വൈദ്യുതി-റെയില്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയരണം- എളമരം കരീം എം.പി

356

വൈദ്യുതി-റെയില്‍ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ജനകീയ പങ്കാളിത്തത്തോടെ സംയുക്ത പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണമെന്ന് എളമരം കരീം എം.പിആഹ്വാനം ചെയ്തു. വൈദ്യുതി മേഖലയിലും, റെയില്‍വെ മേഖലയിലും നടത്തിവരുന്ന സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ക്കെതിരായി ഈ മേഖലകളിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും, കരാര്‍ ജീവനക്കാരുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തിരുവനന്തപുരം ബി.ടി.ആര്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് എവിടെയും പൊതുഗതാഗതം സ്വകാര്യവല്‍ക്കരിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പടുത്ത റെയില്‍വെയുടെയും വൈദ്യുതി മേഖലയുടെയും പശ്ചാത്തല സൗകര്യങ്ങള്‍ യാതൊരു മുതല്‍മുടക്കുമില്ലാതെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുകയാണ്. വളരെ തന്ത്രപ്രധാനമായ ഈ രണ്ടു മേഖലയിലെയും പരിഷ്‌കാരങ്ങള്‍ എല്ലാം ഏറ്റവും കൂടുതല്‍ ബാധിക്കുക സാധാരണ ജനവിഭാഗങ്ങളെയാണ്. ഇതോടൊപ്പം ഇന്ധനവില എണ്ണ കമ്പനികള്‍ നിശ്ചയിക്കുന്നത് പോലെ യാത്രാ കൂലിയും വൈദ്യുതി ചാര്‍ജ്ജും സ്വകാര്യ കച്ചവടക്കാര്‍ നിശ്ചയിക്കുന്ന രീതിയിലേക്ക് മാറാന്‍ ഉള്ളതിന്റെ അന്തര്‍ നാടകങ്ങളാണ് ഈ മേഖലകളുടെ സ്വകാര്യവല്‍ക്കരണത്തോടൊപ്പം നടക്കുവാന്‍ പോകുന്നത്. പൊതുജന പങ്കാളിത്തത്തോടെ വമ്പിച്ച പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു.

ദക്ഷിണ റെയില്‍വെ എംപ്ലോയീസ് യൂണിയന്‍(ഡി.ആര്‍.ഇ.യു) ജോ.ജനറല്‍ സെക്രട്ടറി രവികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് ഭാവി പ്രക്ഷോഭങ്ങളുടെ രൂപരേഖ അവതരിപ്പിച്ച് സംസാരിച്ചു. വൈദ്യുതി മേഖലയിലെ ദേശീയ സംഘടനയുടെ സെക്രട്ടറി(ഇ.ഇ.എഫ്.ഐ) എം.ജി സുരേഷ് കുമാര്‍ റെയില്‍വെ മേഖലകളിലെ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ അലി അക്ബര്‍(പ്രസിഡന്റ്, എസ്.ആര്‍.എല്‍.പി) കെ.ജെ ഐസക്(ജന:സെക്രട്ടറി, റെയില്‍വെ കണ്‍സ്ട്രക്ഷന്‍ ലേബര്‍ യൂണിയന്‍), കെ.അച്യുതന്‍(ജന:സെക്രട്ടറി, റെയില്‍വെ കോണ്‍ട്രാക്ട് കേറ്ററിംഗ് & ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍)ഡി.സുശോഭനന്‍(ജോ.ജനറല്‍ സെക്രട്ടറി, ഡി.ആര്‍.പി.യു) സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സി.കെ ഹരികൃഷ്ണന്‍,രഘുനാഥ് പനവേലി, വിവിധ സംഘടനാ നേതാക്കളായ ജാസ്മിന്‍ ബാനു, ഗീത, ആര്‍.ജി പിള്ള എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ഹരിലാല്‍ സ്വാഗതവും ഇ.ഇ.എഫ്.ഐ ദേശീയ സെക്രട്ടറി സി ഉണ്ണികൃഷ്ണന്‍ നന്ദിയും പ്രകാശിപ്പിച്ചു.