ന ദുരന്തം മുന്നിൽ കണ്ട് ജോലി ചെയ്യേണ്ട സാഹചര്യവും ഇവിടെ ഉണ്ടായി. ഒപ്പം വൻതോതിലുള്ള പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട പ്രോട്ടോക്കോളുകൾ എന്ന് മുൻകൂട്ടി നിശ്ചയിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ഈ ദുരന്തം വിരൽ ചൂണ്ടുന്നു. പ്രത്യേകിച്ചും ബന്ധപ്പെട്ട മേഖലയിലെ ജീവനക്കാരെയും ദുരന്തം ബാധിക്കുന്ന അവസ്ഥയിൽ. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ്, പുനസ്ഥാപന പ്രവർത്തികൾക്കുള്ള മാൻപവർ സംഘടിപ്പിക്കുക, സാധന സാമഗ്രികൾ എത്തിയ്ക്കുക, റിപ്പോർട്ടുകൾ തയ്യാറാക്കുക, വാഹന സൗകര്യങ്ങൾ ഒരുക്കുക, എസ്റ്റിമേറ്റുകൾ ഉൾപ്പെടെയുള്ള പേപ്പർ / സോഫ്റ്റ് വെയർ വർക്കുകൾ അനുമതികൾ ലഭ്യമാക്കുക തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളാണ് ഓരോ ദുരന്ത ശേഷവും ഫീൽഡ് തലത്തിൽ ചെയ്യേണ്ടി വരുന്നത്. ക്വിക് റെസ്പോൺസ് ടീമുകൾക്ക് (QRT) ദുരന്തമുഖത്ത് പ്രവർത്തിയ്ക്കുന്നതിന് കൂടുതൽ പരിശീനങ്ങൾ നൽകിയും പരിചയ സമ്പന്നരായ ജീവനക്കാരുടെ ഒരു പൂൾ തയ്യാറാക്കിയും പ്രതിസന്ധികൾ പരിഹരിക്കാൻ ശ്രമം വേണം.പ്രത്യേകിച്ച് കാലാവസ്ഥയിൽ അപ്രവചനീയത വർദ്ധിച്ചു വരുന്ന തുടർനാളുകളിൽ.

ദിലീഷ് രാജന്‍