അന്തര്‍ദേശീയം-ന്യൂസ് മാഗസിന്‍, ഒക്ടോബര്‍ 2021
ആഗോള ഊർജ്ജ പ്രതിസന്ധി
മഹാമാരിയുടെ രണ്ടാംതരംഗത്തില്‍ നിന്നും പിടി വിടുമ്പോള്‍ ആഗോളതലത്തില്‍ ഊർജ്ജ പ്രതിസന്ധി പിടിമുറുക്കി. പ്രധാന പ്രാഥമിക ഇന്ധന സ്രോതസ്സുകളെല്ലാം വെല്ലുവിളി നേരിട്ടു. 1970കൾക്കുശേഷം ഇത് വരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധിയിലൂടെയാണ് ലോകം കടന്ന് പോകുന്നത്. സീറോ കാർബണ്‍ നേട്ടത്തിനായി ഹരിതോർജ്ജത്തില്‍ മുന്നേറ്റം നടത്തിയവര്‍ പോലും പകച്ചു. സാമ്പത്തിക വളർച്ചയുടെ ലക്ഷണം കാണിച്ച് തുടങ്ങുമ്പോഴേക്കും വന്ന ഈ അപ്രതീക്ഷിത വെല്ലുവിളി മിക്കയിടത്തും വൈദ്യുതിയുടെ വിലവർധനവിലേക്കാണ് എത്തിച്ചത്. ചൈനയില്‍ വൈദ്യുതി ക്ഷാമം ഫാക്ടറികളെ ബാധിച്ചെങ്കില്‍ ഭക്ഷണത്തിനാണോ വൈദ്യുതിക്കാണോ പണം മുടക്കേണ്ടത് എന്ന ചിന്തയിൽ ബുദ്ധിമുട്ടുകയാണ് ബ്രസീലിലെ ദരിദ്രര്‍. ദാരിദ്ര്യത്തിന്റെ ഇരുട്ടില്‍ പെട്ടുഴലുന്ന രാജ്യങ്ങള്‍ പലതും ഇരുട്ടിലേക്ക് പോയി. ജർമനിയില്‍ പ്രകൃതിവാതക പ്രതിസന്ധി കാർഷിക മേഖലയുടെ താളംതെറ്റിച്ചു. ബ്രിട്ടനില്‍ വാഹനം ഉപയോഗിക്കുന്നവർക്ക് എണ്ണ ലഭിച്ചില്ല. വൈദ്യുതി റേഷനായി നൽകേണ്ടിവരുമെന്ന ഭീതിയിലായിരുന്നു യൂറോപ്പ്.
ആവശ്യകത മുന്‍കൂട്ടി പ്രവചിക്കുന്നതില്‍ സാമ്പത്തിക-ഊർജ്ജ രംഗത്തെ വിദഗ്ധര്‍ ആലസ്യത്തിലായത് ആണ് ഇന്ധന അരാജകത്വത്തിലേക്ക് ലോകത്തെ എത്തിച്ചത്. ചിലർക്ക് ഇത് വില കൂട്ടി കൊള്ളയടിക്കാനുള്ള അവസരവും ഒരുക്കി. ലോകം മഹാമാരിയിൽനിന്ന് ക്രമേണ മുക്തിനേടി തുടങ്ങിയതോടെ ആഗോളതലത്തിൽ ഇന്ധന ആവശ്യം കുതിച്ചുയരുകയാണ്. എന്നാല്‍ ആവശ്യത്തിന് ജൈവ ഇന്ധനം ലഭ്യമാകാതെ വരുന്നത് വില കുതിച്ചുകയറാൻ കാരണമായി. കോവിഡ് പ്രതിസന്ധി അനിശ്ചിതമായി തുടരുന്നതും പുതിയ നിക്ഷേപം കുറഞ്ഞതു മൂലവും വൈദ്യുതിയുടെ ആവശ്യത്തിന് അനുസരിച്ച് ഉത്പാദനം വർധിപ്പിക്കേണ്ടതില്‍ പിറകോട്ട് പോയി.
യൂറോപ്യൻ, ഏഷ്യൻ ഭാഗത്ത് ഗ്യാസിന്റെ വില എക്കാലത്തെയും ഉയർന്ന നിലയിലാണ്. എണ്ണവില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ചൈന, ഇന്ത്യ, ജർമ്മനി എന്നിവിടങ്ങളിലെ ഊർജക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ കൽക്കരി വില കുതിച്ചുയരുകയാണ്. യൂറോപ്പിലെയും വടക്കുകിഴക്കൻ ഏഷ്യയിലെയും സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവും, പ്രതീക്ഷിക്കുന്ന തീവ്ര കാലാവസ്ഥയുമാണ് ഡിമാൻഡിലെ കുതിച്ചുചാട്ടത്തിന് കാരണമായത്. ചൈന ആഭ്യന്തര കൽക്കരി, വാതക ശേഖരം കൂടുതലായി സംഭരിക്കുന്നു. പടിഞ്ഞാറൻ യൂറോപ്പിലേക്ക് ഗ്യാസ് വിതരണം ചെയ്യാൻ റഷ്യ വിമുഖത കാണിക്കുകയും ചെയ്യുകയുണ്ടായി.
യൂറോപ്പില്‍ പ്രകൃതി വാതക പ്രതിസന്ധി അതിരൂക്ഷമായി. ഇവിടെ വിതരണത്തിന്റെ 90ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. വർഷത്തിന്റെ തുടക്കത്തിലേതിൽനിന്ന് വില അഞ്ച് മടങ്ങ് വർധിച്ചു. ഒരു മെഗാവാട്ടിന് 19 യൂറോയിൽനിന്ന് 95 യൂറോയായി. ഊർജ്ജ പ്രതിസന്ധി ഇറ്റലിയില്‍ ഭക്ഷ്യ ശൃംഖലയെയാണ് കാര്യമായി ബാധിച്ചത്. മീഥെയ്ൻ വില ഉയർന്നുകൊണ്ടിരിക്കുന്നത് ധാന്യങ്ങള്‍ ഉണക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കും. തന്മൂലം ധാന്യ ഉൽപ്പന്നങ്ങളുടെ വില ഉയർത്താൻ ഇടയാക്കും. കന്നുകാലികൾക്കുള്ള തീറ്റയ്‌ക്കുൾപ്പെടെ വില ഉയരുന്നത് പാലിനും മാംസത്തിനും വില ഉയരാന്‍ കാരണമാകും.
ബ്രിട്ടനിൽ ഇന്ധനം നീക്കുന്ന ട്രക്ക് ഡ്രൈവർമാരുടെ കുറവ് ക്ഷാമത്തിന്റെ ഭയത്തിനിടയിൽ പെട്രോളിയത്തിന്റെ പരിഭ്രാന്തി വാങ്ങലിലേക്ക് നയിച്ചു. ബ്രെക്‌സിറ്റിന് ശേഷം പല യൂറോപ്യൻ ട്രക്ക് ഡ്രൈവർമാരും സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചുപോയി. അവർ തിരിച്ചെത്തിയില്ല. പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉൽപ്പാദനം സാധാരണയേക്കാൾ വളരെ കുറവാണെന്നതായിരുന്നു ബ്രിട്ടന്റെ പ്രശ്നം. കാറ്റിനെ കൂടുതലായി ആശ്രയിക്കുന്ന ഇവിടെ ‘കാറ്റടിക്കാത്ത വേനൽക്കാലം’ എന്ന് വിശേഷിക്കപ്പെടുന്ന അവസ്ഥയായിരുന്നു. കല്ക്കകരിയുടെ ആശ്രിതത്വം കുറവാണ്. വൈദ്യുതിയുടെ 24 ശതമാനവും കാറ്റിൽ നിന്നാണ് ഉൽപ്പാദിപ്പിക്കുന്നത്. പെട്ടെന്ന് കൽക്കരി ലഭ്യമല്ലാത്തതും ഊർജ്ജ ഉത്പാദനം പഴയത് പോലെ തിരിച്ച് കൊണ്ട് വരാനാവാത്തതും വൈദ്യുതി ഉൽപാദനത്തിൽ കാര്യമായ സമ്മർദ്ദമുണ്ടാക്കി. പ്രധാനമന്ത്രി ബോറിസ് ജോൺസൺ കാറ്റാടി വൈദ്യുതി ഉൽപ്പാദനത്തിൽ പ്രതിജ്ഞാബദ്ധനാണെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഒരു ദശാബ്ദത്തിനുള്ളിൽ യുകെയിലെ എല്ലാ വീട്ടിലും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ആവശ്യമായ ഓഫ്‌ഷോർ കാറ്റാടിപ്പാടങ്ങളോടെ ‘വിൻഡ് പവറിന്റെ സൗദി അറേബ്യ’ ആയി മാറ്റാന്‍ ആഗ്രഹിക്കുന്നുവെന്നും ആവർത്തിക്കുകയുണ്ടായി.
റഷ്യൻ ഗ്യാസിനെ ബ്രിട്ടനും ജർമ്മനിയും നോട്ടമിട്ടതിന്റെ പ്രതികരണമായി എണ്ണവില കുതിച്ചുയർന്നു. പെട്രോൾ, ഡീസൽ, ജെറ്റ് ഇന്ധനം എന്നിവയുടെ 80% ഇറക്കുമതി ചെയ്യുന്ന ഓസ്‌ട്രേലിയയെ ഈ വർദ്ധനവ് ബാധിച്ചു. ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവയുമായുള്ള ഓസ്‌ട്രേലിയയുടെ ദീർഘകാല വിതരണ കരാറുകളെയും കുറച്ച് കാലം ആശങ്കയിലാക്കിയേക്കും.
വാതക വിപണിയിലെ പ്രതിസന്ധി വൈദ്യുതി ഉൽപാദനത്തിനും വ്യവസായത്തിനും കൽക്കരിയിലേക്ക് മടങ്ങാൻ രാജ്യങ്ങളെ പ്രേരിപ്പിച്ചു. ഇത് കൽക്കരി മേഖലയിലും പ്രതിസന്ധി ഉണ്ടാക്കി. തണുത്ത ശൈത്യകാലവും ചൂടുള്ള വേനൽക്കാലവും ശക്തമായ സാമ്പത്തിക വളർച്ചയും ചൈനയുടെ ആവശ്യം ഉയർത്തി. ചൈനയിൽ ഉയർന്നുവരുന്ന വൈദ്യുതി പ്രതിസന്ധിയുടെ പ്രധാന കാരണം ഇതാണ്. ഏഷ്യയിൽ പ്രതീക്ഷിച്ച ആവശ്യം നിറവേറ്റാൻ ആവശ്യമായ കൽക്കരി ലഭ്യമാക്കാനായില്ല. ഏഷ്യയിലെ താപ കൽക്കരി വില ഇതോടെ റെക്കോർഡിട്ടു. ഇന്തോനേഷ്യയിലെ കൽക്കരി വിലയുടെ ബെഞ്ച്മാർക്ക് റെക്കോർഡ് തലത്തിലെത്തി. ഒക്ടോബർ ആദ്യം ടണ്ണിന് 110-120 ഡോളറിൽ നിന്ന് മധ്യത്തോടെ 160-170 ഡോളറിലെത്തി.
ഏതാനും മാസങ്ങൾക്ക് മുമ്പ് തന്നെ കൽക്കരി ഉപഭോഗം ലഘൂകരിച്ച് ചൈന പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കൽക്കരി അധിഷ്ഠിത വ്യവസായങ്ങള്‍ പരുങ്ങലിലായി. 2060-ഓടെ കാർബൺ രഹിത പദവി കൈവരിക്കാൻ പോകുന്ന ചൈനയിൽ, സ്ഥാപിത കൽക്കരി ഊർജ്ജ ശേഷിയുടെ അനുപാതം – 2020 ൽ ഏകദേശം 1.095 ബില്യൺ കിലോവാട്ട് – ആദ്യമായി മൊത്തം 50 ശതമാനമായി കുറച്ചിട്ടുണ്ട്. നാഷണൽ എനർജി അഡ്മിനിസ്ട്രേഷൻ ജനുവരിയിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2012ൽ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുതിയുടെ അനുപാതം 65.7 ശതമാനമായിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ എതിര്‍ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി ഓസ്ട്രേലിയയുമായി അനൗദ്യോഗിക നിരോധനം ചൈന സ്വീകരിച്ചിരുന്നു. ഓസ്‌ട്രേലിയൻ കൽക്കരി ലഭ്യമാക്കുന്നതിനായി നിരോധനത്തിൽ യു-ടേൺ ചെയ്യുമെന്നും ഓസ്‌ട്രേലിയൻ ഇറക്കുമതി വീണ്ടും സ്വീകരിക്കുമെന്നും ഊഹാപോഹങ്ങളുണ്ടായെങ്കിലും ചൈന പിടിച്ചുനിന്നു. ഉത്പാദനത്തിന് സാധ്യതകളുണ്ടായിരുന്നിട്ടും ഉറക്കമുണർന്ന് മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ പരാജയപ്പെട്ട ഇന്ത്യ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു.
യൂറോപ്പിൽ ആണവ നിലയങ്ങൾ നേരത്തേ അടച്ചുപൂട്ടുന്ന തീരുമാനവും ഗ്യാസിന്റെ റെക്കോർഡ് വിലയും കൽക്കരി ഉപയോഗം വർധിപ്പിക്കാന്‍ ഇടയാക്കി. ഇതിന്റെയൊക്കെ ഭാഗമായി കൽക്കരി വില 250% ഉയർന്ന് 2008ലെ റെക്കോർഡിനെ മറികടന്നു. നിലവിലുള്ള പ്രതിസന്ധി ലോകരാജ്യങ്ങളെ ഒരു പുനർവിചിന്തനത്തിലേക്കും നയിക്കുന്നു. ഊർജ്ജ ഉത്പാദനം പുനരുൽപ്പാദിപ്പിക്കാവുന്നവയിലേക്ക് മാറുന്നതിന് കരുതുന്നതിലും കൂടുതൽ സമയമെടുക്കുമെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ സങ്കീർണ്ണമാകുമെന്നും സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നു.
ആഗോളതലത്തില്‍ തുടരുന്ന ഈ പ്രതിസന്ധികൾക്ക് പെട്ടെന്ന് പരിഹാരം ഉണ്ടായേക്കില്ല. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ സ്രോതസ്സുകളിലും ഊർജ്ജ സംരക്ഷണത്തിലും നിക്ഷേപിക്കുക എന്നതാണ് ഭാവിക്കായി പലരാജ്യങ്ങളും കണ്ടെത്തുന്ന പോംവഴി. ഇതിന്റെ ഭാഗമായി കാറ്റ്, സൗരോർജ്ജം തുടങ്ങിയ പുനരുപയോഗ ഊർജ പദ്ധതികൾക്കുള്ള അംഗീകാരം വേഗത്തിലാക്കാൻ യൂറോപ്യൻ യൂണിയൻ എക്സിക്യൂട്ടീവ് കമ്മീഷൻ അംഗരാജ്യങ്ങളോട് അഭ്യർഥിച്ചു. അതേ സമയം തന്നെ മതിയായ ആസൂത്രണങ്ങളും പകരം സംവിധാനങ്ങളുമൊരുക്കാതെ കാർബൺ രഹിതമാക്കാനായി ഹരിത ഊർജ്ജത്തിലേക്കുള്ള ചുവടുമാറ്റം നടത്തിയത് ഇന്ധന ഉത്പാദനത്തേയും ബാധിച്ചെന്നും പ്രതിസന്ധികളെ മുൻകൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കുന്നതിന് മുതലാളിത്ത താല്പര്യങ്ങള്‍ കണ്ണടച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
സുഡാനിൽ പട്ടാളഭരണം
ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈനിക ഇടപെടലിലൂടെ ഇടക്കാല സർക്കാർ പിരിച്ചുവിട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്കിനെ അറസ്റ്റ് ചെയ്തു. വ്യവസായമന്ത്രി ഇബ്രാഹിം അൽ ഷെയ്‌ഖ്, വിവരമന്ത്രി ഹംസ ബലൗൾ എന്നിവരുൾപ്പെടെ അഞ്ച് പ്രധാന നേതാക്കളും അറസ്റ്റിലായി. സർക്കാരിനെയും പരമോന്നത സമിതിയെയും പിരിച്ചുവിട്ടതായി ദേശീയ ടെലിവിഷനിലൂടെ ജനറൽ അബ്‌ദേൽ ഫത്താ ബുർഹാൻ പ്രഖ്യാപിച്ചു. രാജ്യത്തെ ഇന്റർനെറ്റ് ബന്ധവും വിച്ഛേദിക്കുകയുണ്ടായി. വിവിധ രാഷ്ട്രീയ കക്ഷികൾ തമ്മിലുള്ള പോരാണ് സൈന്യത്തെ അധികാരം കൈക്കലാക്കാൻ പ്രേരിപ്പിച്ചതെന്ന് പറഞ്ഞ പട്ടാള മേധാവി രാജ്യത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുമെന്നും പറഞ്ഞു. 1956ൽ ബ്രിട്ടനിൽ നിന്നും ഈജിപ്തിൽനിന്നും സ്വാതന്ത്ര്യം നേടിയശേഷം രാജ്യത്ത് ഒട്ടനവധി അട്ടിമറിക്ക് സാക്ഷ്യം വഹിച്ചതാണ് സുഡാന്‍. 1989ൽ അൽ ബാഷർ ഭരണം കൈയടക്കിയതും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ചാണ്. ആഭ്യന്തര സംഘർഷത്തിനൊടുവിൽ 2011ലെ റഫറണ്ടത്തെതുടർന്ന് രാജ്യം സുഡാൻ, സൗത്ത് സുഡാൻ എന്നിങ്ങനെ രണ്ടായി പിരിഞ്ഞിരുന്നു. 2019ൽ ഒമർ അൽ ബാഷർ പുറത്താക്കപ്പെട്ടതിനുശേഷം ബുർഹാന്റെ നേതൃത്വത്തിൽ സൈന്യവും ജനപ്രതിനിധികളും ഉൾപ്പെട്ട പരമോന്നത സമിതിയാണ് രാജ്യത്തെ നയിച്ചിരുന്നത്. 2023ൽ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സെപ്തംബറിൽ ഒരു സംഘം സൈനികർ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടിരുന്നു.
തലസ്ഥാനമായ ഖാർത്തൂമിലും ഇരട്ട നഗരം ഓംദർമാനിലും ജനങ്ങൾ സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധിച്ചു. പ്രതിഷേധക്കാർക്കുനേരെ സൈന്യം വെടിവെക്കുകയുണ്ടായി. കമ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെയുള്ള പ്രധാന രാഷ്ട്രീയ കക്ഷികൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.
സുഡാനിൽ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ അട്ടിമറിച്ച സൈനിക നടപടിയെ ശക്തമായി അപലപിക്കുന്നതായി സുഡാനിലെ ഐക്യരാഷ്ട്ര സംഘടന പ്രതിനിധി പറഞ്ഞു. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വയ്‌ക്കുന്നതിൽനിന്ന് പിന്മാറണമെന്ന് സുഡാൻ സൈന്യത്തോട് വിവിധ ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. സൈനിക അട്ടിമറിയെത്തുടർന്ന് രാജ്യത്ത് പൂർണ സിവിലിയൻ സർക്കാർ സാധ്യമാക്കാനുള്ള നടപടികൾക്കായി നൽകിവന്ന 70 കോടി ഡോളറിന്റെ സുഡാനുള്ള സഹായം അമേരിക്ക നിർത്തിവെച്ചു. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക സാമൂഹിക പ്രതിസന്ധികളെ മുതലെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള പ്രവണത ലോകത്ത് വർദ്ധിച്ച് വരുന്നത് ആശങ്കയോടെ കാണേണ്ടതുണ്ട്.