‘വിസ്ത റിയോ’ ഫ്ലാറ്റ് സമുച്ചയം യാഥാർത്ഥ്യമായി

കെ.എസ്.ഇ.ബിയിലെ  ഓഫീസർമാർ അംഗങ്ങളായ   കോപ്പറേറ്റീവ്  സൊസൈറ്റിയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ്  ഹൗസ് കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി.  2000 ജൂലൈ മാസം രജിസ്റ്റർ ചെയ്ത് അതേവർഷം  നവംബറിൽ പ്രവർത്തനം ആരംഭിച്ചു. സൊസൈറ്റി 30 ലക്ഷം രൂപ വരെയുള്ള ഹൗസിംഗ് ലോൺ,  15 ലക്ഷം രൂപ വരെ ഹൗസ് മെയിൻറനൻസ് ലോൺ,  7 ലക്ഷം രൂപ വരെ എമർജൻസി ലോൺ, രണ്ട് ലക്ഷം രൂപയുടെ ലാപ്ടോപ്പ് ലോൺ,  1  ലക്ഷം   രൂപയുടെ മൊബൈൽ ഫോൺലോൺ എന്നീ സേവനങ്ങളാണ്  നിലവിൽ സംസ്ഥാനത്തെങ്ങുമുള്ള സഹകാരികൾക്ക് നൽകി വരുന്നത്. നിരവധി സേവനങ്ങളിലൂടെ കഴിഞ്ഞ 25 വർഷമായി ഓഫീസർമാരുടെ ഇടയിൽ വിശ്വാസ്യത നേടിയടുത്ത ഈ സൊസൈറ്റി  അതിന്റെ രജത ജൂബിലി ആഘോഷിക്കുന്ന വർഷത്തിൽ പ്രധാനപ്പെട്ട ഒരു രൂപീകരണ ലക്ഷ്യം കൈവരിച്ചിരിക്കുന്നു എന്നത്  സന്തോഷകരമായ കാര്യമാണ്. 

കേരളത്തിലെ വൈദ്യുതി വ്യവസായത്തിലെ ജീവനക്കാരുടെ ചരിത്രത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട പാർപ്പിട സമുച്ഛയമാണ്  ആക്കുളത്ത് നിഷിനടുത്ത് നിർമ്മിച്ച  വിസ്റ്റാ-റിയോ എന്ന പാർപ്പിട സമുച്ചയം.  സർക്കാർ ജീവനക്കാരെ    പ്രതിനിധീകരിച്ച്   പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘം  കേരളത്തിൽ പൂർത്തിയാക്കുന്ന ആദ്യ പാർപ്പിട സമുച്ഛയ  സംരംഭം കൂടിയാണ് വിസ്താ റിയോ. ഇത്തരത്തിൽ ഒരു ബൃഹത്  സംരംഭം ഏറ്റെടുത്ത് വിജയിപ്പിക്കുക എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. ഈ സംരംഭം പൂർത്തീകരിക്കാൻ  ആവശ്യമായ സമയം ചെലവഴിച്ചത്  ഓഫീസ് ഉത്തരവാദിത്തങ്ങൾക്ക് പുറമേയുള്ള സമയം ഉപയോഗിച്ച ഒരു കൂട്ടം ഓഫീസർമാരാണ്  എന്നുള്ളത് ഇന്നത്തെ സമൂഹത്തിൽ ഇതിൻറെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. നഗരത്തിൻ്റെ എല്ലാ സൗകര്യങ്ങളും വിളിപ്പാടകലെ എന്നാൽ  ഗ്രാമ ചാതുര്യത്തിൽ ഒത്തൊരുമിച്ച് ജീവിക്കാൻ സഹകരണമേഖലയുടെ  ഒരുമയുടെ പ്രതീകം കൂടിയാണ് വിസ്താ റിയോ പാർപ്പിട സമുച്ഛയം

ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയത് 2019- ലാണ് . നവംബർ 2019 നാണ് 48 സെൻ്റ് വിസ്തീർണമുള്ള  ഈ സ്ഥലം സംഘം വാങ്ങിയത്. ചില അനുമതികൾ   ലഭിക്കുവാൻ വൈകിയതിനാൽ നിർമ്മാണ പ്രവർത്തികൾ പൂർണ്ണ തോതിൽ  ആരംഭിക്കുവാൻ കഴിഞ്ഞത്   2022 ജനുവരിയിലാണ്. കോവിഡിന് ശേഷം നിർമ്മാണ മേഖലയിൽ ഉണ്ടായ പ്രത്യാഘാതങ്ങൾ ഈ സംരംഭത്തെ  നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. 24 മാസം കൊണ്ട് പൂർത്തീകരിക്കുവാനായിരുന്നു പദ്ധതി വിഭാവനം ചെയ്തതത്. എന്നാൽ കരാറുകാരന് ഇത് പാലിക്കുവാൻ കഴിഞ്ഞില്ല. തുടർച്ചയായി ഉണ്ടായ കരാർ ലംഘനങ്ങളെ തുടർന്ന് 2025 ജനുവരി, 25 ന് റിസ്ക് &കോസ്റ്റിൽ കരാർ ടെർമിനേറ്റ് ചെയ്തു.  പിന്നീടുള്ള മുഴുവൻ പ്രവൃത്തികളും   സംഘം നേരിട്ട് ഏറ്റെടുത്ത് യുദ്ധ കാല അടിസ്ഥാനത്തിൽ  തീർക്കുകയാണ്  ചെയ്തത്. ബിൽഡിംഗ്, ഇൻ്റീരിയർ, ബൗണ്ടറി വാൾ, വിനോദ സൗകര്യങ്ങൾ  തുടങ്ങി ഈ പദ്ധതിക്ക് ചിലവായ തുക  26.92 കോടി രൂപയാണ്

ഈ ബൃഹത് പദ്ധതി പൂർത്തീകരിക്കാൻ പിന്നിൽ പ്രവർത്തിച്ച വിവിധ സർക്കാർ വകുപ്പുകൾ, ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ട്രേഡ് യൂണിയൻ പ്രവർത്തകർ, കോൺട്രാക്ടർമാർ, ജീവനക്കാർ, പ്രദേശവാസികൾ, സഹകാരികൾ, ഓഫീസർമാരുടെ സംഘടനകളുടെ പ്രവർത്തകർ, വിവിധ കാലഘട്ടങ്ങളിലെ ഭരണസമിതി അംഗങ്ങൾ എന്നിവരുടെ പങ്ക് വളരെയധികം വിലപ്പെട്ടതാണ്. 

എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ലക്ഷ്യം കൈവരിച്ച സൊസൈറ്റിയുടെ ആദ്യ സംരംഭമായ പാർപ്പിട സമുച്ചയം വിസ്ത റിയോയുടെ ഉദ്ഘാടനം 2025 മെയ് 28 ബുധനാഴ്‌ച നടന്നു. സ്വാഗതസംഘം കൺവീനറും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറിയുമായ പി ജയപ്രകാശൻ സ്വാഗതം ആശംസിച്ചു. 

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഒരു സംസ്ഥാന സമ്മേളനത്തിൽ ലഭിച്ച ക്രെഡൻഷ്യൽ ഫോം പരിശോധിച്ചപ്പോൾ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ മെമ്പർമാരിൽ ഭൂരിപക്ഷം പേർക്കും സ്വന്തമായി ഭവനം ഇല്ലെന്നുള്ള യാഥാർത്ഥ്യം മനസ്സിലാവുകയും സഹകരണ അടിസ്ഥാനത്തിൽ ഒരു ഹൗസ് കൺസ്ട്രക്ഷൻ സൊസൈറ്റി രൂപീകരിക്കണമെന്ന തീരുമാനത്തിലെത്തിയതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് വീട് വയ്ക്കുന്നതിനായി വായ്പ നൽകുക എന്ന ലക്ഷ്യവുമായാണ് സൊസൈറ്റി രൂപീകരിച്ചത്.  മതവും ജാതിയും മനുഷ്യനെ വേർതിരിക്കുന്ന ഈ കാലത്ത്  സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനായി, എല്ലാവർക്കും ഒരുമിച്ച് നിൽക്കാനായി, എല്ലാവർക്കും മാതൃകയായി ഒരു മനോഹരമായ കിളിക്കൂട് പോലെ എല്ലാവർക്കും ഒത്തുചേരാവുന്ന ഒരുസ്ഥലം എന്ന നിലയ്ക്ക് നിർമ്മാണം തുടങ്ങിയ ഫ്ലാറ്റ് സമുച്ചയം  പ്രതിസന്ധികളിലൂടെ കടന്നുപോയാണ്യാഥാർത്ഥ്യത്തിൽ എത്തിയതെന്ന് സ്വാഗത പ്രസംഗത്തിൽ  വിശദീകരിച്ചു.

ഒരു ജീവനക്കാരൻ മാത്രം ഉണ്ടായിരുന്ന ഒരു സംഘം, ഒരു വലിയ കൂട്ടമായി മാറിയപ്പോൾ ഉണ്ടായ മാറ്റമാണ് ഇതെന്നും, ഒരു സഹകരണ സംഘത്തിന് അവരുടെ അംഗങ്ങൾക്ക് വേണ്ടി എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്നുള്ളതിന്റെ ചെറിയ ഒരു തെളിവാണ് നമ്മൾ ഇപ്പോൾ കാണുന്ന ഫ്ലാറ്റ് സമുച്ചയമെന്നും ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ച് സംസാരിച്ച ബഹു. കഴക്കൂട്ടം എം.എൽ.എ. ശ്രീ. കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 

തുടർന്ന് ബഹുമാനപ്പെട്ട സഹകരണം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവൻ ഫ്ലാറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളാണ് ഇതെന്നും ഈ ദൗത്യം പൂർത്തീകരിക്കാൻ ഈ സഹകരണ സംഘത്തിൽ ഒത്തുചേർന്ന് പ്രവർത്തിച്ച സംഘം ഭാരവാഹികളെയും ഇതിനെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അണിയറ ശില്പികളേയും സഹകരണ വകുപ്പിന് വേണ്ടി അഭിനന്ദിച്ചു. 

തുടർന്ന് താക്കോൽദാനവും, വെബ്സൈറ്റിന്റെ ഉദ്ഘാടനവും ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി നിർവ്വഹിച്ചു. പ്രവീൺ സതീഷ്, അസിസ്റ്റൻഡ് എൻജിനീയർ, ജനറേഷൻ സർക്കിൾ, മൂഴിയാറും കുടുംബവും ബഹു. മന്ത്രിയിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി. 

തുടർന്ന് ഫ്ലാറ്റ് സമുച്ചയത്തിന്റെ വിനോദ സൗകര്യങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് എം.എൽ.എ ശ്രീ.വി.കെ.പ്രശാന്ത് നിർവ്വഹിച്ചു. വിസ്ത റിയോ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺട്രാക്ടർമാരും സംഘം ജീവനക്കാരും നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെ നിസ്സീമമായ പ്രവർത്തനത്തിന്റെ ഫലമായി പടുത്തുയർത്തിയതാണ് ഈ ഫ്ലാറ്റ് സമുച്ചയം. അവരെ ആദരിക്കുന്നതിന്റെ ഭാഗമായി സംഘം ജീവനക്കാരായ അജയകുമാർ. എസ്, സുനിൽ.പി.പി, പ്രഭ.സി, കോൺട്രാക്ടർമാരായ ഗോപേഷ്.സി, അർജ്ജുൻ & അസോസിയേറ്റ്സ്, ഇൻസ്റ്റഗ്രാം എൻജിനിയേഴ്സ് ലിമിറ്റഡ്, അന്നാ ട്രേഡേഴ്സ്, സായി ട്രേഡേഴ്സ്,  മഹാലക്ഷ്മി ഗ്രാനൈറ്റ്സ് & ടൈൽസ്, പ്രൊവൈസ് പവർ സൊല്യൂഷൻ, ഇൻഡിഗോ ആർക്കിടെക്സ്, എൻജിനീയർമാരായ പ്രമോദ്.എസ്.വി, ശ്രീമതി.അൻസ.എസ്, ഫ്ലാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമഗ്ര സംഭാവന നൽകിയ സിവിൽ എഞ്ചിനീയർ റിട്ടയേർഡ് ശ്രീകുമാർ.ജി, ഫ്ലാറ്റ് ഓണേഴ്സ് പ്രസിഡന്റ് ഡോ. ജി.ശ്രീനിവാസൻ, ഗാനമേള അവതരിപ്പിച്ച കുമാരി  പ്രാർത്ഥന എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി. 

സംഘം പ്രസിഡന്റ് പ്രകാശ് കുമാർ.പി.ടി  റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആശംസകൾ നേർന്നു കൊണ്ട് ശ്രീകുമാർ. കെ (മുൻ മേയർ, തിരുവനന്തപുരം കോർപ്പറേഷൻ), പ്രദീപ് ശ്രീധരൻ. സി, (ജനറൽ സെക്രട്ടറി കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു), ബിന്ദു.വി.സി, ജനറൽ സെക്രട്ടറി, (സ്പാറ്റോ ), എം. ഷാജഹാൻ, ജനറൽ സെക്രട്ടറി, (കെ.ജി.ഒ.എ ), തമ്പി. എസ്, ജനറൽസെക്രട്ടറി, ( എ . കെ . ഡബ്ല്യു. എ. ഒ ), പ്രദീപ് നെയ്യാറ്റിൻകര, സംസ്ഥാന സെക്രട്ടറി, (ഐ.എൻ.റ്റിയു.സി ), ശ്രീ രമേശ്. ആർ, സെക്രട്ടറി (ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ), കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. എൻ. വേണുഗോപാൽ, സീനിയേഴ്സ് ഫോറം കൺവീനർ ശ്രീ . പി . കെ . പ്രകാശ് എന്നിവർ സംസാരിച്ചു.

സംഘം സെക്രട്ടറിപ്രമോദു.വി ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.