ദേശീയ പ്രതിഷേധദിനം -മേയ്.22

458

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങളാകെ നിസ്സഹയാവസ്ഥയിലായ ഘട്ടത്തില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തും നിയമത്തിന് ഒഴിവു നല്‍കിയും കടുത്ത തൊഴിലാളി ദ്രോഹ നടപടികള്‍ കൈക്കൊള്ളുകയാണ്. തൊഴില്‍ സമയം8മണിക്കൂര്‍ ആയിരുന്നത് 12മണിക്കൂര്‍ ആക്കി ഉയര്‍ത്തുന്നു. ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശ്, യു.പി സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് വഴിയാണ് സുപ്രധാന തൊഴില്‍ നിയമങ്ങളായ ഫാക്ടറീസ് ആക്റ്റ്, ഇന്‍ഡസ്ട്രിയല്‍ ഡെസ്പ്യൂട്ട് ആക്റ്റ്, കോണ്‍ട്രാക്റ്റ് ലേബര്‍ ആക്റ്റ്, എന്നിവ മൂന്ന് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. പഞ്ചാബ്, രാജസ്ഥാന്‍ അറ്റക്കമുള്ള സംസ്ഥാനങ്ങളും തൊഴില്‍ നിയമങ്ങള്‍ ദുര്‍ബലമാക്കി തൊഴിലാളികളെ ചൂഷണത്തിനെറിഞ്ഞു കൊടുക്കുകയാണ്. ഇത് രാജ്യത്തെ കുത്തക മുതലാളിമാരെ സഹായിക്കാനാണ്. കോവിഡ് എന്ന മഹാമാരിയേക്കാള്‍ കടുത്ത മഹാദുരന്തമാണ് തൊഴിലാളികളുടെ മേല്‍ വന്നു പതിച്ചത്. കേന്ദ്ര ഗവണ്മെന്റിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് വിവിധ സംസ്ഥാന ഗവന്മെന്റുകള്‍ മത്സരിച്ച് തൊഴില്‍ നിയമങ്ങള്‍ അസാധുവാക്കുന്നത്. തൊഴിലും കൂലിയും തൊഴിലിടവും നഷ്ടപ്പെട്ട് പട്ടിണിയിലായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ കൂട്ടപ്പലായനം നടത്തുന്നതിന്റെ ദുരന്തകാഴ്ചകളാണ് രാജ്യമെങ്ങും കാണുന്നത്.

കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതിനുള്ള ഇലക്ട്രിസിറ്റി (ഭേദഗതി)ബില്‍-2020പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. വൈദ്യുതി മേഖലയില്‍ ഇത് വരെയുള്ള സ്വകാര്യവതകരണത്തിന്റെ അനുഭവം അത് പൂര്‍ണ്ണ പരാജായം ആണെന്നതാണ്. എന്നിട്ടും വൈദ്യുതിമേഖല സ്വകാര്യ കുത്തകള്‍ക്ക് അടിയറവെക്കുവാന്‍ ലക്ഷ്യമിട്ട് കൊണ്ട് അവതരിപ്പിച്ച വൈദ്യുതി നിയമ ഭേദഗതി ബില്‍ പിന്‍ വലിക്കണമെന്ന് ആവശ്യപ്പെട്ട് നേഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സ് ന്റെനേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി.

20ലക്ഷം കോടി രൂപയുടെ പൊള്ളയായ പാക്കേജ് പ്രഖ്യാപിച്ച് കൊണ്ട് രാജ്യത്തെ സമസ്തമേഖലയും സ്വകാര്യ വത്കരിക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര ഗവണ്മെന്റിന് താക്കിത് ഉയര്‍ത്തി എല്ലാ വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നിലും തൊഴിലാളികളും ജീവനക്കാരും പ്രതിഷേധത്തില്‍ അണി നിരന്നു.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം തൊഴിലാളികള്‍ സംഘടിക്കാനിടയില്ലെന്ന കണക്ക് കൂട്ടലില്‍ തീവ്ര ദ്രോഹ നടപടികളിലേക്ക് നീങ്ങുന്ന കേന്ദ്രഗവണ്മെന്റിന്റെ കണ്‍ക്കുകൂട്ടലുകള്‍ തെറ്റിച്ച് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് തന്നെ പ്രക്ഷോഭം ഉയര്‍ത്താന്‍ കേരളത്തിലെ വൈദ്യുതി ജീവനക്കാര്‍ക്ക് എന്‍.സി.സി.ഒ.ഇ.ഇ.ഇ യുടെ ആഭിമുഖ്യത്തില്‍ ആയി.

മേയ് 22ന് നടന്ന പ്രതിഷേധ ദിനത്തില്‍ പ്രക്ഷോഭത്തിന്റെ സ്വരം ഉയര്‍ത്തി അണിനിരന്ന മുഴുവന്‍ ജീവനക്കാരെയും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ അഭിവാദ്യം ചെയ്യുന്നു.