അപ്രായോഗിക നിര്‍ദ്ദേശങ്ങളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന വാഗ്ദാനങ്ങളുടെ നീണ്ട നിരയുമായാണ് 2020ലെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് എന്നത് ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. വൈദ്യുതി മേഖലയെ ദോഷകരമായി ബാധിക്കുന്ന വിഷയങ്ങളും കോര്‍പറേറ്റ് താല്പര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രഖ്യാപിക്കുകയുണ്ടയി. ജനങ്ങള്‍ക്ക് വേണ്ടിയെന്ന പെരുംനുണ മറ്റു പല വിഷയങ്ങളിലെന്ന പോലെ ആവര്‍ത്തിക്കുകയാണ് ഇവിടേയും.
അടുത്ത മൂന്നു വര്‍ഷത്തിനകം രാജ്യത്തെമ്പാടും പ്രീപെയ്ഡ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുമെന്നതാണ് ബജറ്റില്‍ വൈദ്യുതി മേഖലയെ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് ജനങ്ങള്‍ക്ക് വൈദ്യുതി വിതരണ ലൈസന്‍സികളെ യഥേഷ്ടം തെരഞ്ഞെടുക്കാന്‍ അവസരമൊരുക്കുമെന്നതാണ് മനസ്സില്‍ കണ്ടിരിക്കുന്നത്. മത്സരം വിലകുറക്കുമെന്ന പൊള്ള വാഗ്ദാനവുമായി നടപ്പാക്കിയ വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങള്‍ ഇത് വരെ ജനങ്ങള്‍ക്ക് ദുരിതം മാത്രമേ സമ്മാനിച്ചുള്ളൂ എന്നത് വിദഗ്ദ്ധമായി മൂടി വെക്കാനുള്ള ശ്രമമാണ് ഗവണ്മെന്റിന്റെ ഭാഗത്ത് നിന്നുള്ളത്. സര്‍ക്കാരിന് ബാധ്യതയാണെന്ന് പറഞ്ഞ് സ്വകാര്യ വത്കരണം നടത്തിയിടങ്ങളിലൊക്കെ സ്വകാര്യ കുത്തകകള്‍ വലിയ തുകയാണ് നഷ്ടം നികത്തുന്നതിനായി അടിച്ച്മാറ്റികൊണ്ടിരിക്കുന്നത്. നഷ്ടക്കണക്കും ബാങ്കുകളുടെ കിട്ടാക്കടവും ഓരോ വര്‍ഷവും പല മടങ്ങ് വര്‍ധിച്ച് വരുന്നു. അവശേഷിക്കുന്ന സാധ്യതകള്‍ കൂടി ഇഷ്ടക്കാരായ കോര്‍പറേറ്റുകളുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നതിന് വേണ്ടിയാണ് വിതരണ മേഖലയില്‍ കൂടുതല്‍ സപ്ലൈലൈസന്‍സികളെ കൊണ്ടുവരാനായി നിയമഭേദഗതിക്ക് ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതിനായുള്ള കളം ഒരുക്കാനായാണ് നിലവിലെ വിതരണ സ്ഥാപനങ്ങള്‍ക്ക് വന്‍ ബാധ്യത വരുത്തുന്ന സ്മാര്‍ട്ട് മീറ്ററിലേക്കുള്ള നിര്‍ബന്ധിത ചുവട്മാറ്റം.

ഇന്ത്യയില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍സപ്ലൈ ലൈസന്‍സികളെ ഏര്‍പ്പാടാക്കിയ ഇടങ്ങളില്‍ ജനങ്ങള്‍ക്ക് ബാധ്യതയാവുകയാണ് ഉണ്ടായത്. മത്സരം വൈദ്യുതിയുടെ വിലകുറക്കും എന്ന് പറഞ്ഞിടത്ത് മത്സരിച്ച് വിലകൂട്ടുക എന്നതായിരുന്നു സമീപനം എന്നത് നേര്‍അനുഭവം.

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനുള്ള ചെലവ് എങ്ങനെ കണ്ടെത്തും എന്നതിന് ഉത്തരമില്ല എന്നത് തന്നെയാണ് ബജറ്റ് നിര്‍ദ്ദേശത്തിലെ തട്ടിപ്പിന്റെ പ്രത്യക്ഷതെളിവ്. നിലവില്‍ സ്മാര്‍ട്ട്മീറ്ററുകള്‍ക്ക് വലിയ വിലയാണ് വേണ്ടി വരുന്നത്. ഉത്പാദനം കൂടുമ്പോള്‍ വില കുറയും എന്ന് പ്രതീക്ഷിച്ച് ഏകദേശം 5000/- രൂപ കണക്കാക്കിയാല്‍ പോലും ഇന്ത്യയിലെ 300ദശലക്ഷം ഉപഭോക്താക്കള്‍ക്ക് 1.5ലക്ഷം കോടി രൂപ മൂന്നു വര്‍ഷത്തിനുള്ളില്‍ കണ്ടെത്തേണ്ടതുണ്ട്. ബജറ്റില്‍ വലിയ മുതല്‍മുടക്ക് വേണ്ട റിന്യൂവബിള്‍ എനര്‍ജി ഉള്‍പ്പെടെ ഊര്‍ജ്ജ മേഖലയ്ക്കുള്ള ആകെ നീക്കിയിരിപ്പ് 22000കോടി മാത്രമാണ് എന്ന് അറിയുമ്പോഴാണ് വൈദ്യുതി നിയമഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നവ സംസ്ഥാനസര്‍ക്കാരുകളുടേയും ജനങ്ങളുടേയും ചെലവില്‍ നടപ്പാക്കാനുള്ള കോര്‍പറേറ്റ് ചരട് വലിയാണ് ഇതിന്റെ പിന്നില്‍ എന്ന സത്യം തിരിച്ചറിയപ്പെടുകയുള്ളൂ.

ജനദ്രോഹ ബജറ്റിലൂടെ വൈദ്യുതി മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ച് പ്രക്ഷോഭങ്ങള്‍ക്ക് നാഷണല്‍ കേഓര്‍ഡിനേഷന്‍ ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയിസ് ആന്റ് എഞ്ചിനീയേഴ്സ് (എന്‍.സി.സി.ഒ.ഇ.ഇ.ഇ) അഹ്വാനം ചെയ്യുകയുണ്ടായി. കേരളത്തിലെ എല്ലാ വൈദ്യുതി ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഡിവിഷന്‍ ഓഫീസ് കേന്ദ്രങ്ങളിലും ഫെബ്രുവരി 4,5തീയതികളില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനവും വിശദീകരണ പൊതുയോഗങ്ങളും നടക്കുകയുണ്ടായി. തൊഴിലാളികളും ഓഫീസര്‍മാരും കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നടത്തിയ പ്രതിഷേധപരിപാടികളില്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ ആവേശത്തോടെ സംസ്ഥാനത്ത് ആകമാനം അണിനിരന്നു. വൈദ്യുതി മേഖലയെ തകര്‍ത്ത് സാധാരണജനങ്ങള്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കാലം ആവശ്യപ്പെടുന്ന ഏതു വിധത്തിലുള്ള പ്രക്ഷോഭത്തിലും അണിചേരാന്‍ തയ്യാറാണെന്നതിന്റെ സൂചനയായി പ്രതിഷേധ പരിപാടി മാറി.
