ഷോർട്ട് അസസ്‌മെന്റ് ബില്ലുകൾ

28

ഷോർട്ട് അസസ്‌മെന്റ് ബില്ലുകൾ നൽകേണ്ടി വരുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണ് ? സപ്ലൈ കോഡിലെ ഏതെല്ലാം ചട്ടങ്ങളുടെ പിൻബലത്തിലാണ് ഇവ തയ്യാറാക്കേണ്ടത് ?

വൈദ്യുതി നിയമം 2003 സെക്ഷൻ 45 പ്രകാരം ഉപഭോക്താക്കളിൽ നിന്നും നിയമാനുസൃതമായി വൈദ്യുതി ചാർജ് ഈടാക്കാൻ വിതരണ ലൈസൻസികൾക്ക് അധികാരമുണ്ട്. അതാത് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിഷ്കർഷിക്കുന്ന രീതിയിലും ക്രമത്തിലുമാണ് ഇത് ചെയ്യേണ്ടത്. ലൈസൻസിയുടെ ഭാഗത്തെ നോട്ടപ്പിശക് മൂലം വൈദ്യുതി ചാർജ് ഈടാക്കിയതിൽ കുറവ് (അണ്ടർ ചാർജിംഗ്) സംഭവിച്ചതായി പിന്നീട് ഏതെങ്കിലും രീതിയിൽ കണ്ടുപിടിക്കപ്പെട്ടാൽ അക്കാര്യം സ്ഥാപിച്ച ശേഷം നഷ്ടമായ തുക ഉപഭോക്താവിൽ നിന്നും ഈടാക്കാൻ 2014 ലെ കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ചട്ടം 134 അനുവദിക്കുന്നുണ്ട്. കണക്ടഡ് ലോഡ് /കോൺട്രാക്ട് ഡിമാന്റ് വിവരങ്ങൾ ഡാറ്റാബേസിൽ തെറ്റായി രേഖപ്പെടുത്തുക, കണക്ഷൻ നൽകിയ ശേഷം കൃത്യമായി ബില്ല് നൽകാതിരിക്കുക, മീറ്റർ കേടായ കാലയളവിലെ ശരാശരി ഉപയോഗം കണക്കാക്കുന്നതിൽ തെറ്റ് സംഭവിക്കുക തുടങ്ങിയ വിവിധ പ്രശ്നങ്ങൾ മൂലം ലൈസൻസിക്ക് ഉണ്ടാവുന്ന നഷ്ടം ഇത്തരത്തിൽ ഈടാക്കാവുന്നതാണ്. കൂടാതെ ലൈസൻസിയുടെ ഭാഗത്തെ നോട്ടപ്പിശക് മൂലം മൾട്ടിപ്ലിക്കേഷൻ ഫാക്ടർ, താരിഫ്, മീറ്ററിംഗ് എന്നിവയിലുണ്ടാവുന്ന അപാകതകൾ സ്ഥല പരിശോധനയിലൂടെ കണ്ടു പിടിക്കാറുണ്ട്. ഇത്തരം അപാകതകൾ മൂലം വൈദ്യുതി ചാർജിനത്തിൽ ഉണ്ടായ നഷ്ടം ഉപഭോക്താവിൽ നിന്നും ഈടാക്കാനുള്ള നടപടിക്രമങ്ങൾ സപ്ലൈ കോഡ് ചട്ടം 152 ൽ വിശദീകരിക്കുന്നുണ്ട്. ലൈസൻസിയുടെ ഭാഗത്തെ നോട്ടപ്പിശക് മൂലം സംഭവിക്കുന്ന ഇത്തരം അപാകതകൾ സെക്ഷൻ 126 പ്രകാരമുള്ള അനധികൃത വൈദ്യുതി ഉപയോഗത്തിന്റെ പരിധിയിൽ വരുന്നതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അപാകത ഏതു തരമായാലും അതു മൂലം വൈദ്യുതി ചാർജിനത്തിൽ നഷ്ടം (അണ്ടർ ചാർജിംഗ്) ഉണ്ടായിട്ടുണ്ട് എന്ന വസ്തുത ലൈസൻസി സ്ഥാപിച്ചെടുത്താൽ മാത്രമെ ഉപഭോക്താവിന് ഷോർട്ട് അസസ്മെന്റ് ബില്ല് നൽകാനാവുകയുള്ളൂ. ഓരോ സാഹചര്യത്തിലും സപ്ലൈ കോഡിലെ വിവിധ ചട്ടങ്ങളുടെ പിൻബലത്തിൽ ഇക്കാര്യം എങ്ങിനെ ചെയ്യാമെന്ന് പരിശോധിക്കാം.

  1. മൾട്ടിപ്ലിക്കേഷൻ ഫാക്ടറിലെ തെറ്റ്
    സാധാരണയായി സി ടി ഓപ്പറേറ്റഡ് മീറ്ററുകളിലാണ് ഇത് സംഭവിക്കുന്നത്. ഇവിടെ മീറ്ററിന്റെ പ്രവർത്തനത്തിൽ തകരാർ ഉണ്ടാവാറില്ല. എന്നാൽ മീറ്ററിനോടെപ്പം ഘടിപ്പിച്ചിട്ടുള്ള കറണ്ട് ട്രാൻസ്ഫോർമറിന്റെ (സിടി) റേഷ്യോ ഡാറ്റാബേസിൽ തെറ്റായി രേഖപ്പെടുത്തുന്നത് മൂലമാണ് അപാകത സംഭവിക്കുന്നത്. മീറ്ററിൽ രേഖപ്പെടുത്തുന്ന ഉപഭോഗത്തെ സി ടി റേഷ്യോ കൊണ്ട് ഗുണിച്ചാണ് യഥാർത്ഥ ഉപഭോഗം കണക്കാക്കുന്നത് എന്നതിനാൽ സി ടി റേഷ്യോയിലെ തെറ്റ് മൂലം വൈദ്യുതി ചാർജിനത്തിൽ വലിയ നഷ്ടം സംഭവിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ യഥാർത്ഥ റേഷ്യോ കണ്ടു പിടിക്കാനായി ഉപഭോക്താവിന്റെ സാന്നിധ്യത്തിൽ സിടി അഴിച്ചെടുത്ത് അക്രഡിറ്റഡ് / അപ്രൂവ്ഡ് ലാബിൽ ടെസ്റ്റ് ചെയ്ത് സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്. ഓഫീസ് രേഖകളിൽ നിന്നും അപാകത സംഭവിച്ച കാലയളവ് കണ്ടെത്താവുന്നതാണ്. ഇതിന്റെ പിൻബലത്തിൽ അണ്ടർ ചാർജിംഗ് സ്ഥാപിച്ചതിനു ശേഷമാണ് ഷോർട്ട് അസസ്മെന്റ് ബില്ല് ഉപഭോക്താവിന് നൽകേണ്ടത്.
  2. താരിഫ് തെറ്റായി നൽകിയത്
    വൈദ്യുതി കണക്ഷനെടുക്കുന്ന സമയത്തോ പിന്നീട് വ്യത്യാസങ്ങൾ വരുത്തുന്ന സമയത്തോ ഉപഭോക്താവ് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള പർപ്പസിന് അനുയോജ്യമായ താരിഫാണ് നൽകേണ്ടത്. എന്നാൽ ഡാറ്റാബേസിൽ താരിഫ് തെറ്റായി രേഖപ്പെടുത്തുന്നത് മൂലം വൈദ്യുതി ചാർജിനത്തിൽ നഷ്ടം സംഭവിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സ്ഥല പരിശോധനയിലൂടെ യഥാർത്ഥ പർപ്പസ് രേഖപ്പെടുത്തി ഉപഭോക്താവ് അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്ന പർപ്പസിൽ നിന്നും വ്യത്യാസപ്പെട്ടിട്ടില്ല എന്ന് ബോധ്യപ്പെട്ടാൽ ഉപഭോക്താവിന്റെ താരിഫ് മുൻകാല പ്രാബല്യത്തോടെ മാറ്റേണ്ടതാണ്. ലൈസൻസിക്ക് സ്വമേധയാ താരിഫ് മാറ്റാൻ സാധിക്കുന്ന സപ്ലൈ കോഡിലെ ചട്ടം 97 പ്രകാരമുള്ള നടപടി ക്രമങ്ങൾ പാലിച്ച് ഇക്കാര്യം ചെയ്തുകൊണ്ട് അണ്ടർ ചാർജിംഗ് സ്ഥാപിച്ചെടുക്കാവുന്നതാണ്. ഇതേ തുടർന്ന് ഷോർട്ട് അസസ്മെന്റ് ബില്ല് നൽകി വൈദ്യുതി ചാർജിനത്തിൽ ഉണ്ടായ നഷ്ടം ഉപഭോക്താവിൽ നിന്നും ഈടാക്കാവുന്നതാണ്. (റഗുലേറ്ററി കമ്മീഷൻ കാലാകാലങ്ങളിൽ ഇറക്കുന്ന താരിഫ് ഓർഡറിന്റെ അടിസ്ഥാനത്തിൽ യഥാസമയം താരിഫ് റീക്ലാസിഫൈ ചെയ്യുന്നതിന് സ്ഥലപരിശോധന നിർബന്ധമില്ല.)
  3. മീറ്ററിംഗിലെ കൃത്യതയില്ലായ്മ
    ഇവിടേയും സിടി ഓപ്പറേറ്റഡ് മീറ്ററുകളിലാണ് ഇത് സംഭവിക്കുന്നത്. മീറ്ററിംഗ് സർക്യൂട്ടിലെ സിടി വയറുകൾ, പ്രഷർ ലീഡ് വയറുകൾ എന്നിവ തെറ്റായി കണക്ട് ചെയ്യുന്നത് മൂലം യഥാർത്ഥ ഉപഭോഗം മീറ്ററിൽ രേഖപ്പെടുത്താതെ വരുന്നു. ഉപഭോക്താവ് ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തുന്ന പക്ഷം മീറ്ററിംഗ് സംവിധാനം അക്രഡിറ്റഡ് / അപ്രൂവ്ഡ് ലാബിന്റെ പരിശോധനക്ക് വിധേയമാക്കി അവിടെ നിന്നുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഇതിന്റെ എറർ ശതമാനം അനുവദനീയമായ പരിധിക്ക് വെളിയിലാണെന്ന് സ്ഥിരീകരിക്കാവുന്നതാണ്. മീറ്റർ ഡാറ്റ ഡൗൺലോഡ് ചെയ്ത് അപാകത നിലനിന്നിരുന്ന കാലയളവ് കണക്കാക്കാവുന്നതാണ്. മീറ്റർ കേടായ കാലയളവിൽ ബില്ലിംഗ് നടത്തേണ്ട വിധം സപ്ലൈ കോഡ് ചട്ടം 125 ൽ വിശദീകരിച്ചിട്ടുണ്ട്. ഇത് പ്രകാരം റീ അസസ്മെന്റ് നടത്തി അണ്ടർ ചാർജിംഗ് സ്ഥാപിച്ചെടുത്ത് ഉപഭോക്താവിന് ഷോർട്ട് അസസ്മെന്റ് ബില്ല് നൽകാവുന്നതാണ്.
    മേൽ പ്രതിപാദിച്ചിട്ടുള്ള സാഹചര്യങ്ങളിലെല്ലാം തന്നെ സ്ഥല പരിശോധന നടത്തി അപാകത വിശദീകരിക്കുന്ന സൈറ്റ് മഹസർ തയ്യാറാക്കുകയും തുടർന്ന് താത്ക്കാലിക ബില്ല് നൽകി അതിൽ ഉപഭോക്താവിന് പറയാനുള്ളത് കേട്ട് സപ്ലൈ കോഡ് ചട്ടം 157 ലെ നടപടിക്രമങ്ങൾ പാലിച്ച് അന്തിമമാക്കേണ്ടതുമാണ്. ആവശ്യമുള്ള പക്ഷം ലൈസൻസിയുടെ ആഭ്യന്തര പരാതി പരിഹാര സംവിധാനത്തിലൂടേയും ഇത് അന്തിമമാക്കാവുന്നതാണ്. പ്രസ്തുത ബില്ല് പരമാവധി 12 പലിശ രഹിത തവണകളായി ഉപഭോക്താവിന് അടക്കാവുന്നതാണ്.
    അപാകത സംഭവിച്ച യഥാർത്ഥ കാലയളവിലേക്കാണ് ഷോർട്ട് അസസ്മെന്റ് ചെയ്യേണ്ടതെന്നും യഥാർത്ഥ കാലയളവ് 24 മാസത്തിൽ അധികരിക്കുന്ന പക്ഷം ഇത് 24 മാസമായി നിജപ്പെടുത്തണമെന്നും സപ്ലൈ കോഡ് ചട്ടം 152 നിഷ്കർഷിക്കുന്നുണ്ട്. താരിഫ് നിശ്ചയിച്ചതിലെ അപാകത മൂലമുള്ള ഷോർട്ട് അസസ്മെന്റ് കാലയളവ് 12 മാസമായി നിജപ്പെടുത്തണമെന്ന് ചട്ടം 97 ൽ പറയുന്നുണ്ട്. എന്നാൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ പ്രേംകോട്ടെക്സ് കേസിലെ (സിവിൽ അപ്പീൽ നമ്പർ 7235 / 2009) വിധിയുടെ അടിസ്ഥാനത്തിൽ എല്ലാ സാഹചര്യങ്ങളിലും യഥാർത്ഥ കാലയളവിലേക്ക് ഷോർട്ട് അസസ്മെന്റ് നൽകാവുന്നതാണ്.